Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമനാമയില്‍ സമാപിച്ച...

മനാമയില്‍ സമാപിച്ച രണ്ട് ഉച്ചകോടികള്‍

text_fields
bookmark_border
മനാമയില്‍  സമാപിച്ച രണ്ട് ഉച്ചകോടികള്‍
cancel

ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യാന്തര സഖ്യസമവാക്യങ്ങളില്‍ വമ്പിച്ച അഴിച്ചുപണികള്‍ക്ക് തയാറെടുക്കുകയാണ് ഓരോ രാജ്യവും വിവിധ മേഖലകളും. അമേരിക്കയുടെ നിയുക്ത ഭരണാധികാരിയെയും സംഘത്തെയും അറബ് രാജ്യങ്ങള്‍ അത്ര വിശ്വാസത്തോടെയല്ല നോക്കിക്കാണുന്നത്. ട്രംപിന്‍െറ പടയാളികളില്‍ ഭൂരിഭാഗവും അറബ് മേഖലക്ക് അത്ര പഥ്യമുള്ളവരല്ല. സൗദിക്കെതിരായ ജസ്റ്റ നിയമം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസാക്കിയെടുക്കുന്നതിന് അശ്രാന്തപരിശ്രമം നടത്തിയവരാണ് അവരില്‍ ഭൂരിഭാഗവും. ട്രംപിന്‍െറ മകള്‍ ഇവന്‍കയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കമ്പനികള്‍, പ്രസിഡന്‍റായി തെരഞ്ഞെടുത്ത ശേഷം ട്രംപ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജസ്റ്റ ആക്ടിനെതിരെ സൗദി പ്രകടിപ്പിച്ച അനിഷ്ടവും ഗള്‍ഫ് രാഷ്ട്രങ്ങള്‍ സൗദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജി.സി.സി ഉച്ചകോടിയില്‍ അംഗീകരിച്ച പ്രമേയവും വ്യക്തമാക്കുന്നത് അമേരിക്കയുമായുള്ള ബന്ധം ഒബാമയുടെ കാലം വരെയുണ്ടായിരുന്നത്ര ഊഷ്മളതയുണ്ടാകാന്‍ സാധ്യതയില്ളെന്നാണ്. അതുകൊണ്ടുതന്നെ  മനാമയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന മുപ്പത്തേഴാമത് ജി.സി.സി ഉച്ചകോടിയും പന്ത്രണ്ടാമത് മനാമ ഡയലോഗും പശ്ചിമേഷ്യയിലെ രാഷ്്ട്രീയ, സാമൂഹിക, സാമ്പത്തിക നയതന്ത്ര ബന്ധങ്ങളില്‍ നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്നു.

 പതിവില്‍നിന്ന് ഭിന്നമായി അനൗപചാരിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുശേഷമാണ് മനാമയില്‍ ജി.സി.സി ഉച്ചകോടി അരങ്ങേറിയത്. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി യു.എ.ഇ സന്ദര്‍ശിക്കുകയും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ഖത്തര്‍ സന്ദര്‍ശനവും അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനിയുമായി സംഭാഷണവും നടന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് യു.എ.ഇയും ഖത്തറും സന്ദര്‍ശിച്ചതിനുശേഷമാണ് ബഹ്്റൈനിലേക്ക് എത്തിയത്. ഉച്ചകോടിക്കു മുമ്പ് ബഹ്്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍  ഖലീഫയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.സിറിയ, യമന്‍ സംഘര്‍ഷങ്ങളുടെ പരിഹാരത്തിനു നടന്ന കുവൈത്ത് സമാധാന ചര്‍ച്ചകളുടെ പരാജയത്തിനുശേഷം തുര്‍ക്കിയുടെ കാഴ്ചപ്പാടും സമീപനവും മനസ്സിലാക്കിയാണ് കുവൈത്ത്,  ഖത്തര്‍ ഭരണാധികാരികള്‍ ഉച്ചകോടിയില്‍ എത്തിയത്. ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ഉത്തരാഫ്രിക്കന്‍ രാഷ്ട്രങ്ങളുടെയും തുര്‍ക്കിയുടെയും സഹകരണത്തിന്‍െറ പ്രാധാന്യം മുന്‍കാലത്തെക്കാള്‍ ശക്തമാണിപ്പോള്‍. അതുകൊണ്ടുതന്നെ ഉച്ചകോടിയില്‍ ആ പാരസ്പര്യത്തിന്‍െറ പ്രാധാന്യം ഉയര്‍ന്നുവരുകയും ചെയ്തു. ലോകവും മേഖലയും അഭിമുഖീകരിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കുന്നതിന് മേഖലയിലെ സഹകരണം ശക്തമാക്കണമെന്ന് ഉച്ചകോടിയില്‍ സംസാരിച്ച എല്ലാ ഭരണാധികാരികളും എടുത്തുപറഞ്ഞിരുന്നു. ജി.സി.സി മീറ്റിനു മുമ്പ് സമാപിച്ച ഒപെക് സമ്മേളനത്തില്‍ എണ്ണവില നിയന്ത്രിക്കുന്നതിന് ഉല്‍പാദനം കുറക്കാനുള്ള തീരുമാനത്തില്‍ സമവായമുണ്ടായതിന്‍െറ ആത്മവിശ്വാസം ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രകടമായിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉച്ചകോടിക്കു മുമ്പുതന്നെ ബഹ്റൈനിലത്തെുകയും സഹകരണ ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്തുവെന്നതാണ് ജി.സി.സി സമ്മേളനത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം. ബ്രെക്സിറ്റിലൂടെ സാമ്പത്തിക, വാണിജ്യ  പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബ്രിട്ടന്‍ ജി.സി.സി രാജ്യങ്ങളുമായി കൂടുതല്‍ വിപുലമായ ബന്ധമുണ്ടാക്കുന്നതില്‍ ഉച്ചകോടിയിലൂടെ വന്‍വിജയമാണ് നേടിയെടുത്തിരിക്കുന്നത്. രാഷ്ട്രീയം, സാമ്പത്തികം, വാണിജ്യം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ജി.സി.സി രാജ്യങ്ങളും ബ്രിട്ടനും തമ്മില്‍ തന്ത്രപരവും മേഖലയിലെ സൈനികബന്ധങ്ങളില്‍ മാറ്റം കുറിക്കുന്നതുമായ സഹകരണക്കരാറുകളിലാണ് ഒപ്പിട്ടിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ ബ്രിട്ടന്‍െറ സൈനിക സാന്നിധ്യം ഉറപ്പുവരുത്താനും സൈബര്‍ പ്രതിരോധം തീര്‍ക്കാനും തീരുമാനമായി. ലബനാന്‍, ലിബിയ, ഇറാഖ്, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ നടത്തുന്ന ആക്രമണാത്മക ഇടപെടലുകളുടെ വിഷയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സമീപനത്തോട് ഐക്യപ്പെടുകയും ഇറാനെ തള്ളിപ്പറയുകയും ചെയ്തുകൊണ്ടുള്ള സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചുകൊണ്ടാണ് തരേസ മെയ് ബഹ്റൈന്‍ വിട്ടത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍  മനാമ ഡയലോഗില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ ഗള്‍ഫ് മേഖലയിലേക്ക് ബ്രിട്ടന്‍ തിരിച്ചുവരുകയാണെന്ന് ആഹ്ളാദപൂര്‍വം സൂചിപ്പിക്കുകയുണ്ടായി.

1970നു ശേഷം ഗള്‍ഫ് മേഖലയില്‍ ബ്രിട്ടന്‍ വീണ്ടും കരുത്തരാകുന്നുവെന്നാണ് മനാമ ഡയലോഗും തരുന്ന സൂചന. റഷ്യ ഇറാനോട് പുലര്‍ത്തുന്ന അനുഭാവ സമീപനത്തിന്‍െറയും അമേരിക്ക അറബ് മേഖലയോട് അകല്‍ച്ച പുലര്‍ത്തിയേക്കുമെന്ന ഭയം ശക്തിയാര്‍ജിക്കുന്നതിന്‍െറയും ഈ സവിശേഷ സന്ദര്‍ഭത്തില്‍ ബ്രിട്ടനുമായുള്ള സൈനികവും സാമ്പത്തികവുമായ സഹകരണം അറബ് മേഖലക്ക് അന്തര്‍ദേശീയ തലത്തില്‍ ഗുണകരമായേക്കുമെന്നാണ് ജി.സി.സി രാജ്യങ്ങളുടെ പ്രതീക്ഷ. ആഗോള ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇറാനെ ഒറ്റപ്പെടുത്തുകയും എന്നാല്‍, അമേരിക്കയുടെ വഴിയില്‍നിന്ന് മാറിനടക്കേണ്ടിവരുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ സങ്കീര്‍ണതയില്‍ ചടുലമായ നയതന്ത്രബന്ധങ്ങള്‍ക്ക് തുടക്കംകുറിക്കുന്നതിനുള്ള അറബ് മേഖലയുടെ ജാഗ്രതപൂര്‍ണമായ ശ്രമങ്ങള്‍ ഇരു ഉച്ചകോടികളിലും സ്പഷ്ടമാവുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama gcc summit
News Summary - manama gcc summit
Next Story