Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരാഷ്ട്രീയ...

രാഷ്ട്രീയ പാര്‍ട്ടികള്‍ അഥവാ അലക്കുയന്ത്രങ്ങള്‍

text_fields
bookmark_border
രാഷ്ട്രീയ പാര്‍ട്ടികള്‍ അഥവാ അലക്കുയന്ത്രങ്ങള്‍
cancel

കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തു ന്ന അഴിമതിവിരുദ്ധ, കള്ളപ്പണവിരുദ്ധ യജ്ഞത്തില്‍നിന്ന് സര്‍ക്കാര്‍തന്നെ നടത്തിയ നിര്‍ണായകമായ തിരിഞ്ഞുനടത്തം ജനങ്ങളും മാധ്യമങ്ങളും കാണാതിരുന്നുകൂടാ. സാധാരണ പൗരന്മാര്‍ അവരുടെ പണത്തിന്‍െറ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആ ചട്ടം ബാധകമല്ളെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. 20,000 രൂപവരെയുള്ള സംഭാവനകള്‍ പാര്‍ട്ടികള്‍ക്ക് എത്രവേണമെങ്കിലും സ്വീകരിക്കാം-അത് കൊടുക്കുന്നവരെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്തേണ്ടതില്ല.  കള്ളപ്പണം 20,000 വരെയുള്ള തുകകളുടെ കണക്കുകളാക്കി കൊടുത്താല്‍, എത്ര കോടികള്‍ വേണമെങ്കിലും വെളുപ്പിക്കാവുന്ന അലക്കുയന്ത്രങ്ങളായി നമ്മുടെ രാഷ്ട്രീയകക്ഷികള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാനാവും. കള്ളപ്പണത്തിന്‍െറ ഏറ്റവും വലിയ ഉറവിടം ഇങ്ങനെ തൊടാതെ നിലനിര്‍ത്തിക്കൊണ്ട് എന്തു സാമ്പത്തിക ശുദ്ധീകരണമാണ് സര്‍ക്കാറിന് നടത്താനാവുക? കുറ്റവാളികളും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി എന്‍.എന്‍. വോറ സമിതി അന്വേഷിച്ചപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവനകളുടെ സുതാര്യതയില്ലായ്മ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നോട്ടുനിരോധം വഴി കുറ്റക്കാരെയും അഴിമതിക്കാരെയും നിലക്കുനിര്‍ത്തുമെന്ന് പറഞ്ഞ സമയത്തുതന്നെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാഷ്ട്രീയ പാര്‍ട്ടികളെ വെറുതെവിടുന്നതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. ആദായനികുതി വകുപ്പനുസരിച്ച് പാര്‍ട്ടികള്‍, ഓഡിറ്റ്ചെയ്ത കണക്കും മറ്റും നല്‍കേണ്ടതുണ്ടെന്ന് ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. എന്നാല്‍, അദ്ദേഹം തുറന്നുപറയാത്ത ഒരുകാര്യം, ഈ ഓഡിറ്റിങ്ങിലൊന്നും 20,000 വരെയുള്ള സംഭാവനകളുടെ വിവരങ്ങള്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല എന്ന സത്യമാണ്. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ഇനി ‘ബിനാമി’കളെ ലക്ഷ്യമിടുകയാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദിയും പറഞ്ഞില്ല, രാജ്യത്തെ ഏറ്റവും വലിയ ബിനാമി ഇടപാട് പാര്‍ട്ടികള്‍ ശേഖരിക്കുന്ന സംഭാവനകളാണെന്ന്. 

‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്’ എന്ന സംഘടന 2014-15 വര്‍ഷത്തെ പാര്‍ട്ടി സംഭാവനകളുടെ വിവരങ്ങള്‍ കഴിഞ്ഞ ജൂണില്‍ പുറത്തുവിട്ടിരുന്നു. 20,000 രൂപയില്‍ കവിഞ്ഞുള്ള സംഭാവനകള്‍ 49 ശതമാനം മാത്രമാണെന്ന് അതില്‍ ചൂണ്ടിക്കാട്ടി. അതായത്, പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകളില്‍ പകുതിയിലേറെയും പേരും ഉറവിടവും നോക്കേണ്ടതില്ലാത്ത ചെറു തുകകളായാണ് ഒഴുകുന്നത്. കോടികളാണ് ഇങ്ങനെ വെളുപ്പിക്കപ്പെടുന്നതെന്നു പറയേണ്ടതില്ല. 2014-15ല്‍ 648.66 കോടി രൂപ, ഉറവിടം കാണിക്കാത്ത പാര്‍ട്ടി സംഭാവനകളായിരുന്നു.  ബി.ജെ.പി ശേഖരിച്ച മൊത്തം പണത്തില്‍ പകുതി-അതായത് 434.67 കോടി രൂപ-ഇങ്ങനെ ഊരും പേരുമില്ലാത്തതായിരുന്നു. കോണ്‍ഗ്രസിന്‍െറ 32 ശതമാനവും ബി.എസ്.പിയുടെ നൂറുശതമാനവും ഈ അജ്ഞാത ‘ചില്ലറ’ക്കാരില്‍നിന്നായിരുന്നു. എന്‍.സി.പിയാണ് മുഴുവന്‍ തുകയും 20,000ത്തിനുമേല്‍ മാത്രമായി വാങ്ങിയത്. സി.പി.ഐ, സി.പി.എം തുടങ്ങിയവയും ‘അജ്ഞാത’ സംഭാവനകള്‍ വാങ്ങി. ഈ ആറ് ദേശീയ കക്ഷികള്‍ മാത്രമേ ‘പണം അലക്കിന്’ പാകമായി നില്‍ക്കുന്നുള്ളൂ എന്നും കരുതേണ്ട. രാജ്യത്തൊട്ടാകെ 1866 രാഷ്ട്രീയ കക്ഷികള്‍ രജിസ്റ്റര്‍ ചെയ്തവയായുണ്ട്. ഇവയില്‍ ഒരുപാടെണ്ണം ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല; മറിച്ച്, പണം വെളുപ്പിക്കാനുള്ള മാര്‍ഗമായി മാത്രം പാര്‍ട്ടി രജിസ്ട്രേഷന്‍ ചെയ്തവയാണ് ഏറെയുമെന്ന് ചൂണ്ടിക്കാട്ടിയത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ടി.എസ്. കൃഷ്ണമൂര്‍ത്തിയാണ്. ഉറവിടം കാണിക്കാതെ വാങ്ങാവുന്ന സംഭവനകളുടെ പരിധി 2000 രൂപയാക്കണമെന്ന് ഇലക്ഷന്‍ കമീഷന്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നു. കോടികള്‍ 20,000ത്തിന്‍െറ ഭാഗങ്ങളാക്കി വെളുപ്പിക്കുന്നവര്‍ക്ക് അത് കുറച്ചുകൂടി ചെറിയ തുകകളാക്കി രണ്ടായിരങ്ങളില്‍ കാണിച്ചുകൊടുക്കാനാണോ പ്രയാസം? കുറച്ചധികം സംഭാവന കൂപ്പണ്‍ അടിച്ചാല്‍ തീരുന്നതല്ളേ ആ പ്രശ്നം? 

സാമ്പത്തിക ക്രമക്കേടും അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി സുതാര്യതാ ചട്ടങ്ങള്‍ക്ക് വിധേയപ്പെടുത്തുകയാണ്. പകരം പൗരന്മാര്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മുകളില്‍, നിയമാതീതരായി കഴിയുകയാണ് ഭരണം നിയന്ത്രിക്കേണ്ട പാര്‍ട്ടികള്‍. അഴിമതിയുടെ ഏറ്റവും വലിയ ഉറവിടമായ രാഷ്ട്രീയ സംഭാവനകള്‍ക്ക് പരിധിയില്ല; ചട്ടങ്ങള്‍ പലതും ബാധകമല്ല; ആദായനികുതി കൊടുക്കേണ്ടതില്ല. സാധാരണക്കാരന്‍െറ കൈവശമുള്ള പതിനായിരങ്ങള്‍ നിക്ഷേപിക്കാന്‍ ആധാറും പാന്‍കാര്‍ഡും രേഖകളും ചോദിക്കുമ്പോള്‍ കോടികളുടെ കള്ളപ്പണമായാലും കള്ളക്കണക്കെഴുതി രാഷ്ട്രീയക്കാര്‍ക്ക് രക്ഷപ്പെടാം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സുതാര്യമാക്കാതെ കള്ളപ്പണം ഇല്ലാതാക്കുക അസാധ്യമാണെന്നിരിക്കെ നരേന്ദ്രമോദി അടക്കം ആരും ആ ദിശയില്‍ ഒന്നും ചെയ്യുന്നില്ളെന്നത് രാജ്യം കാണേണ്ടതുണ്ട്. ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് അത്തരം നിയമനിര്‍മാണം നടത്താതിരിക്കാന്‍ ന്യായങ്ങളൊന്നുമില്ല. നെറിയുള്ള രാഷ്ട്രീയം ആഗ്രഹിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അതിനായി ശ്രമിക്കേണ്ടതുണ്ട്. നാട്ടുകാരുടെ പോക്കറ്റില്‍ കള്ളപ്പണം തപ്പുന്നവര്‍ ആദ്യം സ്വന്തം ചാക്കുകെട്ടുകള്‍ തുറന്നിടട്ടെ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political party
News Summary - political parties fee
Next Story