കോവിഡിലെ രാഷ്ട്രീയം
text_fieldsജനക്ഷേമത്തിന് പ്രഥമ പരിഗണന നൽകി അവരുടെ താൽപര്യങ്ങൾ കണക്കിലെടുത്തു ചുമതലകൾ നിറവേറ്റുന്ന ഭരണപക്ഷവും ഇക്കാര്യത്തിൽ ക്രിയാത്മകമായി സർക്കാറിനോട് സഹകരിക്കുന്നതോടൊപ്പം വീഴ്ചകളും പാളിച്ചകളും വിമർശനാത്മകമായി ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷവും എന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിെൻറ അന്തസ്സത്ത എന്ന് മനസ്സിലാക്കാത്തവരല്ല ജനാധിപത്യ ഇന്ത്യയിലെ രണ്ടുപക്ഷവും. പക്ഷേ, പലവിധ കാരണങ്ങളാൽ തൽക്കാലത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും രാജ്യത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾക്ക് കഴിയാറില്ല. കേന്ദ്രമോ സംസ്ഥാനങ്ങളോ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും പ്രതിപക്ഷത്തിരിക്കുന്നവർക്കും എന്തിലും ഏതിലും ദേശീയ താൽപര്യങ്ങൾക്കതീതമായി പാർട്ടി താൽപര്യങ്ങളാണുള്ളതെന്ന് ജനങ്ങൾ കരുതേണ്ടിവരുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. സമീപകാലത്ത് ഈ തെറ്റായ പ്രവണത ശക്തിപ്പെടുകയേ ചെയ്തിട്ടുള്ളൂ. ഭൂമുഖത്താകെ കൊടിയ നാശം വിതച്ചുകൊണ്ട് മുന്നോട്ടു കുതിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽപോലും ഇന്ത്യ മഹാരാജ്യം ഒറ്റക്കെട്ടല്ല, പ്രത്യുത തങ്ങളുടെ മികവും മേന്മയും കൊണ്ടാണ് കോവിഡിനെ നേരിടുന്നതിൽ നേടിയ വിജയമെന്ന് സ്ഥാപിക്കാൻ പാടുപെടുന്ന ഭരണപക്ഷത്തെയും, സർക്കാറുകൾ തികഞ്ഞ പരാജയമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെയുമാണ് കാണാനാവുന്നത്. ഈ മാരകവ്യാധിയുടെ പ്രത്യാഘാതം ആരോഗ്യമേഖലയിലൊതുങ്ങുന്നില്ലെന്നും സാമ്പത്തിക മേഖലയിൽ അത് മൂലമുണ്ടായിക്കഴിഞ്ഞതും ഭാവിയിൽ ഉണ്ടാവാൻ പോകുന്നതുമായ വിനാശകരമായ ഫലങ്ങളെ അതിജീവിക്കാൻ ആഗോളതലത്തിൽ ആസൂത്രിത പദ്ധതികൾ വേണ്ടിവരുമെന്നും വിദഗ്ധർ നിരന്തരം ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിൽ കക്ഷിരാഷ്ട്രീയ പരിഗണനകളോ സാമുദായികഭേദങ്ങളോ ഇല്ലാതെ ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാനും മഹാമാരി കടെന്നത്തിയ ആദ്യ സംസ്ഥാനമാണെങ്കിലും പരമാവധി കുറഞ്ഞ മരണനിരക്കും കൂടിയ രോഗശമന നിരക്കുമായി രാജ്യത്തിന് മൊത്തം മാതൃകയാവാനും സാധിച്ചതിെൻറ ക്രെഡിറ്റ് സർക്കാറിനോ ഭരണപക്ഷത്തിനോ മാത്രം അവകാശപ്പെട്ടതല്ല. ഏതാണ്ടെല്ലാ പാർട്ടികൾക്കും ചെറുതോ വലുതോ ആയ സംഘടനകൾക്കും ജനകീയ കൂട്ടായ്മകൾക്കും അതിൽ പങ്കുണ്ടെന്നത് അനിഷേധ്യമാണ്. ഈ സത്യം അംഗീകരിക്കാതിരുന്നാൽ സംഭവിക്കാൻ പോവുന്നത്, ഒന്നാമതായി ലക്ഷക്കണക്കിന് പ്രവാസികളും മറുനാടൻ മലയാളികളും സംസ്ഥാനത്ത് തിരിച്ചെത്താൻ പോവുന്ന സന്ദിഗ്ധ സാഹചര്യത്തിൽ അനിവാര്യമായ ഐക്യത്തിനും സഹകരണത്തിനും സാരമായ ഭംഗവും തിരിച്ചടിയും നേരിടുമെന്നതാണ്. സ്ഥിതിഗതികൾ കൈവിട്ടുപോയശേഷം പരസ്പരം ചേരിതിരിഞ്ഞ് മാധ്യമങ്ങളിലൂടെയും വേദികളിലൂടെയും അത്യുച്ചത്തിൽ കലഹിച്ചതുകൊണ്ട് ഒരു ഫലവും ഉണ്ടാവാൻ പോവുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത്തരമൊരു സ്ഥിതിവിശേഷം തങ്ങൾക്ക് നേട്ടമുണ്ടാക്കുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ മനപ്പായസമുണ്ണുകയാണ്. യാഥാർഥ്യത്തിെൻറ പിൻബലമില്ലാത്ത അവകാശവാദങ്ങൾക്കും വാചകമടിക്കും പ്രബുദ്ധകേരളത്തിെൻറ പിന്തുണ ലഭിക്കുമെന്നാരും സ്വപ്നം കാണേണ്ടതില്ല. കൂടുതൽ ഗൗരവതരവും പ്രധാനവുമാണ് കോവിഡാനന്തര കേരളത്തിെൻറ പുനർനിർമാണം. തദ്സംബന്ധമായി ചില പദ്ധതികളെപ്പറ്റി സർക്കാർ ആലോചിച്ചുവരുന്നതായും അതിെൻറ സമഗ്രവും സുതാര്യവുമായ രൂപം താമസിയാതെ ജനസമക്ഷം വരുമെന്നുമാണ് ആധികാരികമായ വിവരം. ഇൗ ദിശയിലുള്ള വിചാരങ്ങളിലും തദനുസൃത പരിപാടികളിലും മുഖ്യ പ്രതിപക്ഷമടക്കം എല്ലാ ജനകീയ കൂട്ടായ്മകളെയും പങ്കാളികളാക്കാനുള്ള വിശാലവീക്ഷണവും ദീർഘദൃഷ്ടിയും ബന്ധപ്പെട്ടവർക്കുണ്ടാവണം.
ഇപ്പോൾ ഈ സത്യം ഓർമിപ്പിക്കാൻ കാരണം, അതിഥി തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ച് ഒടുവിൽ പൊട്ടിപ്പുറപ്പെട്ട ഭരണപക്ഷ-പ്രതിപക്ഷ തർക്കങ്ങൾ മൂർച്ഛിക്കുന്നതാണ്. ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളെ കേരളത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് അവരുടെ ആവശ്യപ്രകാരം സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുള്ള ട്രെയിനുകൾ കേന്ദ്ര സർക്കാർ അനുവദിച്ചത് തീർച്ചയായും നല്ല കാര്യമാണ്, സ്വാഗതാർഹവുമാണ്. എന്നാൽ, കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന ഈ തൊഴിലാളികൾക്ക് സൗജന്യ തീവണ്ടിയാത്ര അനുവദിക്കുക എന്ന ധാർമിക ബാധ്യത ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാർ അക്കാര്യം ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. കേരള സർക്കാറാകട്ടെ യാത്രക്കാരായ തൊഴിലാളികൾതന്നെ തങ്ങളുടെ യാത്രക്കൂലി വഹിക്കണമെന്ന നിലപാടും സ്വീകരിച്ചിരിക്കുന്നു. സാമ്പത്തിക ഞെരുക്കമാവാം തീരുമാനത്തിന് ഹേതു. ഈ ഘട്ടത്തിലാണ് എ.ഐ.സി.സി പ്രസിഡൻറ് സോണിയ ഗാന്ധി കേന്ദ്രം തൊഴിലാളികളുടെ വണ്ടിക്കൂലി വഹിക്കാൻ തയാറല്ലെങ്കിൽ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങൾ അതേറ്റെടുക്കണമെന്നാവശ്യപ്പെട്ടത്. ആലപ്പുഴയിൽനിന്ന് ബിഹാറിലേക്ക് പുറപ്പെടുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ വണ്ടിക്കൂലിയിനത്തിൽ 10 ലക്ഷം രൂപ നൽകാമെന്ന ഡി.സി.സി പ്രസിഡൻറിെൻറ വാഗ്ദാനം സർക്കാർ അനുമതിയില്ലാതെ സ്വീകരിക്കാനാവില്ലെന്ന ജില്ല കലക്ടറുടെ പ്രതികരണത്തോടെ കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. മറ്റുചില ജില്ലകളിലും ഇങ്ങനെ വാഗ്ദാനം നൽകിയെങ്കിലും നിരാകരിക്കപ്പെട്ടു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ കോൺഗ്രസിെൻറ വാഗ്ദാനത്തെ ഒരൽപം പരിഹാസ സ്വരത്തിൽ പരാമർശിച്ചത് വിവാദം കൊഴുപ്പിക്കാനും വഴിയൊരുക്കി. സംസ്ഥാന സർക്കാർ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ആരെയും ബോധ്യപ്പെടുത്തേണ്ടതല്ല. അത്തരമൊരു ഘട്ടത്തിൽ പതിനായിരക്കണക്കിൽ അതിഥി തൊഴിലാളികളെ തിരിച്ചയക്കാനുള്ള ചെലവുകൂടി താങ്ങാനാവില്ല എന്നാണ് തീരുമാനമെങ്കിൽ അത് തുറന്നുപറയാൻ എന്തിന് മടിക്കണം, ആരെ പേടിക്കണം? സാഹചര്യത്തിെൻറ ഇടുക്കം മനസ്സിലാക്കി ആരെങ്കിലും ആ ഭാരം ഏറ്റെടുക്കാൻ തയാറാണെങ്കിൽ അതിെൻറ പഴുത് അടച്ചുകളയുന്നതെന്തിന്? പ്രതിപക്ഷം മുതലെടുക്കുമെന്ന ആശങ്ക ന്യായം തന്നെയാവാം. പക്ഷേ, പാവപ്പെട്ട തൊഴിലാളികളുടെ പ്രാഥമിക താൽപര്യമല്ലേ തൊഴിലാളി വർഗത്തിനായി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഒരു സർക്കാറിന് പ്രധാനമായിരിക്കേണ്ടത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
