മറ്റൊരു പ്രഹരമാവുമോ ‘പ്രഹർ’?
text_fieldsതങ്ങൾക്കാവശ്യമുള്ളപ്പോൾ ഭീകരസംഘങ്ങളെ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനം വൻശക്തികൾ തുടരുന്നിടത്തോളം കാലം ഭീകരത ലോകത്ത് അവസാനിക്കാൻ പോവുന്നില്ല
ഭീകരതയോടും ഭീകരവാദികളോടും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ‘പ്രഹർ’ എന്ന പേരിൽ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ നയരേഖ, ഭീകരർക്കും അവർക്ക് ഒത്താശ ചെയ്യുന്നവർക്കും പണവും ആയുധങ്ങളും താവളങ്ങളും ലഭിക്കുന്നത് തടയുകയാണ് മുഖ്യലക്ഷ്യങ്ങളിലൊന്നായി പറയുന്നത്. അതോടൊപ്പം രാജ്യത്തും വിദേശത്തും ഉടലെടുക്കുന്ന ഭീകരത തടയുകയും തീവ്രചിന്താഗതിയിലേക്കും ഭീകരാക്രമണങ്ങളിലേക്കും ആളുകളെ നയിക്കുന്ന സാഹചര്യങ്ങൾ ക്രമേണ ലഘൂകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രധാനമാണെന്നും നയരേഖ വ്യക്തമാക്കുന്നു. ഇന്ത്യ ഒരിക്കലും ഭീകരവാദത്തെ ഏതെങ്കിലും മതം, വംശം, ദേശീയത അഥവാ സംസ്കാരം എന്നിവയുമായി ബന്ധപ്പെടുത്തിയല്ല കാണുക എന്നുകൂടി അവകാശപ്പെടുന്നുണ്ട് നയരേഖ. ഭീകരതയുടെ ഇരകളോടൊപ്പം നിലകൊള്ളുന്ന രാജ്യത്തിന്റെ ഉറച്ച വിശ്വാസം, ലോകത്ത് നടക്കുന്ന അക്രമസംഭവങ്ങൾക്ക് ഒരു നീതീകരണവുമില്ല എന്നാണെന്ന് നയരേഖ വ്യക്തമാക്കുന്നു. അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി ഉയരുന്ന ജിഹാദി ഭീകരാക്രമണങ്ങളെ പ്രത്യേകം പരാമർശിക്കുന്നതോടൊപ്പം ഐ.എസ്, അൽ ഖാഇദ തുടങ്ങിയ ഭീകര സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകൾ രാജ്യത്തുണ്ടെന്ന് സൂചിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് നയരേഖ.
വിവിധ പേരുകളിലായി അറിയപ്പെടുന്ന ഭീകരപ്രസ്ഥാനങ്ങളും സായുധ ഗ്രൂപ്പുകളും കാലങ്ങളായി ലോകത്തെ പൊതുവിലും ചില രാജ്യങ്ങളെ പ്രത്യേകമായും ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്നുണ്ടെന്ന സത്യം അനിഷേധ്യമാണ്. ഇന്ത്യതന്നെയും ഒരുഘട്ടത്തിൽ ഖലിസ്താൻ ഭീകരപ്രസ്ഥാനത്തിന്റെ ആക്രമണങ്ങൾക്ക് ശരവുമായിരുന്നിട്ടുണ്ട്. രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രിയുടെ രക്തസാക്ഷിത്വത്തിനുവരെ അത് കാരണമായി. ഇപ്പോഴും കാനഡ, യു.എസ് പോലുള്ള രാജ്യങ്ങൾ കേന്ദ്രമാക്കി ഖൽസ തീവ്രവാദി ഗ്രൂപ്പുകൾ നമ്മുടെ രാജ്യത്തിൽ നിരന്തരം ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ പോലുള്ള ഭീകര സംഘടനകൾ പാകിസ്താൻ കേന്ദ്രമാക്കി ഇന്ത്യയുടെ സ്വൈരജീവിതം തകർക്കാനും നിരപരാധികളുടെ കൂട്ടക്കൊലക്കും ആസൂത്രിതമായി പ്രവർത്തിക്കുന്നതിന്റെ ഉദാഹരണങ്ങൾ ജമ്മു-കശ്മീർ അതിർത്തി പ്രദേശങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. തമിഴ് പുലികളുടെ ഭീകരയുദ്ധങ്ങൾക്ക് കനത്ത വിലകൊടുക്കേണ്ടിവന്ന രാജ്യമാണ് നമ്മളുടെ അയൽനാടായ ശ്രീലങ്ക. അൽഖാഇദ, ബോക്കോ ഹറാം, അശ്ശബാബ്, ഐ.എസ്.ഐ.എസ് തുടങ്ങിയ ഭീകരസംഘങ്ങൾ മധ്യപൗരസ്ത്യ ദേശത്തും സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണികളാണ്. ഇത്തരം ഭീകരസംഘങ്ങളെ ഫലപ്രദമായി നേരിടാനും തകർക്കാനും ലോകത്തിനോ ഐക്യരാഷ്ട്രസഭക്കോ എന്തുകൊണ്ട് സാധിക്കാതെപോവുന്നു എന്ന് ചോദിച്ചാൽ ദേശരാഷ്ട്രങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങളും പക്ഷപാതപരമായ സമീപനങ്ങളും തന്നെയാണ് കാരണങ്ങളെന്ന് സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല. തങ്ങൾക്കാവശ്യമുള്ളപ്പോൾ ഭീകര സംഘങ്ങളെ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനം രാജ്യങ്ങൾ, വിശിഷ്യാ വൻ ശക്തികൾ തുടരുന്നിടത്തോളം ഭീകരത ലോകത്ത് അവസാനിക്കാൻ പോവുന്നില്ല. അതേസമയം, അന്താരാഷ്ട്ര വേദികളിലും ഉച്ചകോടികളിലും എല്ലാവരും ഭീകരതയെ അപലപിക്കുകയും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്ന പതിവ് തുടരുന്നു. ഏത് ഇസത്തിന്റെ മേൽവിലാസത്തിലായാലും മതത്തിന്റെയോ സംസ്കാരത്തിന്റെയോ പേരിലാണെങ്കിലും ജനാധിപത്യത്തെ നിരാകരിച്ച് ഹിംസയുടെ മാർഗം ആര് അവലംബിച്ചാലും അത് തീർത്തും നിരാകരിക്കാനുള്ള സന്മനസ്സ് എല്ലാ രാജ്യങ്ങൾക്കും ഭരണകൂടങ്ങൾക്കും പാർട്ടികൾക്കും സംഘടനകൾക്കും ഇല്ലാത്തിടത്തോളം കാലം വിവിധ വേഷങ്ങളിൽ, പേരുകളിൽ ഭീകരവാദികൾ സമാധാനത്തിന് ഭീഷണിയായിത്തന്നെ തുടരും.
രാജ്യത്ത് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ‘പ്രഹർ’ തന്നെയും അതിൽ മോദി സർക്കാർ അവകാശപ്പെടുന്നപോലെ മതം, വംശം, ദേശീയത അഥവാ സംസ്കാരം എന്നിവയിലൊന്നിനെയും അടിസ്ഥാനപ്പെടുത്തിയല്ല ഭീകരതയെ കാണുക എന്ന നീതിയുക്തവും മാനുഷികവുമായ കാഴ്ചപ്പാട് പ്രായോഗിക രംഗത്ത് എത്രത്തോളം പാലിക്കപ്പെടുമെന്ന് കണ്ടറിയേണ്ടതാണ്. ആഭ്യന്തര രംഗത്ത് യു.എ.പി.എ എന്ന തീവ്രഭീകര നിയമം എത്രമാത്രം നീതിരഹിതമായാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രയോഗിച്ചുകൊണ്ടുവരുന്നതെന്ന് ഉദാഹരണങ്ങളുദ്ധരിച്ച് വിശദീകരിക്കേണ്ടതില്ല. പ്രധാനമായും രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനാണ് സംഘ് പരിവാർ സർക്കാർ ഈ കരിനിയമത്തെ നിർബാധം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അബ്ദുന്നാസിർ മഅ്ദനിയടക്കം പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രാഥിക വിധികാത്തുകഴിയുകയാണ്. പരപ്പനങ്ങാടിയിലെ സകരിയ്യ താൻ ചെയ്ത കുറ്റം എന്താണെന്നുപോലും അറിയാതെ വർഷങ്ങളായി ജയിലിൽ കഴിയുന്നു. ഒട്ടുവളരെ മനുഷ്യജീവനുകൾ വിവിധ തടവറകളിലായി കരിനിയമത്തിന്റെ ഇരകളായി രാപ്പകൽ കഴിക്കുന്നു. ന്യൂനപക്ഷ സമുദായത്തിൽ പിറന്നുപോയി എന്ന കുറ്റം മാത്രമേ തങ്ങൾ ചെയ്തിട്ടുള്ളൂ എന്ന് വിശ്വസിക്കേണ്ടിവരുന്നവരാണ് അവരിൽ നല്ലൊരു പങ്കും. മതന്യൂനപക്ഷങ്ങളുടെ അസ്തിത്വവും പൗരത്വവും തന്നെ ഇന്ത്യയുടെ സമാധാനത്തിനും വികസനത്തിനും പുരോഗതിക്കും ഭീഷണിയാണെന്ന് കരുതുന്നവരുടെ കരങ്ങളിൽ ഭരണവും അധികാരോപാധികളും നിക്ഷിപ്തമായിരിക്കുന്നിടത്തോളം കാലം മാറ്റം പ്രതീക്ഷിക്കുക പ്രയാസകരമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ‘പ്രഹറി’ൽ സൂചിപ്പിക്കപ്പെട്ട ‘സ്ലീപ്പിങ് സെല്ലുകൾ’ പ്രയോഗം കൂടുതൽ ഭീതിജനകമായ മറ്റൊരു പ്രഹരത്തെയാണോ ഗർഭം ധരിച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

