ക്രമക്കേടുകളുടെ ആസ്ഥാനം ഉടച്ചുവാർക്കണം
text_fieldsഅത്യധികം ലജ്ജാകരമായ കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് നടക്കുന്നതെന്നാണ് ടി.പി. സെൻകുമാർ ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിച്ചതിനുശേഷം പൊലീസ് ആസ്ഥാനത്ത് വിരമിക്കൽ പ്രഭാഷണത്തിലൂടെയും പിന്നീട് വിവിധ മാധ്യമങ്ങളിലൂടെയും പുറത്തുവിട്ടത്. പ്രാദേശിക ക്രിമിനൽ സംഘങ്ങളെ തോൽപിക്കുംവിധം നിലവാരമില്ലാത്ത ഭാഷാപ്രയോഗങ്ങളും തമ്മിലടിയും ആരോപണ പ്രത്യാരോപണങ്ങളും നടത്തുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ വെളിെപ്പടുത്തലുകളെ താൻപോരിമകളുടെ വൈകാരിക വർത്തമാനങ്ങൾ മാത്രമായി തള്ളിക്കളയാവുന്നതല്ല. കേരളത്തിലെ നിയമപാലന സംവിധാനത്തിൽ അവിശ്വാസം ജനിപ്പിക്കുന്നതും ഗൗരവപൂർണവും സുതാര്യവുമായ അന്വേഷണം (പൊലീസിേൻറതല്ല) അനിവാര്യമാക്കുന്നതുമാണ് അദ്ദേഹമുന്നയിച്ച പല ആക്ഷേപങ്ങളും. കാരണം, അദ്ദേഹം പുറത്തുവിട്ട വിവരങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർതന്നെ നിർവഹിച്ച ക്രിമിനൽ കുറ്റങ്ങളിൽ വ്യാജരേഖ ചമക്കൽ, ഔദ്യോഗിക രേഖകൾ അനധികൃതമായി കടത്തിക്കൊണ്ടുപോകൽ തുടങ്ങിയവയാണ്. സർക്കാറിെൻറ ഭരണനിർവഹണം കള്ളന്മാരുടെയും നിയമവിരുദ്ധരുടെയും കൈകളിൽ അമർന്നിരിക്കുന്നുവെന്ന മുൻ ഡി.ജി.പിയുടെ ആരോപണത്തെ പകപോക്കൽ പ്രസ്താവനയായി ലളിതമായി വിലയിരുത്തിക്കൂടാ. അത് ഒഴിവുകാല ആത്മകഥയിെല പൊയ്്വെടി സ്വഭാവത്തിലല്ല; മറിച്ച്, വ്യക്തികളുടെ പേരും കുറ്റകൃത്യങ്ങളുടെ സ്വഭാവവും കൃത്യമായി ചൂണ്ടിക്കാട്ടുന്ന ആധികാരിക രീതിയിലുള്ളതാണ്. ഇനിയത് വ്യാജമാെണങ്കിൽ സർക്കാറിെൻറയും പൊലീസിെൻറയും പ്രതിച്ഛായ വീണ്ടെടുക്കാനും ഇത്തരത്തിൽ ഹീനമായ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കാതിരിക്കാനുമുള്ള നടപടികളും ജാഗ്രതയും സർക്കാർ സ്വീകരിക്കുകയും വേണം.
ടി.പി. സെൻകുമാർ ഉന്നയിച്ച പ്രധാന ആക്ഷേപങ്ങളിലൊന്ന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയെക്കുറിച്ചാണ്. പൊലീസ് ആസ്ഥാനത്ത് കള്ളനെയിരുത്തിയിരിക്കുന്നു, ന്യൂറോ സർജനെ ഇരുത്തേണ്ടിടത്ത് സർക്കാർ നിയോഗിച്ചത് കശാപ്പുകാരനെയാണ് തുടങ്ങിയ പരിഹാേസാക്തികളെപ്പോലെ ലളിതമല്ല തച്ചങ്കരി രഹസ്യവിഭാഗത്തിൽനിന്ന് പല നിർണായക ഫയലുകളും കടത്തിയെന്നത്. വിശേഷിച്ച്, തച്ചങ്കരിയെക്കുറിച്ചുതന്നെയുള്ള അഴിമതിയാരോപണങ്ങൾ അടങ്ങിയ ഫയലുകൾ മുക്കിയെന്നത് നിലവിലെ കേസുകളെ ദുർബലപ്പെടുത്താൻ ഇടവരുന്ന സാഹചര്യത്തിൽ. ഔദ്യോഗിക രഹസ്യ നിയമപ്രകാരം തച്ചങ്കരിക്കെതിരെ കേെസടുക്കണമെന്നും കോടതി ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകാൻ തയാറാെണന്നും അദ്ദേഹം ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. മറ്റൊരു പ്രധാന ആരോപണം തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാന് ചീഫ് സെക്രട്ടറി നളിനി നെറ്റോ ആഭ്യന്തര അഡീഷനൽ സെക്രട്ടറിയായിരുന്നപ്പോൾ മൂന്ന് ഫയലുകളിൽ കൃത്രിമം കാട്ടിയെന്നതാണ്. അവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.
ഗുരുതരമായ ആരോപണങ്ങൾ മുൻനിർത്തി സസ്പെൻഡ് ചെയ്യണമെന്ന് 2016 ആഗസ്റ്റ് അവസാന വാരത്തിൽ വിജിലൻസ് അഡീഷനൽ ഡയറക്ടർ റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഇത്രയും ഗുരുതര ആരോപണങ്ങൾക്ക് വിധേയനായിട്ടും കോടതി വിധിയിലൂടെ ഡി.ജി.പി സ്ഥാനമേെറ്റടുത്ത െസൻകുമാറിനെ ഒതുക്കുന്നതിനുവേണ്ടിയാണ് പിണറായി വിജയൻ സർക്കാർ അദ്ദേഹത്തിന് പൊലീസ് ആസ്ഥാനത്തിെൻറ ചുമതല നൽകിയത്. ആ ചുമതല ദുരുപയോഗപ്പെടുത്തി ടി. ബ്രാഞ്ചിൽനിന്ന് ഇരുപത് ഫയലുകൾ കടത്തിയെന്നാണ് ആരോപണം. തച്ചങ്കരി എ.ഡി.ജി.പിയായി നിയമിക്കപ്പെട്ടതിനെതിരെ ഹൈകോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തോട് കഴിഞ്ഞദിവസം ഡിവിഷൻ െബഞ്ച് അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ നടപടികളും സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ നടത്തിയ നീക്കങ്ങളുടെ ഫലമാണ്.
ഭരിക്കുന്നവർക്കുവേണ്ടി നടത്തുന്ന നിയമലംഘനങ്ങളുടെ ഉള്ളുകള്ളികളാണ് ഉദ്യോഗസ്ഥ മേഖലകളിൽ നടക്കുന്ന ചക്കളത്തിപ്പോരു കാരണം പുറത്തുവരുന്നത്. ഐ.പി.എസ് തലത്തിൽ ക്രിമിനലുകൾ നാലു ശതമാനമാെണന്ന് മുൻ ഡി.ജി.പിയുടെ ചേരിപ്പോരിനെ തുടർന്നുള്ള കുറ്റസമ്മത മൊഴി കേരളത്തിലെ പ്രമാദമായ കേസുകൾ ദുർബലമാകുന്നതെങ്ങനെ എന്നതിെൻറ ഉത്തരമാണ്; നിരപരാധികൾ അപരാധികളാകുന്നതിെൻറയും. ഭരണനിർവാഹകരും രാഷ്്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന നിയമ അട്ടിമറികൾ നിർബാധം തുടരുന്നുവെന്ന ജനവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയാണ് മുൻ ഡി.ജി.പി സെൻകുമാർ വിവാദങ്ങളുടെ ആകത്തുക. പൊലീസ് ഭരണത്തിലെ സുതാര്യത ഉറപ്പുവരുത്തണമെങ്കിൽ വമ്പിച്ച അഴിച്ചുപണികൾക്ക് പിണറായി വിജയൻ സർക്കാർ മുൻകൈയെടുക്കേണ്ടിവരും. സെൻകുമാർ ഉയർത്തിയ വിവാദങ്ങളും വെളിെപ്പടുത്തലുകളും അതിനുള്ള ധാർമികബലത്തെയും ഇച്ഛാശക്തിയെയുമാണ് ദുർബലമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
