Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരാഷ്ട്രപതി...

രാഷ്ട്രപതി തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ഭാവിയും

text_fields
bookmark_border
രാഷ്ട്രപതി തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ഭാവിയും
cancel


രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുകയാണ്. ജനതാദൾ, ബി.ജെ.പി സർക്കാറുകളിൽ കേന്ദ്രമന്ത്രിയായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹയെ പ്രതിപക്ഷവും മുൻ ഝാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമുവിനെ ഭരണപക്ഷവും സ്​ഥാനാർഥികളായി പ്രഖ്യാപിച്ചു കഴിഞ്ഞു. സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുന്നു. സർക്കാറിന്റെ തലവൻ പ്രധാനമന്ത്രിയും രാഷ്ട്രത്തിന്റെ തലവൻ രാഷ്ട്രപതിയും എന്ന നിലയിലാണ് നമ്മുടെ സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാൽതന്നെ രാഷ്ട്രീയഭേദങ്ങൾക്കതീതനായ വ്യക്തി എന്നതാണ് രാഷ്ട്രപതിയെക്കുറിച്ച കാഴ്ചപ്പാട്. രാഷ്ട്രപതിസ്​ഥാനത്തേക്ക് പൊതുസമ്മതനായ ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നതാണ് ഏറ്റവും അഭികാമ്യം. എന്നാൽ, അങ്ങനെയൊന്ന് ഇത്തവണയും ഉണ്ടാവില്ല. അവ്വിധമൊരു ചർച്ചയും ആശയവും ഉയർത്തിക്കൊണ്ടുവരേണ്ട പ്രാഥമിക ഉത്തരവാദിത്തം ഭരണകർത്താക്കളുടേതാണെന്നിരിക്കെ പ്രധാനമന്ത്രിയോ ബി.ജെ.പി നേതൃത്വമോ ഒരിക്കൽപോലും അങ്ങനെയൊരു ചർച്ചയേ മുന്നോട്ടുവെച്ചില്ല.

പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ, വിവിധ സംസ്​ഥാന അസംബ്ലികളിലെ അംഗങ്ങൾ, ഡൽഹി, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ അസംബ്ലി അംഗങ്ങൾ എന്നിവർക്കാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടവകാശം. ഓരോ സംസ്​ഥാനത്തെയും വോട്ടുമൂല്യം ജനസംഖ്യക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിലവിലെ കണക്കനുസരിച്ച് ബി.ജെ.പിയും ഘടകകക്ഷികളും ചേർന്നാൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ആവശ്യമായത്രയും വോട്ടുകൾ അവർക്കില്ല. 48 ശതമാനമാണ് അവരുടെ വോട്ടുവിഹിതം. അതേസമയം, അപ്പുറത്തുള്ള 52 ശതമാനവും ബി.ജെ.പി വിരുദ്ധരാണ് എന്നു പറയാനും പറ്റില്ല. ഒഡിഷയിലെ ബി.ജെ.ഡി, ആന്ധ്രയിലെ വൈ.എസ്​.ആർ കോൺഗ്രസ്​, തെലങ്കാനയിലെ ടി.ആർ.എസ്​, ആം ആദ്മി പാർട്ടി എന്നീ കക്ഷികൾ എൻ.ഡി.എയുടെ ഭാഗമല്ല. അതേസമയം, അവർ സംയുക്ത പ്രതിപക്ഷസ്​ഥാനാർഥിയെ തെരഞ്ഞെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അവരിൽതന്നെ, ഒഡിഷ ഭരിക്കുന്ന ബി.ജെ.ഡി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒഡിഷയിൽനിന്നുള്ള ആൾ എന്നതാണ് അവർ പുറമേക്കു പറയുന്ന കാരണം. എന്തോ രാഷ്ട്രീയധാരണ ബി.ജെ.പിയും ബി.ജെ.ഡിയും തമ്മിൽ രൂപപ്പെട്ടിരിക്കാനാണ് സാധ്യത. കണക്കുകൾവെച്ചു നോക്കിയാൽ, എൻ.ഡി.എ ഇതര കക്ഷികൾ സമ്പൂർണമായി യോജിച്ചുനിന്നാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയും എന്നതാണ് സത്യം. എന്നാൽ, അങ്ങനെയൊരു യോജിപ്പ് ഉണ്ടാകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.

രാഷ്ട്രപതി എന്നത് വെറുമൊരു റബർ സ്റ്റാമ്പ് മാത്രമാണെന്ന് പലരും പറയാറുണ്ട്. പക്ഷേ, അത് ശരിയാവുന്നത് ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളുടെയും നയരൂപവത്കരണത്തിന്റെയും കാര്യത്തിൽ മാത്രമാണ്. ഭരണഘടനയുടെ കാവൽക്കാരൻ എന്ന അർഥത്തിൽ രാഷ്ട്രപതിക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. നമ്മുടെ റിപ്പബ്ലിക്കും ഭരണഘടനയും വലിയ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ ആ പദവിക്ക് വലിയ അർഥങ്ങളാണുള്ളത്. സംഘ്പരിവാറുകാർ ആവേശത്തോടെ അവകാശപ്പെടുന്ന ഒരു കാര്യമുണ്ട്. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി, ലോക്സഭ സ്​പീക്കർ എന്നീ പദവികളിലെല്ലാം ആർ.എസ്​.എസുകാരാണ് എന്നതാണത്. ആ പ്രസ്​ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണത്. എന്നാൽ, ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അത് ഗുണകരമല്ല. ചെക്ക് ആൻഡ് ബാലൻസ്​ എന്നത് ഏതു സംവിധാനത്തെയും ഗുണമേന്മയുള്ളതാക്കുകയേ ഉള്ളൂ. അല്ലാതെവന്നാൽ, ഏകപക്ഷീയമായ നയനിലപാടുകളുമായി ഒരു കൂട്ടർക്ക് എങ്ങനെയും മുന്നോട്ടുപോവാനുള്ള ലൈസൻസ്​ ലഭിക്കുകയാണ് ചെയ്യുക. അങ്ങനെ നോക്കുമ്പോൾ അത്യന്തം നിർണായകമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

സാധാരണയിൽനിന്ന് വ്യത്യസ്​തമായി രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അൽപംകൂടി ഉണർന്നു പ്രവർത്തിക്കാൻ പ്രതിപക്ഷം ശ്രദ്ധവെച്ചിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി അക്കാര്യത്തിൽ എടുത്ത മുൻകൈകളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കോൺഗ്രസ്​ സന്നദ്ധമായി. മമതയുടെ വൈരികളായിരുന്നിട്ടുപോലും അവർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ സി.പി.എമ്മും സി.പി.ഐയും സന്നദ്ധമായി. എന്നാൽ, എൻ.ഡി.എക്ക് പുറത്തുള്ള എല്ലാ കക്ഷികളെയും യോജിപ്പിച്ചുനിർത്തുന്നതിൽ അവർ പരാജയപ്പെട്ടു. സ്വാധീനശേഷിയും പ്രഭാവവുമുള്ള നേതാവ് പ്രതിപക്ഷത്തിനില്ല എന്നത് പ്രധാനപ്പെട്ടൊരു കാരണമാണ്. മാത്രവുമല്ല, ഈ പറയുന്ന പ്രതിപക്ഷകക്ഷികളിൽ ഏതാണ്ട് മിക്കവയും അവർക്ക് ശക്തിയുള്ള സംസ്​ഥാനങ്ങളിൽ പരസ്​പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നവരാണ്. അവരുടെ പ്രാഥമികമായ പരിഗണന അധികാരം എങ്ങ​നെ നിലനിർത്താം എന്നതാണ്. എല്ലാറ്റിലുമുപരി, കേന്ദ്രാധികാരം വാഴുന്ന പാർട്ടിക്ക് മുന്നോട്ടുവെക്കാനുള്ളതുപോലെ ഓഫറുകൾവെച്ച് പിന്തുണ വാങ്ങിയെടുക്കാൻ ദുർബലമായ പ്രതിപക്ഷത്തിന് സാധ്യമല്ല. ഇതെല്ലാംവെച്ച് നോക്കുമ്പോൾ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കളികൾ വിജയിക്കാൻതന്നെയാണ് സാധ്യത. എൻ.ഡി.എയുടെ ഭാഗമല്ലാത്ത പ്രാദേശിക കക്ഷികളെ അവർ എളുപ്പം വഴക്കിയെടുക്കും. സംഘ്പരിവാറിന്റെ സ്വന്തം പ്രതിനിധി തന്നെ അടുത്ത ഊഴത്തിലും രാഷ്ട്രപതിഭവനിൽ ഇരിക്കുന്നത് നമുക്ക് കാണേണ്ടിവരും.

കോൺഗ്രസിന്റെ മുൻനിര നേതാവായ രാഹുൽ ഗാന്ധൈയപ്പോലും ഇ.ഡി വളഞ്ഞിട്ട് വിരട്ടുന്ന ദിവസങ്ങളാണ് കടന്നുപോയത്. അതായത്, അമിതാധികാരം, ഫാഷിസം എന്നൊക്കെപ്പറയുന്നത് താന്താങ്ങളുടെ ശരീരത്തിൽ തട്ടുന്ന ഏർപ്പാടുകളാണ് എന്ന് പ്രതിപക്ഷനേതാക്കൾ മനസ്സിലാക്കുന്ന സമയം. അത്തരമൊരു സമയത്ത് കൊച്ചു കൊച്ചു അഭിപ്രായവ്യത്യാസങ്ങളെ മാറ്റിവെച്ച് രാജ്യത്തിന്റെ ഭാവിയും താന്താങ്ങളുടെ രാഷ്ട്രീയഭാവിയുമോർത്ത് ഐക്യപ്പെടാൻ ഇനിയും സമയമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:democracypresidential elections
News Summary - Presidential elections and the future of democracy
Next Story