വ്യക്തിനിയമത്തിനെതിരെ ആസൂത്രിത നീക്കം
text_fieldsബഹുഭാര്യത്വവും ചടങ്ങ് വിവാഹവും താൽക്കാലിക വിവാഹവും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായയും വേറെ മൂന്ന് മുസ്ലിം നാമധാരികളും സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടതോടെ 1937 മുതൽ രാജ്യത്ത് നിലവിലിരിക്കുന്ന മുസ്ലിം വ്യക്തിനിയമം ഗളച്ഛേദം ചെയ്യാനുള്ള ആസൂത്രിത നീക്കം നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വിവിധ മതസമുദായങ്ങൾക്ക് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട വ്യക്തി നിയമങ്ങൾക്കുപകരം ഏകീകൃത സിവിൽ കോഡ് എർപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ തന്നെ 1985ലെ ഷാബാനു ബീഗം കേസ് വിധിയിലെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി ഒരുവിഭാഗം സെക്കുലറിസ്റ്റുകളും സംഘ്പരിവാറും അതിനായി ശബ്ദമുയർത്തിവരുകയായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയിലും തങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽവന്നതിൽ പിന്നെ ആ ദിശയിൽ ത്വരിതനീക്കങ്ങളും ആരംഭിച്ചു. അതിെൻറ ഭാഗമാണ് ജസ്റ്റിസ് ബൽബീർസിങ് ചൗഹാൻ അധ്യക്ഷനായ 21ാം നിയമ കമീഷൻ സവിസ്തരമായ ഒരു ചോദ്യാവലി പുറത്തിറക്കിയതും വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പ്രതികരണം ആവശ്യപ്പെട്ടതും. ഇതിലടങ്ങിയ ഗൂഢതന്ത്രങ്ങളെപ്പറ്റി ബോധവാന്മാരായ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ചോദ്യാവലി അപ്പാടെ ബഹിഷ്കരിക്കുകയാണുണ്ടായത്. പിൻവാതിലിലൂടെ ഹിന്ദുത്വാചാര സമ്പ്രദായങ്ങൾ രാജ്യത്തെ എല്ലാ മതസ്ഥരുടെയും മേൽ അടിച്ചേൽപിക്കാനുള്ള നീക്കത്തെ സർവശക്തിയുമുപയോഗിച്ച് ചെറുക്കണമെന്ന വികാരമാണ് എല്ലാ മുസ്ലിം സംഘടനകളും പങ്കുവെച്ചത്. സ്വന്തം നിലയിൽ യൂനിഫോം സിവിൽ കോഡിന് വേണ്ടി വാദിച്ചിരുന്ന മതേതര പാർട്ടികളും പുതിയ നീക്കത്തെ പിന്തുണച്ചില്ലെന്ന് മാത്രമല്ല തുറന്നെതിർക്കുകയും ചെയ്തു. പിന്നീട് നിയമ കമീഷൻ ചെയർമാൻ ജസ്റ്റിസ് ബി.എസ.് ചൗഹാൻതന്നെ കഴിഞ്ഞ വർഷാവസാനം ഒരു പ്രമുഖ മാധ്യമശൃംഖലയോട് സംവദിക്കെ, ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് അസാധ്യമാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. അതൊരു ഒാപ്ഷൻ പോലുമല്ലെന്ന് ചൂണ്ടിക്കാട്ടിയ ചൗഹാൻ ഭരണഘടനയുടെ 25ാം ഖണ്ഡിക ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായ വ്യക്തിനിയമം ഒരിക്കലും തട്ടിമാറ്റാനാവില്ലെന്നും തീർത്തുപറഞ്ഞു.
തങ്ങളുടെ അജണ്ട നടപ്പാക്കുക ക്ഷിപ്രസാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ മോദി സർക്കാറും സംഘ്പരിവാറും അതിസമർഥമായി ആവിഷ്കരിച്ച കുതന്ത്രത്തിെൻറ ഭാഗമാണ് 2017 ആഗസ്റ്റിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയെ തുടർന്ന് പാർലമെൻറിൽ അവതരിപ്പിച്ച മുത്തലാഖ് നിരോധന ബിൽ. പീഡനവും ദുരിതവുമനുഭവിക്കുന്ന മുസ്ലിം സ്ത്രീയുടെ മുക്തിമാർഗമായി ചിത്രീകരിച്ചുകൊണ്ട് ലോക്സഭയിൽ നിയമമന്ത്രി അവതരിപ്പിച്ച മുത്തലാഖ് ബിൽ പ്രതിപക്ഷത്തിെൻറ അശ്രദ്ധയിൽനിന്ന് മുതലെടുത്തു പാസാക്കാൻ സർക്കാറിന് സാധിച്ചെങ്കിലും രാജ്യസഭയിലെത്തിയപ്പോൾ ബില്ലിെൻറ ഗുരുതരമായ അപാകങ്ങൾ ശ്രദ്ധയിൽപെട്ട പ്രതിപക്ഷം അതപ്പടി പാസാക്കിയെടുക്കാൻ വിസമ്മതിച്ചു. ഇതേച്ചൊല്ലിയുള്ള സഭസ്തംഭനം ദിവസങ്ങളോളം തുടർന്നപ്പോൾ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുകയല്ലാതെ ഗത്യന്തരമില്ലെന്ന് വന്നു. സത്യത്തിൽ ഇവ്വിധമൊരു ബില്ലിെൻറ ആവശ്യമേയില്ല. കാരണം സുപ്രീംകോടതി മുത്തലാഖ് അപ്പടി അസാധുവാക്കി വിധി പുറപ്പെടുവിച്ചിരിക്കെ അവശേഷിക്കുക ഏക ത്വലാഖാണ്. അതാകെട്ട മുസ്ലിം വ്യക്തിനിയമപ്രകാരം നിയമാനുസൃതവും സാധുവുമാണെന്ന കാര്യത്തിൽ ആർക്കും ഭിന്നാഭിപ്രായവുമില്ല. ബില്ലിൽ വ്യവസ്ഥചെയ്തപോലെ മുത്തലാഖ് മൊഴിഞ്ഞവനെ മൂന്നുവർഷം വരെ ജയിലിലടക്കുന്നതുകൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല. അയാൾ ജയിലിൽനിന്ന് പുറത്തുവന്നാലും ത്വലാഖിൽ ഉറച്ചുനിൽക്കാനേ സാധ്യതയുള്ളൂ. മക്കളുടെ ജീവനാംശം നിലവിലെ നിയമപ്രകാരം തന്നെ അയാളുടെ ബാധ്യതയാണുതാനും.
അതിനിടെയാണിപ്പോൾ ബഹുഭാര്യത്വവും താൽക്കാലിക (മുത്അഃ) വിവാഹവും ചടങ്ങ് വിവാഹവും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള ഹരജികൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. മുത്തലാഖിെൻറ കാര്യത്തിലെന്നപോലെ ബി.ജെ.പിയുടെ നോമിനികൾ സമർപ്പിച്ച ഹരജികളിന്മേൽ പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ച് ഉപര്യുക്ത വിവാഹസമ്പ്രദായങ്ങളെ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചാൽ അടുത്തപടി സ്ത്രീയുടെ സ്വത്തവകാശമാവും പരിഗണിക്കേണ്ടിവരുക. ശിയാക്കളിൽ ഒരു വിഭാഗം മാത്രം കൊണ്ടുനടക്കുന്ന ആചാരമാണ് മുത്അഃ വിവാഹം. മൂന്ന് ത്വലാഖ് ചൊല്ലിയ ഭർത്താവിന് മുൻഭാര്യയെ തിരിച്ചെടുക്കാൻ നിയമപരമായ വിലക്കുള്ളതുകൊണ്ട് വാടക ഭർത്താവിനെ ഏർപ്പെടുത്തി ത്വലാഖ് ചൊല്ലിക്കുന്ന വഷളൻ ഏർപ്പാടിെൻറ പേരാണ് നിക്കാഹ് ഹലാല. പ്രവാചകൻതന്നെ അഭിശപ്തമായി പ്രഖ്യാപിച്ച ഇൗ ദുരാചാരത്തെ മുസ്ലിം സമുദായം അംഗീകരിക്കുന്നില്ല. ബഹുഭാര്യത്വം ചില പ്രത്യേക സാഹചര്യങ്ങളിൽ അനുപേക്ഷ്യമായി വരുന്ന ഇളവായിട്ടാണ് പ്രമുഖ പണ്ഡിതർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മറ്റെല്ലാ നിയമങ്ങളെയും പോലെ ഇതിെൻറയും ദുരുപയോഗം നടക്കുന്നുണ്ടാവും. ബഹുഭാര്യത്വം നിശ്ശേഷം നിരോധിക്കപ്പെട്ട സമുദായങ്ങളിലാണല്ലോ അത് കൂടുതലും നടക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നത്. സമഗ്രമായ ബോധവത്കരണത്തിലൂടെയും നിയമ പരിഷ്കാരങ്ങളിലൂടെയും ഇല്ലാതാക്കേണ്ട അനാചാരങ്ങളുടെ മറവിൽ മതത്തിെൻറ അവിഭാജ്യഘടകമായ വ്യക്തിനിയമങ്ങളെ നിഷ്കാസനം ചെയ്യാനുള്ള ആസൂത്രിത ശ്രമത്തെ മതനിരപേക്ഷ ജനാധിപത്യസമൂഹം തിരിച്ചറിയണം. ഒരു വശത്ത് ചൊവ്വ ദോഷം, വിധവ വിവാഹ വിലക്ക് പോലുള്ള മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ ആചാരങ്ങൾ നിർബാധം തുടരവെ അതിെൻറ നേരെ കണ്ണുചിമ്മി ന്യൂനപക്ഷ മതസമുദായത്തിെൻറ ഭരണഘടനാനുസൃതമായ അവകാശങ്ങളെപ്പോലും ധ്വംസിക്കാനുള്ള പുറപ്പാട് എന്തുമാത്രം നീതിപരമാണെന്ന് മനസ്സാക്ഷിയുള്ളവർ വിലയിരുത്തെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
