നാലുകാശിനുവേണ്ടി ഹിന്ദുത്വയോട് രാജിയാവരുത്
text_fieldsകേരളീയ നവോത്ഥാനത്തിന്റെ ചലനവേഗത്തെ ത്വരിതപ്പെടുത്തിയ അടിസ്ഥാനഘടകങ്ങളിലൊന്ന് വിദ്യാഭ്യാസമേഖലയിൽ വിവിധ സാമൂഹികവിഭാഗങ്ങൾ നടത്തിയ പോരാട്ടങ്ങളായിരുന്നു. സാമൂഹിക, ലിംഗവിവേചനങ്ങൾക്കെതിരായ പോരാട്ടം വിദ്യാഭ്യാസയജ്ഞങ്ങളിലൂടെ സാധ്യമാക്കിയ വലിയ ചരിത്രമാണ് കേരളത്തിനുള്ളത്; അതു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ സമരവുമായി വികസിച്ചു.
ആ പോരാട്ടങ്ങളുടെ കൂടി തുടർച്ചയിലാണ് ആധുനികകേരളം സാധ്യമായതെന്ന് അഭിമാനിക്കുന്നവരാണ് മലയാളികൾ. ഐക്യകേരളത്തിന്റെ പിറവിക്കുശേഷം ആരോഗ്യമേഖലയിലെന്നപോലെ വിദ്യാഭ്യാസത്തിലും സവിശേഷമാതൃക സൃഷ്ടിക്കാനും കേരളത്തിനായി. സപ്തതിയിലേക്ക് കടക്കുന്ന ഐക്യകേരളത്തിന്റെ ചരിത്രത്തിലുടനീളം പ്രസ്തുത വിദ്യാഭ്യാസ മോഡലിനെ പുതിയ വിതാനങ്ങളിലേക്കുയർത്താനുള്ള ക്രിയാത്മക പരീക്ഷണങ്ങൾക്കും കേരളം സാക്ഷിയായിട്ടുണ്ട്. അത്തരം പരീക്ഷണങ്ങൾ ചിലപ്പോഴെങ്കിലും വിമർശനത്തിന് വിധേയമായിട്ടുണ്ടെങ്കിലും, ആത്യന്തികമായി അതെല്ലാം ഈ നാടിനെ മുന്നോട്ടുനയിക്കുന്നതായിരുന്നു. ജോസഫ് മുണ്ടശ്ശേരി മുതൽ വി.ശിവൻകുട്ടി വരെയുള്ള മുഴുവൻ മന്ത്രിമാരും ആ യജ്ഞങ്ങളിൽ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയാമെങ്കിലും ഇക്കൂട്ടത്തിൽ ഇടതുപക്ഷത്തിന്റെ ഇടപെടൽ പ്രത്യേകമായി തന്നെ എടുത്തുപറയേണ്ടതാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രത്യേകപദ്ധതികൾ തന്നെ ആവിഷ്കരിച്ചൊരു ഇടതു സർക്കാറാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും തകർക്കുംവിധത്തിൽ കേന്ദ്രസർക്കാർ വിദ്യാഭ്യാസമേഖലയിൽ കൈകടത്തൽ നടത്തിയപ്പോൾ അതൊരു ഭരണഘടന പ്രശ്നമായി കണ്ട് അതിനെതിരെ രാജ്യത്ത് പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ഇടതുപക്ഷമായിരുന്നു. വിദ്യാഭ്യാസ മേഖലയെ പൂർണമായും കാവിവത്കരിക്കാനുള്ള മോദി സർക്കാറിന്റെ പദ്ധതിയായ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ (എൻ.ഇ.പി)ഏറ്റവും ശക്തമായ നിലപാടെടുത്തതും ഇടതുപക്ഷവും അവർ ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളവുമായിരുന്നു. രാജ്യത്തെ 95 ശതമാനം സംസ്ഥാനങ്ങളും എൻ.ഇ.പി നടപ്പാക്കിയപ്പോൾ അതിൽനിന്ന് മാറിനിൽക്കുകയും കേന്ദ്രത്തിന്റെ പ്രതിലോമ വിദ്യാഭ്യാസ നയങ്ങൾക്ക് ബദൽ ആവിഷ്കരിക്കുകയും ചെയ്തു കേരളം. എന്നാൽ, ആ രാഷ്ട്രീയ നയങ്ങളെല്ലാം ഇപ്പോൾ പഴങ്കഥയായിരിക്കുന്നെന്ന് പറയേണ്ടിയിരിക്കുന്നു. എൻ.ഇ.പിയുടെ അടിസ്ഥാനത്തിൽ രൂപം നൽകിയിട്ടുള്ള പി.എം ശ്രീ (പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) യിൽ കേന്ദ്രവുമായി സഹകരിക്കാൻ കേരളമിപ്പോൾ തയാറായിരിക്കുകയാണ്; സി.പി.ഐ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ സെക്രട്ടറി പി.എം ശ്രീയുടെ ധാരണപത്രത്തിൽ ഒപ്പുവെക്കുമ്പോൾ അത് പ്രത്യക്ഷത്തിൽ തന്നെ സി.പി.എം എന്ന രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയ നയവ്യതിയാനത്തിന്റെ നിദർശകമാണ്.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ ആർ.എസ്.എസ് പദ്ധതിയായിട്ടാണ് സി.പി.എം കാണുന്നത്. ഇക്കഴിഞ്ഞ മധുര പാർട്ടി കോൺഗ്രസിൽ പോലും ഇതുസംബന്ധിച്ച് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട് സി.പി.എം. ഭരണമുള്ള കേരളത്തിലാകട്ടെ, പ്രഫ. പ്രഭാത് പട്നായിക്കിന്റെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ച് എൻ.ഇ.പിയെ പ്രതിരോധിക്കാനായി സവിശേഷമായ നയ രൂപവത്കരണം തന്നെ നടത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിനെ ആർ.എസ്.എസിന്റെ വംശഹത്യപ്രത്യയശാസ്ത്രത്തിന് തീറെഴുതിക്കൊടുക്കില്ലെന്ന ഉജ്ജ്വലമായ രാഷ്ട്രീയമാണ് ഇതിലൂടെയെല്ലാം അവർ ഉയർത്തിപ്പിടിച്ചത്.
എന്നല്ല, ഈ പ്രതിരോധ രാഷ്ട്രീയത്തെ ദേശീയതലത്തിൽ ഒരു പരിധിവരെ വികസിപ്പിക്കുന്നതിനും സി.പി.എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ആ രാഷ്ട്രീയ നിലപാടുകളെ ‘നാലു കാശിനു’ സ്വയം റദ്ദ് ചെയ്തിരിക്കുകയാണ് സി.പി.എം. പി.എം ശ്രീയിൽ ഒപ്പുവെക്കുന്നതോടെ, കേന്ദ്രം തടഞ്ഞുവെച്ച വിവിധ വിദ്യാഭ്യാസ ഗ്രാന്റുകൾ അനുവദിക്കുമെന്നും പദ്ധതിയിലൂടെ മറ്റു വരുമാനങ്ങൾ സാധ്യമാകുമെന്നുമാണ് സർക്കാർ ന്യായം. ഇതിന്റെ വസ്തുത പരിശോധിക്കുമ്പോൾ അതിൽ ചെറിയൊരു ശരിയുണ്ട്: 2022 മുതൽ എസ്.എസ്.കെ ഉൾപ്പെടെ പദ്ധതികൾക്കായുള്ള കേന്ദ്ര വിഹിതം ഇവിടേക്ക് വന്നിട്ടില്ല; കഴിഞ്ഞ വർഷമാകട്ടെ, വകയിരുത്തിയിരിക്കുന്നത് ‘പൂജ്യ’വുമാണ്. ഈ വകയിൽ ലഭിക്കാനുള്ളത് 1200 കോടിയോളം രൂപയാണ്. പി.എം ശ്രീയിലൂടെ കേരളത്തിന് ഒരു വർഷം 300 കോടി വരെയും ലഭിച്ചേക്കാം. ഈ പദ്ധതി 2027ൽ അവസാനിക്കാനിരിക്കെ, കേരളത്തിന് ലഭിക്കുക പരമാവധി 5000 കോടിയിൽ താഴെയാണ്. ഇത്രയും തുക വേണ്ടെന്നുവെക്കാനാകുമോ എന്നാണ് സർക്കാറും സി.പി.എം നേതാക്കളും ചോദിക്കുന്നത്. ആരോഗ്യ, കാർഷിക മേഖലകളിൽ സമാനമായ അടവുനയങ്ങളിലൂടെ കേന്ദ്ര ഫണ്ട് സ്വന്തമാക്കിയ കാര്യവും അവർ എടുത്തുപറയുന്നുണ്ട്. ശരിയാണ്; ഒറ്റനോട്ടത്തിൽ ന്യായവുമാണ്. എന്നാൽ, ലഭ്യമാകാൻ സാധ്യത മാത്രമുള്ള ഈ തുകയിലൂടെ നാം അടിയറവ് പറയുന്നത് ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രത്തോടാണെന്നോർക്കണം.
പി.എം ശ്രീ പദ്ധതി യാഥാർഥ്യമാകുന്നതോടെ, കേരളത്തിലെ 300ലധികം പൊതുവിദ്യാലയങ്ങൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടവയായിരിക്കും അതിൽ പലതും. ആ വിദ്യാലയങ്ങളുടെ പേരിനു മുന്നിൽ ‘പി.എം ശ്രീ’ എന്നുകൂടി ചേർക്കേണ്ടിവരും; ഒപ്പം, പ്രധാനമന്ത്രിയുടെ ഫോട്ടോയും വെക്കണം. ഇതെല്ലാം അവഗണിച്ചാലും, എൻ.ഇ.പിയുടെ പാഠ്യപദ്ധതികളുടെ അധിനിവേശത്തിന് എന്ത് ന്യായമാണ് സർക്കാർ പറയുക. ഇതിനകം തന്നെ സമ്പൂർണമായും കാവിവത്കരിക്കപ്പെട്ട കരിക്കുലവും ബോധന രീതികളുമാണ് എൻ.ഇ.പിയുടേതെന്നതിൽ സി.പി.എമ്മിനും ഇടതുസർക്കാറിനും തർക്കമുണ്ടാവില്ല. കേവലം ഫണ്ടിന്റെ പേരിൽ ആ പാഠ്യപദ്ധതിയോട് രാജിയായാൽ അത് ആത്യന്തികമായി ബാധിക്കുക കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിനെ തന്നെയായിരിക്കും.
പി.എം ശ്രീയിലൂടെ എൻ.ഇ.പി നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകുന്ന സാഹചര്യവും ഇതിലുണ്ട്. കേരളത്തിന്റെ പാർലമെന്ററി രാഷ്ട്രീയത്തിൽ ഇനിയും കാര്യമായ സാന്നിധ്യമാകാൻ കഴിഞ്ഞിട്ടില്ലാത്ത ഹിന്ദുത്വക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയുടെ തണലിൽ തന്നെ തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ വഴിയൊരുങ്ങിയെന്ന മറ്റൊരു ദുരന്തവും ഈ ‘ഡീലി’ലൂടെ സംഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ നീക്കത്തെ നിഷ്കളങ്കമായി കാണാനാവില്ലെന്ന രാഷ്ട്രീയ വിമർശനത്തെ മുഖവിലക്കെടുക്കേണ്ടിവരും. ഒരു കാര്യത്തിൽ സംശയമില്ല: പി.എം ശ്രീയിലൂടെ ഇടതുസർക്കാർ ഹിന്ദുത്വയുമായി സന്ധിചെയ്തിരിക്കുകയാണ്. അത് രാഷ്ട്രീയ അതിജീവനത്തിനും ഭരണത്തുടർച്ചക്കുമായിരുന്നോയെന്ന് കാലം തെളിയിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

