Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമിന്നലാക്രമണാനന്തരം

മിന്നലാക്രമണാനന്തരം

text_fields
bookmark_border
editorial
cancel

ജമ്മു-കശ്മീരിലെ ഉറിയില്‍ പാകിസ്താന്‍െറ പിന്തുണയോടെ ഭീകരര്‍ സൈനിക കേന്ദ്രത്തിന്‍െറ നേരെ നടത്തിയ അപ്രതീക്ഷിതാക്രമണത്തില്‍ നമ്മുടെ 20 ധീരജവാന്മാരുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യത്ത് പ്രകടമായ അമര്‍ഷവും പ്രതിഷേധവും വേദനയും അടക്കാന്‍ മോദി സര്‍ക്കാറിന് പെട്ടെന്നുതന്നെ എന്തെങ്കിലും ചെയ്തേ തീരൂ എന്ന സ്ഥിതിയുണ്ടായിരുന്നു. ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക് ഉച്ചകോടി മാറ്റിവെപ്പിക്കുന്നതുള്‍പ്പെടെ നയതന്ത്രരംഗത്ത് പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ സമര്‍ഥമായ നീക്കങ്ങള്‍ സഫലമായതോടെ പ്രതികാര നടപടികളില്‍ ഒരുഭാഗം വിജയിച്ചു.

നിയന്ത്രണരേഖക്കപ്പുറം കടന്ന് പൊടുന്നനെ നമ്മുടെ സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’ലൂടെ അയല്‍രാജ്യത്തിന് ഓര്‍ക്കാപ്പുറത്ത് കനത്ത പ്രഹരമേല്‍പിച്ചതോടെ ഇന്ത്യയാകെ ഇളകിമറിയുകയും ചെയ്തു. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പിന്തുണ കേന്ദ്ര സര്‍ക്കാറും സൈന്യവും പിടിച്ചെടുക്കുകതന്നെ ചെയ്തു അര്‍ധരാത്രി മുതല്‍ പുലര്‍ച്ചവരെ നീണ്ട ഈ മിന്നലാക്രമണത്തിലൂടെ. രണ്ട് പാക് ഭടന്മാരടക്കം അനേകം ഭീകരരെ നമ്മുടെ സൈന്യം വകവരുത്തിയതായി രാജ്യത്തെയും ലോകത്തെയും നാം അറിയിക്കുകയും ചെയ്തു. ഒരു സമ്പൂര്‍ണ യുദ്ധത്തിന്‍െറ ഭവിഷ്യത്തുകളും പ്രത്യാഘാതങ്ങളും വിവേകപൂര്‍വം വിലയിരുത്തിയശേഷം തല്‍ക്കാലം ഇത്രയും മതി എന്ന് ഇന്ത്യ തീരുമാനിച്ചതും എന്നാല്‍, പാകിസ്താന്‍ അവിവേകം ആവര്‍ത്തിച്ചാല്‍ ചുട്ട തിരിച്ചടി നല്‍കാന്‍ മടിക്കുകയില്ളെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതും പ്രശംസാര്‍ഹമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, അതിര്‍ത്തിയില്‍ പാക് സേന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രകോപനങ്ങളെ സംയമനത്തോടെ നേരിടാനാണ് നാം ആഗ്രഹിക്കുന്നതെന്ന് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താനില്‍ തദ്സ്ഥാനീയനായ സര്‍താജ് അസീസും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം സൂചിപ്പിക്കുകയും ചെയ്യുന്നു.

പക്ഷേ, പ്രതീക്ഷിച്ചതില്‍നിന്ന് ഭിന്നമായി പെട്ടെന്നൊരു തിരിച്ചടിക്ക് മുതിരാതെ ഇങ്ങനെയൊരു മിന്നലാക്രമണമേ നടന്നിട്ടില്ളെന്ന് സ്വദേശത്തെ ജനങ്ങളെയും ലോകത്തെയും ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ തന്ത്രം നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാവും. അതിര്‍ത്തികളില്‍ കാലാകാലങ്ങളില്‍ നടന്നുവരുന്ന സൈനിക ഉരസലുകള്‍ക്കപ്പുറത്തൊന്നും സംഭവിച്ചിട്ടില്ളെന്ന് ഒരുവശത്ത് അവകാശപ്പെടുന്നതോടൊപ്പംതന്നെ, മറുവശത്ത് സര്‍വകക്ഷിയോഗം വിളിച്ച് അതിര്‍ത്തിയിലെ സംഘര്‍ഷം നേരിടുന്നതിന് പൂര്‍ണപിന്തുണ നേടിയെടുത്ത നയതന്ത്ര നീക്കത്തിലെ ചതിക്കുഴികള്‍ നാം കാണാതെപോവരുത്. പ്രകോപനമില്ലാതെയുള്ള ഇന്ത്യന്‍ ആക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനവും മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും കശ്മീരിലെ അടിച്ചമര്‍ത്തലുകളില്‍നിന്നും ക്രൂരതകളില്‍നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും സര്‍വകക്ഷി യോഗം പാസാക്കിയ പ്രമേയത്തില്‍ കുറ്റപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അതോടൊപ്പംതന്നെ സംഘര്‍ഷം യുദ്ധത്തിലേക്ക് നയിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് ഐക്യരാഷ്ട്രസഭയെ ഇടപെടീക്കാനും യു.എന്‍ വസ്തുതാന്വേഷണ സംഘത്തെ കശ്മീരിലേക്ക് അയപ്പിക്കാനും പാക് സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പരിഗണന പ്രസ്തുത നിര്‍ദേശത്തിന് ലഭിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കള്‍കൂടി അടങ്ങുന്ന ഒ.ഐ.സിയാകട്ടെ വിഷയത്തില്‍ പാകിസ്താനോടൊപ്പമാണുതാനും. എന്നാല്‍, കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇത$പര്യന്തം നിരാകരിച്ചുവന്നതാണ് ഇന്ത്യയുടെ സുദൃഢ നിലപാട്. അതിനെ പരാജയപ്പെടുത്താന്‍ പാകിസ്താന്‍ പയറ്റുന്ന അടവുകള്‍ ജാഗ്രതയോടത്തെന്നെ വേണം വീക്ഷിക്കാന്‍.

ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവെച്ച ആവശ്യം കേവലം രാഷ്ട്രീയ മുതലെടുപ്പായി തള്ളിക്കളയാന്‍ സാധ്യമല്ലാതെ വരുന്നത്. വിദേശ പത്രപ്രവര്‍ത്തകരെ കശ്മീര്‍ അതിര്‍ത്തികളിലത്തെിച്ച് ഇന്ത്യയുടെ മിന്നലാക്രമണം നടന്നിട്ടില്ളെന്ന് വരുത്തിത്തീര്‍ക്കാന്‍ പാകിസ്താന്‍ ശ്രമിക്കുകയും സി.എന്‍.എന്‍, ബി.ബി.സി മുതലായ ലോകമാധ്യമങ്ങള്‍ സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരിക്കെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് മോദി സര്‍ക്കാറിനോട് കെജ്രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ അതിനനുകൂലമായി പ്രതികരിച്ചാല്‍ പാക് പ്രോപഗണ്ട തീര്‍ത്തും നിര്‍വീര്യമാവും എന്നുറപ്പ്. അതിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നകാര്യം കശ്മീര്‍ തീര്‍ത്തും പ്രക്ഷുബ്ധവും അശാന്തവുമാണെന്ന പ്രചാരണത്തെ നേരിടാന്‍ ഉടനടി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയാണ്.

ജീവിതം മാസങ്ങളായി വിറങ്ങലിച്ചുനില്‍ക്കുന്ന കശ്മീരിനെ ചൊല്ലി പാകിസ്താന്‍ മുതലെടുപ്പ് ശക്തമാക്കിയ സാഹചര്യം ഒട്ടും വൈകാതെ അവസാനിപ്പിച്ചേ പറ്റൂ. കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കാനും ഗതാഗതവും കടകളും സ്കൂളുകളും സ്ഥാപനങ്ങളും തുറന്ന് സാമാന്യജീവിതം പുന$സ്ഥാപിക്കാനുമുള്ള ഫലപ്രദമായ പാക്കേജിന് രൂപംനല്‍കാന്‍ നാലാമതും കശ്മീര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കഴിയേണ്ടതുണ്ട്. അപകടകാരികളല്ലാത്ത മുഴുവന്‍ കശ്മീരികളെയും തടവറകളില്‍നിന്ന് മോചിപ്പിച്ച് പ്രശ്നപരിഹാരത്തിനുള്ള പോംവഴികള്‍ ചര്‍ച്ചകളിലൂടെ കണ്ടെത്തേണ്ടതുണ്ട്. കശ്മീരി സംഘടനകളുടെ നേതാക്കളെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തേ ഇത് സാധ്യമാവൂ. മോദി സര്‍ക്കാറിന്‍െറ യഥാര്‍ഥ നയതന്ത്രവിജയം പ്രകടമാവേണ്ടത് പ്രശ്നത്തിന്‍െറ മര്‍മം മനസ്സിലാക്കി പ്രതിവിധി ആവിഷ്കരിക്കുന്നതിലാണ്. അല്ലാത്തേടത്തോളം കാലം രാജ്യത്തിന്‍െറ അവിഭാജ്യഘടകമെന്ന് നാം പറയുന്ന കശ്മീര്‍ പുകഞ്ഞുകൊണ്ടേയിരിക്കും,  പാകിസ്താന് ഗുരുതരമായ ആഭ്യന്തരപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടുമിരിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial
Next Story