പാളംതെറ്റിയ റെയില്‍വേ ഭരണം
text_fieldsഅന്വേഷണങ്ങളും നടപടികളും പ്രഖ്യാപനത്തിലൊതുങ്ങുമ്പോള്‍ രാജ്യത്ത് പാളങ്ങളിലെ കുരുതികള്‍ അറ്റംകാണാതെ തുടരുകയാണ്. ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ കുനേരുവില്‍ ശനിയാഴ്ച രാത്രി ട്രെയിന്‍ പാളംതെറ്റി മറിഞ്ഞ് 39 പേര്‍ മരിക്കുകയും 65 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. സംഭവത്തെക്കുറിച്ച് പതിവുപോലെ അന്വേഷണത്തിന് ഉത്തരവിട്ടു. അട്ടിമറി സംശയവും ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ എല്ലാം ഭദ്രമായിരുന്നുവെന്ന് ആണയിടുന്നുണ്ട്. എല്ലാം കഴിയുമ്പോഴും രാജ്യത്ത് പൊതുവെ സുരക്ഷിതവും സുഗമവുമായി കരുതപ്പെട്ടിരുന്ന ട്രെയിന്‍യാത്രയിലും കാര്യങ്ങള്‍ പന്തിയല്ല എന്ന് കൂടക്കൂടെ വ്യക്തമായിവരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ വന്‍ ദുരന്തമാണിത്. 2016 നവംബര്‍ 20ന് യു.പിയിലെ കാണ്‍പുരിനടുത്ത പുഖ്രായനില്‍ ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളംതെറ്റി 150 പേര്‍ മരിച്ചു. ഒരു മാസം കഴിഞ്ഞ് അതിനടുത്തുതന്നെ അജ്മീര്‍-സീല്‍ദ എക്സ്പ്രസ് അപകടത്തില്‍പെട്ട് 50 യാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റു. റെയില്‍വേ ബോര്‍ഡിന്‍െറ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 68 അപകടങ്ങളാണ് ഈ വിധത്തില്‍ നടന്നത്. ആറു വര്‍ഷമായി അപകടനിരക്ക് കൂടുന്നതായാണ് അനുഭവം.
രണ്ടു മാസം മുമ്പ് നടന്ന പുഖ്രായന്‍ അപകടത്തിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട് റെയില്‍വേ സുരക്ഷ കമീഷന്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അപകടത്തിനു പിന്നിലെ അട്ടിമറിസാധ്യത ദേശീയ അന്വേഷണ ഏജന്‍സി വേറെയും അന്വേഷിക്കുന്നുണ്ട്. അതിനിടെ, ആവര്‍ത്തിക്കപ്പെടുന്ന റെയില്‍വേ ദുരന്തങ്ങളുടെ കാരണങ്ങളന്വേഷിച്ച പാര്‍ലമെന്‍ററി സമിതി കണ്ടത്തെിയ പ്രശ്നങ്ങള്‍ അക്കമിട്ടുനിരത്തിയ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ 14ന് പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്തുവെച്ചിരുന്നു. ഗുരുതരമായ സുരക്ഷ പാളിച്ചകളാണ് സമിതി ചൂണ്ടിക്കാട്ടിയത്. പാളങ്ങളുടെ സുരക്ഷനിലവാരം നിലനിര്‍ത്താത്തതാണ് സമീപകാലത്തെ അപകടങ്ങളുടെയെല്ലാം കാരണമെന്നും അറ്റകുറ്റപ്പണികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും സമിതി കണ്ടത്തെി. രാജ്യത്ത് ആകെ 1,14,907 കിലോമീറ്റര്‍ നീളത്തിലുള്ള പാളങ്ങളില്‍ പ്രതിവര്‍ഷം 4500 കിലോമീറ്റര്‍ പുതുക്കിപ്പണിയണമെന്നാണ് നിയമം. ഇപ്പോഴും 5000 കി.മീറ്ററിലേറെ പുതുക്കിപ്പണിയാന്‍ ബാക്കികിടപ്പുണ്ട്.
അതുപോലെ ഗുരുതരമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍. കുനേരു സ്റ്റേഷന്‍ കടന്നുപോകാനിരിക്കെ, അമിതവേഗത്തിലായിരുന്നുവത്രേ അപകടത്തില്‍പെട്ട ഹിരാഖണ്ഡ് എക്സ്പ്രസ്. 2015 മുതല്‍ നടന്ന റെയില്‍ ദുരന്തങ്ങളില്‍ 70 ശതമാനത്തിലേറെ ഇതുപോലെ ജീവനക്കാരുടെ വീഴ്ചയെ തുടര്‍ന്നായിരുന്നുവെന്ന് പാര്‍ലമെന്‍ററി സമിതി കണ്ടത്തെിയിരുന്നു. തുടര്‍ച്ചയായ വീഴ്ചകളുടെ മൂലകാരണം കണ്ടത്തെുന്നതില്‍ മന്ത്രാലയം പരാജയപ്പെടുകയാണെന്നും അതുകൊണ്ട് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാനാവുന്നില്ളെന്നും സമിതി കുറ്റപ്പെടുത്തി. ഈ റിപ്പോര്‍ട്ടുകളൊക്കെ പൊടിപിടിച്ചുകിടക്കുകയല്ലാതെ തുടര്‍നടപടികളുണ്ടാവുന്നില്ല. മാനുഷിക വീഴ്ചകളെക്കുറിച്ചു നിരന്തരം ആക്ഷേപങ്ങളുയരുമ്പോഴും വേണ്ടത്ര ജീവനക്കാരെ ഇനിയും നിയമിക്കാനായിട്ടില്ല. ഇപ്പോള്‍ അപകടം നടന്ന പൂര്‍വതീര മേഖലയില്‍തന്നെ 24 ശതമാനം സുരക്ഷാ ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇന്ത്യയില്‍ ആകെ 1.42 ലക്ഷം പേരുടെ കമ്മിയുണ്ട്. എന്‍ജിനീയര്‍മാര്‍, സിഗ്നല്‍, ടെലികോം ഓപറേറ്റര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നീ തസ്തികകളിലെല്ലാം ധാരാളം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നതിനാല്‍ 20 മണിക്കൂറിലേറെ തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്നതായി തൊഴിലാളികള്‍ക്ക് പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒന്നിലേറെ ഇടക്കാല റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
സംസ്ഥാനങ്ങളുടെയും സെന്‍ട്രല്‍ റോഡ് ഫണ്ടിന്‍െറയും സഹകരണത്തോടെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് 1.27 ലക്ഷം കോടി രൂപയുടെ സുരക്ഷ പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്‍റ് ആസൂത്രണം ചെയ്തിരിക്കുന്നു. ആകെ റെയില്‍വേ പദ്ധതി വിഹിതത്തിന്‍െറ 15 ശതമാനം വരും ഇത്. ഇതൊക്കെ ഏതുവഴിക്ക് പോകുന്നുവെന്ന് വേറെ തന്നെ അന്വേഷിക്കേണ്ടതാണ്. സുരക്ഷ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതുകൊണ്ടോ സാങ്കേതികസംവിധാനങ്ങള്‍ വികസിപ്പിച്ചതുകൊണ്ടോ മാത്രം കാര്യമായില്ല. പാളങ്ങളില്‍ ഗാങ്മാന്മാരെ ഉപയോഗിച്ച് ഇടക്കിടെയുള്ള പരിശോധനയും സുരക്ഷ ഓഡിറ്റിങ്ങും കടലാസിലുണ്ടെങ്കിലും കര്‍മത്തിലില്ല. കാലപ്പഴക്കമേറിയ എന്‍ജിനുകളും പഴകിയ സിഗ്നല്‍ സംവിധാനങ്ങളും അപര്യാപ്തമായ അറ്റകുറ്റപ്പണിയും ശോച്യാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പാളങ്ങള്‍ വികസിപ്പിക്കുന്നതിനു പകരം ഉള്ള റൂട്ടുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നത് അറ്റകുറ്റപ്പണിക്കുള്ള അവസരം നഷ്ടപ്പെടുത്തുന്നു. സമയനഷ്ടമൊഴിവാക്കാന്‍ രാത്രിസമയത്ത് വേഗം കൂട്ടുന്ന സംവിധാനം പാളത്തിന്‍െറ സുരക്ഷയെ ബാധിക്കുന്നതിനാല്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ അപകടം നടന്ന മേഖലയില്‍ ആവര്‍ത്തിച്ചുള്ള പരിശോധന നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ട്. എന്നിട്ടും പാളത്തിലെ കുഴപ്പങ്ങള്‍ കണ്ടത്തൊനോ പരിഹരിക്കാനോ എന്തുകൊണ്ട് കഴിയുന്നില്ല? മാവോവാദി ഭീഷണിയുടെ ചുവപ്പന്‍ ഇടനാഴിയിലാണ് അപകടമെന്നത് കാട്ടി അട്ടിമറി സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഇത്രയധികം ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് വേണ്ട സുരക്ഷസംവിധാനങ്ങള്‍ ഗവണ്‍മെന്‍റ് കൈക്കൊണ്ടിട്ടുണ്ടോ? അപകടം തടയാനുള്ള മുന്നൊരുക്കം നടത്തുന്നതിനു പകരം അതു സംഭവിച്ചശേഷം നിഗമനങ്ങളുടെ പുകമറ സൃഷ്ടിച്ചും അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടും മുഖംരക്ഷിക്കാനാണ് റെയില്‍വേ അധികൃതര്‍ക്കു താല്‍പര്യം. അവരെ ഉത്തരവാദിത്തബോധത്തോടെയുള്ള സദ്ഭരണത്തിന്‍െറ പാളത്തില്‍ കയറ്റുകയാണ് റെയില്‍വേയെ രക്ഷിക്കാനുള്ള ആദ്യപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
