മാധ്യമങ്ങൾ ഇനിയും മിണ്ടിത്തുടങ്ങിയില്ലെങ്കിൽ...
text_fields‘‘ഭരണകൂട വ്യവസ്ഥകളിൽനിന്ന് ജനാധിപത്യം പിൻവാങ്ങുന്ന കാലമാണിത്. നാം സ്വപ്നംകണ്ട ആ സുരക്ഷിത ലോകം വെറും കെട്ടുകഥയായിരുന്നുവെന്ന് തിരിച്ചറിയുന്നു. നന്മയും തിന്മയും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാണ് നമ്മൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. വെറും സാക്ഷികൾ മാത്രമല്ല നാം, പോരാട്ടഭൂമികയിലാണ് നമ്മുടെ സ്ഥാനമെന്നറിയുക.’’-സ്വെത്ലാന അലക്സിയേവിച്ച്
2015ലെ സാഹിത്യ നൊബേൽ ഏറ്റുവാങ്ങി സ്വെത്ലാന നടത്തിയ പ്രഭാഷണം ലോകത്തെ മുഴുവൻ എഴുത്തുകാർക്കുമുള്ള സന്ദേശമായിരുന്നു. വരാനിരിക്കുന്ന കലുഷിതമായ ലോകക്രമത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ട് ഇൗ വരികളിൽ. സോവിയറ്റ് കാലത്തെ കടുത്ത മാധ്യമ സെൻസർഷിപ്പിനെ മറികടന്ന്, ഭരണകൂടധ്വംസനങ്ങളുടെയും അധിനിവേശത്തിെൻറയുമെല്ലാം അതിഭീകര കാഴ്ചകളെ പുറംലോകത്തെത്തിച്ച സ്വെത്ലാനയെപ്പോലൊരാളുടെ വാക്കുകൾ വർത്തമാന ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്കും ആ അർഥത്തിൽതന്നെ പാഠമാകേണ്ടതാണ്. കാരണം, അവർ സൂചിപ്പിച്ച ‘വലിയ പോരാട്ട’ത്തിൽ മുൻനിരയിൽ നിലയുറപ്പിക്കേണ്ട ഫോർത്ത് എസ്റ്റേറ്റിന് കൈവിലങ്ങണിയിക്കാനുള്ള ഭരണകൂടത്തിെൻറ നീക്കങ്ങൾ ഒാരോന്നായി മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പുതിയ നിയമനിർമാണങ്ങളിലൂടെയും ഒാർഡിനൻസിലൂടെയും മാധ്യമമാരണ നിയമങ്ങൾ നടപ്പാക്കുകയാണ് മോദിയുടെ ഇന്ത്യ. ഇതിൽ ഒന്നുമാത്രമാണ് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ കൊണ്ടുവന്ന മാധ്യമ നിയന്ത്രണ ബിൽ.
ജഡ്ജിമാർ, മന്ത്രിമാർ, എം.എൽ.എമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയുള്ള അഴിമതി അന്വേഷണവും ഇതുസംബന്ധിച്ച മാധ്യമവാർത്തകളും നിയന്ത്രിക്കാനെന്ന പേരിൽ രാജസ്ഥാൻ സർക്കാർ കൊണ്ടുവന്ന ബിൽ ഇതിനകംതന്നെ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. എഡിറ്റേഴ്സ് ഗിൽഡ് ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളും നിയമവിദഗ്ധരുമെല്ലാം ഇൗ ബില്ലിനെതിരെ രംഗത്തെത്തി. എന്തിന്, തിങ്കളാഴ്ച ബിൽ നിയമസഭയിൽ വെച്ചപ്പോൾ ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾതന്നെ ബിൽ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷത്തോടൊപ്പം നിന്നു. സർക്കാർ ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ എതിരെ അഴിമതി ആരോപണമുണ്ടായാൽ, അക്കാര്യം അന്വേഷിക്കുന്നതിനും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ഇതേ സർക്കാറിെൻറതന്നെ അനുമതിക്ക് ആറു മാസം വരെ കാത്തിരിക്കണമെന്ന അത്യന്തം അസംബന്ധമായ വകുപ്പാണ് ഇൗ ബില്ലിെൻറ കാതൽ. ഇതിനായി ക്രിമിനൽ പ്രൊസീജർ കോഡിലും (സി.ആർ.പി.സി) ഇന്ത്യൻ ശിക്ഷാനിയമത്തിലും (െഎ.പി.സി) വരെ ഭേദഗതി വരുത്തിയാണ് മാധ്യമ ഇടപെടലുകളെയും അഴിമതിക്കെതിരായ പോരാട്ടങ്ങളെയും തടയാൻ ശ്രമിക്കുന്നത്. ഇൗ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറെ ദുരൂഹവുമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച ഒാർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചത്. എന്നിട്ടും അക്കാര്യം പുറംലോകം അറിയാൻ ഒരു മാസത്തിലേറെ സമയമെടുത്തതിെൻറ കാരണം എന്തായിരിക്കാം? ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കണക്കിലെടുത്താകാം, പ്രതിപക്ഷത്തിെൻറകൂടി പ്രാതിനിധ്യമുള്ള സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ഇത് വിട്ടിരിക്കുകയാണ് വസുന്ധര രാജെ സർക്കാർ. എങ്കിലും സർക്കാർ പിന്നാക്കംപോകുമെന്ന് കരുതാൻ ന്യായമില്ല. കാരണം, കേന്ദ്ര സർക്കാറിെൻറയും ബി.െജ.പിയുടെയും പൂർണ പിന്തുണയോടെ അണിയറയിൽ തയാറാക്കിയതാണ് ഇൗ ബിൽ എന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 254(2) അനുസരിച്ച്, സി.ആർ.പി.സിയിലും െഎ.പി.സിയിലും സംസ്ഥാനങ്ങൾക്ക് ഭേദഗതി വരുത്തണമെങ്കിൽ ആദ്യം കേന്ദ്ര സർക്കാറിെൻറ അനുമതി വാങ്ങണമെന്നാണ്. ആ അനുമതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽതന്നെയാണ് ബിൽ നിയമസഭയിൽ വെച്ചതെന്നാണ് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അപ്പോൾ, ഇത് രാജസ്ഥാനിൽ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തം. ഇതൊരു പാർട്ടി പരിപാടിയാണെന്ന് വ്യക്തമായ സ്ഥിതിക്ക്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെങ്കിലും ഇൗ പത്രമാരണ നിയമം കൊണ്ടുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം, മറ്റു മേഖലകളിലേതുപോലെതന്നെ മാധ്യമരംഗത്തും ഒരുതരം അരക്ഷിതാവസ്ഥ പ്രകടമാണ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളിൽ നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽനിന്ന് ഫാഷിസ്റ്റ് പ്രവണതകളിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ‘മോദിനോമിക്സ്’ മുതലുള്ള ‘പരിഷ്കരണങ്ങൾ’ നമുക്ക് പറഞ്ഞുതരും. അതിനിർണായകമായ ഇൗ ഘട്ടത്തിൽ ക്രിയാത്മകമായി ഇടപെടേണ്ട മാധ്യമങ്ങൾ അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, ഭരണകൂടത്തിെൻറ പ്രചാരകരും സ്തുതിപാഠകരുമായി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, ഏതെങ്കിലുമൊരു മുഖ്യധാരാ മാധ്യമം സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ തയാറായിട്ടുണ്ടോ? ബദൽ മാധ്യമങ്ങൾ പുറംലോകത്തെത്തിച്ച, അധികാര ദുർവിനിയോഗത്തിെൻയും അഴിമതിയുടെയും കഥകൾ വാർത്തയാക്കാൻപോലും ഇൗ മാധ്യമങ്ങൾ ഒരുക്കമല്ല. അബദ്ധത്തിൽ വാർത്തയാക്കിയവർ നിമിഷങ്ങൾക്കകം അത് പിൻവലിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ ‘റിപ്പോർേട്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന സംഘടന പുറത്തുവിട്ട അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യ പിന്നാക്കംപോയതും മോദിയുടെ ഇന്ത്യയിൽ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്ന സംഘടനയുടെ പ്രസ്താവനയും വാർത്തയാക്കാൻ ‘മുഖ്യധാരക്ക്’ കഴിഞ്ഞില്ല. സർക്കാറിെൻറ മാധ്യമസംവിധാനങ്ങൾതന്നെ പൂർണമായും സംഘ്പരിവാർ സംഘടനകൾക്കു കീഴിലായിരിക്കുേമ്പാഴാണ് ഇൗ ‘സ്വയം സെൻസർഷിപ്’. മുെമ്പങ്ങുമില്ലാത്തവിധം പി.ടി.െഎയും പ്രസാർഭാരതിയുമെല്ലാം സംഘ്പരിവാരത്തിെൻറ പി.ആർ ഏജൻസികളായിട്ടാണ് പ്രവർത്തിക്കുന്നത്. ഇതിനും പുറമെയാണ് രാജസ്ഥാനിൽ കണ്ടതുപോലുള്ള പുതിയ നിയമങ്ങൾ നമ്മുടെ മുന്നിലേക്കു വരുന്നത്. ഏതാനും മാധ്യമസ്ഥാപനങ്ങൾ ഇൗ ഒഴുക്കിനെതിെര നീങ്ങുന്നുണ്ടെങ്കിലും ‘ഫോർത്ത് എസ്റ്റേറ്റ്’ എന്ന വിശാലമായ അർഥത്തിൽ മോദികാലത്തെ പ്രതിരോധിക്കാൻ അതൊന്നും മതിയാകില്ല. അതിനാൽ, ഇനിയും ഇൗ മൗനം തുടരാനാവില്ല. ഇത് പൗരെൻറ ജീവിക്കാനുള്ള പ്രാഥമികമായ അവകാശത്തിനായുള്ള പോരാട്ടംതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
