Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനിലനിൽക്കട്ടെ അമ്മാളു...

നിലനിൽക്കട്ടെ അമ്മാളു അമ്മമാരുടെ കൺതിളക്കം

text_fields
bookmark_border
നിലനിൽക്കട്ടെ അമ്മാളു അമ്മമാരുടെ കൺതിളക്കം
cancel
വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും അന്തസ്സും സമാധാനവും സന്തോഷവും ഉറപ്പാക്കി മറ്റൊരു കേരള മോഡലിനുകൂടി തുടക്കമിടാൻ നമുക്ക് കഴിയട്ടെ

കേരളത്തിന്റെ 13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നതിന് സാക്ഷ്യംവഹിക്കാൻ ​എത്തിയ ആയിരക്കണക്കിന് മനുഷ്യരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ പറവൂരിൽനിന്ന് എത്തിയ സീതാലക്ഷ്മി അമ്മാള്‍ എന്ന വയോധികയുമുണ്ടായിരുന്നു. 2018ലെ പ്രളയകാലത്ത് സതീശൻ നടത്തിയ ആശ്വാസ പ്രവർത്തനങ്ങളുടെയും പകർന്ന കരുതലിന്റെയും ഓർമകളുമായാണ് ആ അമ്മ ചടങ്ങിനെത്തിയത്. തനിക്ക് ‘അമ്മാളു അമ്മ’ എന്ന് ഓമനപ്പേരിട്ട, വീടുണ്ടാക്കാൻ സൗകര്യങ്ങൾ ചെയ്തുതന്ന, എന്നും ചേർത്തുപിടിച്ച സതീശൻ തനിക്ക് മകനെപ്പോലെയല്ല, മകൻതന്നെയാണ് എന്നാണ് അവർ മാധ്യമങ്ങളോടു പറഞ്ഞത്. വേദിയിലെത്തിയ അമ്മാളു അമ്മയെ ‘മകൻ’ ചേർത്തുപിടിച്ചു, ആശംസ നേർന്ന് അമ്മ മടങ്ങുകയും ചെയ്തു.

അമ്മാളു അമ്മയെ മാത്രമല്ല, കേരളത്തിലെ ഓരോ വയോജനങ്ങളെയും ചേർത്തുപിടിക്കാനുള്ള സന്നദ്ധതയാണ് വയോജനവകുപ്പ് രൂപവത്കരിക്കുമെന്ന ആദ്യ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുതിർന്ന പൗരരെ എങ്ങനെ സംരക്ഷിക്കുന്നു എന്നത് സമൂഹ പുരോഗതിയുടെ മാനദണ്ഡമാകണമെന്നും വയോജന ക്ഷേമം ഏറ്റവും നല്ല രീതിയിൽ സാധ്യമാക്കുന്ന ജപ്പാനിലെ രീതികൾ പരിശോധിച്ച് ഇവിടെ പ്രാവർത്തികമാക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്; വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ട് എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മാർഥതയുടെ നിറവുണ്ട്. ജീവിതത്തിന്റെ സായംകാലത്ത് അന്തസ്സും ആത്മാഭിമാനവും നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ എണ്ണം നമ്മുടെ രാജ്യത്ത് വർധിച്ചുവരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ ഈ മാസം ആദ്യം പുറത്തുവിട്ട ‘ക്രൈം ഇൻ ഇന്ത്യ 2024’ റിപ്പോർട്ട് രാജ്യത്തെ മുതിർന്ന പൗരർക്കെതിരെയുള്ള അതിക്രമങ്ങളിൽ ആശങ്കജനകമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഭിമാന നിഷേധത്തിന്റെയും അതിക്രമങ്ങളുടെയും വലിയ ഉറവിടം വീടകങ്ങൾതന്നെയാകയാൽ ഇത്തരം സംഭവങ്ങളിൽ നൂറിലൊന്നുപോലും റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ടാവില്ല.

മക്കളെ പോറ്റിവളർത്തി വലുതാക്കിയ മാതാപിതാക്കൾ വീട്ടിൽനിന്ന് പുറത്താക്കപ്പെടുകയും തെരുവിൽ അന്തിയുറങ്ങിയും വൃദ്ധസദനങ്ങളിൽ അന്ത്യശ്വാസം വലിച്ചും ജീവിതചക്രം പൂർത്തിയാക്കേണ്ടിവരുന്ന ദുരവസ്ഥ കേരളത്തിലുമുണ്ട്. പ്രത്യേകമായ ഒരു വകുപ്പോ ആവശ്യത്തിന് നിയമങ്ങളോ ഇല്ലാത്തതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്; മറിച്ച്, മനുഷ്യർ എന്ന് അവകാശപ്പെടാൻ അർഹതയില്ലാത്ത ചെയ്തികളാണിതെന്ന ബോധ്യം സമൂഹത്തിന് നഷ്ടമാവുന്നതുകൊണ്ടാണ്. രാജ്യത്ത് ആദ്യമായി രൂപവത്കരിക്കപ്പെടുന്ന വയോജനവകുപ്പിന് കീഴിൽ മുഖ്യമന്ത്രി വിഭാവനം ചെയ്ത മട്ടിലെ പ്രവർത്തനങ്ങൾ മുന്നോട്ടുപോവുന്നതോടെ അതിന് തീർച്ചയായും തിരുത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും അന്തസ്സും സമാധാനവും സന്തോഷവും ഉറപ്പാക്കി മറ്റൊരു കേരള മോഡലിനുകൂടി തുടക്കമിടാൻ നമുക്ക് കഴിയട്ടെ.

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന പ്രഖ്യാപനം, ആശ ​പ്രവർത്തകരുടെയും അംഗൻവാടി, പാചക തൊഴിലാളികളുടെയും വേതനം വർധിപ്പിക്കാനുള്ള തീരുമാനവും കേരളം ഒരു നന്ദികെട്ട സമൂഹമല്ല എന്നതിന്റെ സാക്ഷ്യമാണ്.

‘‘ഓരോ ഫയലിലും ഒരു ജീവിതമുണ്ട്’’ എന്ന് 10 വർഷം മുമ്പ് മുഖ്യമ​ന്ത്രിയായി അധികാരമേറ്റ ശേഷം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ​രെ ഓർമപ്പെടുത്തിയ പിണറായി വിജയന്റെ വാക്കുകൾ ഇന്നും മലയാളിയുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എന്നിട്ടെന്ത്, അതേ മുഖ്യമന്ത്രിയുടെ നവകേരള യാത്ര വേളയിൽ പ്രതിഷേധിച്ച യുവജന നേതാക്കളെ ഗൺമാനടക്കമുള്ള പൊലീസുകാർ മർദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് നൽകിയ ഉത്തരവിന്റെ ഫയൽ ഇന്നലെ വരെയും പൊടിപിടിച്ചുകിടന്നു. മർദനം അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാനും ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നു.

ഓരോ ഭരണകൂടവും ഒരായിരം പ്രതീക്ഷകൾ നൽകിയാണ് നിലവിൽവരുന്നത്. പതിറ്റാണ്ടിനു ശേഷം അധികാരത്തിൽ തിരിച്ചെത്തുന്ന ഐക്യജനാധിപത്യ മുന്നണി സർക്കാറിന് മേൽ അമിതമായ പ്രതീക്ഷകളുടെ ഭാരമുണ്ട്. മന്ത്രിസഭയിൽ വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിച്ചപ്പോഴും വിട്ടുപോയ വിഭാഗങ്ങളുണ്ട്. പട്ടിക ജാതി സമൂഹത്തിൽനിന്ന് രണ്ട് മന്ത്രിമാരെ ഉൾപ്പെടുത്തിയത് ശ്രദ്ധേയമെങ്കിലും പട്ടിക വർഗ സമൂഹത്തിൽനിന്ന് ഒരാൾ ഇല്ലാത്തത് പോരായ്മതന്നെയാണ്.

ലത്തീൻ ക​ത്തോലിക്ക സമൂഹത്തിനും പ്രതിനിധിയില്ല. അധികാര പങ്കാളിത്തം പിന്നാക്ക സമൂഹങ്ങളുടെ ശാക്തീകരണത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. 21 മന്ത്രിമാരിൽ കാസർകോട്, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്ന് ഒരാൾപോലുമില്ല. പ്രാതിനിധ്യമില്ലാത്ത സമൂഹങ്ങളുടെയും പ്രദേശങ്ങളുടെയും ശബ്ദമായി ഉയരാൻ മുഖ്യമന്ത്രിയും ഓരോ മന്ത്രിമാരും പ്രത്യേകമായ ശ്രദ്ധപുലർത്തണം.

സാമുദായിക ഭിന്നതകളും ജാതി അതിക്രമങ്ങളും വർഗീയ അസ്വാസ്ഥ്യങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളുമില്ലാത്ത, പൊലീസ് വേട്ടയും ഏറ്റുമുട്ടൽ-ദുരഭിമാന-ആൾക്കൂട്ട കൊലകളുമില്ലാത്ത, സ്​ത്രീകളും കുഞ്ഞുങ്ങളും വേട്ടയാടപ്പെടാത്ത, സാമൂഹിക നീതി അട്ടിമറിക്കപ്പെടാത്ത ഒരു കേരളം ഉറപ്പാക്കാനാണ് ജനം വോട്ടുചെയ്തത്. അത് സാധ്യമാക്കാനും വാഗ്ദാനങ്ങൾ പാലിക്കാനും പുതിയ സർക്കാറിന് സാധിക്കട്ടെ എന്നാശംസിക്കുന്നു. അമ്മാളു അമ്മമാർ നിറകൺ ചിരി തൂകുന്ന കേരളം സാധ്യമാവട്ടെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Senior Citizenchief minister keralaDepartmentKSRTCVD SatheesanKerala UDF Cabinet
News Summary - May the light of mothers' eyes remain
Next Story