ലക്ഷ്യം കാണാതെ കള്ളപ്പണവേട്ട
text_fieldsകള്ളപ്പണവും വ്യാജ കറന്‍സിയും പിടിച്ചെടുക്കാനെന്ന പേരില്‍ രാജ്യത്തെ 86 ശതമാനം വരുന്ന 1000, 500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം മൂന്നാഴ്ച പിന്നിടുമ്പോള്‍ പരക്കെ അശാന്തിയും അങ്കലാപ്പും അനിശ്ചിതത്വവും അപരിഹാര്യമായി തുടരുകയാണ്. പുതുതായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 500, 2000 നോട്ടുകള്‍ ആവശ്യത്തിന്‍െറ വക്കു തൊടാന്‍ പോലും അപര്യാപ്തമായതുകൊണ്ടും നൂറു മുതല്‍ താഴോട്ടുള്ള നോട്ടുകള്‍ മുഷിഞ്ഞതും ചീഞ്ഞതുമടക്കം ഇടപാടുകാര്‍ക്ക് നല്‍കിയിട്ടും എങ്ങുമത്തൊത്തതുകൊണ്ടും ക്യൂ നിന്ന് തളര്‍ന്ന് മുന്നിലത്തെുന്ന ജനങ്ങളോട് ഒരു മറുപടിയും പറയാനാവാതെ കുഴങ്ങുകയാണ് ബാങ്ക് ജീവനക്കാര്‍.
എ.ടി.എമ്മുകള്‍ മിക്കതും അടഞ്ഞുതന്നെ കിടക്കുന്നു. ആഴ്ചയില്‍ 24,000 രൂപവരെയുള്ള ചെക്ക് മാറിക്കിട്ടുമെന്ന സര്‍ക്കാറിന്‍െറ വാക്കുകേട്ട് കഴിഞ്ഞ ദിവസം ബാങ്കുകളിലത്തെിയ ഇടപാടുകാരോട് 2000 രൂപയുടെ ചെക്കുമാത്രം മാറിത്തരാമെന്നാണ് ബാങ്ക് കൗണ്ടറുകളില്‍നിന്ന് നല്‍കുന്ന മറുപടി. ജീവനക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഉള്ളതല്ളേ അവര്‍ക്ക് നല്‍കാന്‍ പറ്റൂ. നാളെ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാറിതര സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ശമ്പളം കൈയില്‍ വരേണ്ട ദിവസങ്ങളാണ്.
ഈ മാസത്തെ വേതനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല എന്ന് സംസ്ഥാന ധനമന്ത്രി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും സംഖ്യ ബാങ്കുകളിലത്തെിക്കാനല്ലാതെ അത് പണമായി നല്‍കാന്‍ സര്‍ക്കാറിന്നാവില്ലല്ളോ. കറന്‍സിക്ഷാമം അക്ഷരാര്‍ഥത്തില്‍ ജനത്തെ വെള്ളം കുടിപ്പിക്കും എന്നുറപ്പ്. വാടക, ഫീസ്, കടകളിലെ ബാലന്‍സ്, പാല്‍ക്കാരനും പത്രക്കാരനും കൊടുക്കേണ്ട പണം തുടങ്ങി ഒരുകൂട്ടം അടിയന്തരാവശ്യങ്ങള്‍ നിറവേറ്റാനാവാതെ ജീവിതം സ്തംഭിക്കാന്‍ പോവുന്നു. പരിമിതമായ കറന്‍സി പ്രധാന നഗരങ്ങളിലെമാത്രം ബാങ്കുകളിലത്തെിക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാവുമ്പോള്‍ ഗ്രാമീണരുടെ പ്രാരബ്ധങ്ങളാണ് ഇരട്ടിക്കാന്‍ പോവുന്നത്. ഹര്‍ത്താലിനും ആക്രോശങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശൂന്യതയില്‍നിന്ന് നോട്ടുകള്‍ ഉല്‍പാദിപ്പിക്കാനാവില്ല.
എല്ലാറ്റിനും ഉത്തരവാദിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാവട്ടെ പ്രതിഷേധങ്ങളോ ദീനരോദനങ്ങളോ കേട്ടതായിപോലും ഭാവിക്കുന്നില്ല. കള്ളപ്പണത്തില്‍ ഗണ്യമായ ഭാഗം ഇതിനകം പിടിച്ചെടുത്തുവെന്നും ബാക്കികൂടി ഉടന്‍ പിടിയിലാവുമെന്ന വാചകമടിയില്‍ കവിഞ്ഞ് വസ്തുനിഷ്ഠമായി രാജ്യത്തെ ബോധിപ്പിക്കാന്‍ പര്യാപ്തമായ വിവരങ്ങളോ കണക്കുകളോ അദ്ദേഹത്തിന്‍െറ പക്കലില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രിമാരുടെ അഞ്ചംഗ സമിതിയെ നിയമിക്കുമെന്ന് ആശ്വസിപ്പിച്ചിരിക്കുകയാണ് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധ്യക്ഷനാവുന്ന സമിതി എപ്പോഴാണ് നിലവില്‍ വരുകയെന്നോ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നോ വെളിപ്പെടുത്തിയിട്ടുമില്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നോട്ട് അസാധുവാക്കല്‍ നടപടി പൊടുന്നനെ പ്രഖ്യാപിക്കുമ്പോള്‍ വരുംവരായ്കകളെക്കുറിച്ച് പ്രധാനമന്ത്രി ഗൃഹപാഠം ചെയ്തിരുന്നില്ല എന്നല്ളേ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്?
ഇത്രയൊക്കെ കഠിനതരമായ പ്രയാസങ്ങളും പ്രതിസന്ധിയും വരുത്തിവെച്ച നടപടിയുടെ മുഖ്യലക്ഷ്യം അഥവാ കള്ളപ്പണവേട്ടയുടെ കാര്യത്തില്‍ സംഭവിക്കുന്നതെന്ത് എന്നുകൂടി പരിശോധിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാറിന്‍െറ പാപ്പരത്തം കൂടുതല്‍ പ്രകടമാവുക. സാമ്പത്തികരംഗം ഇരുപത് ദിവസംകൊണ്ട് ഒരു പതിറ്റാണ്ട് പിറകോട്ടുപോയെന്നും അഴിമതി പത്തിരട്ടിയായെന്നും കുറ്റപ്പെടുത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുടെ വാക്കുകള്‍ രാഷ്ട്രീയം കലര്‍ന്നതോ അതിശയോക്തിപരമോ ആണെന്ന് ബി.ജെ.പിക്കാരല്ലാത്തവര്‍ക്കും തോന്നാം.
എന്നാല്‍, മുന്തിയ നോട്ടുകള്‍ അസാധുവാക്കിയശേഷവും രാജ്യത്ത് കള്ളപ്പണക്കാര്‍ വലിയതോതില്‍ നോട്ട് മാറ്റുന്നുണ്ടെന്ന ധനമന്ത്രാലയത്തിന്‍െറ കണ്ടത്തെലിനെ എന്തുപറഞ്ഞാണ് നിരാകരിക്കുക? ഒരു ലക്ഷത്തിന് 40,000 രൂപയെന്ന തോതില്‍വരെ കമീഷന്‍ നല്‍കിയാണ് ചില കേന്ദ്രങ്ങള്‍ ബാങ്കുകളുടെ സഹായത്തോടെ നികുതിയടക്കാത്ത പഴയനോട്ടുകള്‍ പുതിയ കറന്‍സിയാക്കി മാറ്റുന്നതെന്ന് ധനമന്ത്രാലയം വെളിപ്പെടുത്തുന്നു. കമീഷന്‍ 25 ശതമാനത്തില്‍നിന്ന് 40 ശതമാനമായി ഉയര്‍ന്നതിന്‍െറ പിന്നില്‍ ബാങ്ക് ജീവനക്കാരും ഇടനിലക്കാരുമാണത്രെ. അതുകൊണ്ടുതന്നെയാവണം നോട്ട് അസാധുവാക്കല്‍ നടപടികൊണ്ട് കള്ളപ്പണം തടയാനാവില്ളെന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്കാരം നേടിയ പ്രമുഖ ഇന്ത്യന്‍ ധനശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ അഭിപ്രായപ്പെടുന്നത്.
കള്ളപ്പണ സാമ്രാജ്യത്തിന്‍െറ സ്രോതസ്സ് രാജ്യത്തെയാകെ ഗ്രസിച്ചുകഴിഞ്ഞ അഴിമതിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനും തെരഞ്ഞെടുപ്പുകളെ നേരിടാനും കണക്കില്‍പെടാത്ത കോടികള്‍ വേണം. കോര്‍പറേറ്റ് ഭീമന്മാര്‍ക്കേ അത് നല്‍കാന്‍ കഴിയൂ. അതിനാല്‍ അവര്‍ വരച്ച വരയില്‍നിന്ന് കടുകിട തെറ്റാനോ അവരെ മുഷിപ്പിക്കാനോ നരേന്ദ്ര മോദിയടക്കം ഭരണാധികാരികള്‍ക്ക് കഴിയില്ല.
അതുപോലെ മന്ത്രിമാര്‍ക്ക് അഴിമതി നടത്താന്‍ ഉദ്യോഗസ്ഥരുടെ സഹായം കൂടിയേ തീരൂ. ഇത് സ്വാഭാവികമായും ബ്യൂറോക്രസിയുടെ മുമ്പാകെ കൈക്കൂലിയുടെയും കമീഷന്‍െറയും വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നു. ഇക്കാര്യങ്ങളിലൊന്നും ഒന്നും ചെയ്യാനാവാത്ത മോദിയും പാര്‍ട്ടിയും ഒരു രാത്രി 120 കോടി ജനങ്ങളുടെ മുഴുവന്‍ കീശ കാലിയാക്കിക്കൊണ്ട് കള്ളപ്പണം പിടിച്ചെടുക്കാനിറങ്ങിയാല്‍ എന്തു സംഭവിക്കുമോ അതാണിപ്പോള്‍ സംഭവിക്കുന്നത്. ഇന്ത്യ മഹാരാജ്യത്തെ ഈശ്വരന്‍ രക്ഷിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
