രാഷ്ട്രപതിഭരണ മുറവിളിക്കു പിന്നിലെ ദുഷ്ടലാക്ക്
text_fieldsകേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ച് രാഷ്ട്രപതി ഭരണം അനിവാര്യമാെണന്നും ഇക്കാര്യം പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും നേരത്തേത്തന്നെ ആവശ്യപ്പെട്ടതാെണന്നും ഡൽഹിയിൽ നടന്ന വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ആർ.എസ്.എസ് ജോയൻറ് സെക്രട്ടറി ദത്താത്രേയ ഹൊസബലേ. രാഷ്ട്രപതി ഭരണം അനിവാര്യമാക്കുന്ന പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിൽ അക്രമം നടക്കുന്നത് സർക്കാർ പിന്തുണയോടെയാണ് എന്നതാണ്. ഐ.എസ് തീവ്രവാദികളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലയിൽനിന്നുള്ളവരും പാർട്ടിഗ്രാമങ്ങളോട് അടുത്ത ബന്ധമുള്ളവരുമാണ് എന്നതും രാഷ്ട്രപതി ഭരണം നിർബന്ധമാക്കുന്ന കാര്യമാണെത്ര. കേരളത്തെക്കുറിച്ച് അസാധാരണമായ അജ്ഞതയുണ്ടെങ്കിൽ മാത്രമേ ഇത്രയും അസത്യ പ്രസ്താവന പൊതുമധ്യത്തിൽ പറയാനാകൂ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തെക്കുറിച്ച് ആർ.എസ്.എസിെൻറ ദേശീയ നേതൃത്വത്തിന് ഇത്രയും വലിയ വിവരക്കേടുണ്ടാകുമെന്ന് വിശ്വസിക്കുക അസാധ്യം. യഥാർഥത്തിൽ, സംഘ് പരിവാറിെൻറ നിഗൂഢ അജണ്ടകൾ കേരളത്തിൽ സാക്ഷാത്കരിക്കാനുള്ള ചെന്നായ ന്യായമാണ് ഈ പ്രസ്താവനക്കു പിന്നിൽ.
ആർ.എസ്.എസ്-സി.പി.എം അക്രമരാഷ്ട്രീയത്തെ മുൻനിർത്തി ദേശീയാധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികളിൽ ദേശീയ നേതാക്കളും ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കുചേരുന്ന ദേശവ്യാപകമായ കാമ്പയിനിനാണ് ബി.ജെ.പി തയാെറടുക്കുന്നത്. സംഘ്പരിവാര് ശുദ്ധീകരണവും സംഘര്ഷങ്ങള് സംബന്ധിച്ച വിലയിരുത്തലും ലക്ഷ്യമിട്ട് ആര്.എസ്.എസ് മേധാവി മോഹന് ഭാഗവതും ഈ മാസംതന്നെ കേരളത്തിലെത്തും. സി.പി.എമ്മിനെക്കാൾ സംസ്ഥാന സർക്കാറിനെതന്നെ പ്രതിപ്പട്ടികയിൽ നിർത്തി ആക്രമിക്കാനും സംസ്ഥാന സർക്കാർ വിരുദ്ധ മനോഘടന വളർത്തിയെടുക്കാനും ദേശീയ മാധ്യമങ്ങളുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുമാണ് ബി.ജെ.പിയുെട ശ്രമം. കേന്ദ്ര ധന, പ്രതിരോധ മന്ത്രി അരുൺ െജയ്റ്റ്ലിയുടെ ധിറുതിപിടിച്ച കേരള സന്ദർശനവും കൊല്ലപ്പെട്ട ആർ.എസ്.എസ് കാര്യവാഹകിെൻറ വീട് സന്ദർശിച്ചുള്ള അനുസ്മരണ പ്രഭാഷണവും വിരൽചൂണ്ടുന്നത് ഇതിലേക്കുതന്നെ. രാഷ്ട്രീയമായി വിയോജിക്കുന്നവരെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നത് സംസ്ഥാന സർക്കാറിന് ആശാസ്യമാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ സംഘർഷത്തിലും കൊലപാതകത്തിലും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ഗവർണറുടെ അസാധാരണമായ നടപടികൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ ദേശീയ അധികാരമുപയോഗിച്ച് അട്ടിമറിക്കാനുള്ള ആസൂത്രണത്തിെൻറ ഭാഗമാെണന്ന ആശങ്ക ഘനീഭവിക്കാനിടവരുത്തുന്നതും ഈ പശ്ചാത്തലത്തിലാണ്. സംസ്ഥാന ഭരണത്തെ ഭയപ്പെടുത്താൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് അസോസിയേഷൻ പൊതുസമ്മേളനത്തിൽ നടത്തിയ പ്രസ്താവനയും പുറത്തുവരുന്നത് സംസ്ഥാന സർക്കാറിനെ പിരിച്ചുവിടുമോ എന്ന ആശങ്കയിൽനിന്നുതന്നെയാണ്.
കേരളത്തിൽ അക്രമ രാഷ്ട്രീയം നിലനിൽക്കുന്നതിൽ സി.പി.എമ്മിന് നിർണായകമായ പങ്കുണ്ട്. അത്രതന്നെ പങ്ക് ആർ.എസ്.എസിനുമുണ്ട്. പരസ്പരം കൊന്നും കൊല്ലിച്ചുമാണ് അവർ പാർട്ടികളെ വളർത്തുകയും നിലനിർത്തുകയും ചെയ്തുപോരുന്നത്. കർശനമായ ക്രമസമാധാനപാലനത്തിനും നിഷ്ഠയോടെ അണികളെ നിയന്ത്രിക്കാനും പാർട്ടി നേതാക്കൾ ഉറച്ച തീരുമാനമെടുത്താൽ അവസാനിപ്പിക്കാവുന്നതാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ. മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത സമാധാന യോഗവും കണ്ണൂരിൽ സി.പി.എം-ബി.ജെ.പി നേതാക്കൾ പങ്കെടുത്ത ഉഭയകക്ഷി ചർച്ചയും സമാധാനത്തിലേക്കുള്ള മികച്ച കാൽവെപ്പുകൾ തന്നെ; ആത്മാർഥതയുള്ളതാെണങ്കിൽ. പക്ഷേ, അധികാരത്തിൽനിന്ന് നിഷ്കാസിതമാക്കപ്പെടുമോ എന്ന ഭീതിയിൽനിന്ന് രൂപപ്പെടേണ്ടതല്ല സമാധാന ചർച്ചകളും സമവായ നീക്കങ്ങളും. കേന്ദ്രത്തിെൻറ അധികാര ദുർവിനിയോഗ സമ്മർദങ്ങളോട് വിധേയപ്പെടാനും രാജിയായി സ്ഥാനം നിലനിർത്താനുമുള്ള ശ്രമങ്ങൾ ആത്യന്തികമായി ബി.ജെ.പിക്കേ ഗുണം ചെയ്യൂ. അതുകൊണ്ട് അക്രമരാഷ്ട്രീയം അവസാനിപ്പിക്കാനുള്ള കൃത്യമായ തീരുമാനം പാർട്ടിക്കകത്തും പുറത്തും ആത്മാർഥമായി സ്വീകരിക്കുകയും മാപ്പുസാക്ഷ്യത്തിെൻറ ശരീരഭാഷയിൽനിന്ന് പുറത്തുകടക്കുകയുമാണ് ഇടതുപക്ഷം ചെയ്യേണ്ടത്. സംഘർഷങ്ങളെ രാഷ്ട്രീയ ഊർജമാക്കാനും അധികാരത്തിലേക്കുള്ള എളുപ്പവഴിയായി പരിവർത്തിപ്പിക്കാനുമുള്ള സംഘ്പരിവാർ അജണ്ടകളെ കേരളത്തിലെങ്കിലും പരാജയപ്പെടുത്താൻ അത് അനിവാര്യമാണ്. കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സ്ഥാപിതതാൽപര്യത്തിെൻറ വഴിയടക്കാൻ സംസ്ഥാന സർക്കാറിന് ഇപ്പോൾ സാധിക്കും. മോഹൻ ഭാഗവത് മുതൽ അമിത് ഷാ വരെയുള്ളവരുടെ കേരള സന്ദർശന ലക്ഷ്യങ്ങളുടെയും പ്രചാരണത്തിെൻറയും മുനയൊടിക്കാൻ സമാധാനത്തിനുള്ള ആത്മാർഥ ശ്രമങ്ങളും ഭീഷണിപ്പെടുത്തലുകളെ ധീരമായി (അക്രമാസക്തമായല്ല) അഭിമുഖീകരിക്കാനുള്ള മനോദാർഢ്യവുമാണ് സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
