Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
madhyamam editorial
cancel

അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. സമ്പൂർണ സ്വാതന്ത്ര്യവും വ്യക്തിത്വവും വകവെച്ചു നൽകാതെ ചൈന സാമന്തരാജ്യമായി കൊണ്ടുനടക്കുന്നതാണ് തായ്വാനെ. അങ്ങോട്ടുള്ള അമേരിക്കയുടെ 'കടന്നുകയറ്റം' ഒരു യുദ്ധംതന്നെ വിളിച്ചുവരുത്തുന്ന അതിക്രമമായാണ് ബെയ്ജിങ് കാണുന്നത്. ചൊവ്വാഴ്ച രാത്രി പ്രാദേശികസമയം രാത്രി 10.30ന് തായ്പേയിലെ സോങ്ഷാൻ വിമാനത്താവളത്തിൽ അഞ്ചു കോൺഗ്രസ് അംഗങ്ങൾക്കൊപ്പം നാൻസി ഇറങ്ങിയ വാർത്ത പുറത്തുവന്നതോടെ സമീപകാലത്തെ ഏറ്റവും വലിയ സൈനിക സന്നാഹങ്ങളുമായി തായ്വാനെ നാലുപാടു നിന്നും വളഞ്ഞിരിക്കുകയാണ് ചൈന.

തായ്വാനുചുറ്റും സൈനികവിന്യാസം നടത്തി വെടിക്കോപ്പുകളും മിസൈലുകളുമായി അഭ്യാസം നടത്താൻ ചൈന മുന്നിട്ടിറങ്ങിയിരിക്കുന്നു. തായ്വാൻ വിഷയത്തിൽ അമേരിക്ക പുലർത്തുന്ന നിഷേധാത്മക നിലപാടുകൾക്കെതിരും സമ്പൂർണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന തായ്വാനുള്ള മുന്നറിയിപ്പുമാണിതെന്ന് പീപ്ൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ മേഖല കമാൻഡർ വ്യക്തമാക്കിയിട്ടുണ്ട്. 1995ൽ മുൻ തായ്വാൻ പ്രസിഡന്‍റ് ലീ തെങ് ഹുവിന് വിസ നൽകിയ പ്രകോപനത്തിനു തുല്യമാണ് അമേരിക്ക പെലോസിയുടെ സന്ദർശനത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ചൈനയുടെ കുറ്റപ്പെടുത്തൽ. അന്ന് മിസൈൽ പരീക്ഷണങ്ങളുടെ പരമ്പര നടത്തി മേഖലയെ മാസങ്ങളോളം വിറകൊള്ളിച്ച ശേഷമാണ് ചൈന പിൻവാങ്ങിയത്. ഇപ്പോഴും അടുത്ത ഞായറാഴ്ച വരെ തായ്വാൻ അതിർത്തികൾ കൊട്ടിയടച്ച് അമേരിക്കക്ക് തിരിച്ചടി നൽകാനുള്ള നിശ്ചയത്തിലാണവർ. ഇതു മുൻകൂട്ടി കണ്ടുതന്നെ അമേരിക്ക വിമാനവാഹിനിയടക്കമുള്ള നാലു പടക്കപ്പലുകൾ പെലോസി വിമാനമിറങ്ങും മുമ്പുതന്നെ തായ്വാന്‍റെ കിഴക്ക് ശാന്തസമുദ്രത്തിൽ വിന്യസിച്ചിരുന്നു. ഇതെല്ലാം കൂടി മേഖലയിൽ പൊടുന്നനെ യുദ്ധം ഉരുണ്ടുകൂടുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുന്നു.

രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ സഖ്യശക്തികൾക്കുമുന്നിൽ കീഴടങ്ങിയപ്പോൾ അര നൂറ്റാണ്ടുനീണ്ട ജാപ് അധിനിവേശത്തിൽനിന്ന് രക്ഷപ്പെട്ട തായ്വാൻ ചൈനീസ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലായി. ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോട് പരാജയപ്പെട്ട റിപ്പബ്ലിക് ഓഫ് ചൈന പക്ഷത്തിന് തായ്വാനിലേക്ക് ഒതുങ്ങേണ്ടിവന്നു. അതിൽ പിന്നീട് തായ്വാന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിക്കാൻ ബെയ്ജിങ് തയാറായിട്ടില്ല. ചൈന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപത്യത്തിലമർന്നപ്പോൾ തായ്വാൻ ബഹുകക്ഷി ജനാധിപത്യ സംവിധാനം കൊണ്ടുവന്നു. അറുപതുകൾ മുതൽ പുരോഗതിയിലേക്ക് കുതിച്ചുയർന്ന തായ്വാൻ വിസ്മയത്തിനും കമ്യൂണിസ്റ്റ് ആധിപത്യത്തിൽനിന്നുള്ള മോചനം സാധ്യമായില്ല. ഇന്നും ഹോങ്കോങ്ങിനെ പോലെ ചൈന അവരെ പാട്ടിൽ നടത്തുകയാണ്. മറ്റു ലോകരാഷ്ട്രങ്ങൾക്ക് തായ്വാനുമായി നേരിട്ടുള്ള നയതന്ത്രബന്ധം സ്ഥാപിക്കുക എളുപ്പമല്ല. 193 യു.എൻ അംഗരാജ്യങ്ങളിൽ 13 എണ്ണത്തിനു മാത്രമേ തായ്വാനുമായി ഔപചാരിക നയതന്ത്ര ബന്ധങ്ങളുള്ളൂ. മറ്റുള്ളവർ എംബസി/കോൺസുലേറ്റുകൾക്കുള്ള ബദൽ സംവിധാനമായ പ്രതിനിധി ഓഫിസുകൾ വഴിയാണ് തായ്പേയുമായി ബന്ധം സ്ഥാപിക്കുന്നത്. അതിലപ്പുറമുള്ള പ്രത്യക്ഷബന്ധത്തിന് ആരു മുതിർന്നാലും അതു യുദ്ധാന്തരീക്ഷം ക്ഷണിച്ചുവരുത്തുകയേയുള്ളൂ. ഇപ്പോൾ പെലോസിയുടെ സന്ദർശനത്തിൽ സംഭവിച്ചതും അതുതന്നെ.

യു.എസ് ഹൗസ് സ്പീക്കർ എന്തിന് ഇറങ്ങിത്തിരിച്ചു എന്ന ചോദ്യത്തിന്, തായ്വാന്‍റെ സമ്പൂർണ സ്വാതന്ത്ര്യ, ജനാധിപത്യാവകാശ പുനഃസ്ഥാപനത്തെ പിന്തുണക്കാൻ എന്നാണ് നാൻസി പെലോസിയുടെ മറുപടി. 1979ൽ അന്നത്തെ പ്രസിഡന്‍റ് ജിമ്മി കാർട്ടർ തായ്വാനുമായി നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഒരു നിയമത്തിൽ ഒപ്പുവെച്ചിരുന്നുവെന്നും അന്നേ അമേരിക്ക ഉന്നമിട്ട ഉഭയകക്ഷി ബന്ധത്തിന്‍റെ സാധ്യത തേടിയാണ് യാത്രയെന്നും സന്ദർശനത്തിനു പുറപ്പെടുംമുമ്പ് 'വാഷിങ്ടൺ പോസ്റ്റി'ൽ എഴുതിയ ലേഖനത്തിൽ നാൻസി വ്യക്തമാക്കിയിരുന്നു. സ്വയം നിർണയാവകാശം, സ്വന്തമായൊരു ഭരണകൂടം, ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യ അന്തസ്സ്, മനുഷ്യാവകാശങ്ങൾ എന്നീ കാര്യങ്ങളിൽ അമേരിക്കയും തായ്വാനും സമാനചിന്ത പങ്കുവെക്കുന്നവരാണ്. ഭരണത്തിൽ അവർ കേമരാണ്. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിലും പരിസ്ഥിതി, കാലാവസ്ഥ വിഷയങ്ങളിലും അവർ മികവിൽ മുന്നിലെത്തി.

ലോകത്തെ അസൂയപ്പെടുത്തുന്ന രീതിയിലാണ് സാങ്കേതിക ശേഷിയിലും സംരംഭകത്വ കരുത്തിലും സംസ്കാരത്തിലുമൊക്കെ അവരുടെ മുന്നേറ്റമെന്ന് പെലോസി പുകഴ്ത്തി. ഇങ്ങനെയുള്ള തായ്വാന് ചൈന പൊറുതികൊടുക്കുന്നില്ലെന്നാണ് അവരുടെ പരാതി. ലോകത്തെ ഏറ്റവും സ്വാതന്ത്ര്യമുള്ള നാടായ തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കാനെന്ന വണ്ണമുള്ള സൈനിക കരുതൽ നീക്കങ്ങളാണ് തായ്വാനുചുറ്റും നടത്തിവരുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ചൈന വിട്ടുകൊടുക്കാത്ത പരമാധികാരം തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്ന തായ്വാനിലേക്ക് യു.എസ് സ്പീക്കർ പറക്കുന്നത്. ചൈനയെ പെലോസി ഉന്നമിടുന്നത് ഇത് ആദ്യതവണയല്ല. 30 കൊല്ലം മുമ്പ് ചൈനയിലെ ടിയാനൻമെന്‍ സ്ക്വയറിൽ വിദ്യാർഥി പ്രക്ഷോഭത്തെ കമ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല നടത്തി അടിച്ചമർത്തിയപ്പോൾ അവിടെച്ചെന്ന് 'ചൈനയിൽ ജനാധിപത്യത്തിനുവേണ്ടി മരിച്ചവർക്കുവേണ്ടി' ബാനറുയർത്തിയിട്ടുണ്ട്. ഇപ്പോൾ പുതിയ ഏകാധിപതി ഷി ജിൻപിങ് ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തിനെതിരെ നടത്തുന്ന ക്രൂരമായ അടിച്ചമർത്തലിലും കത്തോലിക്ക കർദിനാൾ ജോസഫ് സെന്നിന്‍റെ അറസ്റ്റിലുമൊക്കെയുള്ള അമർഷം പെലോസി പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെ ചൈനയെ പരമാവധി പ്രകോപനത്തിൽ നിർത്തിയ ശേഷമാണ് അവർ തായ്വാനിലേക്ക് വിമാനം കയറിയത്.

തായ്വാനിൽ 'വിപ്ലവ വനിത' സായ് ഇങ് വെന്നിന്‍റെ ഭരണകൂടവും അനുയായികളും സന്ദർശനത്തെ സ്വാഗതം ചെയ്യുമ്പോഴും അതിനെ എതിർക്കുന്ന നല്ലൊരു വിഭാഗമുണ്ട്. ആരുവന്നു തഴുകിയാലും ചൈനയുടെ ക്രോധം തങ്ങൾക്കുമേൽ പതിന്മടങ്ങു വർധിക്കും എന്നതാണ് അവരുടെ ഭീതിക്കുകാരണം. അതു വെറുതെയല്ലതാനും. സന്ദർശനമുറപ്പിച്ചതോടെ തായ്വാൻ ചരക്കുകളുടെ താരിഫ് ചൈന വർധിപ്പിച്ചു. പ്രത്യക്ഷ സൈനികവിന്യാസത്തിനുപുറമെ പ്രസിഡന്‍റിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.

മാത്രമല്ല, കോവിഡ് കൈകാര്യം ചെയ്തതിലെ പാളിച്ചകൾ, കർക്കശമായ ലോക്ഡൗണിന്‍റെ ഫലമായി ബാങ്കിങ് മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി, വർധിച്ചുവരുന്ന കടബാധ്യത തുടങ്ങിയ പ്രശ്നങ്ങളിൽനിന്നൊക്കെ ഷി ഭരണകൂടത്തിന് ഒളിച്ചോടാനുള്ള നല്ല പഴുതായി അമേരിക്കൻ പ്രകോപനം. 43 വർഷം മുമ്പ് തായ്വാൻ ആക്ടിലെ ഏക ചൈന എന്ന അവകാശവാദം വകവെച്ചുതന്നതിൽനിന്നു പിറകോട്ടില്ലെന്നും തൽസ്ഥിതി വക്താക്കളായി തുടരുമെന്നും ആണയിടുന്ന അടുത്ത ശ്വാസത്തിൽ തായ്വാന്‍റെ ജനാധിപത്യ പ്രവണതകൾക്ക് പ്രോത്സാഹനം പ്രഖ്യാപിക്കുന്നത് ചൈനയുടെ ശാത്രവം കൂട്ടാനേ ഇടയാക്കുന്നുള്ളൂ. ജോർജിയക്കുമേൽ റഷ്യ പാഞ്ഞുകയറിയ ദുരനുഭവം തായ്വാനിൽ ആവർത്തിക്കരുതെന്ന് അമേരിക്കക്ക് നിർബന്ധമുണ്ടത്രേ. ലോകത്ത് തങ്ങൾക്കു തോന്നിയിടത്തെല്ലാം ജനാധിപത്യം കയറ്റിയയക്കുകയാണല്ലോ അമേരിക്കയുടെ ജോലി. അവർക്കുവേണ്ട സ്വേച്ഛാധിപതികൾക്കുവേണ്ടി ജനാധിപത്യത്തെ അവർ ഞെക്കിക്കൊല്ലുകയും ചെയ്യും. ജനാധിപത്യം അടവുനയത്തിന്‍റെ അണ്ണാക്കിനപ്പുറം വിഴുങ്ങാത്ത കമ്യൂണിസ്റ്റ് സമഗ്രാധിപത്യവാഴ്ചകളാകട്ടെ, അവരുടെ പരിധിയിൽ ബാഹ്യ ഇടപെടലുകളൊന്നും അനുവദിക്കുകയുമില്ല. ഈ അവസരവാദ ശാക്തിക ബലാബലത്തിൽ ബലിയാടാകുന്നത് പാവം അധീശരാജ്യങ്ങളാണ്. ജോർജിയപോലെ, തായ്വാൻപോലെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialnancy Pelosi
News Summary - Nancy Pelosi's failed mission
Next Story