Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഓസ്കറിന്‍െറ പ്രതിഷേധം

ഓസ്കറിന്‍െറ പ്രതിഷേധം

text_fields
bookmark_border
ഓസ്കറിന്‍െറ പ്രതിഷേധം
cancel

വര്‍ണശബളമായ ആഘോഷപ്പൊലിമയില്‍ ആഗോളപ്പെരുമ തന്നെയുണ്ട് ഓസ്കര്‍ അവാര്‍ഡ് വിതരണച്ചടങ്ങിന്. എന്നാല്‍, ഈ വര്‍ഷം ഓസ്കര്‍ വേദി വേറിട്ടുനിന്നത് ചടങ്ങിനത്തെിയ അതിഥി കലാകാരന്മാരുടെയും ആതിഥേയരുടെയും ശക്തമായ നിലപാടുപ്രഖ്യാപനങ്ങളുമായാണ്. രാജ്യത്തിന്‍െറ പരമാധികാരിയായ പ്രസിഡന്‍റിന്‍െറ സമഗ്രാധിപത്യപ്രവണതകള്‍ക്കെതിരായ പ്രതിശബ്ദങ്ങളായിരുന്നു അതൊക്കെയും എന്നതാണ് ഏറെ ശ്രദ്ധേയം.

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ വംശവെറി പൂണ്ട, സഹിഷ്ണുത തീണ്ടാത്ത പ്രസ്താവനകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമെതിരെ അന്നുതന്നെ മാധ്യമസമൂഹവും സാംസ്കാരികലോകവും ശക്തമായി രംഗത്തുവന്നിരുന്നു. ശക്തമായ ചെറുത്തുനില്‍പിനിടയിലും ട്രംപ് ജയിച്ചുകയറിയെങ്കിലും മാറാത്ത അദ്ദേഹത്തിന്‍െറ നയനിലപാടുകള്‍ക്കെതിരായ പ്രതിരോധത്തില്‍ ഇവരൊക്കെയും ഉറച്ചുനിന്നു. പ്രസിഡന്‍റ് പദമേറിയെങ്കിലും പ്രചാരണകാലത്തെ തീവ്രവലതുപക്ഷ വംശീയനിലപാടുകള്‍ മയപ്പെടുത്താനല്ല, എത്രയും പെട്ടെന്ന് അത് നടപ്പാക്കാനുള്ള തീവ്രയത്ന പരിപാടിയിലാണ് അദ്ദേഹം. അതിന്‍െറ ആദ്യപടിയായിരുന്നു രാജ്യത്തെ കുടിയേറ്റക്കാരില്‍ ചിലരെ തെരഞ്ഞുപിടിച്ചുള്ള മതില്‍ കെട്ടിത്തിരിക്കലും യാത്രാ വിലക്കുമൊക്കെ. ട്രംപിന്‍െറ തലതിരിഞ്ഞ അപാര്‍ത്തീഡ് നയങ്ങള്‍ക്കെതിരെ വിമര്‍ശം ശക്തമാക്കിയ മാധ്യമങ്ങളെയും കലാസാംസ്കാരികലോകത്തെയും അടച്ചാക്ഷേപിക്കാനും അവര്‍ക്കുനേരെ വാഷിങ്ടണിന്‍െറ വാതിലുകള്‍ കൊട്ടിയടക്കാനുമാണിപ്പോള്‍ പുതിയ ഭരണകൂടത്തിന്‍െറ ശ്രമം. അമേരിക്കയിലെ പ്രമുഖ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വിലക്കു പ്രഖ്യാപിച്ചും കലാകാരന്മാരെ ‘ലിമൂസിന്‍ ലിബറലുകള്‍’ എന്ന് അധിക്ഷേപിച്ചും നേരിന്‍െറ മുഖം മറയ്ക്കാനുള്ള വൃഥാശ്രമമാണ് ട്രംപ് നടത്തിവരുന്നത്. എന്നാല്‍, അധികാരഗര്‍വിനു മുന്നില്‍ മുട്ടിലിഴയാന്‍ തയാറില്ളെന്ന വാശിയിലുറച്ചാണ് മാധ്യമ, സാംസ്കാരികലോകം. ഈ വിയോജിപ്പിന്‍െറ കൂട്ടായ ശബ്ദമാണ് കഴിഞ്ഞ ദിവസം ഓസ്കര്‍ വേദിയില്‍ മുഴങ്ങിയത്.

89ാം ഓസ്കര്‍ പുരസ്കാരസമര്‍പ്പണ വേദിയില്‍ ആതിഥ്യം വഹിച്ച ജിമ്മി കിമല്‍ ആണ് ട്രംപ് വിമര്‍ശത്തിന് തിരികൊളുത്തിയത്. 225 ലോകരാഷ്ട്രങ്ങളിലെ ദശലക്ഷക്കണക്കിന് പ്രേക്ഷകര്‍ വീക്ഷിച്ച ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ വംശീയനിലപാടുകള്‍ക്കെതിരായ പ്രതിഷേധം അണപൊട്ടിയൊഴുകുകയായിരുന്നു പിന്നെ. അതിനു പാകത്തില്‍ പരിപാടിയില്‍ ചില സന്ദര്‍ഭങ്ങള്‍ ഒത്തുവരുകയും ചെയ്തു. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള സമ്മാനം ലഭിച്ച ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹദി ചടങ്ങിനത്തെില്ളെന്ന് അറിയിച്ചിരുന്നു. ഇറാന്‍ അടക്കമുള്ള ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ലോകത്തെ ‘ഞങ്ങളും ഞങ്ങടെ ശത്രുക്കളും’ എന്ന നിലയില്‍ വിഭജിക്കുന്നത് യുദ്ധോത്സുകത വളര്‍ത്തുമെന്നു മുന്നറിയിപ്പ് നല്‍കിയ ഫര്‍ഹദി മനുഷ്യനന്മകള്‍ പിടിച്ചെടുക്കാനും വിവിധ ദേശീയതകളുടെയും മതങ്ങളുടെയും വാര്‍പ്പുമാതൃകകള്‍ തകര്‍ക്കാനുമാണ് സിനിമക്കാര്‍ കാമറ പിടിക്കുന്നതെന്നു ട്രംപിനെയും ലോകത്തെയും അറിയിച്ചു. സിറിയന്‍ ആഭ്യന്തരയുദ്ധത്തെക്കുറിച്ചു പറയുന്ന ‘ദ വൈറ്റ് ഹെല്‍മെറ്റ്സ്’ എന്ന സിനിമക്ക് മികച്ച ഡോക്യുമെന്‍ററിക്കുള്ള അവാര്‍ഡ് ലഭിച്ചെങ്കിലും യാത്രാവിലക്കു കാരണം 21കാരനായ ഖാലിദ് ഖതീബിനും എത്താനായില്ല. മെക്സികോയില്‍നിന്നുള്ള നടന്‍ ഗായെല്‍ ഗാര്‍സ്യ ബേണല്‍ കുറേക്കൂടി രൂക്ഷമായാണ് പ്രതികരിച്ചത്. മെക്സികോക്കാരനും ലാറ്റിനമേരിക്കക്കാരനും കുടിയേറ്റ തൊഴിലാളിയും മനുഷ്യനുമായ തനിക്ക് ജനത്തെ വിഭജിക്കുന്ന ഏതു മതിലുകളെയും എതിര്‍ക്കാനേ കഴിയൂ എന്ന് അദ്ദേഹം ട്രംപിനെ കളിയാക്കി. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട കേസി ആഫ്ളക്, ഓസ്കറിന്‍െറ തലേന്നാള്‍ നടന്നുവരുന്ന ഫിലിം ഇന്‍ഡിപെന്‍ഡന്‍റ് സ്പിരിറ്റ് അവാര്‍ഡ് നിശയില്‍ ട്രംപിന്‍െറ അറപ്പുളവാക്കുന്ന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ടി.വിയില്‍ ജനങ്ങളോട് പറയേണ്ട കാര്യങ്ങള്‍ കുളിമുറിയില്‍ തനിച്ചുപറഞ്ഞാല്‍ മതിയാവില്ളെന്ന മുഖവുരയോടെ തുടങ്ങിയ ആഫ്ളക് ട്രംപിന്‍െറ വംശവെറിക്കെതിരെ ഹുബ്ബ് (ലൗ) എന്ന് അറബിയിലെഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് പരിപാടിക്കത്തെിയത്. 20 തവണ ഓസ്കര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട പ്രമുഖ നടി മെറില്‍ സ്ട്രീപ് ജനുവരിയില്‍ ഗോള്‍ഡന്‍ ഗ്ളോബ്സില്‍ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനില്‍ അവാര്‍ഡ് സ്വീകരിച്ചു ചെയ്ത പ്രസംഗത്തില്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കലാകാരന്മാരുടെ രൂക്ഷമായ പ്രതിഷേധത്തില്‍ അസ്വസ്ഥരായ ട്രംപ് അനുയായികള്‍ ഓസ്കര്‍ ചടങ്ങ് ടി.വി ഓഫാക്കി ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെങ്കിലും ഏശിയില്ളെന്നു മാത്രമല്ല, കൂടുതല്‍ രൂക്ഷമായ വിമര്‍ശനത്തിനും പരിഹാസത്തിനും അത് ഇടയാക്കുകയും ചെയ്തു. നീല റിബണ്‍ ധരിച്ചത്തെിയ കലാകാരന്മാര്‍ ജനാധിപത്യവും ഭരണഘടനാവകാശങ്ങളും തിരിച്ചുപിടിക്കുമെന്നു ആണയിടുകയായിരുന്നു. അതോടെ ഈ വര്‍ഷത്തെ ഓസ്കര്‍ പുരസ്കാരവേദി യാങ്കിയുടെ സാമ്രാജ്യത്വ വംശീയ സമഗ്രാധിപത്യത്തിനെതിരായ ആഗോളപ്രതിഷേധമായി മാറി. രാഷ്ട്രീയത്തിലും കലയിലുമൊക്കെ സത്യം എത്തിപ്പിടിക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണുള്ളതെന്നും നാനാത്വവും ജനാധിപത്യവും വ്യാപകമാകുന്ന ലോകത്ത് അതിനെ മാനിക്കുകയാണ് വേണ്ടതെന്നും വാറന്‍ ബെറ്റി ചടങ്ങിന് കുറിച്ച ആമുഖവാക്കുകള്‍ പ്രസക്തമാണ്. ആ ചരിത്രദൗത്യം നിര്‍വഹിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിച്ച മഹാപ്രതിഭകള്‍ ഓസ്കറിന്‍െറയോ ഹോളിവുഡിന്‍െറയോ അല്ല, മനുഷ്യത്വത്തിന്‍െറ മാറ്റാണ് ഉയര്‍ത്തിപ്പിടിച്ചത്, സംശയമില്ല.

Show Full Article
TAGS:madhyamam daily 
Next Story