ഗവേഷണരംഗത്തും ‘ദേശീയ’ അജണ്ട
text_fieldsസർവകലാശാലാ ഗവേഷണരംഗത്ത് പാലിക്കേണ്ട പുതിയൊരു നിർദേശമായി കാസർകോട് കേന്ദ്ര സർവകലാശാല (സെൻട്രൽ യൂനിവേഴ ്സിറ്റി ഒാഫ് കേരള)യുടെ വൈസ് ചാൻസലർ ജി. ഗോപകുമാർ ഇറക്കിയ സർക്കുലർ പ്രഖ്യാപിത ലക്ഷ്യത്തിനുപോലും അനുയോജ്യ മാകുമോ എന്നു സംശയമാണ്. പ്രഖ്യാപിത ലക്ഷ്യം തന്നെയും ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. കഴിഞ്ഞ ഡിസംബറിൽ ചേർന്ന കേന്ദ്ര സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഉണ്ടായ തീരുമാനമനുസരിച്ചാണത്രെ സർക്കുലർ. ഇനിയങ്ങോട്ട് ഗവേഷ ണത്തിന് ‘ദേശീയ മുൻഗണനയുള്ള’ വിഷയങ്ങളെടുത്താൽ മതി എന്നാണ് അതിൽ പറയുന്നത്. എന്തുകൊണ്ടെന്നാൽ ഇന്ന് നടക്കുന്ന ഗവേഷണങ്ങളേറെയും ‘അപ്രസക്ത’ വിഷയങ്ങളിലാണ്. 25 വയസ്സുള്ള വിദ്യാർഥിനിക്ക് രാജ്യത്തിെൻറ ആവശ്യങ്ങളെപ്പറ്റി ബോധമുണ്ടാകില്ല എന്ന് വി.സി വിശദീകരിച്ചിട്ടുമുണ്ട്; അതിനാൽ, ഗവേഷണത്തിന് പറ്റുന്ന കുറെ മേഖലകൾ യൂനിവേഴ്സിറ്റി മുൻകൂട്ടി തയാറാക്കും. ആ മേഖലകളിൽ മാത്രം ഗവേഷണം നടത്തിയാൽ മതി. വകുപ്പുതലവന്മാരോട് വി.സി നിർദേശിച്ചിരിക്കുന്നത് നിർണയിച്ചുവെച്ച മുൻഗണനകളനുസരിച്ചുള്ള ഗവേഷണ വിഷയങ്ങളുടെ പട്ടിക തയാറാക്കാനാണ്. അങ്ങനെ ‘രാജ്യത്തിനാവശ്യമുള്ള’ പഠനങ്ങൾക്ക് അവസരമൊരുക്കാനും. ‘പിഎച്ച്.ഡിക്ക് ആളെ എടുക്കുേമ്പാൾ ഗവേഷണ പ്രബന്ധത്തിെൻറ വിഷയം ദേശീയ മുൻഗണന പ്രകാരമായിരിക്കേണ്ടതുണ്ട്.’
വൈസ് ചാൻസലർമാരും യു.ജി.സിയും കേന്ദ്ര മാനവശേഷി വകുപ്പുമാണത്രെ ഇൗ നീക്കത്തിനുപിന്നിലുള്ളത്. എങ്കിൽ, ഇവരെല്ലാം കൂടി നാടിെൻറ മൗലിക ഗവേഷണത്തെ ഞെക്കിക്കൊല്ലാൻ പ്രതിജ്ഞയെടുത്തുകളഞ്ഞോ എന്നു ചോദിക്കേണ്ടിവരുന്നുണ്ട്. മിതമായിപ്പറഞ്ഞാൽ ഇത് ശരിയായ കാരണത്തിന്മേൽ എടുത്ത തെറ്റായ തീരുമാനമാണ്. സർവകലാശാലകളിൽ ഇന്ന് നടക്കുന്ന ഗവേഷണങ്ങളുടെ വിഷയങ്ങൾ കുറെെയങ്കിലും നിലവാരം കെട്ടവയാണ് എന്നതിൽ തർക്കമില്ല. മൗലിക ചിന്തക്കോ പഠനത്തിനോ ഇടമില്ലാത്തതും വിജ്ഞാന മേഖലക്ക് പുതുതായൊന്നും നൽകാത്തതുമാണ് ഏറെയുമെന്നുപറഞ്ഞാലും തെറ്റാവില്ല. എന്നാൽ, അതിെൻറ കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിനു പകരം പരിഹാസ്യമായ രീതിയിൽ സ്വതന്ത്രവും മൗലികവുമായ ഗവേഷണത്തെത്തന്നെ തടയുകയാണ് കാസർകോട് സർവകലാശാല ചെയ്തിരിക്കുന്നത്. പൊതുതീരുമാനമനുസരിച്ചായതുകൊണ്ട് ഇത്തരം നിർദേശങ്ങൾ മറ്റു കേന്ദ്ര സർവകലാശാലകളിലും ഇറങ്ങാം. യു.ജി.സിക്കും പങ്കുള്ളതിനാൽ രാജ്യത്തെ എല്ലാ സർവകലാശാലകളിലും ഇൗ വികലമായ ചട്ടക്കൂട് ഏർപ്പെടുത്താം. ഗവേഷണ നിലവാരം മോശമാകാൻ ഒരു പ്രധാന കാരണം ഇത്തരത്തിൽ സങ്കുചിതമായ കാഴ്ചപ്പാട്
രാഷ്്ട്രീയക്കാർ അക്കാദമിക രംഗങ്ങളിൽ അടിച്ചേൽപ്പിക്കുന്നതാണ്.
2016ൽ ഗുജറാത്ത് സർക്കാർ ഇത്തരമൊരു മാർഗനിർദേശം ഇറക്കിയിരുന്നു. സംസ്ഥാന സർവകലാശാലകളിൽ ഗവേഷണ ‘പ്രസക്തി’യുള്ള 82 വിഷയങ്ങളുടെ ഒരു പട്ടിക സർക്കാർ തയാറാക്കുകയും ചെയ്തു. കേന്ദ്ര ശാസ്ത്രമന്ത്രിയെന്ന നിലക്ക് ഹർഷ് വർധൻ നടത്തിയ ചില വിവാദ പ്രസ്താവനകൾ എന്താണ് ‘ദേശീയ പ്രസക്തി’ എന്ന സൂചന നൽകിയിട്ടുമുണ്ട്. സ്റ്റീഫൻ ഹോക്കിങ്ങിെൻറ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പോസ്റ്റ് വിശ്വസിച്ച് ‘മൗലിക’ കണ്ടെത്തൽ പ്രഖ്യാപിച്ച അദ്ദേഹത്തെപ്പോലുള്ളവരാവുമോ ‘ദേശീയ മുൻഗണന’ തീരുമാനിക്കുന്നത്? യഥാർഥത്തിൽ സർക്കാറിന് ചെയ്യാനുള്ളത് ഗവേഷണത്തിന് യോജിച്ച സാഹചര്യമൊരുക്കുകയാണ് - അതിൽ ഇടപെടുകയല്ല. തീസിസ് വിഷയങ്ങളുടെ പട്ടിക തയാറാക്കുന്നതിന് പകരം ഗവേഷണരംഗത്തിന് മാന്യമായ ബജറ്റ് വിഹിതം (മൊത്തം ദേശീയ വരുമാനത്തിെൻറ 0.8 ശതമാനമാണ് ഇപ്പോൾ) നീക്കിവെക്കുകയും അക്കാദമിക മേഖലക്ക് സ്വാതന്ത്ര്യം നൽകുകയുമാണ് വേണ്ടത്. വൈസ് ചാൻസലർമാർ ചെയ്യേണ്ടതോ, സ്വതന്ത്രമായ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും- അല്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ തീട്ടൂരങ്ങൾ പകർത്തി സർക്കുലറാക്കുകയല്ല.
ഗവേഷണത്തിെൻറ കാതലാണ് ചിന്താസ്വാതന്ത്ര്യവും പഠന സ്വാതന്ത്ര്യവും. സർവകലാശാലകളുടെ ആത്മാവാണ് പ്രവർത്തനസ്വാതന്ത്ര്യം. ഇതെല്ലാം നശിപ്പിച്ച് കിട്ടുന്ന ‘പ്രസക്ത’ പഠനങ്ങൾ രാജ്യത്തെ എങ്ങോട്ടുനയിക്കുമെന്നാണ് പറയുന്നത്? ജ്യോതിഷത്തിനും ഗോമൂത്ര ശാസ്ത്രത്തിനുമപ്പുറം വിജ്ഞാനത്തിെൻറ വലിയൊരു ലോകമുണ്ട്. മൗലികമായ എന്തും പ്രസക്തമാണ് - നാട്ടിനും ലോകത്തിനും. അവ പല മേഖലകളുടെ സങ്കരം ആവാം; പ്രയോജനപരത നോക്കിയാൽ ഒന്നുമല്ലാത്ത കേവല സിദ്ധാന്തങ്ങളാവാം. അവ ദേശീയമോ സാർവദേശീയമോ പ്രാദേശികമോ ആവാം. ആർക്കോ ഒറ്റയിരിപ്പിൽ തോന്നിയ രേഖയിലൂടെ മാത്രം പോകണമെന്ന് ശഠിക്കുന്നത് മൗലികവും സർഗാത്മകവുമായ അന്വേഷണങ്ങളെ തടയലാണ്. മാറുമറക്കൽ സമരത്തെപ്പറ്റി വിദ്യാർഥികൾ പഠിക്കേണ്ടെന്ന് എൻ.സി.ഇ.ആർ.ടി തീരുമാനിച്ചതും ഇപ്പോൾ പറയുന്ന ‘ദേശീയ മുൻഗണന’കളെയും ‘പ്രസക്തി’യെയും പറ്റിയുള്ള മറ്റൊരു സൂചന തരുന്നുണ്ട്. കേന്ദ്ര സർവകലാശാലകളുടെ അവസ്ഥയുടെ സൂചകമാണ് കാസർകോട് സർവകലാശാലയിൽ കാണുന്നതെങ്കിൽ ‘മുൻഗണന’കൾ കൃത്യമാണെന്ന് പറയാതെ വയ്യ. ഉന്നത വിദ്യാഭ്യാസ ഗവേഷണമേഖലയെ സങ്കുചിത അജണ്ടകളിൽനിന്നും വിധേയരായ യൂനിവേഴ്സിറ്റി അധിപന്മാരിൽനിന്നും മോചിപ്പിക്കുേമ്പാഴേ നമ്മുടെ ഗവേഷണനിലവാരത്തെപ്പറ്റി ചിന്തിച്ചുതുടങ്ങാൻ പോലും കഴിയൂ. കാസർകോട്ട് ഇറങ്ങിയ സർക്കുലർ മാത്രമല്ല, അതിറക്കിയവരും അതിനുപിന്നിലെ ചിന്തയും ഗവേഷണരംഗത്തെ വലിയ തടസ്സങ്ങൾ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
