Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസൈനിക തന്ത്രവും...

സൈനിക തന്ത്രവും രാജ്യതന്ത്രവും

text_fields
bookmark_border
editorial
cancel

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണം നാട്ടില്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ട്ടികളും നേതാക്കളും സര്‍ക്കാര്‍ നടപടിക്ക് പിന്തുണ അറിയിച്ചു. ഉറി ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലക്കാണ് ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് കമാന്‍ഡോ സംഘം ശത്രുപാളയത്തിലേക്ക് വെടിയുണ്ടയും ഷെല്ലും ഉതിര്‍ത്തത്. മുപ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

രഹസ്യമായും കൃത്യമായ ആസൂത്രണത്തോടെയും നടന്ന ആക്രമണം പൂര്‍ണവിജയമാണെന്ന് വിവരങ്ങള്‍ പുറത്തുവിട്ട മിലിട്ടറി ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് ചൂണ്ടിക്കാട്ടി. മിന്നലാക്രമണത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അതിര്‍ത്തി മേഖലയിലെ ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതും മുന്‍കരുതലിനെക്കുറിച്ച സൂചന തരുന്നു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി പാകിസ്താന്‍ അവകാശപ്പെട്ടെങ്കിലും അത് വിശ്വസനീയമല്ല -ഇന്ത്യ അത് നിഷേധിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ പ്രഹരശേഷിയെ കുറച്ചുകാണിക്കേണ്ടത് പാക് നേതൃത്വത്തിന്‍െറ ആവശ്യമാണ് താനും. മിന്നലാക്രമണമല്ല, പതിവുള്ള വെടിവെപ്പാണ് ഇന്ത്യ നടത്തിയത് എന്നതും പ്രചാരണമായേ കാണാനാവൂ.

പാകിസ്താന്‍ ചോദിച്ചുവാങ്ങിയതാണിത്. ഉറി ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ളെന്ന് ആ രാജ്യം വാദിക്കുന്നുണ്ടെങ്കിലും സമീപകാലത്തായി നടന്ന തീവ്രവാദി അതിക്രമങ്ങള്‍ തടയാന്‍ അവര്‍ മനസ്സുവെച്ചില്ല എന്നത് വസ്തുതയാണ്. ഉറി ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ, ഒന്നുകില്‍ ഭീകരരെ പാകിസ്താന്‍ അയക്കുകയാണ് അല്ളെങ്കില്‍ അവരെ തടയാന്‍ ആ രാജ്യം ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലാക്കേണ്ടിവന്നു. ഇതിനെതിരെ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതും കടുത്ത നടപടിക്കായി മുറവിളി ഉയര്‍ന്നതും ഇത്തരമൊരു നീക്കം അനിവാര്യമാണെന്ന അവസ്ഥ സൃഷ്ടിച്ചിരുന്നു. മിന്നലാക്രമണം രാജ്യസുരക്ഷയുടെയും സൈനിക തന്ത്രത്തിന്‍െറയും വിഷയം മാത്രമല്ല, കേന്ദ്ര സര്‍ക്കാറിന്‍െറ രാഷ്ട്രീയമായ ആവശ്യം കൂടിയാണ് എന്നതും വസ്തുതയാണ്.

അതേസമയം, ഇനിയെന്ത് എന്ന ചോദ്യമാകട്ടെ വെറും വൈകാരികതയുമായി ബന്ധപ്പെട്ട ഒന്നല്ല. ‘തന്ത്രപരമായ ആത്മനിയന്ത്രണം’ എന്ന നയം ഗുരുതര സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ രണ്ടു രാജ്യങ്ങളെയും സഹായിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സംഭവങ്ങള്‍ ആ നയം കൈവിടാന്‍ ഇരുവരെയും നിര്‍ബന്ധിതരാക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി യുദ്ധജ്വരം വളര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ എക്കാലവും ഇരു രാജ്യത്തും ഉണ്ടായിരുന്നിട്ടുണ്ട്. ഇപ്പോഴാകട്ടെ അവര്‍ക്ക് മുന്‍കൈ ലഭിക്കുന്ന സ്ഥിതിയും വന്നു. വര്‍ഷങ്ങളുടെ രാജ്യതന്ത്രജ്ഞതയിലൂടെ രൂപപ്പെട്ട കരുതല്‍ അതിവേഗം നഷ്ടപ്പെടുന്നത് അനഭിലഷണീയം മാത്രമല്ല ആപല്‍ക്കരവുമാണ്. അതുകൊണ്ടുതന്നെ ഏത് പ്രതിസന്ധിക്കും സൈനികമായി തയാറാകുമ്പോഴും സമാധാനത്തിന്‍െറ വഴികള്‍ കഴിയുന്നത്ര തുറന്നിടാന്‍ ശ്രദ്ധിച്ചേ പറ്റൂ. ഇരു രാജ്യത്തെയും ജനങ്ങളുടെ താല്‍പര്യം അതാണ്.

നിയന്ത്രണരേഖ കടന്നുള്ള ആക്രമണം ശക്തമായ മുന്നറിയിപ്പാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം, കൂടുതല്‍ സൈനിക നടപടി തല്‍ക്കാലം ഉദ്ദേശിക്കുന്നില്ളെന്നും ആണവായുധ പ്രയോഗം ആലോചിക്കുന്നില്ളെന്നും വിവിധ ഘട്ടങ്ങളില്‍ പ്രധാനമന്ത്രി മോദിയും മറ്റും വ്യക്തമാക്കിയത്, വെറും വൈകാരികതയല്ല നമ്മെ നയിക്കുന്നതെന്നുകൂടി സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് സൈനിക നടപടിയെക്കാള്‍ മുന്‍ഗണന കൊടുത്തതും വിവേകപൂര്‍വമാണ്. എന്നാല്‍, ഇരുപക്ഷത്തും ആസൂത്രിതമായി വളര്‍ത്തപ്പെടുന്ന യുദ്ധജ്വരം നല്ല ലക്ഷണമല്ല. രാഷ്ട്രീയമായി പരിഹരിക്കേണ്ട തര്‍ക്കങ്ങള്‍ ഭീകരതയിലേക്കും ഏറ്റുമുട്ടലിലേക്കും നയിക്കാതെ നോക്കേണ്ട ബാധ്യത പാകിസ്താനുണ്ട്.

അടുത്തകാലത്ത് നാം നീട്ടിയ സൗഹാര്‍ദഹസ്തത്തിന്‍െറ നയതന്ത്രം ജനങ്ങളില്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. പാകിസ്താനെ തുറന്നുകാണിക്കുകയും നിലക്കുനിര്‍ത്തുകയും ചെയ്യുന്നതോടൊപ്പം ഇരു ജനതകള്‍ തമ്മിലുള്ള സൗമനസ്യം ഇല്ലാതാകുന്നില്ളെന്നും അത് ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നുവെന്നും ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കുമെങ്കില്‍ അതാവും എത്ര വലിയ സൈനിക നേട്ടങ്ങളെക്കാളും ഗുണംചെയ്യുക. അതിസാഹസികതക്ക് വിപരീത ഫലമേ ഉണ്ടാകൂവെന്ന് പാകിസ്താന്‍ തിരിച്ചറിയുമെന്നും കൂടുതല്‍ തെറ്റിലേക്ക് അവര്‍ വഴുതില്ളെന്നും ആശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial
Next Story