Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനെതന്യാഹുവിന്‍റെ...

നെതന്യാഹുവിന്‍റെ രക്തദാഹം, ട്രംപിന്‍റെ ഒളിച്ചുകളി

text_fields
bookmark_border
Benjamin Netanyahu, Donald Trump
cancel


അറുപത് ദിവസത്തേക്ക് വെടിനിർത്താനും പകരം പത്ത് ബന്ദികളെ ഹമാസ് വിട്ടയക്കാനുമുള്ള അമേരിക്കയുടെ നിർദേശം ഹമാസ് അംഗീകരിച്ചതായി കഴിഞ്ഞദിവസം ദോഹയിൽനിന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ വ്യവസ്ഥകൾ പാലിക്കപ്പെടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉറപ്പുനൽകിയെന്നും അതുപ്രകാരം ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പിൻവാങ്ങുമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അൽ ജസീറ വെളിപ്പെടുത്തുന്നു. മാനുഷിക സഹായം ഉപാധികളില്ലാതെ ഗസ്സയിലേക്ക് നിത്യേന കടത്തിവിടുമെന്നുമുണ്ട് ഉഭയകക്ഷി കരാറിൽ.

എന്നാൽ, പശ്ചിമേഷ്യയിലേക്ക് നിയുക്തനായ ട്രംപിന്റെ ദൂതൻ വിറ്റ്കോഫ്, തന്റെ നിർദേശം ഹമാസ് സ്ഥിരീകരിച്ചതായുള്ള ഈ വാർത്ത നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. ‘തീർത്തും അസ്വീകാര്യം’ എന്നാണ് റോയി​ട്ടേഴ്സിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഒരു താൽക്കാലിക വെടിനിർത്തൽ കരാർ മാത്രമാണ് അമേരിക്കയുടെ പരിഗണനയിലുള്ളതെന്നാണ് യു.എൻ ഔദ്യോഗിക വക്താവി​നെ ഉദ്ധരിച്ച് വാഷിങ്ടണിൽനിന്നുള്ള റിപ്പോർട്ട്. സ്ഥിരമായ വെടിനിർത്തൽ നിർദേശം നിശ്ശേഷം തള്ളിക്കളഞ്ഞ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഫലസ്തീൻ ഗ്രൂപ്പിനെതിരെ പൂർണ വിജയം വരെ യുദ്ധം തുടരുമെന്ന് തന്നെയാണ് ആ​ക്രോശിച്ചിരിക്കുന്നത്. ഇസ്രായേൽ ബന്ദികളുടെ പൂർണ മോചനം, ഹമാസിന്റെ നി​സ്സൈനീകരണം, സൈനിക-രാഷ്ട്രീയ നേതാക്കളുടെ നാടുകടത്തൽ എന്നീ നടപടികൾക്കൊടുവിൽ ഗസ്സയിൽ ട്രംപിന്റെ പദ്ധതി നടപ്പാക്കൽ കൂടി അടങ്ങുന്നതാണ് നെതന്യാഹുവിന്റെ ‘സമ്പൂർണ വിജയം.’

അധികാരമേറ്റശേഷം ഒട്ടും സമയം കളയാതെ സൗദി അറേബ്യയും ഖത്തറും യു.എ.ഇയും സന്ദർശിച്ച് ആ രാജ്യങ്ങളുടെ തലവന്മാരുമായി സംവദിച്ചും റിയാദ് ഉച്ചകോടിയിൽ പ​ങ്കെടുത്തും ഇസ്രായേലിനെ സന്ദർശനത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്യുകവഴി ലോക​ശ്രദ്ധ നേടിയ ട്രംപിനോട്, ഗസ്സയിലെ യുദ്ധം നിർത്തി മാനുഷികസഹായം പുനരാരംഭിച്ച്, ഫലസ്തീൻ രാഷ്ട്രപദവി വകവെച്ചുകൊടുക്കുന്നതുവരെ ഇസ്രായേലുമായി സമാധാനസന്ധി ഒപ്പിടാനോ ആ രാജ്യവുമായി ബന്ധങ്ങൾ സാധാരണനിലയിലാക്കാനോ സാധ്യമല്ലെന്ന് അറബ് രാഷ്ട്രത്തലവന്മാർ വ്യക്തമാക്കിയിരുന്നതാണ്. ഒരു സൗമനസ്യമെന്ന നിലയിൽ അമേരിക്കൻ ബന്ദിയെ ഹമാസ് മോചിപ്പിക്കുകയും ചെയ്തിരുന്നതാണ്. അപ്പോഴൊന്നും മൂർത്തവും അസന്ദിഗ്ധവുമായ ഒരുറപ്പ് നൽകാൻ അമേരിക്കൻ പ്രസിഡന്റ് തയാറായില്ല. സയണിസ്റ്റ് രാഷ്ട്രമാവട്ടെ ഗസ്സ മനുഷ്യമുക്തമാക്കാനുള്ള അതിഭീകര നടപടികളുമായി നിരന്തരം മുന്നോട്ടുപോവുകയും ചെയ്യുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53977 നിരപരാധികളെ ജൂതപ്പട കൊന്നൊടുക്കുകയും 122966 പേരെ പരിക്കേൽപിക്കുകയും ചെയ്തതായാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. ബോംബ് വർഷത്തിൽ തകർക്കപ്പെട്ട ഭവനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കടകൾ മുതലായവയിൽ കുന്നുകൂടിയ മൃതശരീരങ്ങളുടെ സംഖ്യ കൂടി ചേർക്കുമ്പോൾ ജീവഹാനി ഒന്നരലക്ഷത്തിൽ കവിയും. 70000 കുട്ടികൾ അന്നം കിട്ടാതെ മരണവക്കിലാണ്. ചികിത്സിക്കുന്ന വനിതാ ഡോക്ടറുടെ 10 കുട്ടികളിൽ ഒമ്പതിനെയും ജൂതപ്പട കശാപ്പ് ചെയ്തതാണ് ഒടുവിലത്തെ ദൃശ്യം. ഗസ്സയിലെ കൃഷിഭൂമിയുടെ അഞ്ചു ശതമാനം മാത്രമേ കാർഷികയോഗ്യമായി അവശേഷിക്കുന്നുള്ളൂ എന്നാണ് എഫ്.എ.ഒയുടെ കണക്ക്. 77.8 ശതമാനം ഭൂമിയിലേക്ക് എത്തിനോക്കാൻ പോലും കർഷകർക്ക് സാധ്യമല്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഉപയോഗശൂന്യമായ ജലസ്രോതസ്സുകൾ 82.5 ശതമാനം വരും. കുടിക്കാൻ വെള്ളമോ കഴിക്കാൻ ആഹാരമോ ചികിത്സിക്കാൻ മരുന്നോ ഇല്ലാതെ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്ന പിഞ്ചോമനകളുടെ അതിദയനീയമായ ദൃശ്യങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു സമൂഹ മാധ്യമങ്ങൾ.

മനുഷ്യ ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ സയണിസ്റ്റ് കൊടും ഭീകരതക്കുമുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പരിഷ്‍കൃത ലോകം. ഇസ്രായേലിന്റെ രക്ഷാധികാരികളായി അമേരിക്കയോടൊപ്പം നിലയുറപ്പിച്ചുവന്ന കാനഡ, ബ്രിട്ടൻ, ജർമനി പോലുള്ള രാജ്യങ്ങൾക്കുപോലും തോന്നിത്തുടങ്ങിയിരിക്കുന്നു, ഈ മനുഷ്യവേട്ടക്ക് വിരാമമിടാൻ സമയമായിരിക്കുന്നു എന്ന്. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധങ്ങൾ നിർത്തിവെക്കുമെന്ന് ആ രാജ്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫലസ്തീൻ കൂടി അംഗമായ അറബ് ലീഗ്, ഒ.ഐ.സി പോലുള്ള കൂട്ടായ്മകളി​ലെ പ്രമുഖ രാജ്യങ്ങളിൽ വ്യാപാര ഉടമ്പടികൾക്കായി സന്ദർശനം നടത്തുകയും നടേ സൂചിപ്പിച്ചപോലെ ഊഷ്മളമായ ഉച്ചകോടിയിൽ പ​ങ്കെടുത്ത് ജയഭേരി മുഴക്കുകയും ചെയ്ത ട്രംപ് സ്വന്തം രാജ്യത്ത് ഫലസ്തീന് ധാർമിക പിന്തുണ പ്രഖ്യാപിച്ചവരെ വേട്ടയാടി നാടുകടത്തുകയോ ജയിലിലടക്കുകയോ ചെയ്യുന്ന തിരക്കിലാണ്.

യു.എൻ നിയന്ത്രണത്തിൽ ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാമെന്ന് ഹമാസ് സമ്മതിച്ചിട്ടുപോലും അത് നടപ്പിലാക്കാൻ യാങ്കിത്തലവൻ സന്നദ്ധനല്ല. ഫലസ്തീൻ വിമോചന പോരാട്ട സംഘങ്ങളെ മാത്രമല്ല ആ ജനതയെത്തന്നെ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കാനാണ് യു.എസ്-ഇസ്രായേൽ പദ്ധതിയെന്ന് സംശയിക്കാൻ സർവ സാഹചര്യങ്ങളുമുണ്ട്. ഗർഹണീയമായ ആ നീക്കത്തെപ്പോലും പിന്തുണക്കുകയോ അതിന്റെ നേരെ നിസ്സംഗത പുലർത്തുകയോ ആണ് ലോകത്തിന്റെ പൊതുസമീപനമെങ്കിൽ കരുണാവാരിധിയും നീതിമാനുമായ ദൈവത്തിന്റെ ഇടപെടലിനുവേണ്ടി പ്രാർഥിക്കുകയേ നിർവാഹമുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gaza attackDonald TrumpBenjamin Netanyahu
News Summary - Netanyahu's bloodlust, Trump's cover-up
Next Story