ഒഴിവാക്കാമായിരുന്നു  ദേശീയ ‘തിരസ്​കാരം’

07:38 AM
05/05/2018
ദേശീയ പുരസ്​കാരങ്ങൾ വിവാദമാകാറുണ്ട്​. എങ്കിലും ഇത്തവണ ചലച്ചിത്ര പുരസ്​കാരങ്ങളുടെ നിർണയത്തെപ്പറ്റി തർക്കങ്ങൾ കുറവായിരുന്നു. അങ്ങനെ മികച്ചതാക്കാമായിരുന്നു അവാർഡ്​ദാന ചടങ്ങ്​. പക്ഷേ, നിറംകെട്ടതായി. സംഘാടകരായ മന്ത്രിയും മറ്റ്​ അധികൃതരും വിവാദമുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയ പോലെയായിപ്പോയി സംഭവങ്ങൾ. 64 വർഷം കാര്യമായ പരാതിയില്ലാതെ നടത്തിയ പുരസ്​കാരദാനച്ചടങ്ങ്​ ഇക്കൊല്ലം വലിയ പ്രതിഷേധത്തിനും മനോവേദനക്കും കാരണമായിരിക്കുന്നു. നൂറ്റിരുപതോളം വരുന്ന പുരസ്​കാര ജേതാക്കളിൽ 11 പേർക്കുമാത്രം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും ബാക്കിയുള്ളവർക്ക്​ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി സ്​മൃതി ഇറാനിയും സഹമന്ത്രി രാജ്യവർധൻസിങ്​ റാത്തോഡും സമ്മാനം വിതരണം ചെയ്യുകയെന്ന തരത്തിൽ പരിപാടിയിൽ മാറ്റംവരുത്തിയതാണ്​ പ്രതിഷേധത്തിനിടയാക്കിയത്​. കഴിഞ്ഞവർഷംവരെ രാഷ്​ട്രപതി നേരിട്ടാണ്​ എല്ലാ ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങളും കൈമാറിയിരുന്നത്​. രാഷ്​ട്രപതിയിൽനിന്ന്​ സമ്മാനം വാങ്ങാൻ കുടുംബാംഗങ്ങളോടൊപ്പം ആവേശത്തോടെ നാനാഭാഗങ്ങളിൽനിന്നായി ഡൽഹിയിലെത്തിയ സിനിമാ പ്രവർത്തകർക്ക്​ ഒാർക്കാപ്പുറത്തുകിട്ടിയ ആഘാതമായി പരിപാടിയിലെ മാറ്റം. അവർ സംഘടിതമായി എഴുതിയ കുറിപ്പിൽ പറയുന്നപോലെ, പുരസ്​കാരമായല്ല തിരസ്​കാരമായാണ്​ ചലച്ചിത്രരംഗത്ത്​ മികവ്​ തെളിയിച്ചവർക്ക്​ ഡൽഹി ചടങ്ങ്​ അനുഭവപ്പെട്ടത്​. ചടങ്ങി​​െൻറ തലേന്ന്​ പരിപാടിയിലെ മാറ്റത്തെപ്പറ്റി വിവരം കിട്ടിയപ്പോൾ അവർ തങ്ങളുടെ മനോവിഷമം പ്രകടിപ്പിക്കുകയും മന്ത്രി സ്​മൃതി ഇറാനിയുമായി അത്​ പങ്കുവെക്കുകയും ചെയ്​തു. എന്നാൽ, അധികൃതർ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പുരസ്​കാരദാന ചടങ്ങിൽനിന്ന്​ വിട്ടുനിൽക്കാൻ എഴുപതോളം ജേതാക്കളും തീരുമാനിക്കുകയായിരുന്നു. സുഗമമായും ആഹ്ലാദത്തോടെയും നടക്കേണ്ടിയിരുന്ന ഒരു ദേശീയ പരിപാടി അങ്ങനെ അല​േങ്കാലമായി.

​േജാലിത്തിരക്കുകൾ കാരണം ഇത്തരം പരിപാടികളിൽ ഒരു മണിക്കൂർ മാത്രമേ താൻ പ​െങ്കടുക്കൂ എന്ന്​ രാഷ്​ട്രപതി കോവിന്ദ്​ മു​േമ്പ നിശ്ചയിച്ചതാണെന്ന്​ വിശദീകരിക്കപ്പെട്ടിരിക്കുന്നു. അതിൽ മാറ്റംവരുത്താൻ വെറും മന്ത്രിയായ തനിക്ക്​ കഴിയില്ലെന്ന്​ സ്​മൃതി ഇറാനിയും പറയുന്നു. എന്നാൽ, ഇൗ വാദം പലരും മുഖവിലയ്​ക്കെടുത്തിട്ടില്ല. തന്നെയുമല്ല, ഒരു മണിക്കൂർ മാത്രമേ പ​െങ്കടുക്കൂ എന്ന്​ രാഷ്​ട്രപതി മുൻകൂട്ടി അറിയിച്ചെങ്കിൽ എന്തുകൊണ്ട്​ അക്കാര്യം പുരസ്​ക​ാര ജേതാക്കളോടു പറഞ്ഞില്ല എന്ന ചോദ്യമുണ്ട്​. പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചത്​ ഏപ്രിൽ 13നാണ്​. പിന്നീട്​ ജേതാക്കൾക്ക്​ അയച്ച ക്ഷണക്കത്തുകളിൽ, രാഷ്​ട്രപതിയിൽനിന്നാണ്​ സമ്മാനം വാങ്ങുകയെന്ന്​ സ്​പഷ്​ടമാക്കിയിരുന്നതാണ്​. ഇതനുസരിച്ച്​ പ്രതീക്ഷാപൂർവം ഡൽഹിയിലെത്തിയ ജേതാക്കൾ പരിപാടിയുടെ മു​േന്നാടിയായി തലേന്നുനടത്തിയ റിഹേഴ്​സലിനിടക്കാണ്​ അറിയുന്നത്​ രാഷ്​ട്രപതിയല്ല എല്ലാവർക്കും പുരസ്​കാരം നൽകുകയെന്ന്​. ഫിലിംഫെസ്​റ്റിവെൽ ഡയറക്​ടറേറ്റിലെ ചൈതന്യപ്രസാദ​്​ ആദ്യം അവരോട്​ പറഞ്ഞു, രണ്ടു ഭാഗമായിട്ടാണ്​ സമ്മാനദാനം നടക്കുകയെന്ന്​. തുടർന്ന്​ പരിപാടിയുടെ ഷെഡ്യൂൾ കൈയിൽകിട്ടു​േമ്പാൾ മാത്രമാണ്​ ജേതാക്കൾ മാറ്റം എത്ര വലുതെന്ന്​ തിരിച്ചറിയുന്നത്​.

പ്രതിഷേധമുയർന്നപ്പോൾ താൻ ഇടപെടാമെന്നും പ്രശ്​നം തീർക്കാൻ ശ്രമിക്കാമെന്നും ഏറ്റ മന്ത്രി സ്​മൃതിയാക​െട്ട പിന്നീടൊരു മറുപടിപോലും കൊടുത്തില്ല. എന്തിനായിരുന്നു ഇൗ ഒളിച്ചുകളി? ‘വിശ്വാസ വഞ്ചന’യെന്ന്​ ജേതാക്കളിതിനെ വിളിച്ചത്​ ഉള്ളിൽത്തട്ടിത്തന്നെയാവണം. ചിലർ പറഞ്ഞപോലെ, രാഷ്​ട്രപതിയിൽനിന്ന്​ നേരിട്ടുവാങ്ങാമെന്ന പ്രതീക്ഷയാണ്​ അവരെ ഡൽഹിയിലെത്തിച്ചത്​ -അല്ലായിരുന്നെങ്കിൽ സമ്മാനം തപാൽവഴി വീട്ടിലേക്കയച്ചാൽ മതിയായിരുന്നല്ലോ. രാഷ്​ട്രപതിയിൽനിന്ന്​ വാങ്ങേണ്ടത്​ 11 പേരാണെന്നും അത്​ ആരൊക്കെയെന്നുമുള്ള തീരുമാനത്തിലും വല്ലാത്ത സുതാര്യതക്കുറവുണ്ട്​. പ്രഥമ പൗരൻ ഉൾപ്പെട്ട പവിത്രമായ ഒരു ദേശീയ പരിപാടി ഫലത്തിൽ അട്ടിമറിക്കുകയാണ്​ അധികൃതർ ചെയ്​തത്​. രാഷ്​ട്രപതി ഭവൻ തന്നെയും ഇൗ വിഷയത്തിൽ അന്യൂനമായല്ല വർത്തിച്ചതെന്നും പറയാതെ വയ്യ. ആരോഗ്യക്കുറവുള്ള രാഷ്​ട്രപതിമാർപോലും, ദേശീയതലത്തിൽ മികവുതെളിയിച്ച പൗരന്മാരെ  ആദരിക്കാൻ ആവേശം കാണിക്കുകയാണ്​ ചെയ്​തിരുന്നത്​​.

ഒരു മണിക്കൂർ മാത്രമേ പ​െങ്കടുക്കൂ എന്നത്​ അചഞ്ചലമായ ‘പ്രോ​േട്ടാകോൾ’ ആണെന്ന്​ രാഷ്​ട്രപതി ഭവൻ വിശദീകരിക്കുന്നു. ത​​െൻറ പേരിൽ ക്ഷണിച്ചുവരുത്തുന്നവരെ നേരിട്ട്​ ആദരിക്കുകയെന്ന മറ്റേ ‘പ്രോ​േട്ടാകോൾ’ പഴഞ്ചനായിപ്പോയോ? ത​​െൻറ പേരിൽ അയക്കപ്പെടുന്ന ക്ഷണക്കത്തുകളിലെ ഉള്ളടക്കം ക്ഷണിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായത്​ രാഷ്​ട്രപതി ഭവൻ അറിയാതെ പോയതിലും ‘പ്രോ​േട്ടാകോൾ’ ലംഘനമില്ലേ? ഒരു കാര്യം തീർച്ചയാണ്​; ഇതിൽ പുരസ്​കാര ജേതാക്കളുടെ ഭാഗത്ത്​ വീഴ്​ച ഉണ്ടായിട്ടില്ല. പ്രഥമ പൗര​​െൻറ പേരിലുള്ള ക്ഷണം അവർ അതേപടി  വിശ്വസിച്ചുപോയി. അതുകൊണ്ടുതന്നെ സമ്മാനദാനച്ചടങ്ങിൽനിന്ന്​ വിട്ടുനിൽക്കാൻ ഭൂരിപക്ഷം ജേതാക്കൾ എടുത്ത തീരുമാനത്തെ കുറ്റപ്പെടുത്താനാകില്ല. പുരസ്​കാരത്തെ തങ്ങൾ മാനിക്കുന്നു എന്നും അത്​ ബഹിഷ്​കരിക്കുകയല്ല മറിച്ച്​, വിതരണച്ചടങ്ങിൽനിന്ന്​ നിവൃത്തികേടുകൊണ്ടു മാറിനിൽക്കുക മാത്രമാണ്​ ചെയ്യുന്നതെന്നും അവർ ആവർത്തിച്ച്​ വ്യക്​തമാക്കിയിട്ടുമുണ്ട്​. ചില ജേതാക്കൾ ‘തിരസ്​കൃത’രോട്​ ​െഎക്യദാർഢ്യം കാണിക്കുകയും വിട്ടുനിൽക്കൽ തീരുമാനമറിയിച്ചുകൊണ്ടുള്ള കത്തിൽ ഒപ്പുവെക്കുകയും ചെയ്​തെങ്കിലും പിന്നീട്​ വാക്കുമാറി പുരസ്​കാരം ഏറ്റുവാങ്ങിയതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്​. അവർക്ക്​ അവരുടെ കാര്യം. പക്ഷേ, രാജ്യം ദുഃ​ഖത്തോടെത്തന്നെയാണ്​, ഒഴിവാക്കാമായിരുന്ന ഇൗ വീഴ്​ച തിരിച്ചറിയുന്നത്​; രോഷത്തോടെയും.
Loading...
COMMENTS