റെഡ് റിപ്പബ്ലിക്കിന്‍റെ അന്ത്യം
text_fields2026 മാർച്ച് 31ഓടെ രാജ്യത്തെ നക്സൽ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് ഏതാനും മാസം മുമ്പാണ്. കഴിഞ്ഞദിവസം, സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു എന്ന നമ്പാല കേശവറാവു സുരക്ഷാ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശേഷം അമിത് ഷാ ആ പ്രഖ്യാപനം ആവർത്തിച്ചിരിക്കുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ നക്സൽ സ്വാധീന മേഖലയായ ഛത്തിസ്ഗഢിലെ ബസ്തറിലാണ് 26 മാവോവാദികൾക്കൊപ്പം അദ്ദേഹം കൊല്ലപ്പെട്ടത്. മാവോവാദി പ്രസ്ഥാനത്തിന്റെ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഒരു ജനറൽ സെക്രട്ടറി ‘ഏറ്റുമുട്ടലി’ൽ കൊല്ലപ്പെടുന്നത്.
2018 മുതൽ പ്രസ്ഥാനത്തിന്റെ അമരത്തുള്ള, നിരവധി ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ, ഭരണകൂടം കോടികൾ ഇനാം പ്രഖ്യാപിച്ച നേതാവായിരുന്നു ബസവരാജു എന്ന 70 കാരൻ. 1980കളിൽ റാഡിക്കൽ സ്റ്റുഡൻസ് യൂനിയനിലൂടെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയ ഗോദയിലെത്തിയ അദ്ദേഹം പ്രമുഖ നേതാവ് ഗണപതിയുടെ രാജിയെ തുടർന്നാണ് സി.പി.ഐ (മാവോയിസ്റ്റ്) പ്രസ്‍ഥാനത്തിന്റെ അമരത്തെത്തിയത്. വിവിധ ഗ്രൂപ്പുകളായി പ്രവർത്തിച്ചിരുന്ന സംഘങ്ങൾ 21 വർഷം മുമ്പ് ഒരൊറ്റ കുടക്കീഴിലേക്ക് ഒത്തുചേർന്നപ്പോഴാണ് സി.പി.ഐ (മാവോയിസ്റ്റ്) എന്ന സംഘടന സാങ്കേതികാർഥത്തിൽ യാഥാർഥ്യമാകുന്നത്. പ്രസ്തുത സംഘത്തിന്റെ തലമുതിർന്ന നേതാവാണിപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുകൂടിയായിരിക്കാം, മാവോയിസ്റ്റ് ഉന്മൂലനം ശപഥം ചെയ്ത ആഭ്യന്തരമന്ത്രി തന്നെ ബസവരാജുവിന്റെ മരണം പുറംലോകത്തെ അറിയിച്ചത്.
മാവോവാദി പ്രസ്ഥാനം അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പ്രതികരിച്ചത്. ഒരർഥത്തിൽ അത് ശരിയാണ്. പ്രസ്ഥാനം നേതൃശൂന്യമായിരിക്കുന്നുവെന്ന് നേരത്തെതന്നെ റിപ്പോർട്ടുകളുണ്ട്. ഒരുവശത്ത്, വലിയൊരു കൂട്ടം നേതാക്കൾ ഇതിനകം കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടുണ്ട്; ശേഷിക്കുന്നവർ ഏതുനിമിഷവും പിടിക്കപ്പെടാവുന്ന സാഹചര്യവുമുണ്ട്. ബസവരാജുവിന്റെ മരണത്തോടെ, മുൻനിര നേതാക്കൾ ഇല്ലാതാവുകയാണ്. ആ അർഥത്തിൽ ബസവരാജു ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ മാവോവേട്ടയുടെ ചരിത്രത്തിലെ നിർണായക ഘട്ടമാണ് എന്നു കരുതണം.
2009ൽ, അന്നത്തെ യു.പി.എ സർക്കാർ തുടങ്ങിവെച്ച ഓപറേഷൻ ഗ്രീൻ ഹണ്ട് എന്ന ദൗത്യത്തിന്റെ തുടർച്ചയിലാണിപ്പോൾ മോദി ഭരണകൂടം മാവോവേട്ട കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. 2007 മാർച്ചിൽ ഛത്തിസ്ഗഢിലെ അബൂജ്മർഗിലുണ്ടായ മാവോവാദി ആക്രമണം രാജ്യത്തെതന്നെ ഞെട്ടിച്ച സംഭവമായിരുന്നു. അരലക്ഷത്തിലധികം ഹെക്ടർ വനപ്രദേശമായ അബൂജ്മർഗ് മാവോവാദികളുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്നു. അവിടെ പൊലീസ് ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തിൽ 55 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെയാണ് യു.പി.എ സർക്കാർ മാവോവാദി മേഖലകൾ കേന്ദ്രീകരിച്ചുള്ള ദൗത്യങ്ങൾ കർക്കശമാക്കിയത്.
ഒരുവേള, രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി മാവോയിസമാണെന്ന് അന്നത്തെ പ്രധാനമന്ത്രിതന്നെ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നായിരുന്നു ഓപറേഷൻ ഗ്രീൻ ഹണ്ടിന്റെ തുടക്കം. ആദ്യം മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലും പിന്നീട് ബസ്തറിലും അബൂജ്മർഗിലും റായ്പൂറിലുമെല്ലാം വലിയ മാവോവിരുദ്ധ ദൗത്യങ്ങൾ അരങ്ങേറി. നിരവധി പേർ കൊല്ലപ്പെട്ടു; ഇതിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നുവെന്നതും കാണാതിരുന്നുകൂടാ. ഓപറേഷൻ ഗ്രീൻ ഹണ്ട് മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും എതിരായ കടന്നുകയറ്റമാണെന്ന് അക്കാലത്തുതന്നെ അരുന്ധതി റോയിയെപ്പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മാവോവാദികൾ ഉയർത്തുന്ന പ്രത്യയശാസ്ത്രത്തോടുള്ള അനുഭാവത്തിനപ്പുറം, ആദിവാസി മേഖലകളിൽ ഭരണവർഗം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ അവർ തുറന്നുകാണിക്കുകയും ആവശ്യമായ പ്രതിരോധം തീർക്കുകയും ചെയ്തുവെന്നതാണ് ഈ പിന്തുണയുടെ കാരണം. അപ്പോഴും ഭരണകൂടം സന്ധിയില്ലായുദ്ധം തുടരുകതന്നെയായിരുന്നു. യു.പി.എക്കുശേഷം അധികാരത്തിൽവന്ന എൻ.ഡി.എ സർക്കാറും മാവോവേട്ട തുടർന്നു, വിശേഷിച്ചും ഛത്തിസ്ഗഢിൽ. ഇവിടെ സംസ്ഥാന ഭരണം കൂടി ബി.ജെ.പിക്ക് കൈവന്നതോടെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ എണ്ണവും വർധിച്ചുവെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2023 ഡിസംബറിലാണ് അവിടെ ബി.ജെ.പി ഭരണത്തിലേറിയത്. ആ വർഷം 56 മാവോവാദികളടക്കം 149 പേരാണ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.
തൊട്ടടുത്ത വർഷം 296 മാവോവാദികൾ ഉൾപ്പെടെ 397 പേർ. ഓപറേഷൻ ഗ്രീൻ ഹണ്ടിനുശേഷമുള്ള ഉയർന്ന മരണനിരക്കായിരുന്നു ഇത്. നടപ്പുവർഷം അഞ്ചുമാസം മാത്രം പിന്നിടുമ്പോൾ 230 നക്സലുകൾ കൊല്ലപ്പെട്ടതായി ‘സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ’ സാക്ഷ്യപ്പെടുത്തുന്നു. നിരോധിത സംഘടനയിൽ പ്രവർത്തിക്കുന്ന മാവോവാദികൾക്ക് കീഴടങ്ങാനും തുടർന്ന് മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കാനുമെല്ലാം നിലവിൽ കേന്ദ്രം സൗകര്യം ചെയ്തിട്ടുണ്ട്. അതു ഉപയോഗപ്പെടുത്തി പലരും കീഴടങ്ങിയിട്ടുമുണ്ട്. എന്നാൽ, കീഴടങ്ങാൻ സന്നദ്ധരായവർ പോലും ഇപ്പോൾ കൊല്ലപ്പെടുന്നുവെന്നാണ് സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിക്കുന്നത്. മാവോവാദികളുമായി ഭരണകൂടം ചർച്ചക്ക് തയാറാവണമെന്നും നിലവിലെ ഏറ്റുമുട്ടലുകൾ ജനാധിപത്യവിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം സി.പി.എം പോളിറ്റ് ബ്യൂറോതന്നെ പ്രസ്താവിക്കുകയുണ്ടായി. സ്വന്തം പാർട്ടി ഭരണത്തിലിരിക്കുന്ന കേരളത്തിൽ എട്ട് മാവോവാദികളെ വെടിവെച്ചുകൊന്നുവെന്ന വൈരുധ്യം നിലനിൽക്കുന്നുവെങ്കിലും, ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രസ്താവനതന്നെയാണിത്.
മാവോവാദികൾ മുന്നോട്ടുവെക്കുന്ന തീവ്ര ഇടതുപക്ഷ നിലപാടുകളോട് ശക്തമായി വിയോജിക്കുമ്പോഴും, അവർ ചേർന്നുനിൽക്കുന്ന ജനവിഭാഗങ്ങൾ കാലങ്ങളായി ഭരണകൂട വിവേചനത്തിന്റെയും അനീതിയുടെയും ഇരകളാണെന്ന കാര്യം സമ്മതിച്ചേ തീരൂ. മാത്രമല്ല, പലയിടത്തും സമാന്തര ഭരണകൂടങ്ങളായി വികസിച്ച ഇക്കൂട്ടരുമായുള്ള സംഘർഷം നൂറുകണക്കിന് നിരപരാധികളുടെ മരണത്തിൽ കലാശിച്ചതും കാണേണ്ടതാണ്. കാൽനൂറ്റാണ്ടിനിടെ അത്തരത്തിൽ നാലായിരത്തിൽ പരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ, ഏകപക്ഷീയമായ അടിച്ചമർത്തലുകളല്ല; സംവാദത്തിന്റെയും ചർച്ചയുടെയും വഴിയിൽ വിഷയം രമ്യമായി പരിഹരിക്കാനുള്ള വഴിയാണ് ഭരണകൂടം ആരായേണ്ടത്. സുസ്ഥിര ജനാധിപത്യത്തിന്റെ ശരിയായ വഴി അതാണ്; അല്ലാത്തപക്ഷം വെടിയൊച്ചകൾ തുടർന്നുകൊണ്ടേയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.