Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാലവർഷക്കെടുതിയെ...

കാലവർഷക്കെടുതിയെ നേരിടാൻ കൈകോർക്കുക

text_fields
bookmark_border
കാലവർഷക്കെടുതിയെ നേരിടാൻ കൈകോർക്കുക
cancel

തിമിർത്തു​െപയ്യുന്ന കാലവർഷത്തി​​െൻറ കെടുതിയിലാണ്​ കേരളം. കോഴിക്കോട്​, വയനാട്​, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ്​ ആളപായമടക്കം കൂടുതൽ നാശനഷ്​ടങ്ങളുണ്ടായിരിക്കുന്നത്​. കോഴിക്കോട്​ താമരശ്ശേരിക്കടുത്ത കട്ടിപ്പാറയിൽ ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിൽ ഏഴു ജീവനെടുത്തു. അഞ്ചു വീടുകൾ ഒലിച്ചുപോയി. കൂടുതൽ പേർ മണ്ണിനടിയിൽപെട്ടതായി സംശയിക്കുന്നതിനാൽ മരണനിരക്ക്​ കൂടാനിടയുണ്ട്​. രണ്ടു കുടുംബങ്ങളിലെ കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്​​. കനത്ത കാറ്റിലും മഴയിലും മരം വീണും ഒഴുക്കിൽപെട്ടും വൈദ്യുതാഘാതമേറ്റും വേറെയും ജീവഹാനികളുണ്ട്​്​. വ്യാപകമായ മണ്ണിടിച്ചിലിനെ തുടർന്ന്​ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം മുടങ്ങിയതോടെ വയനാട്​ ജില്ല ഒറ്റപ്പെട്ട നിലയിലാണ്​. താഴ്​ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്​. മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായതോടെ പലയിടത്തും ഗതാഗതം തകർന്നിരിക്കുന്നു​. ശനിയാഴ്​ച വൈകീട്ടു തുടങ്ങിയ അസാധാരണ പേമാരിയിൽ കോഴിക്കോട്ടും മലപ്പുറത്തും 20 മുതൽ 24 സ​െൻറിമീറ്റർ അതിതീവ്രമഴയാണ്​ ലഭിച്ചത്​. തുടർന്നുള്ള രണ്ടു ദിനങ്ങളിൽ കൂടി ഇതേ നിലയിൽ മഴ തുടരുമെന്നാണ്​ കാലാവസ്​ഥ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്​. സംസ്​ഥാനത്ത്​ പത്തോളം താലൂക്കുകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി സംസ്​ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്​, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ്​ ഉരുൾപൊട്ടലി​​െൻറ കടുത്ത ഭീഷണി നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നത്​. എന്നാൽ, ഇൗ പട്ടികയിലുൾപ്പെടാത്ത കോഴിക്കോട്ടും വയനാട്ടിലുമാണ്​ ഇപ്പോൾ കാലവർഷം കൂടുതൽ കെടുതികളുണ്ടാക്കിയിരിക്കുന്നത്​. എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ്​ കാലവർഷം രൂക്ഷത പ്രാപിക്കുന്നതെന്നാണ്​ ഇത്​ കാണിക്കുന്നത്​. 

​റമദാൻ വ്രതകാലത്തിനു വിടപറഞ്ഞ്​ ​പെരുന്നാളാഘോഷത്തിലേക്ക്​ ഉണരുന്നതിനിടെയാണ്​ നാട്​  കാലവർഷക്കെടുതിയിലേക്ക്​ എടുത്തെറിയപ്പെട്ടിരിക്കുന്നത്​. നിപ വൈറസ്​ ഭീതിമൂലം ഏറക്കുറെ സ്​തംഭിച്ചുപോയിരുന്ന കോഴിക്കോ​െട്ട വിപണിയും ജനജീവിതവും സാധാരണനിലയിലേക്ക്​ തിരിച്ചുവരുന്നതിനിടെയുണ്ടായ പ്രകൃതിക്ഷോഭം പ്രദേശത്തെ വീണ്ടും ദുരിതത്തിലാഴ്​ത്തിയിരിക്കുകയാണ്​. മലയോര മേഖലയിലെ പ്രദേശങ്ങൾ പലതും വെള്ളം കയറിയും മണ്ണിടിഞ്ഞും ഒറ്റപ്പെട്ടിരിക്കുന്നു. സംസ്​ഥാനത്തെ കരകവിയുന്ന പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ​ ജാഗ്രത പാലിക്കാനും മലയോര മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്​. കോഴിക്കോ​െട്ട ക്വാറികളുടെ പ്രവർത്തനം നിർത്തി​വെക്കാൻ കലക്​ടർ ഉത്തരവിട്ടിരിക്കുകയാണ്​. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽനിന്നും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നിടങ്ങളിൽ നിന്നും ജനങ്ങളെ അകലെയുള്ള സ്​കൂളുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്​. കനത്തമഴയുടെ വരവോടെ മാറിനിൽക്കുന്ന പനിയും മറ്റു പകർച്ചവ്യാധികളും തിരിച്ചുവരുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്​. എല്ലാംകൂടി വടക്കൻ കേരളത്തി​​െൻറ മലയോരപ്രദേശങ്ങളിൽ ജനജീവിതം സ്​തംഭിച്ച സ്​ഥിതിയാണുള്ളത്​. 

സ്​ഥിതിഗതികൾ ഗൗരവപൂർവം കണക്കിലെടുത്ത്​ സർക്കാർ അടിയന്തരനടപടികൾ സ്വീകരിച്ചുവരുന്നത്​ ആശ്വാസകരമാണ്​. റവന്യൂ, ഗതാഗത, തൊഴിൽ മന്ത്രിമാർ ഒത്തുചേർന്ന്​ കോഴിക്കോ​െട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്​ നിയന്ത്രിച്ചുവരുന്നു. ​രക്ഷാപ്രവർത്തനത്തിന്​ പൊലീസിനെ കൂടാതെ േ​കന്ദ്ര ദുരന്തപ്രതികരണ സേനയുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്​. വടക്കൻ ജില്ലകളിൽ എല്ലായിടത്തും കനത്ത ജാഗ്രതാനിർദേശം അധികൃതർ നൽകുന്നുണ്ട്​. പകർച്ചവ്യാധികളുടെ പ്രതിരോധം മുന്നിൽ കണ്ട്​ ആരോഗ്യവകുപ്പിനു വേണ്ട സജ്ജീകരണങ്ങൾ നടത്താൻ വകുപ്പു മന്ത്രി നിർദേശം നൽകിയിട്ടുണ്ട്​. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ രംഗത്തും സ്വയം സേവന സന്നദ്ധരായി നാട്ടുകാരും സജീവമായി രംഗത്തുണ്ട്​. 

പ്രകൃതിവിപത്തുകൾക്കു മുന്നിൽ കരുതലോടെയിരിക്കാനും സംഭവിക്കുന്ന ദുരന്തങ്ങളിൽ രക്ഷാ, ആശ്വാസ പ്രവർത്തനങ്ങളുമായി ഇറങ്ങിത്തിരിക്കാനും മാത്രമേ മനുഷ്യർക്കു കഴിയൂ. ഇത്തരം ദുരിതങ്ങളിൽ ചെന്നുചാടിക്കാവുന്ന പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതും ജാഗ്രതാ പ്രവർത്തനത്തി​​െൻറ ഭാഗമാണ്​. അക്കാര്യത്തിൽ വീഴ്​ച സംഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടത്​ ഭരണകൂടമാണ്​. സംഭവിച്ച ദുരന്തത്തി​​െൻറ കെടുതികളിൽനിന്ന്​ ബാധിതപ്രദേശത്തെ ജനങ്ങൾക്ക്​ സുരക്ഷിതത്വവും കാവലുമൊരുക്കുകയാണ്​ ഇപ്പോൾ പ്രഥമവും പ്രധാനവുമായി ചെയ്യാനുള്ളത്​. അക്കാര്യത്തിൽ സംസ്​ഥാന സർക്കാർ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ കൂടുതൽ അടുക്കും ചിട്ടയോടും കൂടി മുന്നോട്ടുനീങ്ങ​െട്ട. കുടുംബാംഗങ്ങളെയും ആശ്രിതരെയും നഷ്​ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും സർക്കാർ​ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്​. വിവിധയിടങ്ങളിൽ അഭയകേന്ദ്രങ്ങളിലേക്ക്​ മാറ്റിപ്പാർപ്പിച്ച നൂറുകണക്കിന്​ കുടുംബാംഗങ്ങൾക്ക്​ ആവശ്യമായ ഭക്ഷണവും മറ്റ്​ അടിയന്തരസഹായങ്ങളും ഉടനെ എത്തിക്കണം. പ്രകൃതിവിപത്തുകളെ തുടർന്നു പതിവുള്ള പകർച്ചവ്യാധികളെ പ്രതി​േരാധിക്കാൻ ആരോഗ്യ സുരക്ഷ സംവിധാനങ്ങളൊരുക്കണം. അതിനു മതിയായ സൗകര്യങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലു​െ​ണ്ടന്ന്​ ഉറപ്പുവരുത്തണം. സർക്കാറി​​െൻറ മേൽനോട്ടത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ ജനങ്ങളും മുന്നിട്ടിറങ്ങണം. ദുരിതബാധിതരുടെ കണ്ണീരൊപ്പാനും അവർക്ക്​ വേണ്ട ആശ്വാസമെത്തിക്കാനും ഭരണകൂടവും ജനങ്ങളും ഒന്നിച്ചൊന്നായി കൈകോർത്തു നീങ്ങേണ്ട അടിയന്തരഘട്ടമാണിത്​.

Show Full Article
TAGS:madhyamam editorial heavy rain Natural Calamity article malayalam news 
Next Story