പി.എം ശ്രീ: വേണ്ടത് നിലപാടിലെ വ്യക്തതയും നിശ്ചയദാർഢ്യവും
text_fieldsകേരളത്തിന്റെ ബഹുസ്വരതക്കും സമുദായ സഹവർത്തിത്വത്തിനും നിരക്കാത്ത വിഭജന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലെ ചരിത്രപഠനവും അധ്യാപനവും ഉണ്ടാവരുത് എന്നത് രണ്ടു മുന്നണികളുടെയും മാത്രം വിഷയമല്ല, സംസ്ഥാനത്തിന്റെ പൊതുതാൽപര്യമാണ്
കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതിയായ പ്രധാനമന്ത്രി സ്‌കീം ഫോർ റൈസിങ് ഇന്ത്യ (പി.എം ശ്രീ)യിലെ കേരളത്തിന്റെ പങ്കാളിത്തം സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമായിട്ടു കുറച്ചായി. പിണറായി വിജയന്റെ ഇടതുസർക്കാർ യൂനിയൻ സർക്കാറുമായി ആദ്യം എതിർപ്പ് പറഞ്ഞ് പി.എം ശ്രീയിൽ ഒപ്പിടാതിരുന്ന ശേഷം മുന്നണി ഏകോപന സമിതിയിലോ മന്ത്രിസഭാ യോഗങ്ങളിലോ ചർച്ചചെയ്യാതെ, ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനിച്ച് ഒപ്പുവെച്ചതായിരുന്നു മുഖ്യവിവാദം. കരാറിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) നടപ്പാക്കാൻ സമ്മതിക്കുന്ന ധാരണപത്രം കൂടി ഒപ്പുവെക്കുന്നതായിരുന്നു പ്രധാന വിവാദം. നയപരമായ കൂടിയാലോചനയില്ലാതെ രഹസ്യമായി ഒപ്പുവെച്ചതിനെതിരെ മുന്നണിയിലെ രണ്ടാം വലിയ കക്ഷി സി.പി.ഐ തന്നെ രംഗത്തുവന്ന് സമ്മർദമുണ്ടാക്കി. കരാറിൽ നിന്ന് ഒഴിവാകാൻ വകുപ്പില്ലാത്തതിനാൽ തൽക്കാലം തുടർനടപടികൾ മരവിപ്പിക്കുക മാത്രം ചെയ്തു എൽ.ഡി.എഫ്. ഇതിനെയെല്ലാം നിശിതമായി വിമർശിച്ച അന്നത്തെ പ്രതിപക്ഷമായ യു.ഡി.എഫ്, അധികാരത്തിൽ വന്ന ശേഷം നേരത്തെ ഒപ്പിട്ട കരാറിൽ മാറ്റം വരുത്താൻ ശ്രമിക്കാതെ പി.എം ശ്രീയുമായി മുന്നോട്ടു പോകുന്നതിനെതിരെയുള്ള വിമർശനമാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്.
ഓരോ തദ്ദേശഭരണ സ്ഥാപനത്തിലെയും രണ്ടു സ്കൂൾ വീതം പദ്ധതി നടപ്പാക്കുകയും ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുകയും ചെയ്യും. 2022-23ൽ നടപ്പിലായ പദ്ധതിക്ക് അഞ്ചു വർഷമാണ് കേന്ദ്രസഹായം ലഭ്യമാവുക. 2026-27 വർഷത്തോടെ ഫണ്ടിങ് നിലക്കും. ഒപ്പുവെച്ച എൻ.ഇ.പി നടപ്പിലാക്കുന്ന ബാധ്യത സംസ്ഥാന സർക്കാറിന് വന്നു ചേരുകയും ചെയ്യും. രാജ്യത്തെ മൊത്തം 14,500 സർക്കാർ സ്കൂളുകൾക്ക് അഞ്ചു വർഷത്തേക്കുള്ള ആകെ ബാധ്യതയായ 27,360 കോടി രൂപയിൽ 60 ശതമാനം 18,128 കോടി കഴിഞ്ഞാൽ ബാക്കി സംസ്ഥാനങ്ങൾ കണ്ടെത്തണം. പദ്ധതിയുടെ കാലാവധിയിലേക്ക് ഏകദേശം 1400 കോടി രൂപയാണ് കേരളത്തിന് ലഭിക്കേണ്ടത്. അതോടൊപ്പം ഇതു നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രപദ്ധതിയായ സമഗ്ര ശിക്ഷ അഭിയാൻ അനുസരിച്ച് കേരളത്തിന് കിട്ടേണ്ട വലിയ തുകയും മുടങ്ങിപ്പോകും എന്നതും പ്രശ്നമായി. ഇത് നഷ്ടപ്പെടുന്നതാണ് കരാറിൽ ഒപ്പിടാൻ പിണറായി സർക്കാർ കണ്ട ന്യായം. യു.ഡി.എഫ് സർക്കാറും അത് ഉന്നയിക്കുന്നുണ്ട്. നേരത്തേ തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിൻ സർക്കാറും പശ്ചിമബംഗാളിൽ മമത ബാനർജിയും മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. സോപാധികമാണ് കരാറെങ്കിൽ തങ്ങളുടെ വിഹിതമായ 2000 കോടി വേണ്ടെന്നുവെക്കും എന്നായി സ്റ്റാലിൻ. സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് തൽക്കാലം കേന്ദ്രം തമിഴ്നാടിന് ഭാഗിക തുക നൽകുകയും ചെയ്തു.
പി.എം ശ്രീക്കൊപ്പമുള്ള ഉപാധിയും കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങളിലെ ചില ഘടകങ്ങളെക്കുറിച്ച ആശങ്കകളുമാണ് വിവാദങ്ങളുടെ മർമം. താത്ത്വികമായ എതിർപ്പുള്ളതോടൊപ്പം സംസ്ഥാനത്തിന് സാമ്പത്തികസഹായം നഷ്ടപ്പെടുമെന്നതിനാൽ ഒപ്പിടാൻ നിർബന്ധിതമായി എന്നായിരുന്നു മുമ്പ് പിണറായി സർക്കാറിന്റെ ന്യായം. അതേ സമയം കേരളത്തിന്റെ സ്വന്തം പാഠ്യപദ്ധതിയേ നടപ്പിലാക്കൂ എന്നും അതിനു വിരുദ്ധമായി സംഘ് പരിവാർ പദ്ധതിയനുസരിച്ച തത്ത്വങ്ങളും ശാസ്ത്രങ്ങളും പഠിപ്പിക്കുകയില്ല എന്നും നിലവിൽ സംസ്ഥാനത്ത് പഠിപ്പിക്കുന്ന ചരിത്ര ഭാഗങ്ങൾ ഒഴിവാക്കുകയോ കേന്ദ്ര താൽപര്യമനുസരിച്ചുള്ളവ ഉൾപ്പെടുത്തുകയോ ഇല്ല എന്നീ നിലപാടും വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ കേരളത്തിന്റെ നിലപാടിനാവശ്യമായ ശിപാർശകൾ നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീന്റെ നേതൃത്വത്തിൽ നാലംഗ മന്ത്രിസഭാ ഉപസമിതി പഠനം നടത്തുകയാണ്. മുന്നണികൾ തമ്മിലെ തർക്കവിഷയം മാത്രമല്ല ഇത്. പാഠ്യപദ്ധതികളിൽ കേരളത്തിന്റെ ബഹുസ്വരതക്കും സമുദായ സഹവർത്തിത്വത്തിനും നിരക്കാത്ത വിഭജന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലെ ചരിത്രപഠനവും അധ്യാപനവും ഉണ്ടാവരുത് എന്നത് രണ്ടു മുന്നണികളുടെയും മാത്രം വിഷയമല്ല, സംസ്ഥാനത്തിന്റെ പൊതുതാൽപര്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ ഹിന്ദുത്വ ആശയങ്ങളും ശാസ്ത്രീയമല്ലാത്ത ‘ശാസ്ത്രാധ്യാപനങ്ങളും’ പഠിപ്പിക്കേണ്ട ഘട്ടം വന്നാൽ സർക്കാർ ജനത്തോട് ഉത്തരം ബോധിപ്പിക്കേണ്ടിവരും. അതിനാൽ, ഒന്നുകിൽ പി.എം ശ്രീയിൽ ഒപ്പുവെച്ചുകഴിഞ്ഞതിനാൽ പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളിലുള്ള സ്വാതന്ത്ര്യം സംബന്ധിച്ച ഉറപ്പ് രേഖാമൂലം ഉണ്ടാവണം. ഇല്ലെങ്കിൽ കേന്ദ്രത്തിന്റെ സോപാധിക ഫണ്ട് വിതരണത്തിലെ അനീതിക്കെതിരെ നിയമത്തിന്റെ വഴി തേടണം. അതുവഴി ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിനുള്ള സ്വാതന്ത്ര്യങ്ങൾ ഉറപ്പുവരുത്തണം. വിദ്യാഭ്യാസം സമാവർത്തിക (കൺകറൻറ്) പട്ടികയിലെ വിഷയമായതിനാൽ കേന്ദ്രത്തിന് നിയമനിർമാണാധികാരം ഉണ്ടെന്നതു ശരി. എന്നാൽ, സംസ്ഥാനത്തിന്റെ സ്വയംഭരണ തലമായ പാഠപുസ്തകം പോലുള്ളതിൽ കേന്ദ്ര മേൽക്കൈ അംഗീകരിക്കാനാവില്ല. അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ ഫെഡറൽ ഘടനയുടെ ലംഘനമാവും. ഇതെല്ലാം മുന്നിൽവെച്ചുള്ള ഒരു കർമപദ്ധതി രൂപപ്പെടുത്താനുള്ള സർവശ്രമവും നടത്തിയ ശേഷം മാത്രമേ പി.എം ശ്രീയിൽ നിസ്സഹായരാണ് എന്ന് കൈമലർത്താനാവൂ. അതിനു സ്വന്തം ബോധ്യങ്ങളിലും നിലപാടുകളിലും വ്യക്തത വേണം, ഒപ്പം അത് നടപ്പാക്കാനുള്ള നിശ്ചയദാർഢ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

