Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാകിസ്താനിലെ പുതിയ...

പാകിസ്താനിലെ പുതിയ ജനാധിപത്യ (നിരാസ) പരീക്ഷണം

text_fields
bookmark_border
പാകിസ്താനിലെ പുതിയ ജനാധിപത്യ (നിരാസ) പരീക്ഷണം
cancel


പാകിസ്താനിൽ ഭരണഘടന, സൈനിക നേതൃത്വം, ജുഡീഷ്യറി എന്നിവയുമായി ബന്ധപ്പെട്ടു ഈയിടെയായി കണ്ടുവരുന്ന പ്രവണതകൾ ആ രാജ്യത്ത് ജനാധിപത്യം പച്ചപിടിക്കുമെന്ന വിദൂര പ്രതീക്ഷപോലും കെടുത്തിക്കളയുന്നതാണ്. ഈ മാസം എട്ടിനു നിയമ-നീതികാര്യ മന്ത്രി ആസം നസീർ തരാർ പാർലമെന്‍റിൽ അവതരിപ്പിച്ച 27ാം ഭരണഘടന ബിൽ ദിവസങ്ങൾക്കകം, 13നു ബഹുഭൂരിപക്ഷത്തോടെ പാസായി. എതിരില്ലാത്ത 64 വോട്ടുകൾക്ക് സെനറ്റ് ബിൽ പാസാക്കിയപ്പോൾ ദേശീയ അസംബ്ലിയിൽ 234-4 ആയിരുന്നു വോട്ടു നില. ഇംറാൻ ഖാന്‍റെ തഹ്‌രീകെ ഇൻസാഫ് പാർട്ടി വോട്ടിങ് ബഹിഷ്കരിച്ചു.

പുതിയ ഭരണഘടനയിലെ രണ്ടു പ്രധാന ഭാഗങ്ങളും ജനാധിപത്യപ്രക്രിയകളെ തകിടം മറിക്കുന്നവയാണ്. ഭേദഗതിയുടെ ഒരു ഭാഗം സൈന്യത്തിന് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുമ്പോൾ ഉത്തരഭാഗം ഭരണഘടനാ ഭേദഗതികൾക്കു പ്രത്യേക കോടതി സ്ഥാപിച്ച് നിലവിലെ സുപ്രീംകോടതിയുടെ ചിറകരിയുന്നു.

അധികമൊന്നും ജനാധിപത്യം അനുഭവിക്കാൻ സാധിച്ചിട്ടില്ലാത്ത പാകിസ്താനിൽ സൈന്യമാണ് മുഖ്യവിലങ്ങുതടി. 1947ൽ രൂപവത്കൃതമായ രാജ്യത്ത് 78 വർഷത്തിനിടെ 33 വർഷവും സൈനികമേധാവികൾ നേരിട്ടുതന്നെ ഭരണം നടത്തി. 1958ൽ ഭരണം പിടിച്ചടക്കിയ ഫീൽഡ് മാർഷൽ അയ്യൂബ് ഖാൻ, പിന്നീട് സിയാഉൽഹഖ്, ഏറ്റവും ഒടുവിൽ ജനറൽ പർവേസ് മുശർറഫ്‌ എന്നിവരെല്ലാം സിവിലിയൻ ഭരണകൂടത്തെ അട്ടിമറിച്ച് ഭരിച്ചവരാണെങ്കിൽ അയ്യൂബ് ഖാൻ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികാരം വിട്ടൊഴിയേണ്ടി വന്നപ്പോൾ ഭരണം ഏൽപിക്കപ്പെട്ടാണ് യഹ് യാഖാൻ സ്ഥാനമേൽക്കുന്നത്.

നേരിട്ടുള്ള ഈ സൈനിക ഭരണങ്ങൾക്കു പുറമെ, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെയും ജനറൽമാർ പിൻസീറ്റ് ഡ്രൈവിങ്ങിലൂടെ നിയന്ത്രിച്ചതാണ് പാക് ചരിത്രം. ഒരു വേള ജനത്തിനും സൈന്യത്തിനും സ്വീകാര്യനായിരുന്ന തഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇംറാൻഖാൻ സ്വതന്ത്രമായി നിൽക്കാൻ ശ്രമിച്ചുവെങ്കിലും സൈന്യത്തിന്‍റെ അപ്രീതിക്ക് വിധേയമാവാൻ തുടങ്ങിയതോടെ 2022ൽ പുറത്തായി. രണ്ടു വർഷത്തോളമായി ജയിലിൽ കഴിയുന്ന അദ്ദേഹം അഴിമതിയാരോപണങ്ങളുൾപ്പെടെ ഒരു പറ്റം കേസുകൾ നേരിടുകയാണ്.

പാക് സൈന്യത്തിലെ പുതിയ താരമായി വന്നത് 2022ൽ നിയമിതനായ ജനറൽ ആസിം മുനീറാണ്. മുനീർ ഭരണത്തിൽ പിടിമുറുക്കാൻ താമസമുണ്ടായില്ല. അതിന്‍റെ ഏറ്റവും മുന്തിയ ഉദാഹരണമാണ് ഓപറേഷൻ സിന്ദൂർ കഴിഞ്ഞയുടൻ ആസിം മുനീറിന് യു.എസ് പ്രസിഡന്‍റ് ട്രംപ് വൈറ്റ്‌ ഹൗസിൽ നൽകിയ വിരുന്ന്. മുനീറിന്‍റെ സ്വാധീനത്തിന്‍റെ സൂചനതന്നെയാണ് പുതിയ ഭരണഘടന ഭേദഗതികളും എന്നു പറയാം. ഇന്ത്യയുമായുള്ള സംഘർഷം കഴിഞ്ഞയുടനെതന്നെ മുനീറിന് പഞ്ചനക്ഷത്ര പദവിയോടെ ഫീൽഡ് മാർഷൽ റാങ്ക് നൽകിയിരുന്നു. അയ്യൂബ് ഖാനു ശേഷം ആദ്യമായി വരുന്ന പഞ്ചനക്ഷത്ര ഫീൽഡ് മാർഷൽ.

ഭരണഘടന ഭേദഗതിയനുസരിച്ച് ഖണ്ഡിക 243ൽ വരുത്തിയ മാറ്റത്തിലൂടെ പ്രതിരോധസേനയുടെ അധിപൻ എന്ന പുതിയ തസ്തിക നിലവിൽ വരുന്നു. കര-നാവിക-വ്യോമ സേനകളുടെയെല്ലാം മേലെ കരസേനാ മേധാവിയാണ് ഈ പദവിയിലിരിക്കുക. അതിനു പുറമെ, ദേശീയ തന്ത്ര കേന്ദ്രം കമാൻഡർ എന്ന തസ്തികയും നിലവിൽ വരും. ഈ തസ്തികയിലാണ് ആണവ ആസ്തികളുടെ നിയന്ത്രണം. അതിൽ നിയമനം നടത്തുന്നത് പ്രതിരോധ മേധാവിയുടെ ഉപദേശമനുസരിച്ച് പ്രധാനമന്ത്രി നേരിട്ടായിരിക്കും. ഭേദഗതിയിലെ നിർണായക വകുപ്പ് പഞ്ചനക്ഷത്ര ഫീൽഡ് മാർഷലിനും പ്രസിന്‍റിനും ലഭിക്കുന്ന ആയുഷ്കാല കുറ്റമുക്തിയാണ്. ആജീവനാന്തം യൂനിഫോമിന് അർഹതയുള്ള ഫീൽഡ് മാർഷലിനെ ഇംപീച്ച്മെന്റിലൂടെ മാത്രമേ പുറത്താക്കാൻ പറ്റൂ.

ഭേദഗതിയുടെ മറ്റൊരു ഭാഗം പാക് സുപ്രീംകോടതിയുടെ അധികാരങ്ങൾ നിയന്ത്രിക്കുന്നതാണ്. ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ഇനിയങ്ങോട്ട് സുപ്രീംകോടതിക്കല്ല; പുതുതായി വരുന്ന ഫെഡറൽ ഭരണഘടന കോടതിക്കായിരിക്കും. അതിലെ ജഡ്ജിമാരെ നിയമിക്കുന്നതാവട്ടെ സർക്കാറും. ഈ ഭേദഗതിയോട് ജുഡീഷ്യറിയുടെ വിവിധതലങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നുകഴിഞ്ഞു. ലാഹോർ ഹൈകോടതിയിലെ ജഡ്ജി ശംസ് മഹ്മൂദ് മിർസ, സുപ്രീംകോടതി ജസ്റ്റിസുമാരായ മൻസൂർ അലി ഷാ, അത്ഹർ മിനല്ലാ എന്നിവർ രാജിവെച്ചു. ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിന് പ്രസിഡന്‍റിനു നൽകുന്ന അധികാരവും എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

ജനാധിപത്യത്തിനുള്ള അവസരങ്ങൾ ഒന്നൊന്നായി പാഴാക്കിക്കളയുമ്പോൾ രാഷ്ട്രഗാത്രത്തിന്‍റെ സന്ധിബന്ധങ്ങൾ ദുർബലമാവുമെന്ന പാഠം പാകിസ്താന്‍ നേതൃത്വങ്ങൾ തിരിച്ചറിയുന്ന മട്ടില്ല. സൈനികമേധാവികൾക്ക് കിട്ടുന്ന മേൽക്കൈ അതിന്‍റെ നയതന്ത്ര, വിദേശകാര്യതീരുമാനങ്ങളെ നിർണയിക്കുന്നതും കാണാം. സൈന്യംതന്നെ നിഴൽ ശക്തിയായി നിലനിന്ന തുർക്കിയയിൽ നിലവിലെ പ്രസിഡന്‍റ് ഉർദുഗാന്‍റെ ഘട്ടം ഘട്ടമായ ഇടപെടലുകളിലൂടെ ഇന്ന് സൈന്യം ഭരണത്തിൽനിന്നേറെ അകലെ എക്സിക്യുട്ടിവിന്റെ ആജ്ഞ കാത്തിരിക്കുന്നിടത്ത് എത്തിക്കഴിഞ്ഞു (എന്നാൽ, ജനാധിപത്യനടത്തിപ്പിൽ അദ്ദേഹം എവിടെയെത്തി എന്നതു മറ്റൊരു വിഷയം).

അതിനു സമാനമായോ ജനകീയമായ മറ്റു മാർഗങ്ങളിലൂടേയോ പാകിസ്താനിൽ അത്തരം മാറ്റങ്ങൾ ദൃശ്യമല്ല. എന്നാൽ, ഏകാധിപത്യത്തിൽ പ്രവർത്തിച്ച സൈനികഭരണങ്ങളൊന്നും ജനകീയ ഉയിർത്തെഴുന്നേൽപിലൂടെ കടപുഴകാതിരുന്നിട്ടില്ല എന്ന അനുഭവം പാകിസ്താന്‍റേതു കൂടിയാണ് എന്നു വരുമ്പോൾ ഈ പുതുനിയമങ്ങൾ പച്ചപിടിക്കുമോ, അതും എത്രനാൾ എന്നതു കണ്ടുതന്നെ അറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shehbaz SharifPakistanAsim MunirImran Khan
News Summary - Pakistan's new democratic experiment
Next Story