കടലിനും ചെകുത്താനും ഇടയിൽ നെറ്റിസൺസ്
text_fieldsപൊതു ഇടമെന്ന നിലക്ക് സമൂഹമാധ്യമങ്ങൾ പ്രായ, ലിംഗ, ദേശഭേദമില്ലാതെ എല്ലാതരം മനുഷ്യരുടെയും സമസ്ത മേഖലകളെയും നിർ ണയിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിത്വ പ്രകാശനം മുതൽ രാഷ്ട്രീയ വിമോചനം വരെയുള്ള വൈവിധ്യ പ്രവർത്തനങ്ങളുടെ രംഗ വേദിയാണത്. സദാചാര ഒളിഞ്ഞുനോട്ടം മുതൽ സൈബർ കുറ്റകൃത്യങ്ങളടക്കമുള്ള അപഥസഞ്ചാരങ്ങളുടെ വിഹാരഭൂമികൂടിയാണത്. സങ ്കീർണത നിറഞ്ഞ ഈ ‘അഭൗമ’ ലോകത്തിലെ അപകടകരമായ ഇടപാടുകളെ നിയന്ത്രിക്കാനും ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിക്കാനും നിലവിലുള്ള നിയമങ്ങൾ മതിയാകുന്നില്ലെന്ന് നിരീക്ഷിച്ചിരിക്കുകയാണ് രാജ്യത്തെ പരമോന്നത കോടതി.
സൈബർ കുറ്റകൃ ത്യങ്ങളുടെയും വ്യാജ വാർത്തകളുടെയും ഉറവിടങ്ങൾ പിടികൂടാൻ അടിയന്തര നടപടി ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ െബഞ്ച് ദുരുപയോഗം തടയാൻ സമൂഹമാധ്യമങ്ങൾക്ക് മാർഗനിർദേശം നൽകണമെന്ന് കേന്ദ ്രസർക്കാറിനോട് നിർദേശിക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്തിെൻറ പരമാധികാരം, ഓൺലൈനിലെ സ്വകാര്യത തുടങ്ങിയ വിഷ യത്തിൽ സന്തുലിത കാഴ്ചപ്പാടുകൾ പാലിക്കാൻ ആവശ്യപ്പെടുന്ന നിർദേശത്തിൽ രാജ്യത്തെക്കുറിച്ചാണ്, ഇൻറർനെറ്റിനെക്ക ുറിച്ചല്ല ആവലാതി വേണ്ടതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട് കോടതി.
സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈകോടതികളുടെ മുന്നിലുള്ള ഹരജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫേസ്ബുക്കിെൻറ ഹരജി പരിഗണിച്ചുള്ള വാദം നടന്നുകൊണ്ടിരിക്കെയാണ് കേന്ദ്രത്തോട് പുതിയ മാർഗനിർദേശങ്ങളുണ്ടാക്കാൻ പരമോന്നത കോടതിയുടെ ആവശ്യം. വ്യക്തികളെ തിരിച്ചറിഞ്ഞ് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിേക്കണ്ടത് അനിവാര്യമാെണന്നാണ് വിവിധ സംസ്ഥാനങ്ങളുടെ നിലപാട്.
ഭീകരത ചെറുക്കാനും അപകടകരമായ ഗെയിമുകൾ തടയാനും ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമാെണന്ന വാദം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നേരേത്ത ഹരജി പരിഗണിച്ചപ്പോൾ സുപ്രീംകോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് എ.ജിയുടെ നിലപാടെന്ന വാദമാണ് ഫേസ്ബുക്കും വാട്സ്ആപ്പും ഉയർത്തുന്നത്. സ്വകാര്യതയുടെ പക്ഷത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോം ദാതാക്കളും, നിയന്ത്രണത്തിെൻറയും പൗരവിവര ചോർത്തലിെൻറയും പക്ഷത്ത് ജനാധിപത്യ സർക്കാറുകളും നിൽക്കുന്ന വിചിത്ര കാഴ്ചയാണ് ഈ കേസിൽ നിലനിൽക്കുന്നത്.
ഗുണദോഷ സമ്മിശ്രമാണ് നവമാധ്യമങ്ങളുടെ ‘ഇ-ലോകം’. സ്ഥാപിത സാമൂഹികക്രമത്തെ അട്ടിമറിച്ച് പുതിയ ലോകം സൃഷ്ടിക്കാനുള്ള ശക്തി നവമാധ്യമങ്ങൾക്കുെണ്ടന്ന് അറബ്വസന്തവും ഗ്രെറ്റയുടെ ആക്ടിവിസവും നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്നു. ഭരണകൂടത്തിെൻറ ഇരുമ്പുമറകളെ തുളച്ച് വിമതശബ്ദങ്ങളുടെ ഉച്ചഭാഷിണിയാകാൻ സമൂഹമാധ്യമങ്ങൾ മാർഗമായതോടെയാണല്ലോ ലോകക്രമം യൗവനം വീണ്ടെടുക്കാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ വിവിധ രൂപത്തിൽ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും വരുതിയിലാക്കാനും ഭരണകൂടങ്ങൾ അങ്ങേയറ്റം പണിയെടുക്കുന്നു. വ്യക്തികളുടെ മൗലികാവകാശങ്ങളെ അപഹരിച്ചുകൊണ്ട് ‘നിരീക്ഷണ രാഷ്ട്രമാകാൻ’ ഏകാധിപത്യ രാജ്യങ്ങളെപ്പോലെ ഇന്ത്യയും ആഗ്രഹിക്കുന്നുവെന്നതാണ് വസ്തുത.
അടിയന്തര സാഹചര്യങ്ങളിൽ ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ ആപ്പുകൾ പ്രവർത്തനരഹിതമാക്കാനുള്ള വഴികൾ നിർദേശിക്കാൻ ടെലികോം ഒാപറേറ്റർമാരോടും ഇൻറർനെറ്റ് സേവനദാതാക്കളോടും കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രാലയം കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. നിയമപരമായി പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും വിവരങ്ങൾ ശേഖരിക്കാനുമുള്ള കേന്ദ്ര സർക്കാർ ശ്രമത്തെ സ്വകാര്യത മൗലികാവകാശമാെണന്ന സുപ്രധാനവിധിയിലൂടെ സുപ്രീംകോടതിയാണ് തടയിട്ടത്. പുതിയ പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ അഭീഷ്ടത്തോടെ അവ പുനരാരംഭിക്കാനുള്ള സുവർണാവസരമാണ് കേന്ദ്ര സർക്കാറിന് ലഭിച്ചിരിക്കുന്നത്.
അതേസമയം, നവമാധ്യമങ്ങൾ പ്രസരിപ്പിക്കുന്ന ദോഷങ്ങളും കാണാതിരിക്കാനാകില്ല. വർഗീയതയുടെയും വിദ്വേഷപ്രചാരണത്തിെൻറയും രാഷ്ട്രീയ ഉപകരണങ്ങളാണ് സമൂഹമാധ്യമങ്ങൾ. മനോവൈകൃതമുള്ള മനുഷ്യരുടെ വ്യക്തിഹത്യ പ്രചാരണങ്ങളിലൂടെ ജീവിതം ഇല്ലാതായവരുടെ യുദ്ധഭൂമിയാണത്. വ്യക്തിഗത വിവരങ്ങളുടെ വിപുലമായ ശേഖരങ്ങൾ ഉപയോഗപ്പെടുത്തി കമ്പ്യൂട്ടർ ആൽഗരിതങ്ങളുടെ സഹായത്തോടെ കോർപറേറ്റ് കമ്പനികളും രാഷ്ട്രീയ പാർട്ടികളും സൈബർ കുറ്റവാളികളും ദിനംപ്രതി ഒാരോ നെറ്റിസണിെൻറയും മനോഘടനകളെ പുനർനിർമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന അതിഭീമന്മാരുടെ നിലപാടുകൾ അവർക്കൊപ്പവുമാണ്.
ഫേസ്ബുക്കിെൻറ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിശദമായി പഠിച്ച പരഞ്ജോയ് ഗുഹ ഠാകുർത്ത പറയുന്നത് സംഘ്പരിവാർ രാഷ്ട്രീയത്തെ പിന്തുണക്കുന്നതിൽ അവർ അമിതമായ താൽപര്യം കാണിക്കുന്നുണ്ട് എന്നാണ്. സുപ്രീംകോടതി ആവശ്യപ്പെടുന്ന മാർഗനിർദേശങ്ങൾക്ക് സമൂഹമാധ്യമങ്ങളുടെ ജന്മസിദ്ധവും അല്ലാത്തതുമായ ഇത്തരം ദൂഷ്യങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. സമൂഹമാധ്യമങ്ങളുടെ വിഷയത്തിൽ കടലിനും ചെകുത്താനുമിടയിലാണ് ജനസഞ്ചയം. ജാഗ്രത കൈമോശംവരുന്ന ആ നിമിഷത്തിൽ സ്വകാര്യതയുടെ എല്ലാ വിവരങ്ങളും കൊള്ളയടിക്കാൻ പൗരസംരക്ഷകരാകേണ്ട ഭരണകൂടവും ഡിജിറ്റൽ പ്ലാറ്റ്ഫോം ദാതാക്കളും ഒരുപോലെ ഊഴമിട്ടിരിക്കുന്നുവെന്ന ദുർവിധിക്കു പര്യവസാനമുണ്ടാക്കുക കോടതിക്ക് അത്ര എളുപ്പമായിരിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
