Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപെരിയ കേസ്​ സി.ബി.ഐ...

പെരിയ കേസ്​ സി.ബി.ഐ ഏറ്റെടുക്കുമ്പോൾ

text_fields
bookmark_border
പെരിയ കേസ്​ സി.ബി.ഐ ഏറ്റെടുക്കുമ്പോൾ
cancel

2019 ഫെബ്രുവരി 17ന് കാസർകോട്​ ജില്ലയിലെ പെരിയയിൽ കോൺഗ്രസ്​ പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കേസ്​ സി.ബി.ഐക്ക് വിടാനുള്ള കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ തീരുമാനം സമാധാനകാംക്ഷികളായ എല്ലാവരെയും ആഹ്ലാദിപ്പിക്കുന്നതാണ്.രാഷ്​ട്രീയ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധമാണ് വടക്കൻ മലബാറിലെ കണ്ണൂർ, കാസർകോട്​ ജില്ലകൾ. സമാധാനത്തെക്കുറിച്ചുള്ള വലിയ പ്രഭാഷണങ്ങൾ മുടങ്ങാതെ നടക്കുമെങ്കിലും കൃത്യമായ ഇടവേളകളിൽ കൊലപാതകങ്ങൾ അവിടെ സംഭവിക്കുകയാണ് പതിവ്.

യഥാർഥ കൊലയാളികൾ ശിക്ഷിക്കപ്പെടാത്തതും കൊലയാളികൾക്ക് പിന്നിൽനിന്ന് പിന്തുണ നൽകുന്നവർ നിയമത്തിെൻറ വരുതിയിൽ വരാത്തതുമാണ് രാഷ്​​ട്രീയകൊലപാതകങ്ങൾ ആവർത്തിക്കാനുള്ള പല കാരണങ്ങളിലൊന്ന്. കേന്ദ്ര ഏജൻസിയായ സി.ബി.ഐ ഏറ്റെടുക്കുന്നതോടെ, യഥാർഥ പ്രതികളെയും പിന്നിൽനിന്ന് നിയന്ത്രിച്ചവരെയും കണ്ടെത്താൻ അത് സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

പെരിയ കേസ്​ കൂടി വരുന്നതോടെ സി.ബി.ഐ ഏറ്റെടുക്കുന്ന വടക്കൻ മലബാറിൽനിന്നുള്ള നാലാമത്തെ രാഷ്​ട്രീയ കൊലപാതക കേസായി അത് മാറുകയാണ്. എൻ.ഡി.എഫ് പ്രവർത്തകനായ തലശ്ശേരിയിലെ ഫസൽ വധം, മുസ്​ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷൂക്കൂർ വധം, ബി.ജെ.പി പ്രവർത്തകനായ കതിരൂർ മനോജ് വധം എന്നിവയാണ് ഇപ്പോൾ ആ മേഖലയിൽ സി.ബി.ഐ അന്വേഷിക്കുന്ന കൊ ലപാതക കേസുകൾ.

ഈ എല്ലാ കേസുകളിലും പ്രതിസ്​ഥാനത്തുള്ളത് സി.പി.എമ്മാണ്. കേരളത്തിൽ പൊതുവെയും വടക്കൻ മലബാറിൽ സവിശേഷമായും ആ പാർട്ടി സ്വീകരിക്കുന്ന അസഹിഷ്ണുതയുടെയും അക്രമസംസ്​കാരത്തി​െൻറയും സ്വാഭാവികഫലമാണത്​. ഈ അക്രമ സംസ്​കാരം പാർട്ടിക്കുതന്നെ ഉണ്ടാക്കുന്ന രാഷ്​ട്രീയനഷ്​ടത്തെക്കുറിച്ചോ ധാർമിക/ നൈതികശോഷണത്തെക്കുറിച്ചോ അവർ അശേഷം ബോധവാന്മാരല്ല.

തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സമാധാനകാംക്ഷികളാവുക എന്നത് പൊതുവെ എല്ലാ രാഷ്​ട്രീയപാർട്ടികളും സ്വീകരിക്കുന്ന രീതിയാണ്. സി.പി.എമ്മിൽനിന്ന് പിണങ്ങിപ്പോയി സ്വന്തം പാർട്ടിയുണ്ടാക്കിയ കോഴിക്കോട് ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് സി.പി.എമ്മുകാർ വെട്ടിക്കൊല്ലുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിെൻറ കാഹളം മുഴങ്ങിയ സമയത്താണ് ഈ കൊലപാതകം നടക്കുന്നത്. കൃപേഷ്, ശരത്​ലാൽ വധം നടക്കുന്നതാവട്ടെ, രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിെൻറ ചൂടിലേക്ക് പ്രവേശിക്കുന്ന സമയത്തും. അതായത്, തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾപോലും കൊലവെറി പാർട്ടിക്കൊപ്പമുണ്ട്.

സി.പി.എമ്മിെൻറ ലോക്കൽ സെക്രട്ടറി അടക്കം ഉത്തരവാദപ്പെട്ട പ്രവർത്തകരാണ് പെരിയ ഇരട്ടക്കൊല കേസിൽ പ്രതിസ്​ഥാനത്ത് നിൽക്കുന്നത്. ൈക്രംബ്രാഞ്ചാണ് കേസ്​ അന്വേഷിക്കുന്നത്. ൈക്രംബ്രാഞ്ചിെൻറ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ ഹരജിയിലാണ് സി.ബി.ഐയെ ഏൽപിച്ചുകൊണ്ടുള്ള ഹൈകോടതി വിധി വന്നിരിക്കുന്നത്.

പ്രതികളെ സംരക്ഷിക്കുന്നതിൽ സർക്കാറിനോ പാർട്ടിക്കോ ഒരു താൽപര്യവുമില്ലെന്നാണ് സി.പി.എമ്മിെൻറ ഔദ്യോഗിക നിലപാട്. അതേസമയം, സി.ബി.ഐയെ ഏൽപിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയിൽനിന്ന് മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ മുടക്കി അണിനിരത്തി വാദിച്ചു നോക്കുകയും ചെയ്തു. കേസ്​ സി.ബി.ഐ ഏറ്റെടുക്കുന്നതിനെ സി.പി.എം ഭയക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. പൊതുഖജനാവിലെ വൻതുക മുടക്കി കൊ ലപാതക കേസിൽ പ്രതിരോധം തീർക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത് തീർച്ചയായും പാർട്ടിക്ക് വലിയ തിരിച്ചടിതന്നെയാണ്.

സി.പി.എം മാത്രമാണ് അക്രമത്തിെൻറ പാത സ്വീകരിക്കുന്നതെന്നോ ബാക്കി പാർട്ടികളെല്ലാം വലിയ സമാധാനകാംക്ഷികളാണെന്നോ പറയാനാവില്ല. പക്ഷേ, കേരളത്തിൽ നടക്കുന്ന ഏതാണ്ടെല്ലാ രാഷ്​​ട്രീയ അതിക്രമങ്ങളുടെയും ഒരു വശത്ത് സി.പി.എം ഉണ്ട്. അവർക്ക് ആധിപത്യമുള്ള സ്​ഥലങ്ങളിൽ എതിർ മുന്നണിയിൽപെട്ടവരെ മാത്രമല്ല, സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപ്പോലും പ്രവർത്തിക്കാൻ അനുവദിക്കാറില്ല എന്നതും യാഥാർഥ്യമാണ്.

സി.പി.എമ്മിെൻറ വിദ്യാർഥി വിഭാഗമായ എസ്​.എഫ്.ഐക്ക് ഭൂരിപക്ഷമുള്ള കാമ്പസുകളിൽ ഇത് കൂടുതൽ ഭീകരമായി പ്രയോഗിക്കപ്പെടുന്നുണ്ട്. അതായത്, രാഷ്​ട്രീയ അസഹിഷ്ണുത ആ പാർട്ടിയുടെ പഴയ തലമുറയിൽനിന്ന് പുതിയ തലമുറയിലേക്കും കെടാതെ കൈമാറിവരുന്നതാണ്​ അനുഭവം.

ഈ രീതി മാറ്റി, അൽപം കൂടി ജനാധിപത്യബോധവും രാഷ്​​ട്രീയസഹിഷ്ണുതയും സ്വായത്തമാക്കാനും അത് അണികളെയും നേതൃത്വത്തെയും പഠിപ്പിക്കാനും പാർട്ടി സന്നദ്ധമാകണം. സി.പി.എമ്മിന് ഇന്ത്യയിൽ അവശേഷിക്കുന്ന അപൂർവം ശക്തികേന്ദ്രങ്ങളിലൊന്നാണ് കേരളം. ജനാധിപത്യവും സഹിഷ്ണുതയുമാണ് ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്​ട്രീയ സംസ്​കാരം. അതില്ലാതെ ആർക്കും ഇവിടെ പിടിച്ചുനിൽക്കാനാവില്ല.

Show Full Article
TAGS:periya murder cbi police 
Next Story