യു.എസ് രാഷ്ട്രീയത്തില്‍ റഷ്യന്‍ അട്ടിമറിയോ?

07:22 AM
10/01/2017

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ തെരഞ്ഞെടുക്കപ്പെടുന്നത് തടയാനും റിപ്പബ്ളിക്കന്‍ പ്രതിനിധി ഡോണള്‍ഡ് ട്രംപിന്‍െറ വിജയം ഉറപ്പിക്കാനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അതിരഹസ്യമായി ഇടങ്കോലിട്ടതിന്‍െറ തെളിവുകളുമായി മൂന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ രംഗത്തുവന്നത് വന്‍ശക്തികള്‍ തമ്മിലുള്ള കിടമത്സരത്തിനു പുതിയ മാനംനല്‍കുന്നുവെന്ന് മാത്രമല്ല, ട്രംപിന്‍െറ വിജയം വലിയൊരു ഗൂഢാലോചനയുടെ ഫലമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ഇടം നല്‍കുകയുമാണ്. നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ), സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി (സി.ഐ.എ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് .ബി.ഐ) എന്നീ ഏജന്‍സികള്‍ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടത്തെിയ വിശദവിവരങ്ങള്‍ ഡയറക്ടര്‍ ഓഫ് നാഷനല്‍ ഇന്‍റലിജന്‍സ് കേന്ദ്രങ്ങള്‍ കഴിഞ്ഞദിവസം പ്രസിഡന്‍റ് ഒബാമയുടെയും നിയുക്ത പ്രസിഡന്‍റ് ട്രംപിന്‍െറയും മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി.

അമേരിക്കയുടെ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാനും ഹിലരിക്കു പകരം ട്രംപിനെ വൈറ്റ് ഹൗസില്‍ എത്തിക്കാനും റഷ്യന്‍ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നടത്തിയ അതിഗുരുതരമായ സൈബര്‍ ആക്രമണത്തെയും മറ്റും കുറിച്ചാണ് 25 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍  കൃത്രിമം നടത്തിയതായി ഏജന്‍സികള്‍  ആരോപിക്കുന്നില്ളെങ്കിലും  റഷ്യയുടെ ഭാഗത്തുനിന്ന് നാനാവിധത്തിലുള്ള ഇടങ്കോലിടല്‍ അരങ്ങേറിയതായാണ് എടുത്തുകാട്ടുന്നത്. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ രഹസ്യാന്വേഷണ മേധാവികളുമായി ഇവ്വിഷയകമായി നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട അവലോകനത്തിനുശേഷം നിയുക്ത പ്രസിഡന്‍റ്, തന്‍െറ വിജയത്തില്‍ റഷ്യയുടെ പങ്ക് നിഷേധിച്ചെങ്കിലും രാഷ്ട്രീയ എതിരാളികള്‍ നേരത്തേ ഉന്നയിച്ചിരുന്ന പുടിന്‍െറ പങ്ക് പൂര്‍ണമായി തള്ളിപ്പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെയും സി.ഐ.എക്ക് പോയകാലത്ത് തെറ്റുപറ്റിയതിനെയും കുറിച്ചാണ് ട്രംപ് ഇപ്പോള്‍ നാക്കിട്ടടിക്കുന്നത്.

പുടിന്‍ തുടക്കംമുതല്‍ക്കേ ഡോണള്‍ഡ് ട്രംപിനുവേണ്ടി കരുനീക്കങ്ങള്‍ നടത്തുന്നതായി ഡെമോക്രാറ്റിക് പാര്‍ട്ടി കേന്ദ്രങ്ങള്‍ പരാതിപ്പെടുന്നുണ്ടായിരുന്നു. അത്  ആസൂത്രിത നീക്കങ്ങളായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിവുകളുടെ ബലത്തില്‍ കണ്ടത്തെിയിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍, പ്രചണ്ഡമായ പ്രചാരണം, വ്യാജവാര്‍ത്തകളുടെ വ്യാപനം, ഹിലരി ക്ളിന്‍റനുനേരെയുള്ള വ്യക്തിഹത്യ, യു.എസ് തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ  ഇകഴ്ത്തിക്കാട്ടുന്ന അഭിപ്രായരൂപവത്കരണം എന്നിങ്ങനെ ബഹുമുഖ കുതന്ത്രങ്ങളാണത്രെ ക്രെംലിന്‍ ഭരണകൂടം വിജയകരമായി പയറ്റിയത്. ഒരുഘട്ടത്തില്‍, ഹിലരി ജയിക്കുമെന്നു കണ്ടതോടെ, അതിശക്തമായ കുപ്രചാരണങ്ങളിലൂടെ അതിനുള്ള സാധ്യത അട്ടിമറിക്കുകയായിരുന്നു പുടിന്‍െറ ആളുകളെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റഷ്യയുടെയും അയല്‍രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പു സംവിധാനത്തില്‍നിന്ന് മികച്ചതൊന്നുമല്ല അമേരിക്കയുടേതെന്ന് ക്രെംലിന്‍ സര്‍ക്കാറിനു ലോകത്തെ വിശ്വസിപ്പിക്കേണ്ടതുണ്ടായിരുന്നുവത്രെ. വ്യക്തമായി ട്രംപിന്‍െറ പക്ഷംചേര്‍ന്നതിന് ഏജന്‍സികള്‍ കാരണങ്ങള്‍ നിരത്തുന്നുണ്ട്. ഹിലരിയോട് പുടിനു വ്യക്തിവൈരാഗ്യമുണ്ടാവാന്‍ കാരണം പല നിര്‍ണായക ഘട്ടങ്ങളിലും പുടിനെയും റഷ്യയെയും അവര്‍ അവമതിച്ചിട്ടുണ്ട് എന്ന ചിന്തയാണ്. 2011-12 കാലഘട്ടത്തില്‍ റഷ്യയിലും അയല്‍രാജ്യങ്ങളിലും പൊട്ടിപ്പുറപ്പെട്ട പുടിന്‍വിരുദ്ധ പ്രക്ഷോഭങ്ങളെ ഹിലരി ക്ളിന്‍റന്‍ പിന്തുണച്ചതിനു തെരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യുകയായിരുന്നുവത്രെ. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍  റഷ്യന്‍ സൈനിക ഇന്‍റലിജന്‍സിനെ ഉപയോഗപ്പെടുത്തിയതായി കണ്ടത്തെിയിട്ടുണ്ട്. ഹാക്കര്‍മാര്‍ മോഷ്ടിച്ച രഹസ്യങ്ങള്‍ ‘ലീക്’ ചെയ്ത് ഇലക്ഷന്‍ കാമ്പയിനെ സ്വാധീനിക്കാനാണ് പുടിന്‍ ആജ്ഞ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കയുടെയും റഷ്യയുടെയും ചരിത്രമറിയുന്നവര്‍ക്ക് ഇത്തരം അട്ടിമറി, ഇടങ്കോലിടല്‍ വാര്‍ത്തകളില്‍ വലിയ പുതുമയൊന്നും തോന്നാനിടയില്ല. കാരണം, ലോകത്തെമ്പാടും ജനാധിപത്യപ്രക്രിയയെ സ്വാധീനിക്കാനും ആവശ്യമെങ്കില്‍ അട്ടിമറിക്കാനും യു.എസും റഷ്യയും ഗൂഢപദ്ധതികള്‍ ആവിഷ്കരിക്കാന്‍ തുടങ്ങിയിട്ട്  കാലമേറെയായി. 1946നും 2000ത്തിനും ഇടയില്‍ ഈ രണ്ടുശക്തികള്‍കൂടി 117 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ തങ്ങളുടെ ഹിതങ്ങള്‍ക്കനുസരിച്ച് അട്ടിമറിച്ചിട്ടുണ്ട് എന്നാണ് ഒരു പഠനം സമര്‍ഥിക്കുന്നത്. ആഫ്രോ-ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ നാടുകളിലെ പട്ടാള അട്ടിമറികളുടെ തിരക്കഥകള്‍ രചിച്ചിരുന്നത് ഇവരുടെ ദുഷ്ടമസ്തിഷ്കങ്ങളാണ്. അമേരിക്കയുടെ ഇപ്പോഴത്തെ വിലാപം ട്രംപിന്‍െറ അധികാരാരോഹണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നടുങ്ങുന്ന ഒരു ജനതയുടെ നിസ്സഹായതയില്‍ നിന്നുയരുന്ന രോദനമായി വേണം വിലയിരുത്താന്‍. ഏകധ്രുവ ലോകത്തില്‍നിന്ന് സാറിസ്റ്റ് റഷ്യക്കുകൂടി മേല്‍ക്കോയ്മ ഉറപ്പിക്കുന്ന ഒരു ലോകത്തേക്കുള്ള ഋതുപ്പകര്‍ച്ച കണ്ട് വേവലാതിപ്പെടുന്നവരോട് വിതച്ചതേ കൊയ്യൂ എന്ന് ഓര്‍മിപ്പിക്കുകയേ നിര്‍വാഹമുള്ളൂ.

 

COMMENTS