Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപി.എം ശ്രീ: യു.ഡി.എഫ്...

പി.എം ശ്രീ: യു.ഡി.എഫ് കേരളത്തെ വഞ്ചിക്കരുത്

text_fields
bookmark_border
പി.എം ശ്രീ: യു.ഡി.എഫ് കേരളത്തെ വഞ്ചിക്കരുത്
cancel
എന്തിനു വേണ്ടി എൽ.ഡി.എഫ് സർക്കാർ ധാരണപത്രത്തിൽ ഒപ്പിട്ടു എന്നത് ഇപ്പോഴും നിഗൂഢമാണ്. അതേ നിഗൂഢതയുടെ മറപറ്റി പദ്ധതി നടപ്പാക്കാനാണോ യു.ഡി.എഫ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

വിദ്യാഭ്യാസത്തെയും വിദ്യാലയങ്ങളെയും കാവിവത്കരിക്കുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ പി.എം ശ്രീ (പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുമായി മുന്നോട്ടുപോകാതെ തരമില്ലെന്നാണ് കഴിഞ്ഞദിവസം ചേർന്ന യു.ഡി.എഫ് യോഗത്തിനുശേഷം മുന്നണി കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിപക്ഷത്തിരിക്കെ, പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പിട്ട എൽ.ഡി.എഫ് സർക്കാറിനെതിരെ രൂക്ഷവിമർശനങ്ങൾ അഴിച്ചുവിട്ട യു.ഡി.എഫ് ഇപ്പോൾ നയംമാറ്റത്തിന് കാരണമായി മുന്നോട്ടുവെക്കുന്നത് വിചിത്രമായ കാര്യങ്ങളാണ്: മുൻസർക്കാർ ഒപ്പിട്ട സ്ഥിതിക്ക് ഇനി പിന്മാറാൻ വകുപ്പില്ലെന്ന സാങ്കേതികന്യായമാണ് അതിലൊന്ന്. പി.എം ശ്രീയോട് താൽപര്യമില്ലെങ്കിലും പ്രസ്തുത പദ്ധതിവഴി വരുന്ന ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ ധനസ്ഥിതിയിലെ ഞെരുക്കം മറികടക്കാമെന്നാണ് മറ്റൊന്ന്. ഒരു അടവുനയമെന്ന നിലയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് അടൂർ പ്രകാശ് വ്യക്തമാക്കുന്നത്.

എന്നാൽ, ഈ ന്യായങ്ങളെല്ലാം ആ പ്രസ്താവനക്ക് 24 മണിക്കൂർ മുമ്പേ പൊളിഞ്ഞിട്ടുണ്ട്. അത് പുറത്തായത് പിന്നീടാണെന്ന് മാത്രം. ജൂലൈ 29ന് പി.എം ശ്രീയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ എം.പിമാരായ പി.വി. അബ്ദുൽവഹാബ്, ജെബി മേത്തർ എന്നിവർ നൽകിയ ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി നൽകിയ മറുപടിയിൽ പറയുന്നത്, ധാരണപത്രത്തിൽ ഒപ്പിട്ടാലും സംസ്ഥാനങ്ങൾക്ക് പദ്ധതിയിൽനിന്ന് പിന്മാറാം എന്നാണ്.

അതിന്റെ പേരിൽ പദ്ധതി ഇതര ഫണ്ടുകൾ തടഞ്ഞുവെക്കില്ലെന്ന് തമിഴ്നാടിനെ ഉദാഹരിച്ച് മന്ത്രി വിശദമാക്കുന്നുമുണ്ട്. അതായത്, ഇപ്പോൾ യു.ഡി.എഫ് മുന്നോട്ടുവെച്ചിട്ടുള്ള രണ്ട് ന്യായങ്ങളും നിലനിൽക്കുന്നില്ല എന്ന് വ്യക്തം. ഇതു തിരിച്ചറിഞ്ഞതുകൊണ്ടാകാം, മുസ്‍ലിംലീഗിന്റെ കക്ഷി നേതാവും വ്യവസായമന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പരോക്ഷമായി അടൂർ പ്രകാശിനെ തിരുത്തിയത്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വാർത്ത നിഷേധിച്ച അദ്ദേഹം, വിഷയത്തെക്കുറിച്ച് പഠിക്കുന്ന മന്ത്രിതല ഉപസമിതി റിപ്പോർട്ട് കാബിനറ്റിൽ ചർച്ചക്ക് വന്നിട്ടില്ലെന്നും അറിയിച്ചു. അതെന്തായാലും, യു.ഡി.എഫ് കൺവീനറുടെ പ്രസ്താവനയോടെ പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ നയം വ്യക്തമായിരിക്കുന്നു: നാല് കാശിനുവേണ്ടി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയെ സംഘ്പരിവാറിന് പണയം വെക്കുന്നതിൽ തെറ്റില്ലെന്നതാണത്. ഇതാണ് നയമെങ്കിൽ അതിനെ വഞ്ചന എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും.

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി രൂപം നൽകിയ 2020ലെ ദേശീയ വിദ്യാഭ്യാസനയത്തെ (എൻ.ഇ.പി)കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ പൊതുവിൽ ഒരു ആർ.എസ്.എസ് പദ്ധതിയായിട്ടാണ് വിലയിരുത്തുന്നത്. എൻ.ഇ.പിയുടെ അടിസ്ഥാനത്തിലുള്ള മാതൃക വിദ്യാലയങ്ങൾ രാജ്യത്തൊട്ടുക്കും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പി.എം ശ്രീ പദ്ധതിക്ക് രൂപം നൽകിയത്. കേന്ദ്ര ഫണ്ട് വെട്ടിമാറ്റിയും മറ്റുമാണ് ഈ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ സംസ്ഥാനങ്ങളിൽ സമ്മർദം ചെലുത്തിയത്.

എന്നിട്ടും കേരളവും തമിഴ്നാടും പശ്ചിമബംഗാളും തുടക്കത്തിൽ ഒപ്പിടാതെ പിടിച്ചുനിന്നു. തമിഴ്നാടും പശ്ചിമബംഗാളും അവിടെ സംസ്ഥാന വിദ്യാഭ്യാസ നയം ആവിഷ്കരിച്ചു. കേരളം അത്തരമൊരു നീക്കം നടത്തിയില്ലെങ്കിലും ബദൽ സിലബസ് എന്ന നിലയിൽ കരിക്കുലം സമൂലമായി പരിഷ്കരിച്ചു. പക്ഷേ, ഇതിനിടയിൽ കേരളം രഹസ്യമായി നിലപാട് മാറ്റി. 2025 ഒക്ടോബർ 23, സി.പി.ഐ ഉൾപ്പെടെ സഖ്യകക്ഷികളുടെ എതിർപ്പ് അവഗണിച്ച് ഒക്ടോബർ 23ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. വാസുകി കേരളത്തിനുവേണ്ടി ധാരണപത്രത്തിൽ ഒപ്പുവെച്ചു. തൊട്ടടുത്ത ദിവസം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അതിനെ ന്യായീകരിച്ചതും ഫണ്ട് ചൂണ്ടിക്കാട്ടിയായിരുന്നു. ‘സമഗ്രശിക്ഷ കേരള’ ഫണ്ട് ഉൾപ്പെടെ സംസ്ഥാനത്തിന് കേന്ദ്ര വിഹിതം കുടിശ്ശികയായിരിക്കുന്നുവെന്നും ഇതര ഫണ്ടുകളും തടഞ്ഞുവെക്കപ്പെടുമെന്നുമായിരുന്നു മന്ത്രിയുടെ വാദം.

എന്നല്ല, പദ്ധതി നടപ്പാക്കിയാലും എൻ.ഇ.പിക്ക് കേരളം വഴങ്ങില്ലെന്നും അദ്ദേഹവും പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടതുനേതാക്കളും ആവർത്തിച്ചു. എന്നാൽ, മന്ത്രി തന്നെ നിയമസഭയിൽ അവതരിപ്പിച്ച കാര്യങ്ങൾ ഉദ്ധരിച്ച് ആ വാദങ്ങളുടെ മുനയൊടിച്ചത് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങളായിരുന്നു. തങ്ങൾ ഭരണത്തിലേറിയാൽ പദ്ധതി റദ്ദാക്കുമെന്നും അവർ പ്രഖ്യാപിച്ചു. യു.ഡി.എഫ് സർക്കാർ ഭരണത്തിലേറിയപ്പോൾ, ആ നിലയിൽ ചില നീക്കങ്ങളും പ്രകടമായി. വിഷയം പഠിച്ച് പ്രായോഗിക തീരുമാനം കൈക്കൊള്ളാൻ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചത് അതിന്റെ ഭാഗമായി ജനം കണ്ടു. എന്നാൽ, പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന പ്രായോഗികചിന്തയാണോ അവരെ നയിക്കുന്നതെന്ന് മുന്നണി കൺവീനറുടെ പ്രസ്താവനയോടെ സംശയിക്കേണ്ടിയിരിക്കുന്നു.

തമിഴ്നാട് മോഡലിൽ ബദൽ വിദ്യാഭ്യാസ നയമാണ് കേരളവും ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ സർക്കാറിന്റെ കാലംതൊട്ടേയുള്ള പി.എം ശ്രീ ചർച്ച ശ്രദ്ധിക്കുന്ന ആർക്കും മനസ്സിലാകും. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള സംഘ്പരിവാർ അജണ്ടയിൽനിന്ന് അകലം പാലിക്കുകയും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് ഈ നിലപാടിന്റെ രാഷ്ട്രീയ സത്ത. ഈ ജനവികാരം അവഗണിക്കപ്പെട്ടപ്പോഴാണ് ഒരർഥത്തിൽ എൽ.ഡി.എഫിന് അടിപതറിയത്; അതേ ജനവികാരത്തെ മാനിച്ച് പി.എം ശ്രീ അറബിക്കടലിൽ തള്ളുമെന്ന് പ്രഖ്യാപിച്ചനിമിഷം മുതൽ യു.ഡി.എഫ് രാഷ്ട്രീയമായി മുന്നേറുകയും ചെയ്തു. പക്ഷേ, അധികാരത്തിലെത്തിയപ്പോൾ യു.ഡി.എഫും ജനങ്ങളെ മറന്നു.

എന്തിനു വേണ്ടി എൽ.ഡി.എഫ് സർക്കാർ ധാരണപത്രത്തിൽ ഒപ്പിട്ടു എന്നത് ഇപ്പോഴും നിഗൂഢമാണ്. അതേ നിഗൂഢതയുടെ മറപറ്റി പദ്ധതി നടപ്പാക്കാനാണോ യു.ഡി.എഫ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ, അതിനെ സംഘ്പരിവാർ വിധേയത്വമായേ കാണാനാവൂ. ധാരണപത്രത്തിൽ ഒപ്പിട്ടാലും പദ്ധതിയിൽനിന്ന് പിന്മാറാമെന്നും അതുകൊണ്ട് പദ്ധതി ഇതര ഫണ്ടുകൾ തടയപ്പെടില്ല എന്നും കേന്ദ്രംതന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പി.എം ശ്രീയിൽനിന്ന് എന്നന്നേക്കുമായി മാറിനിൽക്കാൻ കേരളത്തിന് കൈവന്ന അവസരത്തിലാണ് സർക്കാറിന്റെ ഈ കൈവിട്ട കളി. ഇതിനോട് കേരളം രാജിയാവില്ലെന്നുറപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialnewsUDFKerala
News Summary - P.M. Sri, UDF, Kerala,
Next Story