Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദേശഭക്തനായ ഗോദ്സെ...

ദേശഭക്തനായ ഗോദ്സെ രാജ്യദ്രോഹിയായ ഗാന്ധി

text_fields
bookmark_border
ദേശഭക്തനായ ഗോദ്സെ രാജ്യദ്രോഹിയായ ഗാന്ധി
cancel

ഇന്ത്യയുടെ പ്രധാനമന്ത്രിയായി 2014 മേയിൽ നരേന്ദ്ര ദാമോദർദാസ് മോദി അധികാരമേ​െറ്റടുത്തതോടെ സംഘ്​പരിവാറും വലതുപ ക്ഷ മാധ്യമങ്ങളും അവിരാമം ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നത് ‘പുതിയ ഇന്ത്യ’ പിറന്നിരിക്കുന്നു എന്നാണ്. ഗോൾവാൾക്കർ വിഭാവനം ചെയ്ത ഹിന്ദുത്വരാഷ്​ട്രത്തി​​െൻറ പ്രതിനിധാനമാണ് പുതിയ ഇന്ത്യകൊണ്ട്​ അവർ അർഥമാക്കുന്നതെന്ന് എല്ലാവ ർക്കുമറിയാം. പല സന്ദർഭങ്ങളിലും അവർതന്നെ അത് പരസ്യമാക്കാറുണ്ട്. ആ പുതിയ ഇന്ത്യയിൽ ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോദ്​സെയാണ് ദേശസ്നേഹി. ഈ വസ്തുത കാപട്യലേശ​​െമന്യേ കഴിഞ്ഞ ദിവസം ലോക്​സഭയിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഭീകരവാദ കേസിൽ വിചാരണ നേരിടുന്ന ബി.ജെ.പി എം.പി പ്രജ്ഞ സിങ്.

ബുധനാഴ്ച സഭയുടെ േമശപ്പുറത്തുവെച്ച എസ്.പി.ജി (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ ഗോദ്​സെ രചിച്ച ‘വൈ ഐ കില്‍ഡ് ഗാന്ധി’ എന്ന പുസ്തകത്തിലെ ഒരു വാക്യം ഉപയോഗിച്ച് ഡി.എം.കെ അംഗം എ. രാജ സർക്കാറിനെ വിമർശിക്കാൻ ശ്രമിച്ചു. അത് തടസ്സപ്പെടുത്തിയാണ്​ ഗോദ്​സെക്കുവേണ്ടി അവർ സഭയിൽ എഴുന്നേറ്റുനിന്നത്. അതൊരു നാക്കുപിഴയോ വൈകാരിക വിക്ഷുബ്​ധതകൊണ്ടുണ്ടായ പെരുമാറ്റമോ ആയിരുന്നില്ല. മറിച്ച്, സുചിന്തിതമായ ആദർശബോധത്തി​െൻറ ബഹിർസ്ഫുരണമായിരുന്നു. പ്രതിപക്ഷം വിവാദമാക്കിയപ്പോൾ സ്പീക്കറുടെ റൂൾകൊണ്ട് സഭാരേഖകളിൽനിന്ന്​ ആ വാക്കുകൾ നീക്കം ചെയ്തു. സ്വാതന്ത്ര്യസമര സേനാനി ഉദ്ധംസിങ്ങിനെ കുറിച്ചാണ്​ അവർ സഭയിൽ പറഞ്ഞതെന്ന് പാർലമ​െൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വ്യാഖ്യാനവും വന്നു. എന്നാൽ, ഇതെല്ലാം നുണകൊണ്ട്​ പ്രജ്ഞയെ രക്ഷിക്കാനുള്ള പാഴ്ശ്രമമാ​െണന്ന് സാക്ഷ്യപ്പെടുത്തുന്നത് പ്രസ് ഗാലറിയിലിരുന്ന പത്രക്കാർ കൂടിയാണ്. മന്ത്രിയുടെയും പ്രജ്ഞ സിങ്ങി​െൻറയും വിശദീകരണത്തെക്കുറിച്ച് ധീരത ബാക്കിനിൽക്കുന്ന പത്രപ്രവർത്തകർ ട്വീറ്റിലൂടെ മറുകുറിപ്പിട്ടു: ‘ഇത് പച്ചനുണയാണ്. പ്രസ് ഗാലറിയിൽ ഞങ്ങളുണ്ടായിരുന്നു’. ഭീകരവാദ കേസിൽ വിചാരണ ചെയ്യപ്പെടുന്ന വ്യക്തിയെ പ്രതിരോധവകുപ്പി​െൻറ ഉപസമിതിയിൽ ഉൾപ്പെടുത്തിയതിൽ നൈതികത ദർശിക്കാത്ത ‘പുതിയ ഇന്ത്യ’ ഇപ്പോൾ അവരെ ആ സ്ഥാനത്തുനിന്നു നീക്കിയത് ശിക്ഷനടപടിയാ​െണന്ന വിശദീകരണം എന്തൊരു പ്രഹസനം എന്നല്ലാതെന്തു പറയാൻ!

‘പുതിയ ഇന്ത്യ’യിെല ഭരണകൂടത്തി​െൻറയും ബി.ജെ.പിയുടെയും ഗോദ്​സെ ഭക്തിയും ഗാന്ധിപ്പേടിയും പുതിയ വിഷയമൊന്നുമല്ല. 2014ൽ അധികാരമേറ്റടുത്ത നാൾ മുതൽ ഗാന്ധിസ്മൃതിയെ വക്രീകരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ ഭരണകൂട ആസ്ഥാനങ്ങളിൽ തകൃതിയായി നടന്നിരുന്നു. 2014 ജൂലൈയിൽ ഗാന്ധിയുമായി ബന്ധപ്പെട്ട സുപ്രധാനമായ 15,000ത്തിലധികം രേഖകൾ ആഭ്യന്തര മന്ത്രാലയത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ 2014 സെപ്റ്റംബറിൽ വെങ്കിടേഷ് നായക് വിവരാവകാശരേഖ പ്രകാരം നടത്തിയ അന്വേഷണത്തിനു ലഭിച്ച മറുപടിയിൽ പറയുന്നത്, രേഖകൾ നശിപ്പിച്ചിട്ടുണ്ട്; പക്ഷേ, അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയില്ലെന്നുമാണ്. ഗാന്ധി വധത്തി​െൻറ രേഖകൾ അപ്രസക്തവും സൂക്ഷിക്കേണ്ടതില്ലാത്തവണ്ണം പാഴ്വിവരങ്ങളുമായി മാറിയിരിക്കുന്നു പുതിയ ഇന്ത്യയിൽ എന്നർഥം. കൗതുകകരമായ കാര്യം ഗാന്ധി രേഖകൾ നശിപ്പിക്കാൻ തീരുമാനിച്ച അതേ ജൂലൈയിൽ ‘ഗ്ലോബൽ ഹിന്ദു ഫൗണ്ടേഷൻ’ മാനവ വിഭവശേഷി മന്ത്രാലയത്തിനു കത്തയച്ചു, നാഥുറാം ഗോദ്​സെയെ ദേശീയ വീരപുരുഷനായി പരിഗണിക്കണമെന്നും ഇന്ത്യയിലെ സ്കൂൾ പാഠപുസ്തകങ്ങളിലും ആ വിധത്തിൽ പ്രതിനിധാനം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട്. ഒരു വർഷത്തിനുശേഷം ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രാജ്യസഭയിൽ ഗോദ്​സെയെ ഭേശാഭിമാനിയായി വിശേഷിപ്പിക്കുകയും ചെയ്തു. ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്, 2014 ഡിസംബറിൽ അഖില ഭാരതീയ ഹിന്ദുമഹാസഭ മീറത്തിൽ ഗോദ്​സെയുടെ പേരിൽ അമ്പലം പണിയാൻ എടുത്ത തീരുമാനം. വിവാദ കോലാഹലം കാരണം അത്​ തിരുത്തിയെങ്കിലും അതേസമയത്തു തന്നെയാണ് യു.പിയിൽ ഗോദ്​സെയുടെ അർധകായ പ്രതിമ സ്ഥാപിക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ലക്ഷ്മികാന്ത് ഭാജ്പയ് പ്രഖ്യാപിച്ചത്. ഗാന്ധിജിയില്ലാത്തതും ഗോദ്​സെ പ്രധാനിയുമാകുന്നതാണ് പുതിയ ഇന്ത്യയെന്ന് മുൻകാല പ്രവർത്തനങ്ങളിലൂടെ നിർവിശങ്കം സംഘ് രാഷ്​ട്രീയം പ്രഖ്യാപിച്ചതാണ്. ആ രാഷ്​ട്രീയത്തെ ലോക്​സഭയിൽ ശരിയാംവണ്ണം പ്രതിനിധാനം ചെയ്യുക മാത്രമാണ് പ്രജ്ഞ സിങ്​ ചെയ്​തത്.

പ്രതീകാത്മകമായി ഗാന്ധിജിയുടെ മാറിലേക്ക് വെടിയുതിർത്ത് ജനുവരി മുപ്പതിനെ ആഘോഷമാക്കിയ ഹിന്ദു മഹാസഭ നേതാവ് ഒരു ദിവസംപോലും ജയിലിലടക്കപ്പെടാത്ത പുതിയ ഇന്ത്യയിൽ ഇനിയും അവശേഷിക്കുന്ന മതനിരപേക്ഷ കാപട്യം അവസാനിപ്പിക്കാറായോ എന്ന പരിശോധനയാണ് ഇടക്കിടെ പ്രജ്ഞ സിങ്ങും സാക്ഷി മഹാരാജും നിർവഹിക്കുന്നത്. ഗാന്ധിനിന്ദ സ്വാഭാവികതയും ഗോദ്​സെ ഭക്തി സർവാംഗീകൃതവുമാകുന്ന സന്ദർഭംവരെ രാജ്യത്തി​െൻറ നിർണായക സന്ദർഭങ്ങളിലെല്ലാം ഗാന്ധിജി അപമാനിക്കപ്പെട്ടുകൊണ്ടിരിക്കും. ‘നാഥുറാം ഗോദ്​സെ ദേശഭക്തനായിരുന്നു, ഇപ്പോഴും ആണ്, ഇനിയും ആയിരിക്കും’ എന്നു പറഞ്ഞുറപ്പിക്കപ്പെടുന്ന ‘പുതിയ ഇന്ത്യ’യിൽ പാഠപുസ്തകങ്ങളിൽ പഠിക്കുക ആകസ്മികമായി മരിച്ച ഗാന്ധിയെ കുറിച്ചായിരിക്കും. കാരണം, ഏഴു പതിറ്റാണ്ടിനുശേഷം പിറവിയെടുത്ത ‘പുതിയ ഇന്ത്യ’ക്ക് ഏറ്റവും അപകടകാരിയായ വ്യക്തി അഹിംസ മന്ത്രം ചൊല്ലിയ, ഗോദ്​സെയാൽ കൊലചെയ്യപ്പെട്ട ഗാന്ധിജി തന്നെയാണ്. അതുകൊണ്ടാണ്, ഗോൾവാൾക്കർ വിഭാവനം ചെയ്ത ഹിന്ദുത്വ ഇന്ത്യയിൽ ഗോദ്​സെ ദേശഭക്തനും ഗാന്ധിജി ദേശദ്രോഹിയുമായി മാറുന്നത്. ‘ഹൗഡി മോദി’ പരിപാടിയിൽ ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതുപോലെ പുതിയ ഇന്ത്യക്ക് പുതിയ ‘രാഷ്​ട്രപിതാവി’നെ ആവശ്യമുണ്ട്. അത്​ ആരാ​െണന്നാണ് കാപട്യമേതുമില്ലാതെ പ്രജ്ഞ സിങ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്.

Show Full Article
TAGS:Pranja Singh TakurBhopal MPgodsebjpeditorial
News Summary - Pranja singh thakur's remark on Godse Desabakth - Editorial
Next Story