ഏറ്റുമുട്ടല്‍: നിഗൂഢത നീങ്ങണം
text_fieldsഏറ്റുമുട്ടല്‍ കൊല കേരളത്തിലും എത്തിയിരിക്കുന്നു. നിലമ്പൂര്‍ വനത്തില്‍ കേരള പൊലീസിന്‍െറ നക്സല്‍വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. മൂന്നാമതൊരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മാവോവാദികളുടെ സംഘവും പൊലീസും തമ്മില്‍ 20 മിനിറ്റോളം വെടിവെപ്പ് നടന്നു. ഒരു മാസമായി വനമേഖല നക്സല്‍വിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു.
വെടിവെപ്പില്‍ കുറെ മാവോവാദികള്‍ ചിതറിയോടി. പൊലീസ് പുറത്തുവിട്ട വിവരമനുസരിച്ച് ആസൂത്രിത നീക്കങ്ങളിലൂടെയാണ് പൊലീസ് മാവോവാദികളെ കണ്ടത്തെിയത്. മാവോവാദികളുടെ സാന്നിധ്യമറിയിക്കുന്ന സന്ദേശങ്ങളും ഭീഷണികളും നേരത്തേ ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഓപറേഷന്‍ വഴി മാവോവാദികളുടെ ഭീഷണി വലിയൊരളവില്‍ ഇല്ലാതാക്കാന്‍ കഴിയും. അതേസമയം, ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിടാന്‍ പൊലീസ് തയാറായില്ല.
തീവ്രവാദഭീഷണി നാടിന്‍െറ പൊതുസുരക്ഷയെ അപകടപ്പെടുത്തുന്നു; അതിനെ നേരിടേണ്ടത് ആവശ്യവുമാണ്. അതേസമയം, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക അര്‍ഥംതന്നെ ഉണ്ട്. അധികൃതര്‍ നോട്ടമിട്ട വ്യക്തികളെയോ സംഘങ്ങളെയോ തീവ്രവാദ മുദ്ര ചാര്‍ത്തി, ഏകപക്ഷീയ വെടിവെപ്പിലൂടെ കൊല്ലുകയും പിന്നെ ‘ഏറ്റുമുട്ടല്‍’ കൊലയെന്ന് അവകാശപ്പെടുകയും ചെയ്യുക എന്നതാണ് ആ രീതി. യഥാര്‍ഥ ഏറ്റുമുട്ടല്‍ കൊലകളെക്കാള്‍ കൂടുതലാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍. ഇത് തമ്മിലുള്ള വ്യത്യാസം ചെറുതല്ല. യഥാര്‍ഥ ഭീഷണി നിലനില്‍ക്കെ അത് നേരിടാന്‍ ചെല്ലുന്ന നിയമപാലകര്‍ ആക്രമിക്കപ്പെടുമ്പോള്‍ ആത്മരക്ഷക്കായി എതിരാളികളെ കൊല്ലുന്നതാണ് ഒന്ന്. മറ്റേതാകട്ടെ നിരായുധരായ, ചിലപ്പോള്‍ കീഴടങ്ങാന്‍പോലും തയാറായ ആളുകളെ വെറുതെ കൊല്ലുന്നതും. ഒന്ന് നിയമാനുസൃതമായ സ്വയം പ്രതിരോധം. മറ്റേത് പച്ചയായ കൊലപാതകം. ഈ നിയമലംഘനത്തിന് പ്രേരണ പലതാകാം. മേലധികാരികളെ പ്രീതിപ്പെടുത്താനും പ്രതിഫലവും സ്ഥാനക്കയറ്റവും തരപ്പെടുത്താനുമൊക്കെ വ്യാജ ഏറ്റുമുട്ടല്‍ കൊല നടത്തിയ സംഭവങ്ങള്‍ ധാരാളമുണ്ട്.
ഭരണകൂടങ്ങള്‍ക്കും അധികൃതര്‍ക്കും തീവ്രവാദിവേട്ട ഒരു വ്യവസായം തന്നെയാണെന്ന ആരോപണവും നിലനില്‍ക്കുന്നു. നക്സല്‍ വേട്ടക്കായി ‘നക്സല്‍ ബാധിത’ സംസ്ഥാനങ്ങള്‍ക്ക് വര്‍ഷംതോറും 200 കോടി രൂപ കേന്ദ്രം വായ്പയായി നല്‍കുന്നുണ്ട്. ‘സുരക്ഷച്ചെലവ്’ എന്നറിയപ്പെടുന്ന ഇത് 1996ല്‍ പദ്ധതീതര വ്യയമെന്ന നിലക്ക് തുടങ്ങിയതാണ്. ഫണ്ട് വേറെയുമുണ്ട്. യു.ഡി.എഫ് ഭരണത്തില്‍ കഴിഞ്ഞ വര്‍ഷം ഇവിടത്തെ മൂന്നു ജില്ലകളെ നക്സല്‍ബാധിതമായി അംഗീകരിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. പ്രത്യേക ഫണ്ടിന്‍െറ ആവശ്യകതയും വിനിയോഗവും ബോധ്യപ്പെടുത്താന്‍ ഏറ്റുമുട്ടല്‍ ഉപകാരപ്പെടും.
ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാറിനും പൊലീസിനുമുണ്ട്. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരുടെ സേവന സന്നദ്ധതയും പ്രതിബദ്ധതയും ചോദ്യംചെയ്യേണ്ടതില്ല. എന്നാല്‍, സുരക്ഷാനടപടിയും മനുഷ്യാവകാശലംഘനവും തമ്മില്‍ ഉണ്ടാവേണ്ട വിവേചനം ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്. ഈ ഉത്തരവാദിത്തം കൂടി അധികൃതര്‍ക്കുണ്ട്.
അത് ലംഘിക്കപ്പെടുന്നതുകൊണ്ടാണ് വ്യാജ ഏറ്റുമുട്ടല്‍ പെരുകുന്നത്. ‘നക്സല്‍’ ആയിരിക്കുന്നതോ ആശയ പ്രചാരണം നടത്തുന്നതോ ലഘുലേഖ വിതരണം ചെയ്യുന്നതോ കുറ്റകൃത്യമല്ല. കേരളത്തില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്തതിന് പലരെയും തടവില്‍ പിടിച്ചിട്ടുണ്ട്; കോടതിക്ക് ഇടപെടേണ്ടിവന്നിട്ടുമുണ്ട്. നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചുകൊല്ളേണ്ട സാഹചര്യം യഥാര്‍ഥത്തിലുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടത് ആവശ്യമായിരിക്കുന്നു. മുന്‍കൂട്ടി പിടികൂടിയവരെ വെടിവെച്ചശേഷം ഏറ്റുമുട്ടലെന്ന് അവകാശപ്പെടുക, കസ്റ്റഡിയില്‍വെച്ച് കൊന്നശേഷം മറ്റെവിടെയെങ്കിലും ഇട്ട് ഏറ്റുമുട്ടല്‍ നാടകം കളിക്കുക തുടങ്ങി പല സംഭവങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ട്.
ഇക്കാരണത്താലാണ് സുപ്രീംകോടതി ഏറ്റുമുട്ടല്‍ കൊലകള്‍ ഓരോന്നിലും സ്വതന്ത്ര അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചത്. ഏറ്റുമുട്ടല്‍ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ബന്ധപ്പെട്ട പൊലീസുകാര്‍ കുറ്റക്കാരാണെന്നുവന്നാല്‍ നടപടിയെടുക്കുകയും വേണമെന്നും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. വ്യാപകമാകുന്ന മനുഷ്യാവകാശലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് പ്രസക്തമാണ്.
പലപ്പോഴും സര്‍ക്കാറുകള്‍ ഈ നിര്‍ദേശം ലംഘിക്കുന്നതാണ് നാം കാണുന്നത്. തെറ്റുചെയ്യുന്നവര്‍ക്ക് ഈ നിഷ്ക്രിയത്വം പ്രോത്സാഹനമായി ഭവിക്കുന്നു. ഇന്ത്യയില്‍ വളരെ നേരത്തെ വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ച സംസ്ഥാനമാണ് കേരളം -എ. വര്‍ഗീസിനെ കൊല്ലുകയായിരുന്നെന്ന് തെളിഞ്ഞത് മേലധികാരിയുടെ കല്‍പന പ്രകാരം കാഞ്ചിവലിച്ച പൊലീസുകാരന്‍ അക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ്. ആ കറ നീക്കാന്‍ കേരളത്തിന് ഇതൊരവസരമാണ് -നിലമ്പൂര്‍ ഏറ്റുമുട്ടലിനെപ്പറ്റി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക; അങ്ങനെ ആരോഗ്യകരമായ കീഴ്വഴക്കം സ്ഥാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
