Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസൗജന്യമല്ല,...

സൗജന്യമല്ല, ചോദിക്കുന്നത് ജന്മാവകാശം

text_fields
bookmark_border
editorial
cancel

കോടതികളും വിധികളും തലക്കെട്ടുകളിൽ നിറഞ്ഞ കഴിഞ്ഞ വാരത്തിൽ, മരിച്ചവർക്കു വേണ്ടി ഒരു സങ്കട ഹരജികൂടി ഇന്ത്യൻ സുപ്രീംകോടതിക്കു മുന്നിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നു. വിദേശരാജ്യങ്ങളിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ‘കൊല്ലുന്ന നിരക്ക്’ ഇൗടാക്കുന്ന വിമാനക്കമ്പനികളുടെ നിലപാടിനെതിരെയാണിത്.

പല അയൽരാജ്യങ്ങളും വിദേശ മണ്ണിൽ മരിച്ച സ്വന്തം പൗരന്മാരുടെ മൃതദേഹം സൗജന്യമായി എത്തിക്കുേമ്പാൾ ദേശീയതയെക്കുറിച്ചും പൗരസമൂഹത്തെക്കുറിച്ചും ഉൗറ്റംകൊള്ളുന്ന നമ്മുടെ രാജ്യം മരണശേഷവും പ്രവാസിയെ പിഴിയുന്നു. പച്ചക്കറിയും മാംസവുമെല്ലാം തൂക്കുന്നതു പോലെ മരിച്ചയാളുടെ ഭാരം നോക്കിയാണ് നാട്ടിലെത്തിക്കാനുള്ള നിരക്ക് നിശ്ചയിക്കുന്നത്. ഭാരം നോക്കി നിരക്കു നിശ്ചയിക്കുന്നതിനു പകരം പൊതുവായ, ന്യായമായ നിരക്ക് ഇൗടാക്കണമെന്ന അഭ്യർഥന പലവുരു ഉയർന്നിരുന്നു. അതും അംഗീകരിക്കപ്പെട്ടില്ല. പലപ്പോഴും കമ്പനിയോ ബന്ധുക്കളോ പ്രവാസി സംഘടനക
ളോ ആണ് ഇൗ തുക നൽകാറ്. എന്നാൽ, അത്തരം ബന്ധുബലമൊന്നുമില്ലാത്ത, തുച്ഛവരുമാനത്തിൽ ജോലി ചെയ്തിരുന്ന നൂറുകണക്കിന് മനുഷ്യരും വിദേശരാജ്യങ്ങളിൽ മരിച്ചുവീഴുന്നുണ്ട്. അവരുടെ മൃതദേഹങ്ങൾ ഏറെക്കാലം മോർച്ചറികൾക്കുള്ളിൽ മരവിച്ചു കഴിയും, പിന്നെ അതുപോലുള്ള ഒരുപാട് പരേതാത്മാക്കൾ എത്തുന്നതോടെ അവിടെയും ഇടം നഷ്​ടപ്പെട്ട് ഏതെങ്കിലുമൊരു പൊതുശ്മശാനത്തിൽ സംസ്കരിക്കപ്പെടും. ആവതുള്ള കാലത്ത് നടന്നു കൊതിതീരാത്ത മണ്ണിൽ മരണശേഷമെങ്കിലും അലിഞ്ഞുചേരണമെന്ന അന്ത്യാഭിലാഷവും അതിനൊപ്പം കുഴിച്ചുമൂടപ്പെടും. ഒന്നോ രണ്ടോ പേരല്ല, 7500ലേറെ ഇന്ത്യക്കാരുടെ ഭൗതികദേഹങ്ങളാണ് ടിക്കറ്റിനു നൽകാൻ പണമില്ല എന്ന കാരണത്താൽ മാത്രം ഇതര ദേശങ്ങളിൽ അടക്കംചെയ്യേണ്ടിവന്നത്.

പതിറ്റാണ്ടുകളായി തുടരുന്ന ഇൗ മൃതദേഹ നിന്ദ അവസാനിപ്പിക്കാൻ കോടതി കയറിയിറങ്ങേണ്ടിവരുന്നു എന്നതുതന്നെ അതീവ ദൗർഭാഗ്യകരമാണ്. മറുനാട്ടിലും മരുഭൂവിലും പോയി മണ്ണു ചുമന്നും വിയർപ്പൊഴുക്കിയും സ്വന്തം നാടി​െൻറ സമ്പദ്​വ്യവസ്ഥക്ക് കരുത്തു പകർന്ന ഇവർ മരണത്തിലെങ്കിലും നീതി പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു കാലമിത്രയും. പ്രവാസിയുടെ മൃതദേഹം സൗജന്യമായി എത്തിക്കാൻ പാർലമ​െൻറ് നിയമം കൊണ്ടുവരുമെന്നും വിദേശ രാഷ്​ട്രങ്ങളിൽ പതിവായെത്തുന്ന പ്രധാനമന്ത്രി ഏതെങ്കിലുമൊരു നാട്ടിൽ ഇതു സംബന്ധിച്ച് ചരിത്രപ്രഖ്യാപനം നടത്തുമെന്നുമെല്ലാം മോഹിച്ചു. എന്നാൽ, നിലവിലെ നിരക്കി​െൻറ ഇരട്ടി ഇൗടാക്കുക എന്ന കൊടും ചതിയാണ് പകരം ലഭിച്ചത്. ‘ഗൾഫ് മാധ്യമ’ത്തി​െൻറ നേതൃത്വത്തിൽ മാധ്യമലോകവും പ്രവാസി സമൂഹവും ഒറ്റക്കെട്ടായി ശബ്​ദമുയർത്തിയപ്പോഴാണ് ആ തീരുമാനം തെറ്റായിപ്പോയി എന്ന താൽക്കാലിക തിരിച്ചറിവിലേക്ക് അധികാരികൾ എത്തിയതും നിലപാട് തിരുത്താൻ എയർ ഇന്ത്യക്ക് നിർദേശം നൽകിയതും.

നാടു ചുറ്റുന്ന മന്ത്രിപരിവാരങ്ങളോ നാടുകാണാൻ വരുന്ന സഞ്ചാരികളോ അല്ല, വീടും കുടുംബവും വിട്ട് ഇതര ദേശങ്ങളിലേക്ക് പ്രവാസം ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യരാണ് നമ്മുടെ നാടി​െൻറയുംവ്യോമയാന കമ്പനികളുടെയും ഖജനാവ് നിറച്ചത്. ഒാരോ വർഷവും പ്രവാസി നാട്ടിലേക്കയക്കുന്ന പണമെത്രയെന്ന് നോക്കൂ, അതിലേറെ നാടി​െൻറ സാമൂഹിക^ജീവകാരുണ്യ -സാംസ്കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് നൽകുന്ന പിന്തുണയോർക്കൂ. പ്രവാസി മലയാളി സമൂഹം കാത്തുസൂക്ഷിച്ച അർപ്പണബോധവും സൽപേരുമാണ് പ്രളയക്കെടുതിയുടെ കാലത്ത് ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായമെത്തിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യാൻ വിദേശ രാഷ്​ട്രത്തലവന്മാർക്ക് പ്രേരണയായതുപോലും. ഇന്ത്യയുടെ വികസനത്തിനും കേരളത്തി​െൻറ നവോത്ഥാനത്തിനും വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുത്ത സാധുക്കൾ. നാടും വീടും കെട്ടിപ്പടുക്കാനുള്ള ഒാട്ടത്തിനിടെ വീണുപോയാൽ അവരെ മാന്യമായി മടക്കിയെത്തിക്കുക എന്നത് അടിസ്ഥാന മൗലികാവകാശ സംരക്ഷണമാണ്. സൗജന്യമായോ താങ്ങാവുന്ന നിരക്കിലോ മൃതദേഹം നാട്ടിലെത്തിച്ചു നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിക്കുന്നതിനും അനുകൂലമായ നിയമനിർമാണമുണ്ടാവുന്നതിനും ഇനിയും കാലതാമസം വന്നുകൂടാ. ഇൗ ആവശ്യം ഉയർത്തുക വഴി പ്രവാസി ആരുടെയും അവകാശം പിടിച്ചു പറിക്കുന്നില്ല, പകരം സ്വന്തം നാടിനും സ്വന്തക്കാർക്കുമായി കരൾ പറിച്ചു നൽകിയ ആത്മാക്കളുടെ തികച്ചും ന്യായമായ അവകാശം മാത്രമാണ് തേടുന്നത്. ഇൗ ആഗ്രഹത്തോട് ഉപേക്ഷ പുലർത്തുന്ന ഒാരോ നിമിഷത്തിലും നമ്മൾ തികച്ചും നന്ദികെട്ടവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsFlight Rate for Dead Body
News Summary - Rate For Dead body Brought From Foreign - Article
Next Story