Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവിദേശകാര്യ മന്ത്രി...

വിദേശകാര്യ മന്ത്രി പറഞ്ഞതും പറയാൻ മടിച്ചതും

text_fields
bookmark_border
S Jaishankar, Discrimination
cancel


വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ ഒരു പ്രസ്താവന ഏറെ ചർച്ചക്ക് വഴിവെച്ചിരിക്കുന്നു. അമേരിക്കൻ സന്ദർശനത്തിനിടെ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ചർച്ച പരിപാടിയിൽ പങ്കെടുക്കെ, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനത്തെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി, അങ്ങനെയൊരു വിവേചനമേ ഇല്ലെന്നാണ്. ‘‘സദ്ഭരണവും സാമൂഹിക സന്തുലനവും ഉണ്ടോ എന്നറിയാനുള്ള പരിശോധന എന്താണ്? -ഭരണസേവനങ്ങളിൽ അവർക്ക് കിട്ടേണ്ടത് കിട്ടുന്നുണ്ടോ എന്നതാണ്. ഇന്ത്യയിൽ സാമൂഹികക്ഷേമ പദ്ധതികൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാണെന്നത് സത്യം. വിവേചനമുണ്ടെന്ന് തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു’’ -ഇത്തരത്തിലായിരുന്നു മന്ത്രിയുടെ മറുപടി. വ്യവസ്ഥാപിത വിവേചനത്തെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാവർക്കും റേഷനും ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങളും കിട്ടുന്നുണ്ടല്ലോ എന്ന മറുപടി, സംശയമുന്നയിച്ചവരുടെ ആശങ്ക കൂട്ടുകയേ ചെയ്യൂ. പ്രശ്നമുണ്ടെന്ന് അംഗീകരിച്ചാലല്ലേ പരിഹാരത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങൂ. പ്രശ്നമേ ഇല്ലെന്ന് പറയാൻവേണ്ടി വിഷയം മാറ്റുന്ന രീതി ഡോ. ജയ്ശങ്കർ മുമ്പും അനുവർത്തിച്ചിട്ടുണ്ട്.

ആഗോള ജനാധിപത്യ സൂചികയിൽ രണ്ട് വിദേശ ഏജൻസികൾ ഇന്ത്യയെ തരംതാഴ്ത്തിയതായിരുന്നു 2021ലെ ആ സന്ദർഭം. ഫ്രീഡം ഹൗസ് ഇന്ത്യയെ ‘ഭാഗികമായി മാത്രം സ്വതന്ത്രം’ എന്ന് വിശേഷിപ്പിച്ചു; വി-ഡെം എന്ന ഏജൻസി ഇന്ത്യയെ ‘ഇലക്ടറൽ ഓട്ടോക്രസി’ എന്നും. ഇവരെല്ലാം കപടന്മാരാണ് എന്നായിരുന്നു ജയ്ശങ്കറിന്റെ തീർപ്പ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനത്തെപ്പറ്റി അമേരിക്കയിൽ പ്രധാനമന്ത്രി മോദി ചോദ്യം നേരിട്ടപ്പോൾ അദ്ദേഹവും ജനാധിപത്യത്തെപ്പറ്റി വാചാലനായി, വിഷയത്തെ അഭിമുഖീകരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. വിദേശങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ സംരക്ഷിക്കാനാവാം ഇത്തരം കൗശലങ്ങൾ പ്രയോഗിക്കുന്നത്. എന്നാൽ, വസ്തുതകൾകൊണ്ട് മറുപടി പറയാനുള്ള വൈമനസ്യംതന്നെ ഒരു മറുപടിയാണ്. ആരോപണങ്ങൾക്ക് വസ്തുത നിരത്തി മറുപടി പറയാൻ കഴിയുന്നില്ലെന്നാണല്ലോ അത് ബോധ്യപ്പെടുത്തുന്നത്.

ജയ്ശങ്കറിന്റെ സഹസാമാജികൻ മറ്റൊരു പാർട്ടിയിലെ സാമാജികനെ മതാടിസ്ഥാനത്തിൽ പാർലമെന്റിൽവെച്ച് അധിക്ഷേപിച്ചിട്ട് അധികദിവസമായില്ല. അതുകേട്ട് സഭയിലിരുന്ന് ചിരിച്ചത് മുൻ മന്ത്രിമാരാണ്. മണിപ്പൂരിൽ പ്രകടമായ മതവിവേചനമാണ് പ്രശ്നം; കോടതിവരെ അക്കാര്യം ചൂണ്ടിക്കാട്ടിയതുമാണ്. മതവിദ്വേഷം പരക്കുമ്പോൾ സർക്കാറുകൾ നിഷ്ക്രിയത്വം പുലർത്തിയപ്പോഴാണ് സുപ്രീംകോടതി, വിദ്വേഷപ്രസംഗകർക്കെതിരെ പരാതി കിട്ടിയില്ലെങ്കിൽപോലും കേസെടുക്കാൻ പൊലീസ് സേനകളോട് നിർദേശിക്കാൻവരെ നിർബന്ധിതമായത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കെതിരെ ആക്രമണങ്ങൾ, മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമുള്ള വിദ്വേഷപ്രചാരണം, ആൾക്കൂട്ടക്കൊലകൾ, വ്യാപാര ബഹിഷ്കരണത്തിന് ആഹ്വാനങ്ങൾ, ഇതിലെല്ലാം അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഭരണസംവിധാനങ്ങൾ പുലർത്തുന്ന അനാസ്ഥ, കുറ്റവാളികൾക്ക് ഭരണപക്ഷത്തുനിന്ന് ലഭിക്കുന്ന പ്രോത്സാഹനം, ഭരണത്തിന്റെ തലപ്പത്തുള്ളവരടക്കം നടത്തിയിട്ടുള്ള സാമൂഹിക ഛിദ്രതയുണ്ടാക്കാൻപോന്ന പ്രസംഗങ്ങൾ, പ്രത്യക്ഷമായ വിവേചനമുൾക്കൊള്ളുന്ന പൗരത്വഭേദഗതി പോലുള്ള നിയമനിർമാണങ്ങൾ... അറ്റമില്ലാത്ത പട്ടികയായി നീളുന്ന വസ്തുതകൾക്കുമുന്നിൽ, എല്ലാവർക്കും റേഷനും ചികിത്സയുമൊക്കെ കിട്ടുന്നുണ്ടെന്ന് പറഞ്ഞൊഴിയുമ്പോൾ അത് ആരോപണത്തിന് മറുപടിയായല്ല, സ്ഥിരീകരണമായാണ് ഭവിക്കുന്നത്.

മതവിവേചനത്തോടെ സ്കൂൾ യൂനിഫോമിൽ കൈവെക്കുന്ന ഭരണകൂടം വിദ്യാഭ്യാസരംഗത്ത് വിവേചനമില്ലെന്ന് അവകാശപ്പെടുമ്പോൾ, വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് പഠനം നിർത്തിയ പെൺകുട്ടികൾ അത് എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? മുഖ്യ ഭരണകക്ഷി രാജ്യത്തെ പ്രധാന ന്യൂനപക്ഷത്തിന് അസംബ്ലിയിലും പാർലമെന്റിലും പ്രാതിനിധ്യമില്ലാത്തത് അഭിമാനമായി കാണുമ്പോൾ വിവേചനമില്ലെന്ന വാദം ആര് വിശ്വസിക്കും? വംശവെറിയും വംശീയ ഉന്മൂലനാഹ്വാനവും ഇന്ത്യയിൽ ഒട്ടുമില്ലെന്ന് പറയാനാകുമോ? ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 38 ശതമാനമാണ് ഇക്കൊല്ലം വെട്ടിക്കുറച്ചത്.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ‘വമ്പിച്ച, വ്യവസ്ഥാപിത’ അവകാശലംഘനം നടക്കുന്നു എന്ന് യു.എൻ സ്പെഷൽ റാപ്പോർട്ട്യർ കണക്കുനിരത്തി പറയുന്നു. 2023ലെ ആദ്യത്തെ എട്ടുമാസത്തിൽ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ 525 ആക്രമണങ്ങളുണ്ടായെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം സാരമായി ഹനിക്കുന്ന ‘ദേശീയ, സംസ്ഥാന നയ വിവേചനങ്ങളെ’പ്പറ്റി യു.എസിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ, പ്രസിഡന്റ് ബൈഡനെ ബോധ്യപ്പെടുത്തുന്നു. വാഷിങ്ടണിലെ ‘ഹിന്ദുത്വ വാച്ച്’ എന്ന സംഘടന പറയുന്നു, മുസ്‍ലിംകളെ വ്യാജമായി കുറ്റപ്പെടുത്തുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളാണ് വിദ്വേഷ പ്രചാരണങ്ങളിൽ 64 ശതമാനവുമെന്ന്.

ആംനസ്റ്റി ഇന്റർനാഷനൽ, ഫ്രീഡം ഹൗസ്, പ്യൂ റിസർച് സെന്റർ, രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ, വംശഹത്യയെപ്പറ്റി പഠിക്കുന്ന ഗവേഷകർ തുടങ്ങി അസംഖ്യം കേന്ദ്രങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളെപ്പറ്റി പലകുറി മുന്നറിയിപ്പ് തന്നിട്ടുണ്ട്. അതെല്ലാം ഇന്ത്യ വിരോധത്തിൽനിന്ന് വരുന്ന കുപ്രചാരണമാണെന്ന് ഡോ. ജയ്ശങ്കറിന് പറയാം. രാജ്യത്തെ ജനങ്ങളുടെ നേരനുഭവം ബോധ്യപ്പെടുത്തുന്നത് മറ്റൊന്നാണെന്ന് മന്ത്രിമാർക്ക് അറിയാത്തതല്ല. ഭരണകൂടത്തെ നിയന്ത്രിക്കുന്ന ശക്തികളുടെ പ്രത്യയശാസ്ത്രമാണ് ഈ വിവേചനത്തിന്റെ ഉറവിടമെന്ന് അറിയുന്നതാണ് പ്രശ്നം. ആ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറയാനുള്ള കഴിവില്ലായ്മയാണ് ജയ്ശങ്കറിനെക്കൊണ്ട് അവാസ്തവം പറയിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiscriminationS Jaishankarminorities in India
News Summary - Minister S Jaishankar statement of Discrimination faced by minorities in India
Next Story