Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅരുത്,...

അരുത്, കേരളത്തിലെങ്കിലും ഇനി ആവർത്തിക്കരുത്

text_fields
bookmark_border
അരുത്, കേരളത്തിലെങ്കിലും ഇനി ആവർത്തിക്കരുത്
cancel

ഒരു മനുഷ്യനെ മനുഷ്യരെന്ന് നടിക്കുന്ന കുറെപേർ ചേർന്ന് വളഞ്ഞുവെച്ച് മർദിച്ച് കൊലപ്പെടുത്തുന്ന മനുഷ്യത്വവിരുദ്ധത-ആൾക്കൂട്ടക്കൊല വർത്തമാനകാല ഇന്ത്യയിൽ ഒരു പതിവുസംഭവമാണ്. ആദ്യകാലങ്ങളിൽ ഇത്തരം വാർത്തകൾ, കേൾക്കുന്നവരുടെ ഉള്ളുലച്ചുകളയുമായിരുന്നു. ഇപ്പോൾ രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും രാജ്യത്തിന്റെ ഏതെങ്കിലുമൊരു കോണിൽനിന്ന് നമ്മളത് കേൾക്കുന്നു. പശുക്കടത്ത് ആരോപിച്ചും മോഷണക്കുറ്റം ചുമത്തിയും പിള്ളേരെ പിടുത്തക്കാരെന്നോ ദുർമന്ത്രവാദികളെന്നോ മുദ്രകുത്തിയെല്ലാമാണ് ആൾക്കൂട്ടം ശിക്ഷ നടപ്പാക്കിത്തുടങ്ങിയതെങ്കിൽ ഇപ്പോൾ നീട്ടിവളർത്തിയ താടിപോലും ഒരാൾ പൊതുജനമധ്യത്തിൽ ആക്രമിക്കപ്പെടാൻ മതിയായ കാരണമാണ്.

മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ കഴിഞ്ഞ വർഷം മേയ് 19ന് ബൻവാരി ലാൽ ജെയിൻ എന്ന 65 വയസ്സുള്ള രോഗിയായ മനുഷ്യനെ ബി.ജെ.പി ഭാരവാഹിയുടെ നേതൃത്വത്തിൽ ആൾക്കൂട്ടം ചേർന്ന് അടിച്ചുകൊന്നത് അദ്ദേഹം മുസ്‍ലിമാണെന്ന സംശയത്താലായിരുന്നു. നിന്റെ പേര് മുഹമ്മദ് എന്നല്ലേ, ആധാർ കാർഡ് കാണിക്കെടാ എന്ന് ആക്രോശിച്ച് മർദിക്കുന്നവരോട് മറുപടി പറയാൻപോലും കഴിയാതെ കാലുപിടിച്ച് തളർന്നുവീഴുന്ന, കേൾവിശക്തിയും ബുദ്ധിസ്ഥിരതയുമില്ലാത്ത ആ മനുഷ്യന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് വായിച്ച് നെഞ്ചുപിടഞ്ഞുപോയവരാണ് നമ്മിൽ പലരും.

ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ അതിക്രമങ്ങളും അന്യായങ്ങളും നടമാടുമ്പോഴും അതിൽനിന്ന് വേറിട്ടുനിൽക്കുന്ന നാടാണ് നമ്മുടേതെന്ന് അഭിമാനപൂർവം പറയുന്നവരാണ് ഓരോ മലയാളിയും. എന്നാൽ, ആൾക്കൂട്ടം നിയമം നടപ്പാക്കുന്ന ഹീനമായ ഏർപ്പാടിൽനിന്ന് മുക്തമല്ല കേരളം എന്ന് ഓർമപ്പെടുത്തുന്നു ബിഹാറിൽനിന്നുള്ള രാജേഷ് മാഞ്ചി എന്ന അന്തർ സംസ്ഥാന തൊഴിലാളിയുടെ ഉയിരറ്റ ദേഹം.

കൊണ്ടോട്ടിക്കടുത്ത കിഴിശ്ശേരിയിലെ കോഴിഫാമിൽ ജീവനക്കാരനായിരുന്ന മാഞ്ചിയെ കള്ളനെന്നാരോപിച്ചാണ് ശനിയാഴ്ച പുലർച്ച ആൾക്കൂട്ടം അടിച്ചുകൊന്നത്. പൈപ്പും മരക്കമ്പുമെല്ലാം ഉപയോഗിച്ച് രണ്ടുമണിക്കൂറിലേറെ നേരം മർദിച്ച് അത് വിഡിയോയിൽ പകർത്തി ആസ്വദിച്ച പ്രതികൾ യുവാവിന് അനക്കമറ്റതോടെ വലിച്ചിഴച്ച് കവലയിൽ കൊണ്ടുതള്ളുകയായിരുന്നുവെന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ് പറയുന്നു. സമയനഷ്ടമില്ലാതെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

തുടർനടപടികളും നീതി ഉറപ്പാക്കലും എപ്രകാരമായിരിക്കും എന്നതിനെക്കുറിച്ച് പ്രവചിക്കാനോ അമിത പ്രതീക്ഷ പുലർത്താനോ ഈ നിമിഷം നിർവാഹമില്ല. 2018 ഫെബ്രുവരി 22ന് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് അടിച്ചുകൊന്ന സംഭവത്തിലെ അന്വേഷണവും കൂറുമാറ്റങ്ങളുമെല്ലാം എവ്വിധമായിരുന്നുവെന്ന് എല്ലാവരും കണ്ടതാണ്. അഞ്ചു വർഷത്തിനുശേഷം കുറ്റക്കാരെന്നുകണ്ടെത്തിയ പ്രതികൾക്ക് കോടതി വിധിച്ച ശിക്ഷയാവട്ടെ ഇത്തരം ഹീനമായ കുറ്റങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാൻ പര്യാപ്തമല്ലാത്ത വിധത്തിലുമായിരുന്നു.

ആദ്യത്തെ കൺമണിയെക്കാണാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലെത്തിയ വയനാട്ടിൽനിന്നുള്ള ആദിവാസി യുവാവ് വിശ്വനാഥൻ ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായതിനുപിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം നടന്നിട്ട് മൂന്നുമാസം പിന്നിടുന്നു. വിശ്വനാഥനെ മർദിച്ചവരിൽ ഒരാളെപ്പോലും പിടികൂടാൻ നിയമപാലകർക്ക് സാധിച്ചിട്ടില്ല.

ആദിവാസികൾ, ദലിതർ, അന്തർ സംസ്ഥാന തൊഴിലാളികൾ എന്നിവരാണ് കേരളത്തിൽ ഏറെയും ആൾക്കൂട്ട അതിക്രമങ്ങൾക്ക് ഇരയാവുന്നത്. ഇതിനുപുറമെ സ്വയം പ്രഖ്യാപിത സദാചാര സംരക്ഷക സംഘങ്ങൾ നടത്തുന്ന അക്രമങ്ങളെ പലപ്പോഴും പൊതുസമൂഹം അംഗീകരിച്ച് ശരിവെച്ചുകൊടുക്കുന്ന അനുഭവങ്ങളാണ് നമുക്കു മുന്നിലുള്ളത്. നാടിന്റെ സമാധാനവും സദാചാരവും സംരക്ഷിക്കുന്നതിനല്ല, കുറ്റകൃത്യങ്ങളെ സാമാന്യവത്കരിക്കാനും വർധിപ്പിക്കാനും മാത്രമേ അത്തരമൊരു മനഃസ്ഥിതി ഉപകരിക്കൂ.

ഇനിയുമൊരു ആൾക്കൂട്ടക്കൊലപാതകം കേരളത്തിൽ സംഭവിക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുക്കാൻ സർക്കാറിനും രാഷ്ട്രീയ-സാമൂഹിക സംഘടനകൾക്കും ധൈര്യമുണ്ടോ? അത്തരം അക്രമികളെ സംരക്ഷിക്കാനും കുറ്റകൃത്യത്തിന്റെ തെളിവുനശിപ്പിക്കാനും കൂട്ടുനിൽക്കില്ലെന്ന് ആണയിടാൻ യുവജന സംഘടനകൾ മുന്നോട്ടുവരുമോ? ഉവ്വ് എന്നാണ് ഉത്തരമെങ്കിൽ അത് മനുഷ്യത്വത്തിന്റെ, നീതിയുടെ കേരള മോഡലായി മാറുമെന്നത് തീർച്ച. നിയമം കൈയിലെടുക്കാനും തങ്ങൾക്ക് തോന്നിയ ശിക്ഷ നടപ്പാക്കാനും ഒരുമ്പെടുന്ന കൊലയാളിക്കൂട്ടത്തെ കണ്ടെത്താനും ശരിയാംവിധം ശിക്ഷിച്ച് നിലക്കുനിർത്താനും നിയമപാലകരും നീതിപീഠവും വൈമനസ്യം കാണിക്കുന്നിടത്ത് നിയമവാഴ്ച തന്നെ അട്ടിമറിക്കപ്പെടുമെന്നത് മറക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynch
News Summary - Mob lynching should not be repeated at least in Kerala
Next Story