
നിരീക്ഷണത്തിലുള്ളവർ കുറ്റവാളികളല്ല
text_fieldsവീട്ടുനിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കപ്പെട്ട കുടുംബം. പിതാവും ഒരു മകനും കൂലിപ്പണി ചെയ്താണ് അവർ കഴിഞ്ഞുപോരുന്നത്. അടച്ചിരിപ്പായതോടെ വരുമാനം പാടേ മുടങ്ങി. അടിസ്ഥാനാവശ്യമായ ഭക്ഷണമെങ്കിലും വേണമല്ലോ. അടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ എത്തിക്കാൻ അധികൃതർ ഏർപ്പാടാക്കി.
അകലം പാലിക്കലടക്കമുള്ള കോവിഡ് കാല മര്യാദകൾ പാലിച്ചുകൊണ്ടുതന്നെ അത് ചെയ്യാനാവും. എന്നാൽ, അയൽക്കാർ ഇടപെട്ട് പ്രശ്നമുണ്ടാക്കി. കടയിൽ നിന്ന് സാധനങ്ങൾ അങ്ങോട്ട് എത്തിക്കുന്നത് അവിടെനിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് രോഗംപടരാൻ ഇടയാക്കുമെന്നാണ് വാദം.
ആ വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കാൻ പാടില്ലെങ്കിൽ അവരെങ്ങനെ ജീവിക്കും? ഇതിലെ ശ്രദ്ധേയമായ കാര്യം, വീട്ടുക്വാറൻറീനിലുള്ളവർക്കാർക്കും രോഗം ഇപ്പോൾ ഇല്ല എന്നതാണ്. രോഗം സ്ഥിരീകരിച്ച ഒരാളുടെ വാഹനത്തിൽ, കുറെ ദിവസം മുമ്പ് ഇവരിലൊരാൾ രണ്ടു മണിക്കൂർ ഡ്രൈവറായി പോയിരുന്നു.
അപ്പോൾ കുടുംബം ക്വാറൻറീനിൽ കഴിയുന്നത് സമൂഹത്തിൽ രോഗം പരക്കരുതെന്ന സൂക്ഷ്മതകൊണ്ടാണ്. ആ സൂക്ഷ്മതക്ക് നന്ദികാണിക്കേണ്ട ചുമതലയെങ്കിലും സമൂഹത്തിനുണ്ട്. ക്വാറൻറീൻ സംവിധാനം ഫലപ്രദമാകുന്നത് അതിലുള്ളവർക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പുണ്ടാകുേമ്പാൾ മാത്രമാണ്.
മറിച്ചായാൽ രോഗികളുമായുള്ള സമ്പർക്കം മറച്ചുവെക്കുന്ന പ്രവണത വർധിക്കുകയും പ്രതിരോധപ്രവർത്തനങ്ങൾ അട്ടിമറിയുകയും ചെയ്യും. നിർഭാഗ്യവശാൽ രോഗികളെയും അവരുമായി വിദൂരസമ്പർക്കംപോലുമുള്ളവരെയുമെല്ലാം കുറ്റവാളികളെപ്പോലെ കാണുന്ന രീതി വളർന്നുവരുന്നുണ്ട്. ശാരീരിക അകൽച്ചക്കൊപ്പം മാനസികമായ അടുപ്പംകൂടി ഉണ്ടാകുേമ്പാഴേ മാതൃകാപരമായ രോഗപ്രതിരോധം സാധ്യമാകൂ എന്ന് അധികൃതരും ജനങ്ങളും തിരിച്ചറിയണം.
രോഗികളും ക്വാറൻറീനിലുള്ളവരും മാനസിക പിരിമുറുക്കം കൂടി അനുഭവിക്കുന്നവരാണ്. അവർക്ക് താങ്ങായി നിൽക്കുന്നതിന് പകരം അയിത്തം കൽപിക്കുേമ്പാൾ അത് വലിയ ദുരന്തത്തിലേക്ക് നയിക്കും. നിരീക്ഷണത്തിലുള്ളവരിൽ ആത്മഹത്യ പ്രവണത കാണുന്നു. കോവിഡ് ചികിത്സയിലിരിക്കെ ആശുപത്രി വിട്ടതിന് നാട്ടുകാർ വളഞ്ഞിട്ടുപിടിച്ചയാൾ ആത്മഹത്യ ചെയ്തത് കേരളത്തിലാണ്.
ചെന്നൈയിൽ 1195 മിഥുനം 8 1441 ശവ്വാൽ 30 2020 ജൂൺ 22 തിങ്കൾനിന്ന് സ്വദേശമായ ഒഡിഷയിലെത്തിയ ഒരു തൊഴിലാളിക്ക് ഗ്രാമത്തിലേക്ക് പ്രവേശനം വിലക്കിയത് അയാൾക്ക് രോഗമുള്ളതുകൊണ്ടല്ല - വെറും 'ജാഗ്രത'യുടെ പേരിൽ. ക്വാറൻറീൻ കേന്ദ്രത്തിൽ പോലും എത്താനാകാതെ അയാൾ രണ്ടുനാൾ കാട്ടിൽ കഴിഞ്ഞു. മുംബൈയിൽനിന്ന് ഒഡിഷയിലേക്ക് ആയിരത്തിലേറെ കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തിയ ഒരു കൂട്ടം തൊഴിലാളികൾക്ക് സ്വന്തം വീട്ടിലേക്ക് ചെല്ലാൻ പറ്റിയില്ല.
കലുങ്കിനുള്ളിലാണ് അവർ കഴിഞ്ഞത്. പൊതുക്വാറൻറീനിൽ നിർദിഷ്ടസമയം പൂർത്തിയാക്കിയ, രോഗിയല്ലാത്ത, ഒരാൾക്ക് ബംഗളൂരുവിനടുത്ത ഗ്രാമത്തിലെ വീട്ടിൽ പ്രവേശനം കിട്ടാതെ കാട് വീടാക്കേണ്ടിവന്നു. കഷ്ടപ്പാടിൽ അത്താണിയാകേണ്ടവർ ആട്ടിയകറ്റുേമ്പാൾ അവരെന്തു ചെയ്യണം? ജാഗ്രത വേണം. പക്ഷേ, അത് മനുഷ്യത്വമില്ലായ്മയാകരുത്.
വിദേശത്തു നിന്നെത്തിയ സ്വന്തക്കാരെ വീട്ടിലടുപ്പിക്കാൻ തയാറാകാതെ പേപ്പട്ടിയെക്കാൾ ഭയക്കേണ്ടവരായി കാണുന്ന മനസ്സ് പെട്ടെന്നുണ്ടായതല്ല. ജാഗ്രതയുടെ ആവശ്യകതയിൽ എല്ലാവരും ഊന്നിയപ്പോൾ, അതിെൻറ അതിരുകളെപ്പറ്റി പറഞ്ഞുകൊടുത്തില്ല. രോഗികളും അവരുമായി സമ്പർക്കത്തിലായവരും സമ്പർക്കക്കാരുമായി സമ്പർക്കമുള്ളവരും സമൂഹദ്രോഹികളല്ല.
അവരെല്ലാം, മറ്റുള്ളവരെപ്പോലെ, രോഗസാഹചര്യത്തിെൻറ ഇരകളാണ്. അവർക്കും അവകാശങ്ങളുണ്ട്. ക്വാറൻറീൻ സംവിധാനം നടപ്പാക്കാൻ ചുമതലപ്പെട്ടവർ ഇക്കാര്യത്തിലും ബോധവത്കരണം നടത്തണം. പലേടത്തും അയൽപക്കക്കാരും െറസിഡൻറ്സ് അസോസിയേഷനുകളും അടച്ചിരിപ്പുകാരോട് അയിത്തം പുലർത്തുന്നുണ്ട്.
ജാഗ്രതയും അയിത്തവും തമ്മിലുള്ള വേർതിരിവ് നേർത്തതാവാം. പക്ഷേ, അത് പ്രധാനമാണ്. ജാഗ്രത ആവശ്യമാണ്; അയിത്തം കുറ്റകരവും. രോഗത്തോട് പൊരുതാം; പക്ഷേ, രോഗികളോടും രോഗപ്പകർച്ച തടയാൻ അടച്ചിരിക്കുന്നവരോടും പൊരുതിക്കൂടാ. അവരെ ശാരീരികമായി തൽക്കാലത്തേക്ക് മാറ്റിനിർത്താം. എന്നാൽ, സാമൂഹികമായും മാനസികമായും ചേർത്തുനിർത്താൻകൂടി കഴിയണം.
അപ്പോൾ മാത്രമാണ് പ്രതിരോധസംവിധാനം പൂർണമാവുക. സമൂഹത്തിനുവേണ്ടി സ്വയം വീട്ടിൽ അടച്ചിരിക്കുന്നവർക്കുമേൽ അധിക്ഷേപം ചൊരിയുന്ന ശീലത്തിന് അറുതി വേണം. അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് അവർക്കെതിരെ വെറുപ്പും ഭീതിയും പടർത്തുന്നതും നിലക്കേണ്ടതുണ്ട്. നിരീക്ഷണത്തിലുള്ളവർ രോഗപ്രതിരോധത്തിെൻറ ഭാഗമാണ്-അവർ കുറ്റവാളികളല്ല.
പുറംനാടുകളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തിയവർ പങ്കുവെക്കുന്ന അനുഭവങ്ങൾ അധികൃതരുടെ കണ്ണുതുറപ്പിക്കണം. ഇരകളെ ഒറ്റപ്പെടുത്തലാണ് പ്രതിരോധം എന്ന ചിന്ത എങ്ങനെ ഉണ്ടായതാണ്? സാമൂഹിക അകൽച്ചയല്ല, ശാരീരിക അകൽച്ചയാണ് വേണ്ടതെന്ന് പറഞ്ഞുകൊടുക്കേണ്ടതാരാണ്? കോവിഡ് കാലത്തെന്നല്ല, ഒരുകാലത്തും മനുഷ്യത്വത്തിന് അവധിയില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താത്തിടത്തോളം കാലം 'കേരള മോഡലി'നെപ്പറ്റി കൊട്ടിപ്പാടുന്നതിൽ അർഥമില്ല.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ആവശ്യമായ ബോധവത്കരണം, കൗൺസലിങ്, നിയമസുരക്ഷ എന്നിവ ഉറപ്പുവരുത്തണം. നിരീക്ഷണത്തിലുള്ളവർക്ക് എപ്പോഴും ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ ലഭ്യമാക്കണം. എല്ലാറ്റിനുമുപരി, 'ജാഗ്രത'യെപ്പറ്റിയുള്ള അതിഭാഷണങ്ങൾക്കൊപ്പം മര്യാദയുടെയും സഹാനുഭൂതിയുടെയും പാഠങ്ങൾ കൂടി ചൊല്ലിക്കൊടുക്കണം. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമെതിരെ കൊറോണയെക്കാൾ വേഗത്തിൽ പരക്കുന്ന വെറുപ്പിെൻറ മനോഭാവം തിരുത്തിയില്ലെങ്കിൽ അത് മറ്റൊരു മഹാമാരിയാകും. ശരീരത്തിെൻറ രോഗം മാത്രമല്ല, സമൂഹമനസ്സിെൻറ രോഗവും യഥാസമയം ചികിത്സിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
