Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

text_fields
bookmark_border
പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
cancel
ജനങ്ങളോട് ‘ത്യാഗം’ ചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ കോർപറേറ്റ് നികുതിയിളവുകളിലോ ആഡംബര പദ്ധതികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ?

ലോകസമാധാനത്തിന് ഒട്ടാകെ ഭീഷണിയായ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായ ഒരു ഇടപെടലിനും നാളിതുവരെ തയാറാവാഞ്ഞ നമ്മുടെ പ്രധാനമന്ത്രി യുദ്ധം വരുത്തിയേക്കാവുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ഏറെ വൈകി രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സെക്കന്തരാബാദിൽ നടന്ന ബി.ജെ.പി പൊതുസമ്മേളനത്തിൽ സംസാരിക്കവേ, ആഗോളതലത്തിൽ അനുഭവപ്പെടുന്ന യുദ്ധത്തിന്റെ ആഘാതം രാജ്യത്തെയും ബാധിച്ചിട്ടുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ കടമകൾക്ക് മുൻഗണന നൽകിക്കൊണ്ട് ചില പ്രതിജ്ഞകൾ എടുക്കേണ്ട സമയമാണെന്നുമാണ് അദ്ദേഹം ഓർമിപ്പിച്ചിരിക്കുന്നത്.

പെട്രോൾ, ഡീസൽ, പാചകയെണ്ണ ഉപയോഗം കുറക്കുക, അനിവാര്യമല്ലാത്ത വിദേശ യാത്രകളും സ്വർണം വാങ്ങലും ഒഴിവാക്കുക, കർഷകർ രാസവള ഉപയോഗം വെട്ടിക്കുറക്കുക, കൃഷിയിൽ ഡീസൽ ജനറേറ്ററുകൾക്കുപകരം സോളാർ പമ്പുകൾ ഉപയോഗിക്കുക, പൊതുഗതാഗത സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുക, കോവിഡ് കാലം മുതൽ പരിചിതമായ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ, വിഡിയോ കോൺഫറൻസുകൾ എന്നിവ വീണ്ടും ശീലമാക്കുക, ‘സ്വയംപര്യാപ്ത ഭാരത’ത്തിന് തടസ്സമാകുന്ന കാര്യങ്ങളിൽനിന്ന് തൊഴിലാളി സംഘടനകൾ വിട്ടുനിൽക്കുക, കഴിവതും സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കുക തുടങ്ങിയ പ്രതിജ്ഞകൾ കൈക്കൊള്ളാനാണ് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ലോകം ഊർജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇന്ത്യയെ അത് രൂക്ഷമായി ബാധിക്കുമെന്നും യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പലയിടങ്ങളിലും സിലിണ്ടറിനായി ആളുകൾ കിലോമീറ്റർ നീണ്ട് ക്യൂ നിൽക്കവേ സിലിണ്ടറുകൾ ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ടെന്നുമായിരുന്നു അന്ന് സർക്കാറിന്റെ അവകാശവാദം. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് ആയിരം രൂപക്കടുത്ത് കൂട്ടിയതോടെ ഭോജനശാലകളിൽ ഭക്ഷണവില ഉയർന്നു, പിടിച്ചു നിൽക്കാനാവാതെ ചെറുകിട കച്ചവടക്കാർ അടച്ചുപൂട്ടുകയും നൂറുകണക്കിന് തൊഴിലാളികൾ ഇതിനകം തൊഴിൽരഹിതരാവുകയും ചെയ്തു. ഗാർഹിക ഉപഭോക്താക്കളെ പാചകവാതക സബ്സിഡിയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികളും ഒരു ഭാഗത്ത് ആരംഭിച്ചുകഴിഞ്ഞു. ഈ യാഥാർഥ്യത്തിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്.

വിദേശനാണ്യ ശേഖരവും പുറത്തേക്കൊഴുകുന്ന പണവും തമ്മിലെ അന്തരം മുമ്പെന്നത്തേക്കാൾ വർധിച്ചുനിൽക്കുന്ന അവസ്‍ഥയിലാണ് രാജ്യം. അസംസ്കൃത എണ്ണവില അടിക്കടി കൂടുന്നതോടെ ഈ വിടവ് വലുതാവുകയും ചെയ്യും. എന്നാൽ, ഇക്കാര്യം തിരിച്ചറിയാനും തുറന്നു പറയാനും നിയമസഭാ തെരഞ്ഞെടുപ്പുകളും ഫല പ്രഖ്യാപനവും പൂർത്തിയാവാൻ കാത്തു നിൽക്കണമായിരുന്നുവോ? ഹിഡൻ അജണ്ടകളുള്ള ഭരണഘടനാ ഭേദഗതി ശ്രമം പാർലമെന്റിൽ സംഘടിതമായി പരാജയപ്പെടുത്തിയ പ്രതിപക്ഷ പാർട്ടികളോടുള്ള രോഷം തീർക്കാൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും വകവെക്കാതെ ദേശീയ മാധ്യമങ്ങളിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ഇക്കാര്യം കൂടി സൂചിപ്പിക്കാമായിരുന്നുവല്ലോ.

അവശ്യ സർവിസുകൾ ഒഴിച്ചുള്ള ഓഫിസ് ജോലികളിലും ഐ.ടി മേഖലയിലെ ജോലികളിലും ഇന്ന് വർക്ക് ഫ്രം ഹോം സാധാരണമായിരിക്കുന്നു. എന്നാൽ, ചുമട്ടു തൊഴിലാളികൾക്കും നിർമാണത്തൊഴിലാളികൾക്കും അത് സാധ്യമല്ലല്ലോ. മോദി നിർദേശിക്കുന്ന മെട്രോ യാത്ര രാജ്യത്തെ മെട്രോപോളിറ്റൻ നഗരങ്ങളിൽപോലും കുറഞ്ഞ വരുമാനക്കാർക്ക് പ്രാപ്യമല്ല.

വളം വില കുതിച്ചുയരുമെന്നും ലഭ്യത കുറയുമെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന് വായിച്ചെടുക്കാവുന്ന മറ്റൊരു സുപ്രധാന കാര്യം. കേന്ദ്ര സർക്കാറിന്റെ തെറ്റായ കാർഷിക-വാണിജ്യ നയങ്ങളും വിധേയത്വം നിറഞ്ഞ വിദേശവ്യാപാര കരാറുകളും ഇതിനകം തന്നെ കാർഷിക മേഖലയെ അതീവ പ്രതിസന്ധിയിൽ തള്ളിയിട്ടിരിക്കുകയാണ്. അരി, ചോളം, മില്ലറ്റുകൾ, നിലക്കടല, പരുത്തി, കരിമ്പ് തുടങ്ങിയ ഭക്ഷ്യ-വാണിജ്യ വിളകൾ പ്രധാനമായും കൃഷിചെയ്യുന്ന കാർഷിക സീസൺ രാജ്യത്ത് ആരംഭിക്കാനിരിക്കെ വളം ക്ഷാമം കർഷകരിൽ സൃഷ്ടിക്കുന്ന ആഘാതം പറഞ്ഞറിയിക്കാനാവില്ല. ജൈവ കൃഷിരീതിയിലേക്ക് മടങ്ങുക എന്നത് മുന്നൊരുക്കങ്ങളില്ലാതെ നടത്താനാവുന്ന സംഗതിയുമല്ല. ശ്രീലങ്കയിൽ വിദേശനാണ്യ ശേഖരം കുറഞ്ഞ ഘട്ടത്തിൽ വളം ഇറക്കുമതി നിർത്തി 2021ൽ അന്നത്തെ പ്രസിഡന്റ് ഗോതബയ രാജപക്സെ നടപ്പാക്കിയ ജൈവകൃഷി നയമാണ് ആ രാജ്യത്തെ സാമ്പത്തികമായി തകർത്തതും ജനകീയ പ്രക്ഷോഭത്തിന് വഴിയൊരുക്കിയതുമെന്ന് മറക്കരുത്.

പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ പരിശോധിച്ചാൽ, ആഗോള പ്രതിസന്ധിയെ നേരിടാനുള്ള സർക്കാറിന്റെ നയപരമായ പരാജയങ്ങളെ മറച്ചുവെച്ച് അതിന്റെ ഉത്തരവാദിത്തം പൂർണമായും സാധാരണക്കാരുടെ മേൽ അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്. അടിച്ചേൽപിക്കുന്ന കർശന നിർദേശങ്ങൾ എത്ര ജനവിരുദ്ധമാണെങ്കിലും ഇന്ത്യൻ ജനത സഹിച്ചുകൊള്ളുമെന്ന്, ഒരു യുക്തിയുമില്ലാതെ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെയും കോവിഡ് ലോക് ഡൗണിന്റെയും അനുഭവത്തിൽനിന്ന് ഭരണകൂടം കരുതുന്നുണ്ടാവാം. ജനങ്ങളോട് ‘ത്യാഗം’ ചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ കോർപറേറ്റ് നികുതിയിളവുകളിലോ ആഡംബര പദ്ധതികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ? പാവപ്പെട്ട മനുഷ്യർ നൽകിയ നികുതിപ്പണത്തിൽനിന്ന് സഹസ്രകോടികൾ ചെലവിട്ട് നടത്തുന്ന, അവകാശവാദങ്ങൾ നിറഞ്ഞ പരസ്യ പ്രചാരണങ്ങളിലെങ്കിലും ഒരൽപം നിയന്ത്രണത്തിന് തയാറുണ്ടോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiFuel crisiseditorial opinioneconomic impactWest Asia Conflict
News Summary - Prime Minister's announcement
Next Story