മഹാതീറോ മലേഷ്യയോ?

08:17 AM
11/05/2018

ലോകരാഷ്​ട്രീയത്തിൽ മലേഷ്യ പിന്നെയും അത്ഭുതം സൃഷ്​ടിച്ചിരിക്കുന്നു. ജനാധിപത്യത്തെ ഉപ​േയാഗിച്ച്​ നടത്തിയ രാഷ്​ട്രീയക്കളികളിൽ ആധുനിക മലേഷ്യയുടെ ശിൽപി മഹാതീർ മുഹമ്മദ്​ അജയ്യത തെളിയിച്ചു. കഴിഞ്ഞ ഒമ്പതിന്​ നടന്ന മലേഷ്യയിലെ ​14ാം പൊതുതെരഞ്ഞെടുപ്പി​​െൻറ വോ​െട്ടണ്ണുംവരെ ഉയർന്ന ആശയും ആശങ്കയുമൊക്കെ അപ്രസക്​തമാക്കി, 92ാം വയസ്സിൽ രാഷ്​ട്രീയത്തിലേക്ക്​​ തിരിച്ചുവരവ്​ നടത്തിയ മഹാതീർ വീണ്ടും പ്രധാനമന്ത്രിപദമേറുകയാണ്​. സമകാലിക ചരിത്രത്തിൽ സമാനതകളില്ലാത്ത രാഷ്​ട്രീയ ദിശാമാറ്റത്തിനാണ്​ മലേഷ്യ സാക്ഷ്യംവഹിക്കുന്നത്​. ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്കും വീണ്ടും ജനാധിപത്യത്തിലേക്കും വഴിനടത്തിയ മഹാതീർ ആറു പതിറ്റാണ്ടു പാരമ്പര്യമുള്ള സ്വന്തം പാർട്ടിക്കു ബദൽ പാർട്ടിയുമായി രംഗ​പ്രവേശം ചെയ്​ത്​ ലോകത്തെ ഞെട്ടിച്ചു. പിന്നെ മിത്രങ്ങളെയും ശത്രുക്കളെയും പരസ്​പരം വെച്ചുമാറി അധികാരം പിടിക്കാൻ നീക്കംനടത്തുന്നതാണ്​ കണ്ടത്​​. എന്നാൽ, അൻവർ ഇബ്രാഹീമിനെ ദുരൂഹമായ ആരോപണങ്ങളിൽ കുരുക്കി അകത്താക്കിയും പ്രധാനമന്ത്രിപദത്തിൽ പകരക്കാരനായി കണ്ടെത്തിയ അബ്​ദുല്ല ബദാവിയെ നിഷ്​പ്രയാസം നീക്കിയും പണ്ടു മിടുക്ക്​ തെളിയിച്ച മഹാതീറിന്​ കരുത്തി​​െൻറ ​െമറിറ്റിൽ താൻതന്നെ വാഴിച്ച പിൻഗാമി നജീബ്​ അബ്​ദുറസാഖിനു മുന്നിൽ വാർധക്യകാലത്തു പിടിച്ചുനിൽക്കാനാവുമോ എന്നു പലരും ചോദിച്ചതാണ്​. ഒടുവിൽ ജയിച്ചതു മഹാതീർ തന്നെ. പെ​െട്ടന്നൊരു നാൾ അൻവർ ഇബ്രാഹീമിനെ അധികാരഭ്രഷ്​ടനാക്കി ജയിലിലടച്ച മഹാതീർ തന്നെ അദ്ദേഹത്തെ പുറത്തെത്തിച്ച്​ അധികാരത്തിൽ വാഴിക്കുന്ന മുഹൂർത്തത്തിനു കാത്തിരിക്കുകയാണ്​ ലോകം.  

1957 മുതൽ മലേഷ്യ ഭരിക്കുന്നത്​ യുനൈറ്റഡ്​ മലായ്​സ്​ നാഷനൽ ഒാർഗനൈസേഷൻ (അംനോ) എന്ന, രാജ്യത്തെ ഏറ്റവും വലിയ രാഷ്​ട്രീയപാർട്ടി നേതൃത്വം നൽകുന്ന ബാരിസാൻ നാഷനൽ സഖ്യമാണ്​​. ഏഴു പതിറ്റാണ്ടു മുമ്പ്​ അതിൽ ചേർന്നതു മുതൽ പാർട്ടിയോട്​ ഇണങ്ങിയും പിണങ്ങിയും നീങ്ങിയ ചരിത്രമാണ്​ മഹാതീറി​​േൻറത്​. തുങ്കു അബ്​ദുറഹ്​മാ​​െൻറ കാലത്ത്​ അ​േദ്ദഹത്തിനെതിരെ കലാപക്കൊടി ഉയർത്തി പുറത്തുപോയ അദ്ദേഹം പാർട്ടിയുടെ പ്രധാനമന്ത്രിയായ ശേഷവും രാജിനാടകം ആവർത്തിച്ചു. മിത്രങ്ങളെ മാറിമാറി വരിക്കുന്നതിനും മടികാട്ടിയില്ല. എന്നും അധികാരം കൈയിലുറപ്പിക്കുന്നതിലായിരുന്നു ബദ്ധശ്രദ്ധ. ആ ഉരുക്കുമുഷ്​ടിയുടെ ബലത്തിൽ മലേഷ്യയെ അതിദ്രുതം പുരോഗതിയിലേക്കു നയിച്ചതാണ്​ അദ്ദേഹത്തി​​െൻറ വ്യതിരിക്​തത. ലോകം കണ്ട കർമകുശലരായ അപൂർവം രാഷ്​ട്രീയനേതാക്കളിൽ ഒരാളായി, മലേഷ്യയെ ആധുനികീകരിക്കു​ന്നതിനു മുന്നിൽനിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യം അതി​​െൻറ സദ്ഫലങ്ങൾ കാണുകയും കിഴക്കി​​െൻറ പ്രതീക്ഷയായി മലേഷ്യ മാറുകയും ചെയ്​തതോടെ മഹാതീറി​​െൻറ ജനപ്രീതിയും വർധിച്ചു. നഗരകേന്ദ്രിത മധ്യവർഗത്തിലെ വേ​േരാട്ടത്തിനൊപ്പം പ്രാദേശികതലങ്ങളിൽ സ്വാധീനമുള്ള ഇസ്​ലാമികകക്ഷികളിൽ ചിലതിനെയും ചൈനീസ്​, ഇന്ത്യൻ വംശജരുടെ കക്ഷിക​ളിൽ ചിലതിനെയും കൂടെ കൂട്ടാൻ കഴിഞ്ഞതോടെ മലേഷ്യയെന്നാൽ മഹാതീർ എന്ന പ്രതീതി സൃഷ്​ടിക്കാൻ അദ്ദേഹത്തിനായി. ആ ചോദ്യം ചെയ്യപ്പെടാനിലക്കു ഭംഗംവരുമെന്നു കണ്ടപ്പോഴൊക്കെ എതിർശബ്​ദങ്ങളില്ലാതാക്കാൻ ജാഗ്രത പുലർത്തി. 1998ൽ ആത്​മമിത്രവും ഉപപ്രധാനമന്ത്രിയുമായിരുന്ന അൻവർ ഇബ്രാഹീമി​​െൻറ ചിറകരിയുകയായിരുന്നു ആദ്യം. മലേഷ്യയുടെ സാമ്പത്തികപരിഷ്​കരണ നടപടികൾക്ക്​ ‘അൻവറോണോമിക്​സ്​’ എന്നു പേരിട്ടു വിളിച്ച്​ പടിഞ്ഞാറ്​ ശ്ലാഘിച്ചതോടെ ശത്രുത മണത്തു. പിന്നെ കേസുകളിൽ കുടുക്കി  അദ്ദേഹത്തെ ജയിലിലാക്കി. 22 വർഷത്തിനുശേഷം അബ്​ദുല്ല ബദാവി എന്ന പകരക്കാരനെ കണ്ടെത്തി സ്​ഥാനമേൽപിച്ചു മഹാതീർ ഒഴിഞ്ഞു.

എന്നാൽ, 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിൽ വി​െട്ടത്തിയ അൻവർ വൻജയം നേടിയത് ബദാവിയുടെ ശനിദശയായി. ‘കഴിവുകെട്ടവൻ’ മാറിയില്ലെങ്കിൽ പാർട്ടി വിടു​മെന്നു ഭീഷണിപ്പെടുത്തി കാര്യം നേടി. അടുത്ത ഉൗഴം നജീബ്​ അബ്​ദുറസാഖിനായി​. ഗുരുവിൽനിന്നു നന്നായി പഠിച്ച ശിഷ്യൻ അതേ അടവുകളിൽപിടിച്ചുനിൽക്കുക മാത്രമല്ല, മഹാതീറിനെയും മറികടന്ന്​ മുന്നോട്ടുപോകുമെന്നായി. എന്നാൽ, ഭരണത്തിൽ നജീബ്​ അബ്​ദുറസാഖിന്​ ​വേ​ണ്ടത്ര ശോഭിക്കാനായില്ല.​ ജീവിതച്ചെലവ്​ ഉയർന്നു. വംശീയ അസഹിഷ്​ണുതയും അപ്പേരിലെ സംഘർഷങ്ങളും വ്യാപകമായി. വിദ്യാഭ്യാസരംഗത്തും ആശയസ്വാതന്ത്ര്യത്തിലും പ്രതിസന്ധികളുയർന്നു​. സർവോപരി വൻ അഴിമതിയാരോപണങ്ങൾ ഭരണകൂടത്തിനെതിരെ ഉയർന്നു. എന്നിട്ടും നജീബ്​ മാറാതെ തുടർന്നപ്പോൾ രാജിവെച്ചു പുറത്തുവന്നു പുതിയ പാർട്ടിയുണ്ടാക്കി മഹാതീർ. നജീബിനെ ഇറക്കിയേ തീരൂ എന്നായപ്പോൾ അഴിമതിയും അനാശാസ്യവുമാരോപിച്ചു ജയിലിലടച്ച അൻവർ ഇബ്രാഹീമി​​​െൻറയും ‘അമാന’ ഇസ്​ലാമികപാർട്ടിയുടെയും ഇടതു ലിബറലുകളായ ഡെമോക്രാറ്റിക്​ ആക്​ഷൻ പാർട്ടിയുടെയുമൊക്കെ പിന്തുണയിൽ പുതിയൊരു മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി സ്​ഥാനാർഥിയായി മഹാതിർ മുന്നിൽനിന്നു. അങ്ങനെ 222 അംഗ പാർലമ​െൻറിലെ 112 സീറ്റു നേടിയ ‘പക്കത്തൻ ഹാരപ്പൻ’ മുന്നണി അധികാ​രമേറി.

ഏഷ്യൻ പുലിയായി മലേഷ്യ വിരാജിച്ച നാളുകളിൽ വഴിപിരിഞ്ഞ മഹാതീറും അൻവർ ഇബ്രാഹീമും ഒന്നായി വീണ്ടുമെത്തു​ന്ന സാഹചര്യം ആഗോളരാഷ്​ട്രീയത്തിൽ സൃഷ്​ടിക്കുന്ന പ്രതിഫലനം ചെറുതായിരിക്കില്ല. മലേഷ്യയുടെ ഇതഃപര്യന്തമുള്ള രാഷ്​ട്രീയ, ഭരണരീതികൾ മാറ്റിപ്പണിയുമെന്നാണ്​ ‘പ്രതീക്ഷാ സഖ്യ’ത്തി​​െൻറ വാഗ്​ദാനം. വിശുദ്ധവും വിശ്വസ്​തവുമായ ഭരണക്രമമായിരുന്നു അവരുടെ മുദ്രാവാക്യം. ഒരു രാജ്യം, ഒരു വംശം, ഒരു പാർട്ടി എന്ന തീവ്രദേശീയതയുടെ ഏകഛത്രാധിപത്യ മനോഭാവത്തിൽനിന്ന്​ ബഹുസ്വരതയിലേക്കും എല്ലാവരെയും വിശ്വാസത്തിലെടുത്തുള്ള വികസനപ്രക്രിയയിലേക്കുമുള്ള തിരിച്ചുപോക്ക്​ എന്നാണ്​ അവർ വിജയത്തെ പരിചയപ്പെടുത്തുന്നത്​. മലേഷ്യൻ ജനത ആഗ്രഹിക്കുന്നതും അതുതന്നെ. പൗരാവകാശ നിഷേധത്തി​​െൻറയ​ും അധികനികുതി ചുമത്തലി​​െൻറയും വിദ്യാഭ്യാസ അപമാനവീകരണത്തി​​െൻറയുമൊക്കെ പാപങ്ങൾക്ക്​ പ്രായശ്ചിത്തം ചെയ്യാനേറെയുണ്ട്​ പുതിയ ഭരണമുന്നണിക്ക്​. അതിനുതകുന്ന തരത്തിലേക്ക്​ ഭരണക്രമത്തെ മാറ്റിപ്പണിയുമോ? അതോ, രാജ്യത്തി​​െൻറ കടിഞ്ഞാൺ ആജീവനാന്തം കൈവിടാതിരിക്കാനുള്ള അഭ്യാസമായി മഹാതീറി​​െൻറ തിരിച്ചുവരവ്​ കലാശിക്കുമോ? അഥവാ, മഹാതീറോ മലേഷ്യയോ മുന്നോട്ട്​ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. 

Loading...
COMMENTS