ബംഗാൾ വോട്ടർ പട്ടികയിലെ കടുംവെട്ട്
text_fieldsകഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം സമ്മാനിച്ച മേഖലകളിൽനിന്നാണ് 70 ശതമാനം പേരെയും എടുത്തുകളഞ്ഞിരിക്കുന്നത്
പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിശോധന (എസ്.ഐ.ആർ) നടപടികൾ ഏവരും പ്രതീക്ഷിച്ചതും ആശങ്കിച്ചതുമായ വിധത്തിൽതന്നെ പര്യവസാനിച്ചിരിക്കുന്നു. 2025 ഒക്ടോബറിൽ സംസ്ഥാനത്തെ വോട്ടർപട്ടികയിലുണ്ടായിരുന്ന 7.66 കോടി പേരിൽ ഏതാണ്ട് 91 ലക്ഷം പേരുടെ സമ്മതിദാനാവകാശമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എസ്.ഐ.ആർ നടപടികളുടെ ഭാഗമായി ഇല്ലാതാക്കിയത്. പ്രതീക്ഷിച്ച പോലെ, അതിൽ മൂന്നിലൊന്നും മുസ്‍ലിംകളും അത്രതന്നെ പേർ, ബി.ജെ.പിക്കും സംഘ്പരിവാർ രാഷ്ട്രീയത്തിനും അനഭിമതരായ മതുവ സമുദായക്കാരുമാണ്. തെരഞ്ഞെടുപ്പ് കമീഷനെ പലവിധത്തിൽ കേന്ദ്ര ഭരണകൂടം വരുതിയിലാക്കിയതിന്റെ തെളിവുകൾ പലഘട്ടങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യയിൽ ഈ കടുംവെട്ട് പ്രതീക്ഷിച്ചതുതന്നെ. അതുകൊണ്ടാണ്, തുടക്കം മുതലേ രാജ്യത്തെ ‘പ്രതിപക്ഷ സംസ്ഥാനങ്ങൾ’ വിഷയത്തിൽ നിയമനടപടിക്കൊരുങ്ങിയത്. അക്കൂട്ടത്തിൽ, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ ഒരുപടി മുന്നിൽ പോരാട്ടം നയിച്ചത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് എന്നതും തകർക്കമില്ലാത്ത കാര്യമാണ്. അഭിഭാഷക വേഷത്തിൽ സുപ്രീംകോടതിലെത്തി വിഷയത്തിന്റെ ഗൗരവം നീതിപീഠത്തിന് മുന്നിൽ അവർക്ക് അവതരിപ്പിക്കാനായതുകൊണ്ടാണ് ബംഗാളിൽ എസ്.ഐ.ആർ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേകം ജുഡീഷ്യൽ കമീഷനെ വെച്ചത്. എന്നിട്ടും കരട് വോട്ടർപട്ടിക വന്നപ്പോൾ 63 ലക്ഷത്തിൽപരം പേർ പുറത്തായി; സൂക്ഷ്മ നിരീക്ഷണത്തിനായി മാറ്റിവെച്ച 60 ലക്ഷത്തോളം പേരുടെ വിവരങ്ങൾ പരിശോധിച്ച് അതിൽനിന്ന് 27.16 ലക്ഷം പേരെക്കൂടി കമീഷൻ വെട്ടിമാറ്റിയതോടെ നിഷ്‍കാസിതരായ വോട്ടർമാരുടെ എണ്ണം 90 ലക്ഷം കവിഞ്ഞു. 12 ശതമാനത്തോളം വോട്ടർമാരാണ് എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പുതുക്കിയ ഈ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും ഏപ്രിൽ 23, 29 തീയതികളിലായി നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുക.
മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഇരട്ടവോട്ടുള്ളവരെയുമെല്ലാം ഒഴിവാക്കിയപ്പോഴാണ് വോട്ടർപട്ടികയിൽ ഇത്രയും കുറവ് വന്നതെന്നാണ് പതിവുപോലെ തെരഞ്ഞെടുപ്പ് കമീഷന്റെ വാദം. ഈ ന്യായം പ്രാഥമികമായിത്തന്നെ മുഖവിലക്കെടുക്കാനാവില്ല. ഏതാണ്ട് മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ എസ്.ഐ.ആറിനുമുമ്പ് 2.78 കോടി വോട്ടർമാരാണുണ്ടായിരുന്നത് എസ്.ഐ.ആർ നടപടികളിലൂടെ ഇരട്ടവോട്ടും മറ്റും വെട്ടിമാറ്റിയപ്പോൾ അത് 2.69 കോടിയായി കുറഞ്ഞു. ജനസാന്ദ്രതയും കുടിയേറ്റ നിരക്കും കൂടിയ സംസ്ഥാനമാണ് കേരളമെന്നോർക്കണം; ദ്രുതഗതിയിൽ നഗരവത്കരണത്തിന് സാക്ഷ്യംവഹിക്കുന്ന കേരളത്തിൽ ഇരട്ടവോട്ടിനുള്ള സാധ്യത കൂടുതലുമാണ്. എന്നിട്ടും എസ്.ഐ.ആറിലൂടെ ഒമ്പത് ലക്ഷത്തിൽ താഴെ മാത്രമാണ് കുറവ് വന്നിരിക്കുന്നത്-കേവലം മൂന്ന് ശതമാനം മാത്രം. ഇതുതന്നെ കൂടുതലാണെന്ന ആക്ഷേപവുമുണ്ട്. ഇവിടെയാണ് 12 ശതമാനം പേർ വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർശിദാബാദിലാണ് ഏറ്റവും കൂടുതൽ പേർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതെന്ന് കമീഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ഇവിടെ ആകെ ഏഴര ലക്ഷത്തോളം പേർ പുറത്തായി. സൂക്ഷ്മ പരിശോധനക്കുള്ള പട്ടികയിലുണ്ടായിരുന്ന 11 ലക്ഷത്തിൽ നാലര ലക്ഷം പേരാണ് വെട്ടിമാറ്റപ്പെട്ടത്. മാൾഡയിൽ 4.53 ലക്ഷവും ഉത്തർ ദിനാജ്പൂരിൽ 3.4 ലക്ഷവും പേർ പുറത്തായി. നാദിയ ജില്ലയിൽ സൂക്ഷ്മ പരിശോധനക്കായി കാത്തുനിന്നവരിൽ 78 ശതമാനം പേരും പട്ടികക്ക് പുറത്താണിപ്പോൾ. പ്രാഥമിക വിശകലനത്തിൽ, കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം സമ്മാനിച്ച മേഖലകളിൽനിന്നാണ് 70 ശതമാനം പേരെയും എടുത്തുകളഞ്ഞിരിക്കുന്നത്. പശ്ചിമബംഗാൾ പിടിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്ക് വോട്ടർപട്ടിക കരുവാക്കുന്നുവെന്ന, മമതയുടെ ആരോപണങ്ങളെ ഈ കണക്കുകൾ സാധൂകരിക്കുന്നുണ്ട്.
സ്വാഭാവികമായും, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുസ്‍ലിം സമുദായക്കാരാണ്. 2011ലെ സെൻസസ് പ്രകാരം, പശ്ചിമബംഗാളിലെ മുസ്‍ലിംകൾ 27 ശതമാനമാണ്. എന്നാൽ, വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവരിൽ 34 ശതമാനത്തിന് മുകളിലാണ് മുസ്‍ലിംസമുദായ പ്രാതിനിധ്യം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പത്തോളം ജില്ലകളിൽനിന്നായി പുറത്താക്കപ്പെട്ട 57 ശതമാനം ആളുകളിൽ 70 ശതമാനവും മുസ്‍ലിംകളാണെന്നും ഇതോടൊപ്പം ചേർത്തുവായിക്കണം. അഥവാ, വിദേശ രാജ്യങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് എസ്.ഐ.ആർ എന്ന സംഘ്പരിവാർ ഭാഷ്യത്തിന് തെളിവ് ചമയ്ക്കുകകൂടിയാണ് ഈ പുറന്തള്ളലിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തിരിക്കുന്നത്.
മതുവ ദലിത് ഹിന്ദുവിഭാഗക്കാരും എസ്.ഐ.ആറിന്റെ ഇരകളാണ്. ഒരുകാലത്ത് ബംഗ്ലാദേശിൽനിന്ന് പുറത്താക്കപ്പെട്ട ഹിന്ദു നാമശൂദ്ര സമുദായമാണിവർ. മോദിസർക്കാർ ഇവർക്ക് പൗരത്വ നിയമത്തിന്റെ ആനുകൂല്യം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും മമതക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു മതുവ സമുദായം പൊതുവിൽ. അവരും ശിക്ഷിക്കപ്പെട്ടു. മറ്റൊരർഥത്തിൽ, പൗരത്വം ചോദ്യമുനയിൽ നിൽക്കുന്ന രണ്ട് വിഭാഗങ്ങളാണ് പശ്ചിമബംഗാളിൽ ഇപ്പോൾ പുറന്തള്ളപ്പെട്ടിരിക്കുന്നത്. എസ്.ഐ.ആറിന്റെ ഏറ്റവും വലിയ അപകടവും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി കേവലം വോട്ടവകാശ നിഷേധമായി പരിമിതപ്പെടുത്താനാകില്ല. കൂടുതൽ ശക്തമായ നിയമപോരാട്ടവും ജനാധിപത്യ പ്രതിഷേധവും ആവശ്യപ്പെടുന്ന ഗൗരവമേറിയ വിഷയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

