Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഐ.എസും ആകുലതകളും

ഐ.എസും ആകുലതകളും

text_fields
bookmark_border
editorial
cancel

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്), ദാഇശ്, ഐസില്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പ്രസ്ഥാനം ലോകമാസകലം ഭീഷണമായ സാന്നിധ്യമായിട്ട് കുറച്ചു കാലമായി. ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍  രൂപവത്കൃതമായ പ്രസ്ഥാനമാണെന്നാണ് പറയപ്പെടുന്നതെങ്കിലും അതിന്‍െറ ആക്രമണത്തിന്‍െറ കുന്തമുന ഏറ്റവുമധികം തിരിച്ചുവെച്ചിരിക്കുന്നത് ഇസ്ലാമിക സമൂഹങ്ങള്‍ക്കു നേരെയാണെന്നതാണ് വാസ്തവം. ഐ.എസ് കൊലചെയ്ത മനുഷ്യരില്‍ മഹാഭൂരിപക്ഷവും മുസ്ലിംകളാണ്. അവര്‍ തകര്‍ത്തു തരിപ്പണമാക്കിയ ഇറാഖും സിറിയയും മുസ്ലിം രാജ്യങ്ങളാണ്. ഈജിപ്ത്, ലിബിയ, തുര്‍ക്കി, തുനീഷ്യ, സൗദി അറേബ്യ തുടങ്ങിയ മുസ്ലിം നാടുകളിലാണ് അവര്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ നടത്തിയത്.

വിശുദ്ധ നഗരമായ മദീനയില്‍പോലും ആക്രമണം നടത്തി. അതായത്, ഇസ്ലാമിനുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയപ്പെടുന്ന ഐ.എസിന്‍െറ ക്രൂരതകള്‍ ഏറ്റവുമധികം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് ഇസ്ലാമിക സമൂഹങ്ങള്‍ തന്നെയാണ്. ലോകത്തെ ഒൗദ്യോഗികവും അനൗദ്യോഗികവുമായ മുസ്ലിം പണ്ഡിതവേദികളും രാഷ്ട്രാന്തരീയ കൂട്ടായ്മകളുമെല്ലാം ഐ.എസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സൗദി അറേബ്യയും തുര്‍ക്കിയും അവരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന്‍െറ പാതയിലാണ്. തള്ളിക്കളയേണ്ട അപകടമാണ് ഐ.എസ് എന്നതില്‍ മുസ്ലിം ലോകത്ത് ഏകാഭിപ്രായമാണുള്ളത്. അതേസമയം, അതിന്‍െറ പിന്നിലാര് എന്നതിനെക്കുറിച്ച ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് മിക്ക രാജ്യങ്ങളിലും ആക്രമണങ്ങള്‍ നടത്തിയ ഐ.എസ് ഇസ്രായേലിനെതിരെ ഒന്നും ചെയ്തിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. വളര്‍ത്തുനായ് ഒരിക്കലും യജമാനനെ കടിക്കാറില്ല എന്നതാണ് അതിന്‍െറ കാരണം എന്നു പറയുന്നവര്‍ ധാരാളമുണ്ട്!

ഐ.എസ് പ്രചാരണങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ നാടുവിട്ടുപോയ വാര്‍ത്ത പുറത്തുവന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു. പ്രസ്തുത സംഭവത്തില്‍ എന്‍.ഐ.എ കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് പുതിയ ഐ.എസ് കഥകള്‍ വരുന്നത്. കണ്ണൂര്‍ ജില്ലയിലെ കനകമലയില്‍ ഏതാനും ചെറുപ്പക്കാരെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.എസുമായി ബന്ധമുള്ളവരാണ് ഇവരെന്നും പ്രമുഖരെ കൊലപ്പെടുത്തുക അടക്കമുള്ള ഗൂഢപദ്ധതികള്‍ ഇവര്‍ക്കുണ്ടായിരുന്നു എന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. മുപ്പത് വയസ്സിന് താഴെയുള്ളവരാണ് പിടിക്കപ്പെട്ടവര്‍. ഇന്‍റര്‍നെറ്റ് വഴിയായിരുന്നു അവരുടെ ആശയരൂപവത്കരണവും ആശയപ്രചാരണവും. സൈബര്‍ ഇടത്തില്‍ ഇവര്‍ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളും ഏജന്‍സികള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

ഒരു ആഗോള ഭീകരപ്രസ്ഥാനവുമായി ബന്ധപ്പെട്ട ആളുകള്‍ നമ്മുടെ നാട്ടിലുണ്ട് എന്ന അറിവ് ആശങ്കജനകം തന്നെയാണ്. എന്തുകൊണ്ട് ചെറുപ്പക്കാരില്‍ ചിലര്‍ ഇത്തരം വഴികള്‍ തെരഞ്ഞെടുക്കുന്നു എന്നതിനെക്കുറിച്ച് എല്ലാവരും ഗൗരവത്തില്‍ ആലോചിക്കണം. ഇവരുടെ പശ്ചാത്തലങ്ങള്‍ എന്താണ് എന്നതിനെക്കുറിച്ച് ചിന്തിക്കണം. മതപരമായ അതിവാദങ്ങളും സങ്കുചിത കാഴ്ചപ്പാടുകളും പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം. സാമൂഹികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുകയും അനീതികളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന മുസ്ലിം സംഘടനകളെ ഭീകരവത്കരിക്കാനുള്ള നീക്കങ്ങള്‍ നമ്മുടെ നാട്ടില്‍ വ്യാപകമായിട്ടുണ്ടായിരുന്നു. മതേതരവാദികളും ലിബറലുകളും ഇടതുപക്ഷവുമെല്ലാം ഈ ശ്രമത്തില്‍ ഒന്നിച്ചായിരുന്നു. വര്‍ധിച്ച മാധ്യമപിന്തുണയും അവര്‍ക്ക് ലഭിച്ചു. മതത്തിന്‍െറ സാമൂഹിക, രാഷ്ട്രീയവായനകളെ നിരാകരിക്കുന്ന, സങ്കുചിതകാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരെ ഒപ്പംകൂട്ടിയാണ് അവര്‍ ഈ തീവ്രവാദ വിരുദ്ധ മുന്നണി വികസിപ്പിച്ചത്. എന്നാല്‍, മതത്തിന്‍െറ സമകാലിക വായനകളെ നിരാകരിക്കുകയും അക്ഷര വായനകളില്‍ വ്യാപൃതരാവുകയും ചെയ്തവര്‍ തന്നെയാണ് പുതിയ ഐ.എസ് കഥകളുടെ പശ്ചാത്തലത്തിലുള്ളത്. അതായത്, തീവ്രവാദത്തെ നേരിടാനെന്ന പേരില്‍ പലരും ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് ഗൗരവത്തിലുള്ള പുനരാലോചന നടത്തേണ്ടി വരുമെന്നാണ് ഇത് കാണിക്കുന്നത്.

നിയമവാഴ്ചയെ വെല്ലുവിളിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്ന സര്‍വരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണ്. അതേസമയം, തീവ്രവാദവിരുദ്ധ വേട്ട എന്ന പേരില്‍ നട(ക്കു)ന്ന കാര്യങ്ങള്‍ ഏറെ വിമര്‍ശവിധേയമായതാണ്. തീവ്രവാദികള്‍ എന്ന പേരില്‍ മുസ്ലിം ചെറുപ്പക്കാരെ പൊക്കിയെടുക്കുകയും വര്‍ഷങ്ങളോളം തടവറയിലിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ ധാരാളമുണ്ട്. അങ്ങനെ ജീവിതം പിച്ചിച്ചീന്തപ്പെട്ട നൂറുകണക്കിന് ചെറുപ്പക്കാരുടെ നാടാണ് ഇന്ത്യ. അങ്ങനെയിരിക്കെ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന തീവ്രവാദ വേട്ടയുമായി ബന്ധപ്പെട്ട് മുസ്ലിം സമൂഹത്തില്‍ അവിശ്വാസം നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള ഏര്‍പ്പാട് അല്ല ഇപ്പോള്‍ നടക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്‍െറ ബാധ്യതയാണ്.

ഐ.എസ് പോലുള്ള തീവ്രവാദ പ്രവണതകള്‍ക്കെതിരെ ഏറ്റവും ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ കഴിയുക മുസ്ലിം സമൂഹത്തിനുതന്നെയാണ്. തീവ്രവാദത്തെ ചെറുക്കാന്‍ സാങ്കേതികവും നിയമപരവുമായ നടപടികള്‍ മാത്രം മതിയാവില്ല. അത്തരം ആശയങ്ങളെ ആശയപരമായിത്തന്നെ പരാജയപ്പെടുത്തണം. മുസ്ലിം സംഘടനകളെല്ലാം പ്രസ്തുത ദൗത്യം ഗൗരവത്തില്‍ നിര്‍വഹിക്കുന്നുമുണ്ട്. എന്നിട്ടും ചെറുപ്പക്കാരില്‍ ചിലര്‍ അപകടവഴികളിലേക്ക് വഴുതിപ്പോകുന്നുണ്ട്. തങ്ങളുടെ പ്രബോധനങ്ങള്‍ പിഴച്ചുവോ എന്നതിനെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തണം. തീവ്രവാദവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ പിഴച്ചുവോ എന്ന കാര്യം ഭരണകൂടവും ആത്മപരിശോധന നടത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial
Next Story