Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസുരക്ഷയുടെ വേലി...

സുരക്ഷയുടെ വേലി പൊളിക്കുന്നതാരാണ്?

text_fields
bookmark_border
സുരക്ഷയുടെ വേലി പൊളിക്കുന്നതാരാണ്?
cancel

വാചാടോപങ്ങള്‍കൊണ്ട് എല്ലാം ശരിയാക്കിക്കളയാം എന്ന മൂഢവിശ്വാസത്തിലാണ് രാഷ്ട്രീയക്കാര്‍. ഭരണപരമായ വീഴ്ചകളെയും അങ്ങനെ മറച്ചുവെക്കാനാണ് അവര്‍ക്ക് താല്‍പര്യം. അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ മുന്നനുഭവങ്ങളില്‍നിന്ന് പഠിച്ച് തിരുത്താന്‍ ഭരണനിര്‍വഹണ സംവിധാനങ്ങളുടെ കൈകാര്യകര്‍ത്താക്കള്‍ക്ക് താല്‍പര്യമില്ല. ഫലമോ, രാജ്യത്തിന്‍െറ ആഭ്യന്തര സുരക്ഷയെക്കുറിച്ച് അകത്ത് ആത്മവിശ്വാസം നഷ്ടപ്പെടുകയും രാജ്യത്തെ ശിഥിലീകരിക്കാനും അസ്ഥിരപ്പെടുത്താനും തക്കംപാര്‍ത്തു കഴിയുന്ന ബാഹ്യശത്രുക്കള്‍ക്ക് ആവേശം വര്‍ധിക്കുകയും ചെയ്യുന്ന നിലയിലത്തെിയിരിക്കുന്നു. ഈ ആശങ്കയോടെ വേണം പഞ്ചാബിലെ നാഭയില്‍ ഞായറാഴ്ച നടന്ന ജയില്‍ചാട്ടത്തെ കാണാന്‍.

സിഖ് വിഘടന തീവ്രവാദികളായ ഖാലിസ്താന്‍ സായുധവിഭാഗത്തിന്‍െറ എണ്ണംപറഞ്ഞ കുറ്റവാളികള്‍ അന്തേവാസികളായ, അതിസുരക്ഷയുണ്ടെന്നു പറയുന്ന ജയിലില്‍നിന്നാണ് 10 തോക്കുധാരികള്‍ പൊലീസ് വേഷത്തില്‍ വന്ന് ഖാലിസ്താന്‍ കമാന്‍ഡര്‍ ഹര്‍മിന്ദര്‍ സിങ് മിന്‍റുവിനെയും അഞ്ചു പേരെയും പിടിച്ചിറക്കി കൊണ്ടുപോയത്. നേരത്തേ ഗുര്‍ദാസ്പുരിലും പത്താന്‍കോട്ടിലെ സൈനിക താവളത്തിലും നടത്തിയതുപോലെ ഇന്ത്യന്‍ സുരക്ഷാസംവിധാനത്തിന്‍െറ കരണത്തടിച്ചു പരിഹസിക്കുന്ന ഓപറേഷനാണ് ആക്രമികള്‍ നടത്തിയത്. അതും അതിസുരക്ഷയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുള്ള ഭോപാല്‍ ജയിലില്‍നിന്ന് എട്ടു തടവുകാരെ ചാടിയോ ചാടിച്ചോ പുറത്തത്തെിച്ച പാളിച്ചക്കുശേഷം.

അത്യാഹിതങ്ങളില്‍ ഉണര്‍ന്നെണീറ്റു ഭരണസംവിധാനങ്ങള്‍ നടത്തുന്ന അന്വേഷണങ്ങളും പരിഹാരക്രിയകളും എത്രമേല്‍ അപര്യാപ്തവും അപഹാസ്യവുമാണെന്നതിന്‍െറ മികച്ച തെളിവാണ് നാഭയിലെ ജയില്‍ചാട്ടം. 2014 നവംബര്‍ 30ന് ഗുവാഹതിയില്‍ സംസ്ഥാന പൊലീസ് മേധാവികളുടെ യോഗത്തില്‍ കണിശവും കര്‍ക്കശവും വൈദഗ്ധ്യവും ഉത്തരവാദിത്തബോധവും സാങ്കേതികപരിജ്ഞാനവും പരിശീലനവും ഒത്തിണങ്ങിയ ‘സ്മാര്‍ട്ട്’ പൊലീസ് എന്നൊരു നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, പ്രഭാഷണത്തിന് പ്രയോഗതലത്തില്‍ തുടര്‍നീക്കങ്ങളൊന്നുമുണ്ടായില്ല. സംസ്ഥാനങ്ങളാകട്ടെ, ഇത് കാര്യമായി പരിഗണിച്ചുമില്ല എന്നാണ് രണ്ടു വര്‍ഷമായി എങ്ങുമത്തൊത്ത പദ്ധതി തെളിയിക്കുന്നത്.

ഇതു മാത്രമല്ല, ഭീകരരും അധോലോക മാഫിയയുമൊക്കെ കുടിപാര്‍ക്കുന്ന ഇന്ത്യന്‍ തടവറകളുടെ പോരായ്മകളും പരിഷ്കരണവും സംബന്ധിച്ച നിര്‍ദേശങ്ങളധികവും പ്രയോഗത്തില്‍ ജലരേഖയായി അവസാനിക്കുകയാണ്. 2007-2012 കാലത്ത് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ പ്രമാദമായ 91 ജയില്‍ചാട്ടങ്ങളെ മുന്‍നിര്‍ത്തി 2013ല്‍ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ ഗൗരവമുള്ള ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഉപകരണങ്ങള്‍ വാങ്ങുകയും സംവിധാനങ്ങളൊരുക്കുകയുമല്ലാതെ അത് ഉപയോഗപ്പെടുത്തുന്ന പതിവ് മിക്ക ജയിലുകളിലും ഇല്ളെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. വയര്‍ലസ് സെറ്റുകളും സി.സി.ടി.വികളുമൊക്കെ പലേടത്തും പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടത്തെിയ റിപ്പോര്‍ട്ട് ഇത്തരം വീഴ്ചകളൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ചു. നടന്നതോ? ഭീകരരും മാഫിയ ഗുണ്ടകളും മുതല്‍ പെറ്റി ക്രിമിനലുകളടക്കമുള്ള 200 പേര്‍ ആറു സംസ്ഥാനങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷവും ജയില്‍ ചാടി. ജയില്‍ചാട്ടവും ജയിലിനകത്ത് കുറ്റവാളികള്‍ തമ്മിലുള്ള സംഘട്ടനങ്ങളും കൂടി. 2011 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുണ്ടായ 836 ജയില്‍സംഘര്‍ഷങ്ങളില്‍ 501ഉം നടന്നത് കേന്ദ്രത്തിന്‍െറ കണ്ണുകൂടിയുള്ള ഡല്‍ഹിയിലാണെന്നോര്‍ക്കുക.

പൊലീസിന്‍െറ ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാറോ ആഭ്യന്തര സുരക്ഷക്ക് മേല്‍നോട്ടം വഹിക്കേണ്ട കേന്ദ്രമോ ജയില്‍സുരക്ഷയുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധക്കുറവിന്‍േറതാണ് ഈ കണക്കുകളത്രയും. ശ്രദ്ധക്കുറവ് എന്നുമാത്രം പറഞ്ഞാല്‍ പോരാ, ഇതിനു മുന്‍കൈയെടുക്കേണ്ട ഭരണനിര്‍വാഹകരായ രാഷ്ട്രീയക്കാര്‍ സുരക്ഷ അട്ടിമറിക്കാന്‍ ബദ്ധശ്രദ്ധരാണ് എന്നതാണ് പഞ്ചാബിന്‍െറ അനുഭവം. സംസ്ഥാനത്തെ തടവറകള്‍ നിയമവിരുദ്ധ സൗകര്യങ്ങളെല്ലാം ലഭ്യമായ കുറ്റവാളികളുടെ ക്ളബ് ഹൗസുകളായി മാറിയിട്ടുണ്ടെന്നു മുന്‍ ജയില്‍ ഡി.ജി.പി ശശികാന്ത് പറയുന്നു. പെറ്റിക്കേസ് തടവുകാരെ ഭീകര അധോലോക കുറ്റവാളികള്‍ക്കൊപ്പം താമസിപ്പിച്ചാല്‍ ചുരുങ്ങിയ കാലംകൊണ്ട് ജാമ്യത്തിലോ ജയില്‍മോചിതരായോ പുറത്തുപോകുന്നവരിലൂടെ അപായങ്ങള്‍ വരും എന്ന് ശശികാന്ത് നേരത്തേ ചൂണ്ടിക്കാട്ടിയതാണ്.

നാഭയില്‍ ജയില്‍ചാട്ടം നടന്നതും അങ്ങനെയാണ്. ജയിലിനകത്ത് മൊബൈല്‍ ഫോണുകള്‍ വിലക്കുക, മൊബൈല്‍ ജാമറുകള്‍ ഘടിപ്പിക്കുക, രാഷ്ട്രീയ താല്‍പര്യമനുസരിച്ച പരോളുകള്‍ ഒഴിവാക്കുക, ഭീകര കുറ്റവാളികളെ അതിസുരക്ഷ ജയിലുകളിലേക്ക് മാറ്റുക തുടങ്ങി താന്‍ സമര്‍പ്പിച്ച ഏതാണ്ടെല്ലാ അപേക്ഷകളും രാഷ്ട്രീയ നേതൃത്വത്തിന്‍െറ ഇടപെടല്‍ കാരണം തള്ളിപ്പോയെന്ന് ശശികാന്ത് പറയുന്നു. ജമ്മു-കശ്മീരിനുശേഷം അതിര്‍ത്തിക്കപ്പുറത്തെ ശത്രുക്കള്‍ വിഘടനവാദികളെ ഉപയോഗപ്പെടുത്തി ശിഥിലീകരണ പ്രവര്‍ത്തനത്തിന് കണ്ടുവെച്ച മണ്ണാണ് പഞ്ചാബ് എന്നത് അടുത്ത കാലത്തായി അവിടെ നടന്ന ഭീകരാക്രമണങ്ങളും അട്ടിമറിപ്രവര്‍ത്തനങ്ങളും തെളിയിക്കുന്നുണ്ട്.

എന്നാല്‍, അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ അത് അന്വേഷിച്ച് ആവര്‍ത്തിക്കാതിരിക്കാന്‍ വഴി തേടാതെ, അകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്കെതിരെ വായ്വെടിയുതിര്‍ത്തു രസിക്കുകയാണ് ഭരണാധികാരികള്‍. നാഭയില്‍ ചാടിപ്പോയ ഖാലിസ്താന്‍ കമാന്‍ഡറെ വലയിലാക്കാന്‍ കഴിഞ്ഞതല്ല, ഇത്തരമൊരു വീഴ്ച എന്തുകൊണ്ടെന്നും മേലില്‍ ഇത് ആവര്‍ത്തിക്കാതിരിക്കുമെന്ന് എന്തുറപ്പ് എന്നുമാണ് അധികൃതര്‍ ആലോചിക്കേണ്ടത്. സുരക്ഷയുടെ വേലി പൊളിക്കാനല്ല, പഴുതടച്ച് വേലി കെട്ടാനാണ്, അതിന് കാവലൊരുക്കാനാണ് രാഷ്ട്രീയക്കാര്‍ മിടുക്കു കാണിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial
Next Story