മോദി സർക്കാറിന്റെ നയതന്ത്ര പരാജയം
text_fieldsഅമേരിക്കയിലേക്ക് കയറ്റുമതിചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് താങ്ങാനാവാത്ത ചുങ്കം ചുമത്താനുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടും പരമാവധി വിധേയത്വത്തോടെ ആയിരുന്നു നമ്മുടെ സർക്കാറിന്റെ പ്രതികരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും ട്രംപ് പറയുന്നതിനനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ നേതൃത്വത്തിൽ ഇറാൻ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് നരേന്ദ്ര മോദി നടത്തിയ ഇസ്രായേൽ സന്ദർശനം ട്രംപിന്റെ നിർദേശമനുസരിച്ചായിരുന്നു എന്നുവരെ രാഹുൽ കുറ്റപ്പെടുത്തി. തമിഴ്നാട്ടിലെ ഇലക്ഷൻ പ്രചാരണത്തിൽ പങ്കെടുക്കവെ തൂത്തുക്കുടിയിൽ നടന്ന പൊതുയോഗത്തിലാണ് കോൺഗ്രസ് നേതാവ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത് എന്നതുകൊണ്ട് അത് കേവലം ഇലക്ഷൻ കാമ്പയിനിന്റെ ഭാഗമായി അവഗണിക്കാവുന്നതേയുള്ളൂ. പക്ഷേ, നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി തുടരുന്ന വിദേശനയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്കെല്ലാം ബോധ്യപ്പെടുത്തുന്ന ഒരു വസ്തുത രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് അടിവരയിടുന്നതാണെന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പുലർത്തിവന്ന, താരതമ്യേന നിഷ്പക്ഷവും ചേരിചേരായ്മയിൽ അധിഷ്ഠിതവുമായ വിദേശനയം ഇന്ന് തികഞ്ഞ അമേരിക്കൻ വിധേയത്വത്തിനും ഇസ്രായേൽ പക്ഷപാതിത്വത്തിനും വഴിമാറിയിരിക്കുന്നു.
ഒരർഥത്തിലും വിശ്വസിക്കാനോ അനുകൂലിക്കാനോ സാധ്യമല്ലാത്ത വികലവും ഭ്രാന്തവും ചഞ്ചലവുമായ സാമ്പത്തിക, വിദേശനയങ്ങളുമായി ലോകത്തെ അടക്കിഭരിക്കാൻ ശ്രമിക്കുന്ന ട്രംപിനെപ്പോലും പലപ്പോഴും പിന്തുണക്കുകയോ അതുമല്ലെങ്കിൽ അന്യായ നിലപാടുകൾക്കുമുന്നിൽ മൗനംഭജിക്കുകയോ ചെയ്യുന്ന നിലപാടാണ് മോദി ഭരണകൂടം നാളിതുവരെ സ്വീകരിച്ചുവന്നിട്ടുള്ളത്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ പൊടുന്നനെ നിർത്തേണ്ടിവന്നത് താൻ കൽപിച്ചിട്ടാണെന്ന് ട്രംപ് നിരന്തരം അവകാശപ്പെടുമ്പോൾ അതിന് പോലും നേർക്കുനേരെ മറുപടിപറയാൻ മോദി സർക്കാർ മടിക്കുന്നു. അമേരിക്കയിലേക്ക് കയറ്റുമതിചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് താങ്ങാനാവാത്ത ചുങ്കം ചുമത്താനുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടും പരമാവധി വിധേയത്വത്തോടെ ആയിരുന്നു നമ്മുടെ സർക്കാറിന്റെ പ്രതികരണം.
അമേരിക്കൻ വിധേയത്വത്തിന്റെ ഭാഗമായി മാത്രമല്ല സ്വതേതന്നെ ഇസ്രായേലുമായുള്ള മോദിസർക്കാറിന്റെ ഉറ്റസൗഹൃദവും കൂട്ടുകെട്ടും ആ രാജ്യത്തിന്റെ അന്യായമായ സംസ്ഥാപനം മുതൽ നാം അനുവർത്തിച്ചുവന്ന നീതിപൂർവമായ നിലപാടിന് കടകവിരുദ്ധമാണ്. ഇസ്രായേലിന്റെ അസ്തിത്വവും പരമാധികാരവും അംഗീകരിച്ചുകൊണ്ടുതന്നെ, ജന്മഭൂമിയിൽനിന്ന് അന്യായമായി പുറന്തള്ളപ്പെട്ട ഫലസ്തീൻ ജനതയുടെ സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തെക്കൂടി വകവെച്ചുകൊടുക്കുന്ന സമീപനമായിരുന്നു മുൻ സർക്കാറുകൾ സ്വീകരിച്ചുവന്നത്. മോദി സർക്കാർ ഇത് നിരാകരിക്കുന്നതായി പരസ്യമായി പറയാതെ, ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത പദ്ധതിയുമായി അമേരിക്കയുടെ പൂർണ സഹകരണത്തോടെ നെതന്യാഹു ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കൊടും ക്രൂരതകളെ നിശ്ശബ്ദം പിന്താങ്ങുകയാണ് ചെയ്യുന്നതെന്ന് ലോകത്തിന് ബോധ്യമാവുന്നതരത്തിലാണ് സമീപനം. രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയപോലെ കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രായേൽ സന്ദർശിച്ച നരേന്ദ്ര മോദി രാജ്യത്തിന്റെ നെസറ്റിൽ ചെയ്ത പ്രസംഗത്തിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സാംസ്കാരികവും രാഷ്ട്രീയവും സൈനികവുമായ സഹകരണത്തെ വാനോളം ഉയർത്തിക്കാട്ടുകയും ഇന്ത്യൻ ജൂതരുടെ പിതൃഭൂമിയാണെന്ന് ഇസ്രായേലിനെ വാഴ്ത്തുകയുമാണ് ചെയ്തത്. ഗസ്സയിൽ ഇസ്രായേലിന്റെ നരനായാട്ട് മോദി സ്പർശിച്ചില്ലെന്നതോ പോകട്ടെ, നെതന്യാഹുവിന്റെ മുൻഗാമികൾ ഒപ്പിട്ട ഓസ്ലോ കരാറിൽ വ്യവസ്ഥചെയ്ത വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ ഭൂപ്രദേശത്തുനിന്നുപോലും ആ ജനതയെ മൊത്തം തടവിലിട്ടും നാടുകടത്തിയും അവരുടെ വീടുകളും ആരാധനാലയങ്ങളുമടക്കം ബുൾഡോസർ പ്രയോഗിച്ച് നിലംപരിശാക്കിയും തുടരുന്ന നരനായാട്ടിനെക്കുറിച്ച് ഒരക്ഷരം ഉരിയാടിയതുമില്ല. 2023 ഒക്ടോബർ മുതൽ ഇതേവരെയായി 1500 കുട്ടികളടക്കം 18500ൽപരം ഫലസ്തീൻകാരെ ഇസ്രായേൽ ജയിലിലടച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലാവട്ടെ അവരിൽ പലരെയും വിചാരണ പൂർത്തിയാവാതെതന്നെ വധശിക്ഷക്ക് വിധേയരാക്കാനുള്ള നിയമവും നെതന്യാഹു ഭരണകൂടം ചുട്ടെടുത്തിരിക്കുന്നു.
നീതിയും നിഷ്പക്ഷതയും മനുഷ്യത്വവും കളഞ്ഞുകുളിച്ചുകൊണ്ടുള്ള ഈ വിദേശനയത്തിന്റെ സ്വാഭാവിക ഫലമാണ്, ഇപ്പോൾ ഇറാൻ-അമേരിക്ക- ഇസ്രായേൽ യുദ്ധം അവസാനിക്കാനുള്ള നയതന്ത്ര നീക്കങ്ങളിൽ പങ്കുവഹിക്കാനാവാതെ ഇന്ത്യാ മഹാരാജ്യം നിഷ്ക്രിയമായി നിൽക്കുന്നത്. ഇറാനാകട്ടെ പാകിസ്താനോട് അകൽച്ചപാലിച്ച് ഇന്ത്യയോട് സൗഹൃദവും പ്രതിബദ്ധതയും പുലർത്തിവന്ന രാജ്യമാണ്. വർഷങ്ങളായി തുടർന്നുവരുന്ന എണ്ണ ഇറക്കുമതി ട്രംപിന്റെ സമ്മർദത്തിനുവഴങ്ങി നിർത്തിവെച്ച ഇന്ത്യക്ക് ഇന്നത്തെ വിഷമസന്ധിയിൽ എണ്ണ തരാൻ തയാറായ രാജ്യം കൂടിയാണ് ഇറാൻ.
അനേകം ലക്ഷം ഇന്ത്യക്കാർ ഉപജീവനം നേടുകയും ലക്ഷം കോടികൾ സ്വരാജ്യത്തേക്ക് അയക്കുകവഴി നമ്മുടെ സമ്പദ്‍വ്യവസ്ഥയെ താങ്ങിനിർത്തുകയും ചെയ്യുന്ന ഗൾഫ് രാജ്യങ്ങളെ വിഷമസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ കെടുതികൾ ലോക സമാധാനത്തിനാകെ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. എത്രയും പെട്ടെന്നത് അവസാനിക്കേണമേ എന്നാണ് 140 കോടി ഇന്ത്യക്കാരുടെകൂടി പ്രാർഥന. പക്ഷേ, യുദ്ധവിരാമത്തിനായുള്ള ശ്രമങ്ങളിൽ ഒരുപങ്കും വഹിക്കാനാവാതെ നിഷ്ക്രിയരായിരിക്കുകയാണ് നമ്മുടെ ഭരണകൂടം. അതേസമയം അന്താരാഷ്ട്രതലത്തിൽ തന്നെ ഒറ്റപ്പെടലിന്റെ വക്കിലെത്തിനിൽക്കുന്ന പാകിസ്താൻ പൊടുന്നനെ മധ്യസ്ഥന്റെ റോളിൽ രംഗപ്രവേശം ചെയ്ത് സമാധാന ചർച്ചകൾക്ക് ഇസ്‍ലാമാബാദിൽ വേദി ഒരുക്കിക്കൊണ്ട് ലോകത്തിന്റെ ശ്രദ്ധയും കൈയടിയും പിടിച്ചുപറ്റിയിരിക്കുന്നു. യു.എസ്-ഇറാൻ ചർച്ചകൾ വിജയിച്ചാലും ഇല്ലെങ്കിലും അവസരം പരമാവധി മുതലാക്കുന്നുണ്ട് പാകിസ്താൻ. ഈ വിധിവൈപരീത്യം പുനഃപരിശോധിക്കുകയെങ്കിലും ചെയ്യാനുള്ള ആർജവം മോദിസർക്കാറിനുണ്ടാവുമോ എന്നതാണ് ദേശാഭിമാനികളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠാജനകമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

