കോർപറേറ്റ് കെണിയിൽ കുരുങ്ങുന്ന ഡിജിറ്റൽ വിപ്ലവം
text_fields2026 ഫെബ്രുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണ ശേഷം ഇന്ത്യയുമായുള്ള വ്യാപാരധാരണ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. തുടക്കത്തിൽ അതിന്‍റെ വിശദാംശങ്ങൾ നൽകാൻ വാണിജ്യമന്ത്രി പീയൂഷ് ഗോയൽ വിസമ്മതിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവനയായി അത് പുറത്തുവന്നു. അതിലെ പ്രധാന വിഷയങ്ങളിലൊന്ന്, “വിവേചനപരമോ അമിതഭാരമുള്ളതോ ആയ നടപടികളും ഡിജിറ്റൽ വ്യാപാരതടസ്സങ്ങളും പരിഹരിക്കുമെന്നും ഭാവിയിലെ ഡിജിറ്റൽ വ്യാപാരനിയമങ്ങൾക്ക് വ്യക്തമായ മാർഗരേഖ ഒരുക്കുമെന്നും” ഇരുരാജ്യങ്ങളും നൽകിയ ഉറപ്പായിരുന്നു. ഏപ്രിൽ ഒന്നിന് അമേരിക്കൻ വ്യാപാര പ്രതിനിധി ഓഫിസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ഇലക്ട്രോണിക് പേമെന്റ് നയങ്ങൾ ഇന്ത്യൻ കമ്പനികൾക്കനുകൂലമായി പ്രവർത്തിക്കുന്നുവെന്നും അമേരിക്കയുടെ കമ്പനികൾക്ക് തുല്യമായ മത്സരാവസരം ഇല്ലാതാക്കുന്നുവെന്നും ആരോപിക്കുകയും അത് തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കറൻസിരഹിത പേമെന്‍റുകൾക്ക് ഇന്ത്യ നൽകിയ നിയമപരമായ സംരക്ഷണവും സീറോ മർച്ചെന്‍റ് ഡിസ്കൗണ്ട് റേറ്റും (എം.ഡി.ആർ) അമേരിക്കൻ വിദേശ കാർഡ് ശൃംഖലകളുടെ വളർച്ച പരിമിതപ്പെടുത്തുന്നുവെന്നതായിരുന്നു അമേരിക്കൻ വാദത്തിന്‍റെ കാതൽ. യു.പി.ഐ നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യമാണെങ്കിലും സീറോ എം.ഡി.ആർ കാരണം ബാങ്കുകൾക്കും പേമെന്റ് സേവനദാതാക്കൾക്കും ആപ്പുകൾക്കും ഓരോ ഇടപാടിൽനിന്നും നേരിട്ടുള്ള വരുമാനം ലഭിക്കുന്നില്ലെന്ന പരാതി കഴിഞ്ഞ 10 വർഷമായി അവരുന്നയിക്കുന്നുണ്ട്. അങ്ങനെയൊരു ഭേഗദതി വന്നാൽ അതിന്‍റെ ഗുണഭോക്താക്കളിൽ പ്രധാനികൾ 80 ശതമാനം ഇടപാടുകളും നടത്തുന്ന ഗൂഗ്ൾ പേയും വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫോൺപേയുമാണ്.
അമേരിക്കൻ കോർപറേറ്റ് താൽപര്യങ്ങൾക്ക് മുന്നിൽ വഴങ്ങിയ കേന്ദ്ര സർക്കാർ, ജനാധിപത്യ പ്രക്രിയകളെയും പാർലമെന്ററി ചർച്ചകളെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് ആഗസ്റ്റ് നാലിന് ധനമന്ത്രി നിർമല സീതാരാമൻ ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ, 2026’ സഭയിലവതരിപ്പിച്ചത്. ബഹളമയമായ അന്തരീക്ഷത്തിൽ ഒരു ചർച്ചയുമില്ലാതെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയെടുത്ത ഈ നിയമഭേദഗതി ആഗസ്റ്റ് 17ന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു. അതോടെ, ചാർജില്ലാ ഡിജിറ്റൽ ഇടപാട് എന്നത് നിയമം ഉറപ്പുനൽകുന്ന പൊതു അവകാശത്തിൽനിന്ന് കേന്ദ്രസർക്കാറിന്റെ വിജ്ഞാപനത്തെ ആശ്രയിക്കുന്ന ആനുകൂല്യമായി മാറി. നേരത്തേ ആദായനികുതി നിയമത്തിലെ 269 എസ്.യു പ്രകാരം നിർദേശിച്ച ഇലക്ട്രോണിക് മാർഗങ്ങളിലൂടെ പണമടക്കുന്നയാളിൽനിന്നോ സ്വീകരിക്കുന്നയാളിൽനിന്നോ നേരിട്ടോ പരോക്ഷമായോ ചാർജ് ഈടാക്കാൻ പാടില്ലായിരുന്നു. ഭേദഗതിക്കുശേഷം സർക്കാർ പ്രത്യേകം വിജ്ഞാപനം ചെയ്യുന്ന ഇടപാടുകൾക്കു മാത്രമായി ഈ സംരക്ഷണം ചുരുങ്ങി. കേവലം ഒരു സാങ്കേതിക തിരുത്തലല്ല ഈ ഭേദഗതി. മറിച്ച്, വിദേശ സമ്മർദഫലമായി സ്വന്തം രാജ്യത്തെ പൗരരുടെ സാമ്പത്തിക ഇടപാടുകൾക്കുണ്ടായിരുന്ന സംരക്ഷണം എടുത്തുമാറ്റിയ നിയമനിർമാണമാണ് സംഭവിച്ചിരിക്കുന്നത്.
ഇന്ത്യയുടെ അഭിമാനകരമായ ഡിജിറ്റൽ പേമെന്റ് വ്യവസ്ഥയുടെ ഭാവി വിദേശ താൽപര്യങ്ങൾക്കനുസൃതമായി എത്രവേഗത്തിലാണ് ഇവിടെ തിരുത്തിക്കുറിക്കപ്പെടുന്നത്. ഒക്ടോബർ 15 മുതൽ 2000 രൂപക്കുമുകളിലുള്ള വ്യാപാര യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആറും അതിന്‍റെ 18 ശതമാനം ജി.എസ്.ടിയും ഏർപ്പെടുത്തിയത്. 75,000 രൂപ മുതലുള്ള ഇടപാടിൽ പരമാവധി 300 രൂപയാണ് നിരക്ക്. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളും പ്രതിമാസം ഒരുലക്ഷം രൂപവരെയുള്ള ഇടപാടിന് ചെറുകിട വ്യാപാരികളും ഈ ചാർജ് നിലവിൽ നൽകേണ്ടതില്ല. എന്നാൽ, ഒഴിവാക്കിയ ഇടപാട് നാളെ ഒരു കേന്ദ്ര ഉത്തരവിലൂടെ ചാർജിന്റെ പരിധിയിൽ കൊണ്ടുവരാൻ ഭരണകൂടത്തിന് എളുപ്പത്തിൽ കഴിയും. ഈ തിടുക്കപ്പെട്ട നയമാറ്റം ഏറ്റവും വലിയ പ്രഹരമേൽപിക്കുന്നത് രാജ്യത്തെ ചെറുകിട വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കുമാണ്. 2000 രൂപക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് നികുതിയും ചാർജും നൽകേണ്ടി വരുമ്പോൾ, തുച്ഛമായ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന സാധാരണ കച്ചവടക്കാരുടെ സാമ്പത്തിക നിലനിൽപ് അവതാളത്തിലാകും. രാജ്യത്തിന്‍റെ നടുവൊടിച്ച നോട്ടുനിരോധനത്തിന് പറഞ്ഞ ഏക ന്യായം ഡിജിറ്റൽവത്കരണത്തിന്‍റെ സാധൂകരണമായിരുന്നു. ഇപ്പോൾ ഡിജിറ്റൽ സംവിധാനം മറ്റൊരു സാമ്പത്തിക കൊള്ളയുടെ മാർഗമായി ഭരണകൂടം മാറ്റുകയാണ്.
ലളിതവും സൗജന്യവുമായ സേവനമെന്ന നിലയിലാണ് തെരുവുകച്ചവടക്കാർ മുതൽ വൻകിട വ്യാപാരികൾ വരെ യു.പി.ഐയെ നെഞ്ചിലേറ്റിയത്. ഇടപാടുകൾക്ക് ബാധ്യത ഏറുന്നതോടെ വ്യാപാരികൾ ഡിജിറ്റൽ പേമെന്റുകൾ നിരസിക്കാനും, ഇടപാടുകാരോട് വീണ്ടും പണം ആവശ്യപ്പെടാനും തുടങ്ങും. അല്ലെങ്കിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധിപ്പിക്കുകയും അത് അന്തിമമായി സാധാരണക്കാരന്റെ തലയിൽ പരോക്ഷ നികുതിയായി അടിച്ചേൽപിക്കപ്പെടുകയും ചെയ്യും. ലോകത്തിന് മുന്നിൽ ഭാരതം അഭിമാനത്തോടെ അവതരിപ്പിക്കുകയും വികസിത രാജ്യങ്ങൾപോലും അത്ഭുതത്തോടെ നോക്കിക്കാണുകയും ചെയ്ത ഒന്നായിരുന്നു ‘ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ’ വഴി വികസിപ്പിച്ചെടുത്ത തദ്ദേശീയ പേമെന്റ് ശൃംഖലകൾ. ജനങ്ങളുടെ സാമ്പത്തിക സുതാര്യതയും ഡിജിറ്റൽ പുരോഗതിയും മുൻനിർത്തി സൃഷ്ടിച്ച ഈ പൊതുസംവിധാനത്തെ കോർപറേറ്റ് സമ്മർദത്തിലൂടെ തകർക്കുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ ഭാവിയെത്തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

