Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവിരുന്നുമേശകളിലെ...

വിരുന്നുമേശകളിലെ പ്രതിപക്ഷ ​െഎക്യം

text_fields
bookmark_border
വിരുന്നുമേശകളിലെ പ്രതിപക്ഷ ​െഎക്യം
cancel



ആഗസ്​റ്റ്​ എട്ടിന് ത​ന്‍റെ ജന്മദിനാഘോഷത്തി​ന്‍റെ ഭാഗമായി കപിൽ സിബൽ സംഘടിപ്പിച്ച അത്താഴവിരുന്ന് പ്രതിപക്ഷ ഐക്യത്തെക്കുറിച്ച ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുന്നു. കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതി വിമതരായ 'ജി 23' അംഗങ്ങളിൽ ഭൂരിഭാഗവും വിരുന്നിനെത്തി. ശരത് പവാർ, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി. രാജ, ലാലു പ്രസാദ് യാദവ്, ഡെറിക് ഒബ്രിയാൻ, ശിവസേനയുടെ സഞ്​ജയ് റാവത്ത്, ഡി.എം.കെ നേതാവ് തിരുച്ചി ശിവ തുടങ്ങിയ പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം പങ്കെടുത്ത ആഘോഷത്തിലെ പ്രധാന വിഭവം 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ 'പ്രതിപക്ഷ ഐക്യം' എങ്ങനെ യാഥാർഥ്യമാക്കും എന്ന ചർച്ചതന്നെ. കോൺഗ്രസിെൻറ പ്രാധാന്യം അംഗീകരിക്കപ്പെടുമ്പോഴും രണ്ടു 'ഗാന്ധി'കളും പ്രതിപക്ഷത്തിന് മോദിക്ക് ബദലാകാൻ അശക്തരാ​െണന്ന വിമർശനം അവിടെ ഉയർന്നുവന്നു.

മോദി സർക്കാർ ഭരണകൂട സ്ഥാപനങ്ങളെ സമ്പൂർണമായി തകർക്കുന്നുവെന്നതിൽ എല്ലാവരും യോജിക്കുന്നു. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പുകളിലും വരുന്ന പൊതു തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തേണ്ടത് ഇന്ത്യയിലെ ജനാധിപത്യ ക്രമത്തിന് അനിവാര്യമാ​െണന്നും അവർ അംഗീകരിക്കുന്നു. പക്ഷേ, ഏകോപിച്ചുള്ള രാഷ്​​ട്രീയ പ്രവർത്തനത്തെ അസാധ്യമാക്കുന്ന ആശയപരമായ വൈരുധ്യങ്ങളും പ്രാദേശിക താൽപര്യങ്ങളും അഴിക്കാനാകാത്ത കുടുക്കുകളായി അവശേഷിക്കുകയും ചെയ്യുന്നു. വിശാല പ്രതിപക്ഷത്തിന് നേതൃത്വം വഹിക്കാനുള്ള പ്രാപ്തി നെഹ്റു കുടുംബത്തിനുണ്ടോ എന്ന ആശങ്കകൾ കനക്കുന്ന സാഹചര്യത്തിൽ, മൺസൂൺ കാല സഭയിൽ പ്രതിപക്ഷം പ്രകടിപ്പിച്ച ഐക്യം സഭക്ക് പുറത്തും തുടരുന്നതിനെക്കുറിച്ച് ആലോചിക്കാനെന്ന പേരിൽ സോണിയ ഗാന്ധി നേരിട്ട് പ്രതിപക്ഷ നേതാക്കളുടെ യോഗം അടുത്തയാഴ്ച വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

പ്രതിപക്ഷ കക്ഷികൾ തമ്മിലെ സംഭാഷണങ്ങൾ ആരംഭിക്കാൻ എളുപ്പമാണ്. എന്നാൽ, അത് ഏകോപനത്തോടെ അവസാനിപ്പിക്കൽ അസാധ്യമാണ് എന്നത് ഇന്ദ്രപ്രസ്ഥത്തിലെ തമാശയാണ്. അധികാരം, സമ്പത്ത്, സംഘടന സംവിധാനങ്ങൾ എന്നിവയാലെല്ലാം അതിശക്തമായ ബി.െജ.പിയെ താൽക്കാലിക നീക്കുപോക്കുകൾകൊണ്ട് തറപറ്റിക്കുക അസാധ്യമാ​െണന്ന് പ്രതിപക്ഷത്തിന്​ അനുഭവത്തിലൂടെ അറിയാവുന്ന കാര്യമാണ്. പാർട്ടികളെയും ജനപ്രതിനിധികളെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധികാരം ഏതു വിധേനയും തുടരുക എന്നത് രാഷ്​ട്രീയ മൂല്യമായി നടപ്പാക്കുന്ന ബി.ജെ.പിയുടെ 'കഴിവി'ൽ ദുർബലരായവരാണ് ഒട്ടുമിക്ക പ്രതിപക്ഷവും. അതുകൊണ്ടുതന്നെ, രാജ്യം ഇപ്പോൾ തേടുന്നത് കേവലമായ ഭരണമാറ്റമല്ല, ഒരു രാഷ്​ട്രമെന്ന നിലയിൽ ജനാധിപത്യം, ബഹുസ്വരത, മതേതരത്വം എന്നീ മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള രാഷ്​ട്രീയ ബദലിനെയാണ്. അതിനു രാഷ്​ട്രീയ നിലപാടുകൾ അതി പ്രധാനമാണ്. അവ യഥോചിതം രൂപപ്പെടുത്തുന്നതിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിലുമുള്ള സംവിധാനവും അത്യന്താപേക്ഷിതമാണ്.

രാഷ്​ട്രീയം ഒരു ഗെയ്​മെന്ന നിലയിൽ വ്യത്യസ്തരായ കളിക്കാരെ സമർഥരായി പ്രയോജനപ്പെടുത്തുന്ന, കളിക്കളത്തിൽ തന്ത്രങ്ങൾ നിരന്തരം മാറ്റിപ്പണിയുന്ന, എതിരാളികളെ നേരിടാനുള്ള ആത്മവിശ്വാസവും ഊർജവും പ്രസരിപ്പിക്കുന്ന, കാണികൾക്കും കളിക്കാർക്കും ഒരുപോലെ ആവേശം നൽകുന്ന ക്യാപ്റ്റനുണ്ടാകണം. ദീർഘകാല വീക്ഷണവും പൂർണമായ പ്രതിബദ്ധതയും ആവശ്യപ്പെടുന്ന ആ ചുമതല നിർവഹിക്കാൻ ആളുണ്ടായാൽ മാത്രമേ ജനം വോട്ട് ചെയ്യൂ. വിഭവസമൃദ്ധമായ വിരുന്നുകൊണ്ടും എല്ലാവരും കൈകോർത്തുനിൽക്കുന്ന ഫോട്ടോ ഷൂട്ടുകൊണ്ടും പരിഹരിക്കപ്പെടുന്നതല്ല പ്രതിപക്ഷവും കോൺഗ്രസും നേരിടുന്ന ആന്തരിക പ്രതിസന്ധിയെന്ന് അംഗീകരിക്കപ്പെട്ടാൽ മാത്രമാണ്​ സോണിയ ഗാന്ധി ആഗസ്​റ്റ്​ 20ന്​ വിളിച്ചുചേർക്കുന്ന യോഗം സാർഥകമാവുക.

ബി.ജെ.പിയിതര ബദൽ രാഷ്​ട്രീയത്തെ ആശയപരമായും പ്രായോഗികമായും വികസിപ്പിക്കാനുള്ള നേതൃശേഷി കോൺഗ്രസിന് പ്രകടിപ്പിക്കാനാകാത്തതുകൊണ്ടാണ് അവരെ സൈഡിലിരുത്തി പ്രതിപക്ഷ വണ്ടി മുന്നോട്ടുകൊണ്ടുപോകാൻ മറ്റുള്ളവർ ശ്രമിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്​, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, അരുണാചൽ പ്രദേശ്, മണിപ്പൂർ, കർണാടക, അസം, ജമ്മു മേഖല, കൂടാതെ നിരവധി കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിട്ട് ഏറ്റുമുട്ടുക കോൺഗ്രസും എൻ.ഡി.എയും തമ്മിലാണെന്നത് വാസ്തവമായിരിക്കെ സംഘടനയുടെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ജനങ്ങളും പ്രതിപക്ഷ കക്ഷികളും അവരെ വിശ്വസിക്കൂ. കഠിനതരമാ​െണങ്കിലും സംഘടനയെയും രാഷ്​ട്രീയ അജണ്ടകളെയും പുനഃക്രമീകരിക്കാൻ തയാറാകാതെ കോൺഗ്രസിന് പ്രതിപക്ഷ നേതൃത്വം ദീർഘകാലത്തിൽ മുന്നോട്ടു നയിക്കാൻ കഴിയുകയില്ല.

കോൺഗ്രസ് ഇപ്പോഴും മുന്നോട്ടുപോകുന്നത് രാഹുലിൽ കേന്ദ്രീകരിച്ചാണ്. അദ്ദേഹമാകട്ടെ, വെല്ലുവിളികളെ ധീരമായി അഭിമുഖീകരിക്കാനും പാർട്ടി ചുമതലകൾ ഏറ്റെടുക്കാനും വൈമനസ്യം കാണിക്കുന്നു. ആഗസ്​റ്റ്​ 20ന് വിളിച്ചുചേർക്കുന്ന യോഗത്തിൽ സോണിയ ഗാന്ധി പ്രതിപക്ഷത്തിനും ജനങ്ങൾക്കും നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തത, കോൺഗ്രസിെൻറ ഭാവിയെക്കുറിച്ചുതന്നെയായിരിക്കും. അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാതെ കോൺഗ്രസിന് ജനങ്ങളുടെ വിശ്വാസമാർജിക്കാനാകില്ലെന്ന കപിൽ സിബലിെൻറ ഒറ്റവരിയിലുണ്ട്, കോൺഗ്രസിെൻറയും പ്രതിപക്ഷ ഐക്യത്തിെൻറയും ജാതകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhikapil sibalOpposition unitycongressbanquets2024 poll strategyRahul Gandhi
News Summary - Opposition unity at banquets
Next Story