Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസേന തലപ്പത്തെ...

സേന തലപ്പത്തെ ഇളക്കിപ്രതിഷ്ഠ

text_fields
bookmark_border
സേന തലപ്പത്തെ ഇളക്കിപ്രതിഷ്ഠ
cancel

പുതിയ കരസേന മേധാവിയായി ലഫ്. ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ജനതാദള്‍ -യു എന്നിവരടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ എതിര്‍ത്തതോടെ സേനയിലെ രാഷ്ട്രീയ ഇടപെടലിനെ ചൊല്ലി വിവാദമുയര്‍ന്നിരിക്കുന്നു. സേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി, ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പി.എം. ഹാരിസ് എന്നിവരെ മറികടന്നാണ് കൂട്ടത്തില്‍ ജൂനിയറായ റാവത്തിനെ കേന്ദ്രസര്‍ക്കാര്‍ കരസേന മേധാവിയാക്കുന്നത്. മറ്റു രണ്ടുപേരും കര്‍മംകൊണ്ട് എണ്ണംപറഞ്ഞവരാണെന്നു സമ്മതിച്ചുതന്നെ ‘രാഷ്ട്രം നേരിടുന്ന പ്രത്യേകസാഹചര്യം മുന്‍നിര്‍ത്തി സംഘര്‍ഷപ്രതിരോധത്തിലും ഭീകരവിരുദ്ധ ഓപറേഷനുകളിലും പ്രാഗല്ഭ്യം തെളിയിച്ച’ കൂട്ടത്തിലെ പരമയോഗ്യനെന്ന നിലയിലാണ് റാവത്തിന്‍െറ നിയമനമെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് ബി.ജെ.പിയുടെ വാദം.

നേരത്തേ ജമ്മു-കശ്മീരില്‍ ഉറി ഭീകരാക്രമണസമയത്തും അതിനു മുമ്പ് ചൈനയുടെ അതിര്‍ത്തികടന്നുള്ള നീക്കത്തിനെതിരായും ഓപറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയത് റാവത്തിനെ അല്‍പം മുന്നില്‍ നിര്‍ത്തുന്നുവെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, സൈന്യത്തിന്‍െറ തലപ്പത്ത് കീഴ്വഴക്കങ്ങള്‍ മറികടന്നു നടക്കുന്ന നിയമനങ്ങള്‍ പ്രഫഷനല്‍ യോഗ്യതയേക്കാള്‍ രാഷ്ട്രീയചായ്വുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും പരിഗണനയോ മുന്‍ഗണനയോ ലഭിക്കുന്ന സ്ഥിതിവിശേഷം ഉളവാക്കുമെന്നും ഇത് സൈന്യത്തിന്‍െറ മനോവീര്യത്തെയും കര്‍മശേഷിയെയും ബാധിക്കുമെന്നുമാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍െറ നാട്ടുകാരനാണെന്ന ‘വിശ്വാസ്യത’യും പ്രതിരോധമന്ത്രി അടക്കമുള്ള ഭരണകേന്ദ്രങ്ങളുമായുള്ള അടുപ്പവുമാണ് റാവത്തിന് നറുക്കുവീഴാന്‍ കാരണമെന്നും സൈനികവൃത്തങ്ങള്‍ അടക്കംപറയുന്നുണ്ട്. അതേസമയം, ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള ലഫ്. ജനറല്‍ പി.എം. ഹാരിസിനെ തഴയാന്‍ കണ്ടുപിടിച്ച ഉപായമാണിതെന്ന ആരോപണവുമുണ്ട്. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ സൈനികതലപ്പത്ത് പുതുതായി കൊണ്ടുവരുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയില്‍ ലഫ്. ജനറല്‍ ബക്ഷിയെ കുടിയിരുത്തുമെന്നും അതിനാല്‍ സൈനികതലപ്പത്ത് ഒരു മുസ്ലിം മേധാവി നിയമിക്കപ്പെടാതിരിക്കാനുള്ള വിരുതാണ് കേന്ദ്രം കാണിച്ചതെന്നും മൂന്നു പേരുടെയും കൂടെ പ്രവര്‍ത്തിച്ച, സിറിയ, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യന്‍ സമാധാനസേനയുടെ തലവനായി 2015ല്‍ വിരമിച്ച ലഫ്. ജനറല്‍ ഐക് സിന്‍ഘ കഴിഞ്ഞ ദിവസം എഴുതിയിരുന്നു.  

സേന മേധാവികളെ തെരഞ്ഞെടുക്കാന്‍ കേന്ദ്രഗവണ്‍മെന്‍റിനു തന്നെയാണ് അധികാരം. എന്നാല്‍, സുതാര്യതയില്ലാതെ കീഴ്വഴക്കങ്ങള്‍ തെറ്റിക്കുന്നത് സര്‍ക്കാറും രാഷ്ട്രീയനേതൃത്വവുമൊക്കെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കാറുള്ള സൈന്യത്തിന്‍െറ മനോവീര്യത്തെ ബാധിക്കുമെന്ന വിലയിരുത്തലില്‍ കഴമ്പുണ്ട്. സൈന്യത്തില്‍നിന്നു അടുത്തൂണ്‍ പറ്റിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുറന്നും സര്‍വിസില്‍ തുടരുന്നവര്‍ തന്നെ മറക്കുപിന്നില്‍ പേരു വെളിപ്പെടുത്താതെയും മാധ്യമങ്ങളോട് ഇത് വ്യക്തമാക്കിക്കഴിഞ്ഞു. മുമ്പ് ഇന്ദിരഗാന്ധി സ്വന്തക്കാരെ പ്രതിഷ്ഠിക്കാന്‍ രണ്ടു തവണ പതിവുവിട്ട നീക്കം നടത്തിയിയിരുന്നു. 1972ല്‍ സീനിയറായിരുന്ന ലഫ്. ജനറല്‍ പി.എസ്. ഭഗത്തിനെ ഒഴിവാക്കി ജൂനിയറായ ലഫ്. ജനറല്‍ ജി.ജി ബേവൂരിനെ നിയമിച്ചു ഇന്ദിര. പിന്നീട് 1983ല്‍ ഏറെ സീനിയറായിരുന്ന ലഫ്. ജനറല്‍ എസ്.കെ. സിന്‍ഹയെ തഴഞ്ഞ് ജനറല്‍ എ.എസ്. വൈദ്യയെ കരസേന മേധാവിയാക്കി.

തൊട്ടടുത്ത വര്‍ഷം പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കേന്ദ്രം നടത്തിയ ബ്ളൂസ്റ്റാര്‍ ഓപറേഷനും തുടര്‍സംഭവവികാസങ്ങളും വൈദ്യയുടെ കൂടി ‘പാളിച്ച’യായി പ്രതിരോധവൃത്തങ്ങള്‍ ഇന്നും കരുതിപ്പോരുന്നുണ്ട്. ഇന്ദിരയുടെയും അടിയന്തരാവസ്ഥയുടെയും വഴി പിന്തുടരുകയാണ് സേന മേധാവിയുടെ നിയമനത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നതെന്ന ജനതാദള്‍ -യു ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി കുറ്റപ്പെടുത്തിയത് ഇതോര്‍ത്താണ്. സിന്‍ഹയെ തഴഞ്ഞ വൈദ്യയെ സേന തലപ്പത്ത് പ്രതിഷ്ഠിച്ച ഇന്ദിരഗാന്ധി സുപ്രീംകോടതിയില്‍ ജസ്റ്റിസ് എം. ഹിദായത്തുല്ലയെ മറികടന്ന് ജസ്റ്റിസ് എ.എന്‍. റായിയെ ചീഫ് ജസ്റ്റിസ് ആക്കിയിരുന്നു. മോദി ഇന്ദിരയുടെ വഴിയിലാണെന്നും അദ്ദേഹത്തിന്‍െറ ചില തീരുമാനങ്ങള്‍ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണെന്നുമാണ് ത്യാഗിയുടെ പക്ഷം.   

ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കുഞ്ചികസ്ഥാനങ്ങളില്‍ അവര്‍ക്കു ബോധിച്ചവരെ കുടിയിരുത്താന്‍ ശ്രമിക്കുക സ്വാഭാവികം. എന്നാല്‍, അവിടെയും കീഴ്വഴക്കങ്ങള്‍ അട്ടിമറിക്കാതെ സൂക്ഷിക്കുന്നത് ഭരണസംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പും രാജ്യക്ഷേമ താല്‍പര്യവും താളംതെറ്റാതെ കാക്കാനാണ്. സ്വേച്ഛാപ്രമത്തരായ ഭരണാധികാരികള്‍ മാനദണ്ഡങ്ങളും മാനമര്യാദയും നോക്കാതെ നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ സ്റ്റേറ്റിനാണ് ഇളക്കം തട്ടിക്കുക. പുതിയ നിയമനത്തിന്‍െറ ചുവടുപിടിച്ച് ഇതൊരു കീഴ്വഴക്കമാകുമെന്നു മുന്‍കൂട്ടി കണ്ട് രാഷ്ട്രീയ നേതൃത്വത്തെ തൃപ്തിപ്പെടുത്താനും സേവ പിടിക്കാനുമുള്ള തത്രപ്പാട്് സൈന്യത്തില്‍ തലപൊക്കിയാല്‍ ദുരന്തം രാജ്യത്തിനായിരിക്കും. അതിനാല്‍, സൈനികരുടെ അതിക്രമങ്ങള്‍ക്കെതിരായ വിമര്‍ശനം പോലും അവരുടെ ‘മനോവീര്യം’ പറഞ്ഞ് അമര്‍ത്തിവെക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ തന്നെ സൈന്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തെ വാചകക്കസര്‍ത്തു കൊണ്ടല്ല, പ്രയോഗത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - new indian army chief posting
Next Story