പ്രയാഗ് രാജ് ദുരന്തം: ഉത്തരവാദിയാര്?
text_fieldsഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ (പഴയ അലഹബാദ്) മഹാകുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒട്ടനവധി തീർഥാടകർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമുള്ള വാർത്തകൾ വേദനയും ആശങ്കയുമുണർത്തുന്നു. മുപ്പതിലേറെ പേർ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിൽ ആശുപത്രി മോർച്ചറികളിൽ മാത്രം 58 മൃതദേഹങ്ങൾ കണ്ടതായും പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നും നിരവധി പേരെ കാണാതായതായും വിദേശ-പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമസ്ഥാനത്ത് നടത്തുന്ന അമൃതസ്നാനം മോക്ഷം നൽകുമെന്നാണ് വിശ്വാസം. വിശേഷ ദിവസമായ മൗനി അമാവാസിയിൽ സന്യാസിമാർക്കൊപ്പം പുണ്യസ്നാനം ചെയ്യാൻ ഭക്തജനങ്ങൾ തിരക്ക് കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജനക്കൂട്ടത്തിന്റെ തള്ളലിൽ ബാരിക്കേഡ് തകരുകയും ഇരച്ചുവന്ന ജനക്കൂട്ടത്തിനിടെ വീണുപോയവർക്ക് രക്ഷപ്പെടാൻ കഴിയാതെ വരികയും ചെയ്തെന്നു അധികൃതർ വിശദീകരിക്കുന്നു.
144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാകുംഭമേളയായിരുന്നു ഇത്തവണത്തേത്. അതിനാൽ തന്നെ രാജ്യമെമ്പാടുംനിന്ന് ഭക്തർ എത്തുകയും ചെയ്തിരുന്നു. പുതുകാല ഇന്ത്യയിൽ മത ചടങ്ങുകൾക്ക്, ആഘോഷങ്ങൾക്ക് പ്രസക്തി കൂടി വരുന്നതിനാൽ ഇത്തവണ യു.പി ഗവൺമെന്റ് മേളയുടെ പൂർണനടത്തിപ്പുകാരായി മുന്നോട്ടുവന്നു. സജ്ജീകരണങ്ങൾ സംബന്ധിച്ച് വലിയ അവകാശവാദങ്ങളാണ് യോഗി ആദിത്യനാഥ് ഭരണകൂടം നടത്തിയിരുന്നത്. എന്നാൽ, അവകാശ വാദം മുഴക്കാൻ കാണിച്ച ആവേശം സൗകര്യങ്ങൾ യഥാവിധി ഒരുക്കുന്നതിൽ ഉണ്ടായില്ല എന്നു വ്യാപകമായ ആക്ഷേപമുയർന്നിരിക്കുകയാണിപ്പോൾ. കോടിക്കണക്കിന് ഭക്തജനങ്ങൾ സംഗമത്തിനെത്തുമെന്നറിയിച്ച അധികൃതർ പക്ഷേ, അതിനനുസരിച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടതാണ് ദുരന്തകാരണമെന്ന് വിമർശനമുയർന്നു കഴിഞ്ഞു.
തിരക്ക് നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഏറെ സമയമെടുത്തെന്നും ദൃക്സാക്ഷികൾ പറയുന്നുണ്ട്. തീർഥാടകരെ വി.ഐ.പികളും അല്ലാത്തവരും ആയി തിരിച്ചതാണ് അപകടത്തിലേക്ക് വഴിവെച്ചതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗംഗാ നദി കുറുകെ കടക്കുന്നതിന് സ്ഥാപിച്ച താൽക്കാലിക പാലങ്ങൾ വലിയൊരു ശതമാനം വി.ഐ.പി തീർഥാടകർക്ക് മാത്രമായി ഒഴിച്ചിടുകയും പ്രധാന റോഡുകൾ അടക്കുകയും ചെയ്തതോടെ മറ്റു പാലങ്ങളിലും താരതമ്യേന ചെറിയ റോഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൗനി അമാവാസി സ്നാന സമയമായതോടെ ജനക്കൂട്ടം ഈ പാലങ്ങളിലൂടെയും റോഡുകളിലൂടെയും ഇരച്ചെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ഔദ്യോഗിക സംവിധാനങ്ങൾ വി.ഐ.പികൾക്ക് പിറകേ ആയതിനാൽ സാധാരണക്കാരായ ഭക്തജനങ്ങൾക്ക് സൗകര്യമോ, സുരക്ഷയോ ഒരുക്കുന്നതിന് വേണ്ടത്ര ശ്രദ്ധ ഉണ്ടായതുമില്ല. ദുരന്തത്തെ തുടർന്ന് വി.വി.ഐ.പി പാസുകൾ റദ്ദാക്കാനും വാഹന ഗതാഗതം നിയന്ത്രിക്കാനും കുടുതൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ മേള നടത്തിപ്പിന് നിയോഗിക്കാനും ഉത്തർപ്രദേശ് സർക്കാർ തയാറായിട്ടുണ്ട്. ഇതിലൂടെ, സംവിധാനങ്ങൾ വേണ്ട വിധമായിരുന്നില്ല എന്നത് അധികൃതർതന്നെ സമ്മതിച്ചിരിക്കുകയാണ്. ദുരന്തം സംഭവിച്ച ശേഷം മാത്രം ചടുലമാവുന്ന സംവിധാനങ്ങളെ വിശ്വസിക്കാനാവില്ല.
കുംഭമേളകളിലും സമാനമായ മതചടങ്ങുകളിലും അപകടങ്ങളും ദുരന്തങ്ങളും ജീവമൃത്യുവും രാജ്യത്തും ലോകത്തുതന്നെയും ആദ്യത്തേതല്ല. കുംഭമേളയിൽതന്നെ ഇതിനു മുമ്പ് സമാനമായ ചെറുതും വലുതുമായ അപകടങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഓരോ തവണയും താൽക്കാലിക പരിഹാരംകൊണ്ട് കാരണങ്ങളും വസ്തതകളും മറച്ചുവെക്കുകയും വീഴ്ചകൾ മൂടിവെക്കുകയുമാണ് പതിവ്. ഈ കുംഭമേളയിലും സമാനമായ നടപടികൾക്ക് തന്നെയേ സാധ്യതയുള്ളൂ. ദുരന്തം കഴിഞ്ഞ് ദിവസം കഴിഞ്ഞിട്ടും ഇനിയും കൃത്യമായ ഔദ്യോഗിക സ്ഥിരീകരണം മരണം, പരിക്കേറ്റവർ, കാണാതായവർ സംബന്ധിച്ച് ഉണ്ടായിട്ടില്ല. മേള നഗരിയിലെത്തി പൈങ്കിളി വർത്തമാനങ്ങൾ വിളമ്പാൻ മത്സരിക്കുന്ന ദേശീയമാധ്യമങ്ങൾ ആരെയോ ഭയന്നിട്ടെന്നവണ്ണം ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച വാർത്തകൾ പുറത്തുവിടാതെ മൗനമവലംബിക്കുകയാണ്, ഒരു തരം സെൽഫ് സെൻസർഷിപ്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ പുഴയിൽ തള്ളിയ വാർത്ത പ്രസിദ്ധീകരിച്ചതിന് നേരിടേണ്ടിവന്ന പകപോക്കലിന്റെ ഭീതിയാവാം അവരെ ഇത്തരമൊരു നിലപാടിന് പ്രേരിപ്പിക്കുന്നത്. എന്തുതന്നെയായാലും വിവരങ്ങൾ അറിയുന്നതിന് വിദേശ മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും ആശ്രയിക്കേണ്ടി വരുന്നത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത. വസ്തുതകൾ തുറന്നുപറയാനും പരിഹാരങ്ങൾ തേടാനും അധികൃതർ മടിക്കരുത്. ആവശ്യമെങ്കിൽ നടത്തിപ്പിനും സഹായത്തിനും സൈനിക സേവനം തേടുന്നതുപോലും പരിഗണിക്കപ്പെടേണ്ടതാണ്. അതോടൊപ്പം എന്തും വാണിജ്യവത്കരിക്കുകയും മേനി നടിക്കലിനുള്ള ഉപാധിയായി മാറ്റുകയും ചെയ്യുന്ന സമീപനവും ഉപേക്ഷിക്കപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

