നിഷ്ക്രിയരായ പ്രതിപക്ഷം, നിസ്സഹായരായ ജനം
text_fieldsആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും അതേതുടര്‍ന്നുള്ള റിസര്‍വ് ബാങ്കിന്‍െറ നടപടികളും രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനത നേരിടുന്ന അഭൂതപൂര്‍വമായ ദുരിതങ്ങള്‍ക്കും സാമ്പത്തിക നിശ്ചലതക്കും സാരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ളെന്നു മാത്രമല്ല പട്ടിണിയും വറുതിയും തൊഴിലില്ലായ്മയും രൂക്ഷതരമാവാനുള്ള സാധ്യതയാണ് ദൃശ്യമാവുന്നതും.
രണ്ടായിരത്തിന്‍െറ പുതിയ കറന്‍സിയോ നൂറു മുതല്‍ താഴോട്ടുള്ള ചില്ലറ നോട്ടുകളുടെ നിയന്ത്രിത വിതരണമോ പ്രശ്നപരിഹാരത്തിന്‍െറ വക്ക് തൊടാന്‍പോലും പര്യാപ്തമായിട്ടില്ല. പ്രഭാതം മുതല്‍ സന്ധ്യവരെ ക്യൂനിന്ന് വലഞ്ഞ രോഗികളും മുതിര്‍ന്ന പൗരന്മാരും കൂലിത്തൊഴിലാളികളും നിരാശരായി മടങ്ങി ആ വൃഥാ വ്യായാമം വേണ്ടെന്നുവെക്കുന്നതുപോലും സാധാരണജീവിതത്തിലേക്കുള്ള തിരിച്ചുവരവായി വ്യാഖ്യാനിക്കുന്ന മന്ത്രിമാരും ഭരണപക്ഷവും യഥാര്‍ഥത്തില്‍ 130 കോടി ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്്.
അന്നന്നത്തെ അന്നത്തിനുവേണ്ടി നെട്ടോട്ടമോടുന്ന കശ്മീരികള്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം തളര്‍ത്തിയിടാന്‍ നിര്‍ബന്ധിതരായതിനെ കറന്‍സി അസാധുവത്കരണത്തിന്‍െറ ഏറ്റവും വലിയ ഗുണഫലമായി കൊണ്ടാടുന്ന സംഘ്പരിവാറിന്‍െറ മനോനിലയെപ്പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഈ പ്രശ്നത്തെച്ചൊല്ലി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും ശീതകാല സമ്മേളനക്കാലത്ത് ഒരുദിവസംപോലും പ്രവര്‍ത്തിക്കാനാവാതെ പിരിയേണ്ടിവന്നിട്ടും ജപ്പാനിലും ഗോവയിലും ലഖ്നോവിലുമൊക്കെ പാറിനടന്ന് ഘോരഘോരം പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത നിയമനിര്‍മാണവേദിയില്‍ മാത്രം മുഖം കാണിക്കാന്‍ തോന്നിയിട്ടില്ല. അദ്ദേഹം വരേണ്ടതില്ളെന്നാണ് സര്‍ക്കാറിന്‍െറ തീരുമാനവും. ഇത്രയും ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നത് എന്തുകൊണ്ടായിരിക്കും?
പല കാരണങ്ങള്‍ അതിന് ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും സര്‍വഥാ പ്രധാനം പ്രതിപക്ഷത്തിന്‍െറ ദുര്‍ബലവും ശിഥിലവും ദിശാബോധം നഷ്ടപ്പെട്ടതുമായ നിലപാടുതന്നെയാണ്. ജനങ്ങളുടെ അവര്‍ണനീയ ദുരിതങ്ങള്‍ അനിശ്ചിതമായി നീണ്ടുപോവുമ്പോഴും അവരെ വീറുറ്റ പ്രതിഷേധത്തിലേക്കോ പ്രക്ഷോഭത്തിലേക്കോ കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാവില്ല എന്ന് മോദിയും ഭരണപക്ഷവും ശരിയായിത്തന്നെ വിലയിരുത്തുന്നു. സങ്കുചിതവും പ്രാദേശികവും കുടുംബപരവുമായ താല്‍പര്യങ്ങളാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടികള്‍ക്ക് അതിഗൗരവതരമായ ദേശീയപ്രശ്നങ്ങളില്‍ ഒന്നിക്കാനോ യോജിച്ച പോരാട്ടത്തിനിറങ്ങാനോ സാധിക്കില്ളെന്ന് വ്യക്തമാണ്.
ചുണയുള്ള നേതൃത്വത്തിന്‍െറ അഭാവത്തില്‍ മുടന്തി നീങ്ങുന്ന കോണ്‍ഗ്രസിനോ ഏതാനും പോക്കറ്റുകളില്‍മാത്രം ശക്തിതെളിയിക്കാന്‍ കഴിയുന്ന ഇടതുപക്ഷത്തിനോ ദേശവ്യാപകമായ ഒരു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനോ വിജയിപ്പിക്കാനോ സാധ്യമല്ളെന്ന് മോദിക്കറിയാം. പിന്നെയുള്ളത് പ്രാദേശിക പാര്‍ട്ടികളും അവയുടെ സര്‍ക്കാറുകളുമാണ്. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ഡല്‍ഹിയിലെ ആപ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മാത്രമാണ് മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ മുച്ചൂടും എതിര്‍ക്കുന്നതും അത് റദ്ദാക്കാന്‍ ശക്തമായി ആവശ്യപ്പെടുന്നതും. ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് മാത്രമാണ് കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയുംപോലെ എസ്.പിക്കും ബി.എസ്.പിക്കും പറയാനുള്ളൂ. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാകട്ടെ നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നപ്പോള്‍തന്നെ അതിനെ പൂര്‍ണമായി പിന്താങ്ങുകയാണ് ചെയ്തത്.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയില്‍നിന്ന് തന്‍െറ സംസ്ഥാനത്തിനുവേണ്ട ഇളവുകള്‍ പട്നായിക് നേടിയെടുക്കുകയും ചെയ്തു. ഒഡിഷയിലെ 6238 ഗ്രാമപഞ്ചായത്തുകളില്‍ 4400 എണ്ണത്തിലും ഒരു ബാങ്കും ഇല്ളെന്നിരിക്കെ ഗ്രാമങ്ങളില്‍ കഴിയുന്ന 1.65 കോടി ജനങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ അനുവദിക്കണമെന്നായിരുന്നു പട്നായിക്കിന്‍െറ ആവശ്യം. ഉടന്‍തന്നെ 140 കോടിയുടെ ചില്ലറ നോട്ടുകള്‍ റിസര്‍വ് ബാങ്ക് സംസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. മോദിയെ നിരുപാധികം പിന്താങ്ങിയതിന്‍െറ കൈക്കൂലി!
ഏറ്റവും ആശ്ചര്യകരമായിരിക്കുന്നത് ബിഹാറിലെ മോദിവിരുദ്ധനായ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ നിലപാടാണ്. അദ്ദേഹത്തിന്‍െറ പാര്‍ട്ടി ജനതാദള്‍ -യു പാര്‍ലമെന്‍റില്‍ മറ്റു പ്രതിപക്ഷകക്ഷികളോടൊപ്പം നില്‍ക്കുമ്പോള്‍ അദ്ദേഹം നോട്ട് അസാധുവാക്കിയതിനെ പിന്താങ്ങുന്നു. അഴിമതി പൊറുപ്പിക്കാനാവില്ല എന്നതാണ് ന്യായം. യഥാര്‍ഥത്തില്‍ ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍.ജെ.ഡിയുടെ നേതാവ് ലാലുപ്രസാദ് യാദവുമായുള്ള ഭിന്നതയാണ് നിതീഷ്കുമാറിന്‍െറ ചഞ്ചല നിലപാടിന് പിന്നില്‍ എന്നാണ് സൂചനകള്‍.
തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ, തെലങ്കാനയിലെ ടി.ആര്‍.എസ്, ആന്ധ്രയിലെ ടി.ഡി.പിപോലുള്ള പാര്‍ട്ടികള്‍ക്കൊന്നും മോദിയുടെ നടപടികളോട് സാരമായ എതിര്‍പ്പില്ല. അതേസമയം, എന്‍.ഡി.എ ഘടകങ്ങളായ ശിവസേനയും അകാലിദളും ജനങ്ങളുടെ പ്രയാസങ്ങള്‍ അകറ്റണമെന്ന് ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ തട്ടകത്തില്‍ കയറിക്കളിക്കുന്ന ബി.ജെ.പിയോടുള്ള അമര്‍ഷമാണ് ശിവസേനക്കെങ്കില്‍, ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ തിരിച്ചടിയാണ് അകാലിദളിനെ ഭയപ്പെടുത്തുന്നത്.
ചുരുക്കത്തില്‍, കൂട്ടായ എതിര്‍പ്പിനോ മൗലിക വിയോജിപ്പിനോ ത്രാണിയില്ലാത്ത പ്രതിപക്ഷത്തെ ഭയക്കേണ്ടെന്ന ആത്മവിശ്വാസം നരേന്ദ്ര മോദിക്കുള്ളിടത്തോളം കാലം ജനാധിപത്യപരമായ സമീപനമോ മനുഷ്യത്വപരമായ തിരുത്തല്‍ നടപടികളോ അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധിയും ഇതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
