Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭരണത്തുടർച്ചയുടെ...

ഭരണത്തുടർച്ചയുടെ നാനാർഥങ്ങൾ

text_fields
bookmark_border
ഭരണത്തുടർച്ചയുടെ നാനാർഥങ്ങൾ
cancel


ബിഹാറിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കവച്ചുവെക്കുന്നതാണ് എൻ.ഡി.എയുടെ വിജയം; വർധിത ഭൂരിപക്ഷത്തോടെ നിതീഷ് കുമാർ ഒരിക്കൽകൂടി മുഖ്യമന്ത്രിപദത്തിൽ വരുമ്പോൾ അത് എല്ലാ അർഥത്തിലും പുതിയൊരു ചരിത്രത്തിന്റെ കൂടി തുടക്കമാകും. ഡസനിലധികം ഏജൻസികൾ നടത്തിയ തെരഞ്ഞെടുപ്പാനന്തര സർവേകളിലെല്ലാം എൻ.ഡി.എക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. എന്നാൽ, മുന്നണിക്ക് പരമാവധി 165 സീറ്റേ പ്രതീക്ഷിച്ചിരുന്നുള്ളൂ. അതിൽതന്നെ നിതീഷി​ന്റെ ജെ.ഡി.യുവിനെ അരികിലാക്കി ബി.ജെ.പി മുന്നണിയിലും നിയമസഭയിലും അപ്രമാദിത്വം സ്ഥാപിക്കുമെന്നും നിരീക്ഷിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടങ്ങളിലെ നിതീഷിന്റെ പ്രകടനവും അത്തരമൊരു വിലയിരുത്തലിന് കാരണമായി.

അഥവാ, എൻ.ഡി.എ അധികാരത്തിൽ തുടരു​മ്പോഴും ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് അപ്രസക്തനാകുംവിധമൊരു തന്ത്രമൊരുക്കിയ ബി.ജെ.പിയുടെ വിജയമാണ് എക്സിറ്റ് പോളുകളിൽ പ്രതിഫലിച്ചത്. അതോടൊപ്പം, ഇൻഡ്യ മുന്നണിയിലെ മുഖ്യകക്ഷിയായ ആർ.ജെ.ഡി തേജസ്വി യാദവിന്റെ പ്രഭാവത്തിൽ സഭയിലെ രണ്ടാം കക്ഷിയാകാനുള്ള സാധ്യതയും സർവേ ഫലങ്ങൾ സൂചിപ്പിച്ചു. എന്നാൽ, സംഭവിച്ചത് ഇതുരണ്ടുമല്ല. മുൻ തെരഞ്ഞെടുപ്പിനെക്കാൾ 80ലധികം സീറ്റുകൾ അധികമായി എൻ.ഡി.എ നേടിയപ്പോൾ ജെ.ഡി.യു നിർണായക ശക്തിയായി തുടരുകതന്നെയാണ്; 2020ൽ ലഭിച്ചതിന്റെ ഇരട്ടിയിലധികം സീറ്റുകൾ നേടി കക്ഷിനിലയിൽ ബി.ജെ.പിക്ക് പിന്നിൽ രണ്ടാമതായി ജെ.ഡി.യു നിലയുറപ്പിക്കുമ്പോൾ തെരഞ്ഞെടുപ്പ് വിശാരദന്മാർ പ്രവചിച്ചതുപോലെ നിതീഷ് അപ്രസക്തനാവുകയല്ല; ബിഹാറിനപ്പുറം ദേശീയ രാഷ്ട്രീയത്തിൽകൂടി ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. മറുവശത്ത്, സാമാന്യം ഭേദപ്പെട്ട രീതിയിൽ പ്രചാരണം സംഘടിപ്പിച്ചിട്ടും ആർ.ജെ.ഡിയും കോൺഗ്രസുമുൾപ്പെ​ടുന്ന ഇൻഡ്യ സഖ്യം വൻ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരിക്കുന്നു.

വോട്ടർ പട്ടിക പ്രത്യേക തീവ്രപരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) രാജ്യത്തെ ആദ്യ പരീക്ഷണശാലയിലാണ് രാജ്യത്തെ ഭരണപക്ഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ജനവിധി തേടിയിരിക്കുന്നതെന്നുകൂടി പറയുമ്പോഴാണ് ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിലയിരുത്തൽ ബാലറ്റി​ന്റെ കണക്കുകൾക്കപ്പുറം സത്യസന്ധമാവുകയുള്ളൂ. ഭരണവർഗത്തിന് അധികാരത്തിൽ തുടരാനായി നിലമൊരുക്കുന്ന പ്ര​ക്രിയയാണ് എസ്.ഐ.ആർ എന്ന് തുടക്കംമുതലേ പ്രതിപക്ഷവും രാജ്യത്തെ പൗരസമൂഹവും ആശങ്ക പ്രകടിപ്പിച്ചതാണ്; ബിഹാറിൽ എസ്.ഐ.ആറിനു ശേഷമുള്ള ആദ്യ കരട് വോട്ടർപട്ടിക വന്നപ്പോൾ അത് ശരിയെന്ന് വന്നു; പിന്നീട് നീതിപീഠത്തിന്റെകൂടി ഇടപെടലിന്റെ ഫലമായി പട്ടിക പരിഷ്കരിച്ചപ്പോഴും അര കോടിയിലധികം വോട്ടർമാർക്ക് സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ടു. ഇത്തരത്തിൽ ‘നുഴഞ്ഞുകയറ്റക്കാരെ’ന്നും ‘കുടിയേറ്റക്കാ​രെ’ന്നും മുദ്രകുത്തി വലിയൊരു വിഭാഗം പൗരരെ നിഷ്കാസിതരാക്കിയ വോട്ടർപട്ടികയെ അടിസ്ഥാനമാക്കി നടന്ന തെരഞ്ഞെടുപ്പിനാണ് ബിഹാർ സാക്ഷ്യംവഹിച്ചത്. പ്രതിപക്ഷ മുന്നണിക്ക് സാധ്യതയുണ്ടായിരുന്ന മേഖലകളിലാണ് ഈ വെട്ടിമാറ്റലിൽ അധികവും നടന്നതെന്നതും ശ്രദ്ധിക്കണം. എസ്.ഐ.ആറിന് പുറമെ വോട്ട് ചോരിയും പ്രതിഫലിച്ചൊരു തെരഞ്ഞെടുപ്പാണിതെന്ന് നിസ്സംശയം പറയാനാകും.

നവംബർ അഞ്ചിന്, ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ തലേന്നാൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനം ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. 2024ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ 25 ലക്ഷം വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെട്ടതെങ്ങനെയെന്ന് അദ്ദേഹം തെളിവുകൾ നിരത്തി സമർഥിച്ചു. തെരഞ്ഞെടുപ്പ് കമീ​ഷന്റെ ഒത്താശയോടെ നടക്കുന്ന ഈ വോട്ട്ചോരി ബിഹാറിലും ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ബിഹാറിൽ വോട്ടർപട്ടികയിൽ നീക്കംചെയ്യപ്പെട്ട ഏതാനുംപേരെ ഹാജരാക്കിയായിരുന്നു ഈ പ്രസ്താവന. തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും ഇക്കാര്യം ശരിയെന്ന് തെളിയുകയും ചെയ്തു: മുൻ തെരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച നിരവധിയാളുകൾ പോളിങ് ബൂത്തിൽനിന്ന് ​വോട്ട് ചെയ്യാനാകാതെ മടങ്ങിയത് പല മാധ്യമങ്ങളും ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടു.

ഈ പശ്ചാത്തലങ്ങളത്രയും ഓർമിക്കുമ്പോൾ, ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം കേവലമായൊരു ‘ജനഹിത’മായി കാണാനാകില്ല. വൻ ഗൂഢാലോചന നടന്നുവെന്ന് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസ്താവനകളെ ഗൗരവമായി എടുക്കേണ്ടത് എസ്.ഐ.ആറിന്റെയും വോട്ട് ചോരിയുടെയുംകൂടി പശ്ചാത്തലത്തിലാണ്. തെരഞ്ഞെടുപ്പ് കമീഷൻ എന്ന ഭരണഘടന സ്ഥാപനം ഭരണപക്ഷത്തിന്റെ ഇംഗിതത്തിനനുസൃതമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം നേരത്തേയുള്ളതാണ്. എന്നാൽ, കഴിഞ്ഞ 10 വർഷമായി ഈ സ്ഥാപനം സർവ സീമകളും ലംഘിച്ച് ഭരണവർഗത്തിന്റെ സഖ്യകക്ഷിയെന്നപോലെ പെരുമാറുന്നുവോ എന്ന് ഏതൊരാളും സംശയിക്കുന്ന സാഹചര്യങ്ങളിലേക്ക് കമീഷന്റെ ഇടപെടലുകൾ നയിക്കുന്നുണ്ട്. എസ്.ഐ.ആർ അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രം. വോട്ടർ പട്ടികയെ പൗരത്വവുമായി ബന്ധിപ്പിക്കുന്നതരത്തിൽ എസ്.ഐ.ആർ നടപടികളിലേക്ക് കടന്നപ്പോൾ കമീഷൻ ചെയ്തത് ജനപ്രാതിനിധ്യ നിയമത്തെത്തന്നെ അട്ടിമറിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സർക്കാറും തീർത്ത വിഘ്നങ്ങൾക്കിടയിലും പ്രതിപക്ഷ മുന്നണി ബിഹാറിൽ ശക്തമായ പ്രചാരണം കാഴ്ചവെച്ചുവെന്നത് നേരാണ്. 10 വർഷത്തെ നിതീഷ് കുമാർ ഭരണത്തെ തുറന്നുകാട്ടാൻ തേജസ്വിയും രാഹുൽ ഗാന്ധിയും നയിച്ച സംഘത്തിനുമായിട്ടുണ്ട്. എസ്.ഐ.ആർ, വോട്ട് ചോരി വിഷയങ്ങൾ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ബിഹാറിലെ പ്രചാരണങ്ങളിലൂടെ സാധ്യമായെന്നതും വസ്തുതയാണ്. ​പ്രചാരണത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കല്ലുകടികൾ തേജസ്വിയെ മുഖ്യമ​ന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പരിഹരിച്ച ഇൻഡ്യ സഖ്യം ഒരുവേള പ്രതീക്ഷ നൽകി. മറുഭാഗത്ത്, എൻ.ഡി.എയിൽ നിതീഷ് ക്യാമ്പ് പലപ്പോഴും മൗനം അവലംബിക്കുന്ന കാഴ്ചക്കും തെരഞ്ഞെടുപ്പ് ഗോദ സാക്ഷിയായി. അപ്പോഴും സഹജമായ പല ദൗർബല്യങ്ങളും പ്രതിപക്ഷ മുന്നണിയെ പിടികൂടിയെന്ന് പറയണം. ജാതി സമവാക്യങ്ങൾ അതിനിർണായകമായ ബിഹാർ രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങളെ സഖ്യത്തിൽനിന്ന് അകറ്റിനിർത്തിയത് അത്തരത്തിലൊന്നാണ്.

മുസ്‍ലിം ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സഖ്യത്തിന്റെ ഭാഗമായാൽ തങ്ങളുടെ മതേതര പ്രതിച്ഛായക്ക് ഭംഗമേൽക്കുമെന്ന ഭയം എല്ലാ സമയത്തും നമ്മുടെ മതേതര ചേരിയുടെ വലിയ ദൗർബല്യമാണ്. അതിവിടെയും സംഭവിച്ചു. അസദുദ്ദീൻ ഉവൈസിയുടെ മജ്‍ലിസ് പാർട്ടിയെ അകറ്റിനിർത്തിയത് വാസ്തവത്തിൽ തിരിച്ചടിയായത് ഇൻഡ്യ സഖ്യത്തിനാണ്. മജ്‍ലിസാകട്ടെ, ഒറ്റക്ക് മത്സരിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഒന്നിച്ച് അണിനിരന്നിരുന്നു​വെങ്കിൽ നന്നേ ചുരുങ്ങിയത് സീമാഞ്ചൽ മേഖലയിൽ നാല് സീറ്റുകളെങ്കിലും മുന്നണിക്ക് അധികമായി ലഭിച്ചേനെ. ഹരിയാനയിലെന്നപോലെ വോട്ട് മാനേജ്മെന്റിലും പ്രതിപക്ഷ സഖ്യം പരാജയപ്പെട്ടുവെന്ന് പറയണം.

പ്രാഥമിക കണക്കുകൾ പ്രകാരം, 2020നെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളം വോട്ടിന്റെ കുറവാണ് ഇക്കുറി ഇൻഡ്യ സഖ്യത്തിനുണ്ടായിരിക്കുന്നത്; ഏതാണ്ട് ഒമ്പത് ശതമാനം വോട്ട് എൻ.ഡി.എക്ക് കൂടുകയും ചെയ്തു. കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിക്കുകയൂം ഇക്കുറി എൻ.ഡി.എയുടെ ഭാഗമാകുകയും ചെയ്ത ലോക് ജനശക്തി പാർട്ടിക്ക് ലഭിച്ച അഞ്ച് ശതമാനംവോട്ടുകൂടി ചേർത്താണിത്. അഥവാ, ​​​ആകെ വോട്ട് വ്യത്യാസം അഞ്ച് ശതമാനത്തിൽ താഴെയാണ്. പക്ഷേ, സീറ്റുനിലയിൽ വലിയ അന്തരം സംഭവിച്ചത് വോട്ട് മാനേജ്മെന്റിന്റെകൂടി പരാജയമാണ്. വോട്ടുചോരിക്കും എസ്.ഐ.ആറിനുമെതിരായ പോരാട്ടം ശക്തമാക്കുന്നതിനൊപ്പം ‘ഇൻഡ്യ’ സഖ്യം അടിയന്തരമായി പരിഹരിക്കേണ്ടതാണിത്. അതല്ലെങ്കിൽ ബിഹാറിന്റെ വിധിതന്നെയായിരിക്കും അടുത്ത തെരഞ്ഞെടുപ്പ് വരാൻപോകുന്ന അസമിലും സംഭവിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialNDABihar Election 2025
News Summary - NDA Victory in Bihar Election 2025
Next Story