വരള്‍ച്ച നേരിടാന്‍ വീട്ടില്‍നിന്ന് തുടങ്ങാം
text_fieldsകൊടുംവരള്‍ച്ചയുടെ പിടിയിലേക്ക് നീങ്ങുന്നതിന്‍െറ ആശങ്കയിലാണ് കേരളം. കഴിഞ്ഞ 115 വര്‍ഷമായി അനുഭവിച്ചതിലും കൂടിയ വരള്‍ച്ചയായിരിക്കും ഇത്തവണ നേരിടേണ്ടിവരുകയെന്ന് കാലാവസ്ഥ പഠനകേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജനുവരി ഒന്നു മുതല്‍ ലഭിക്കേണ്ട വേനല്‍മഴ ഇത്തവണ ഒട്ടും കനിയാനിടയില്ളെന്നാണ് സൂചന. അതു ലഭിച്ചാല്‍പോലും വരും വേനലിലെ ജലലഭ്യതയെക്കുറിച്ച പ്രതീക്ഷയെല്ലാം വരണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു.
വെള്ളക്ഷാമം അനുഭവിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ ജനങ്ങളുടെ മുറവിളി ശക്തമായിരിക്കുന്നു.
എന്നാല്‍, ഇപ്പോള്‍തന്നെ ഡാമുകള്‍ തുറന്നുവിട്ട് ഉള്ള വെള്ളവും കനാലിലൊഴുക്കിയാല്‍ വേനല്‍ കത്തുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ എന്തുചെയ്യും എന്ന ബേജാറിലാണ് ഭരണകൂടം. കഴിഞ്ഞവര്‍ഷം 85 ശതമാനം നിറഞ്ഞുകിടന്നിരുന്ന കേരളത്തില്‍ ഏറ്റവും കൂടിയ സംഭരണശേഷിയുള്ള കല്ലട ഡാമില്‍ ഇത്തവണ 38 ശതമാനം വെള്ളമേയുള്ളൂ. കഴിഞ്ഞ വര്‍ഷംതന്നെ സംഭരണശേഷിയില്‍ പ്രകടമായ ഇടിവ് (30 ശതമാനം) കാണിച്ച രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയില്‍ ഇപ്പോള്‍ 11.5 ശതമാനം മാത്രമാണ് ജലം. മറ്റുള്ള ജലാശയങ്ങളെല്ലാം ചേര്‍ത്തുവെച്ചാലും സംസ്ഥാനത്ത് ആകെ 34.43 ശതമാനത്തിന്‍െറ കുറവുണ്ടെന്നാണ് ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്‍െറ കണക്ക്.
കാലവര്‍ഷം കഴിഞ്ഞ മഴക്കണക്കില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പിറകിലായതോടെ 2016 ഒക്ടോബറില്‍തന്നെ സംസ്ഥാനത്തെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നു. കാര്‍ഷികവായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനും കുടിവെള്ള സംഭരണത്തിനായി ഇതര ആവശ്യങ്ങള്‍ക്കുള്ള ജല ഉപഭോഗം നിയന്ത്രിക്കാനുമാണ് ഗവണ്‍മെന്‍റ് തീരുമാനം. കത്തുന്ന വേനല്‍ കുടിവെള്ളത്തെയും കൃഷിയെയും ഗുരുതരമായി ബാധിക്കുന്നത് മുന്‍നിര്‍ത്തി ആശ്വാസനടപടികള്‍ക്കായി സര്‍ക്കാര്‍ 61.13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ മുന്തിയ പരിഗണനയിലുള്ള കുടിവെള്ള വിതരണത്തിന് 34.42 കോടി രൂപ നല്‍കിയപ്പോള്‍ വിളനഷ്ടം തടയാനും കര്‍ഷകര്‍ക്ക് ഇടക്കാലാശ്വാസം എന്ന നിലയിലും 17.03 കോടി രൂപയും മുന്‍ വര്‍ഷങ്ങളിലെ പ്രളയക്കെടുതിയില്‍ കൃഷി നശിച്ചവര്‍ക്ക് 9.68 ലക്ഷം രൂപയുമാണ് നല്‍കിയത്.
കേരളത്തെ തുറിച്ചുനോക്കുന്ന വരള്‍ച്ചയെ നേരിടാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് വിവിധ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കുടിവെള്ളം സര്‍വര്‍ക്കും ലഭ്യമാക്കുന്നതിന് കാര്‍ഷികാവശ്യങ്ങള്‍ക്ക് കനാലുകളിലൂടെ ജലമൊഴുക്കുന്നത് നിയന്ത്രിക്കും. വ്യവസായാവശ്യത്തിനുള്ള ജലവിനിയോഗത്തില്‍ മുക്കാല്‍ പങ്ക് വെട്ടിക്കുറക്കാനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ശിപാര്‍ശ. സംഭരണികളിലെ ജലനിരപ്പ് പരിശോധിച്ച് ചീഫ് സെക്രട്ടറി ഇതിന് മേല്‍നോട്ടം വഹിക്കും. ജലവിനിയോഗ നിയന്ത്രണം വ്യവസായത്തെയും വിനോദസഞ്ചാരത്തെയും സാരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടിക്കാണുന്നുണ്ടെങ്കിലും മറ്റൊന്നും ചെയ്യാനാവാത്ത നിസ്സഹായതയിലാണ്.
പ്രാദേശികഭരണകൂടങ്ങള്‍, സാമൂഹികസംഘടനകള്‍, വിദ്യാലയങ്ങള്‍, ബഹുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ജലസൂക്ഷിപ്പിനും വരള്‍ച്ച നിയന്ത്രണത്തിനുമുള്ള പദ്ധതികളും ജലവിഭവ വകുപ്പിന് മുന്നിലുണ്ട്. കുളങ്ങളും തോടുകളും നവീകരിച്ചും മലിനമായ ജലാശയങ്ങള്‍ ശുദ്ധീകരിച്ചും ഉപയോഗക്ഷമമാക്കുക, കുടിവെള്ള പദ്ധതികള്‍ തീരെ ഇല്ലാത്തതോ ഭാഗികമായുള്ളതോ ആയ വാര്‍ഡുകളില്‍ ഒരു കുഴല്‍ക്കിണര്‍ വീതമെങ്കിലും അനുവദിക്കുക, 585 ചെറുകിട ജലവിതരണപദ്ധതികള്‍ പുനരുദ്ധരിക്കുക, 5505 കൈപ്പമ്പുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനസജ്ജമാക്കുക, ക്ഷാമമുള്ളയിടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമത്തെിക്കുക തുടങ്ങിയ പരിപാടികള്‍ ഗവണ്‍മെന്‍റ് ഏറ്റെടുത്തു നടത്തും.
ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ മുന്നില്‍ നിര്‍ത്തി ബോധവത്കരണ കാമ്പയിന് തുടക്കംകുറിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്.ഡി.എം.എ) തീരുമാനിച്ചിട്ടുണ്ട്. ജലത്തെ മാനിക്കുക, വരള്‍ച്ച കുറക്കുക എന്ന രണ്ടിന കാര്യപരിപാടിയാണ് അതോറിറ്റിയുടേത്.
വരള്‍ച്ച മുന്‍കൂട്ടി കണ്ട് ജലത്തിന്‍െറ അമിത ഉപഭോഗം നിയന്ത്രിക്കാനും വറുതിക്കാലത്തേക്ക് കരുതിവെക്കാനും സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സര്‍വാത്മനാ പിന്തുണച്ച് വിജയിപ്പിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ട്. മഴയിലും വേനലിലും കെടുതിയെ പഴിക്കുകയല്ലാതെ ദിവ്യവരദാനമായ വെള്ളം പാഴാക്കാതിരിക്കാനുള്ള ജലസാക്ഷരതയില്‍ മലയാളി ഏറെ പിറകിലാണ്. വൃത്തിബോധത്താലുള്ള ധാരാളിത്തം മാത്രമല്ല, വിനോദത്തിന് വീടുകളില്‍ കൃത്രിമ വെള്ളച്ചാട്ടവും വാട്ടര്‍പൂളുകളുമൊരുക്കുന്ന ആര്‍ഭാടം വരെ അവര്‍ ശീലിച്ചുകഴിഞ്ഞു.
വര്‍ഷകാലത്ത് മഴക്കുഴികളും മണ്ണിലെ സംഭരണികളുമൊരുക്കി കോരിച്ചൊരിയുന്ന വര്‍ഷപാതത്തില്‍നിന്ന് മിച്ചംപിടിക്കുന്നില്ളെന്നതോ പോകട്ടെ, വീട്ടുമുറ്റങ്ങളില്‍നിന്നും പറമ്പില്‍നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്നവരാണധികവും. വെള്ളം മിച്ചംപിടിക്കുന്നതും വറുതിക്കാലത്തെ നിയന്ത്രണവും നമുക്ക് ഒരുപോലെ അന്യമാണ്. അതിനാല്‍ അമൂല്യമായ ജലത്തിന്‍െറ സംഭരണവും നിയന്ത്രിത ഉപഭോഗവും വീട്ടില്‍നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.
ആവശ്യത്തില്‍ കൂടുതല്‍ ജലം പാഴാക്കുന്ന ടാപ്പുകളും ഷവറുകളും ഫ്ളഷ് ഒൗട്ട് ടോയ്ലറ്റുകളും നിയന്ത്രണമില്ലാതെ നിര്‍ബാധം ഉപയോഗിക്കുന്ന ശീലം വേനലില്‍ കപ്പുകളും പാത്രങ്ങളും ഉപയോഗിച്ചുള്ള നിയന്ത്രിത ജലവിനിയോഗരീതിയിലേക്ക് മാറാനാവില്ളേ? വെള്ളവും വൈദ്യുതിയും അലങ്കാരത്തിനും ആര്‍ഭാടത്തിനും ഉപയോഗിക്കുന്നത് കടുത്ത വേനലില്‍ മാറ്റിവെച്ചുകൂടേ? ഈയൊരു കരുതലോടെ ജലമെന്ന അമൂല്യ പ്രകൃതിവിഭവം കൈകാര്യം ചെയ്യാനുള്ള വിവേകമില്ളെങ്കില്‍ പ്രകൃതി നമ്മെ കൈകാര്യം ചെയ്താവും പകവീട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
