Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightറെയില്‍ സുരക്ഷക്ക്...

റെയില്‍ സുരക്ഷക്ക് കേന്ദ്രം മുന്‍കൈയെടുക്കണം

text_fields
bookmark_border
റെയില്‍ സുരക്ഷക്ക് കേന്ദ്രം മുന്‍കൈയെടുക്കണം
cancel

ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കെ, കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവകാശപ്പെട്ടത് റെയില്‍വേ സുരക്ഷാക്രമീകരണങ്ങള്‍ മുമ്പെന്നത്തേക്കാളും മെച്ചപ്പെട്ടിട്ടുണ്ടെന്നാണ്. 20 ശതമാനം അപകടം മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞെന്ന കണക്കു നിരത്തിയായിരുന്നു ഇത്. എന്നാല്‍, ഈ അവകാശവാദത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്ന്  രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പാളങ്ങളില്‍ ഈ വര്‍ഷമുണ്ടായ അപകടങ്ങള്‍ തെളിയിക്കുന്നു. അതില്‍ ഏറ്റവും ഭയാനകമാണ് ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ പുഖ്രായനടുത്ത് ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടം.

145 പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. സംഭവത്തില്‍ നടുക്കം, ദു$ഖപ്രകടനം, ഇരകള്‍ക്കും ആശ്രിതര്‍ക്കും ആശ്വാസധനം, അന്വേഷണം എന്നിവ പതിവുതെറ്റാതെ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പാളങ്ങളിലെ ആവര്‍ത്തിക്കുന്ന അപകടങ്ങളൊഴിവാക്കാനുള്ള നടപടികളെക്കുറിച്ച് കേന്ദ്രവും റെയില്‍വേ അധികൃതരും ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ കേരളത്തില്‍ അങ്കമാലിക്കടുത്ത് യാത്രവണ്ടി പാളം തെറ്റി ആളപായമില്ലാതെ രക്ഷപ്പെട്ടു.

അതിന്‍െറ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കെ കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും ചരക്കുവണ്ടികള്‍ പാളം തെറ്റി. അന്നു നടന്ന ഒരു അന്വേഷണത്തില്‍ നൂറോളം ഇടങ്ങളില്‍ പാളങ്ങളില്‍ പ്രശ്നങ്ങളുള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നു. നൂറില്‍ താഴെ കിലോമീറ്ററുകളില്‍ ഒതുങ്ങിയ പരിശോധനയുടെ ഫലം ഇതാണെങ്കില്‍ 1,15,000 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പാളങ്ങളുടെ സുരക്ഷ ഊഹിക്കാവുന്നതേയുള്ളൂ.

ദിനേന 13 ദശലക്ഷം പേര്‍ യാത്രചെയ്യുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ യാത്രാശൃംഖലയില്‍ ജീവനു പരിരക്ഷ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ ഒതുങ്ങുകയും ചുവപ്പുനാടകളില്‍ കുരുങ്ങുകയുമാണ്. അശ്രദ്ധയുടെ ആ പാപത്തിനുള്ള ശമ്പളം മരണവും മൃതപ്രായജീവിതവുമായി ഏറ്റുവാങ്ങേണ്ടിവരുന്നത് നിരപരാധരായ ജനങ്ങളും. 2010-14 കാലയളവില്‍മാത്രം ഇന്ത്യയില്‍ 24,000 നും 27,000നും ഇടയില്‍ ആളുകളുടെ ജീവനാണ് പാളങ്ങളില്‍ പൊലിഞ്ഞത്. സാങ്കേതികസൗകര്യങ്ങളുടെ അഭാവം, കാലപ്പഴക്കം, മാനവശേഷിയുടെ അപര്യാപ്തത, ഉള്ള ജീവനക്കാരുടെ വൈദഗ്ധ്യക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങള്‍ അപകടങ്ങള്‍ക്കുണ്ട്.

എന്നാല്‍, അടിയന്തരപരിഹാരം കാണേണ്ട പ്രശ്നങ്ങള്‍പോലും പഴയപടി തുടരുകയാണിപ്പോഴും. ട്രെയിനുകള്‍ ഉള്ളതിന്‍െറ 15 ഇരട്ടി യാത്രക്കാരെയാണ് വഹിക്കുന്നത്. പാളങ്ങളുടെ വിള്ളലിനും കുഴപ്പങ്ങള്‍ക്കുമൊക്കെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്ന് പല അന്വേഷണങ്ങളും ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍, അറ്റകുറ്റപ്പണികള്‍ക്കു ആവര്‍ത്തിച്ചു പണം ചെലവാക്കുമ്പോഴും കൂടുതല്‍ സുരക്ഷിതമായ ബോഗികള്‍ ഉപയോഗിക്കാനുള്ള ശിപാര്‍ശകളില്‍ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. ട്രെയിന്‍ അപായഘട്ടങ്ങളില്‍ നിര്‍ത്താനോ കൂട്ടിയിടി ഒഴിവാക്കാനോ ഉള്ള യന്ത്രവത്കൃത സംവിധാനങ്ങളില്ല.

അടുത്ത കാലത്തുണ്ടായ 21 അപകടങ്ങളില്‍ 18ഉം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയോ വീഴ്ചയോ മൂലമാണ്. അതിന്‍െറ പഴുതടക്കാനുള്ള ശ്രമത്തിനൊപ്പം ജീവനക്കാരുടെ ക്ഷാമത്തിനു പരിഹാരമുണ്ടാകുകയോ യന്ത്രവത്കൃത മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണം. ഇന്ത്യയില്‍ ആകെയുള്ള അരലക്ഷം റെയില്‍വേ ക്രോസുകളില്‍ 15,000 എണ്ണം ആളില്ലാ ക്രോസുകളാണെന്നതില്‍നിന്നു മനസ്സിലാക്കാം എത്ര ദരിദ്രമാണ് സുരക്ഷാക്രമീകരണങ്ങളെന്ന്. കാണ്‍പുര്‍ അപകടത്തിലും ഊര്‍ജിത അന്വേഷണത്തിന് ഉത്തരവിട്ട മന്ത്രിയും ഗവണ്‍മെന്‍റും വാസ്തവത്തില്‍ ആരെയാണ് വഞ്ചിക്കുന്നത്? ഗവണ്‍മെന്‍റ് മുന്‍കൈയെടുത്തു നടത്തേണ്ട പരിഹാരങ്ങളുടെ കുറവുകള്‍ക്ക് ആര്‍ ആരെയാണ് ശിക്ഷിക്കേണ്ടത്?

2012ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയുടെ നേതൃത്വത്തില്‍ മുന്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കര്‍ അധ്യക്ഷനായി ഒരു ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. റെയില്‍വേ യാത്ര സുരക്ഷിതമാക്കാനും അപകടങ്ങളും ജീവാപായവും കുറക്കാനുമുള്ള ശിപാര്‍ശകള്‍ സമിതി സമര്‍പ്പിച്ചു. അഞ്ചു വര്‍ഷക്കാലയളവുകൊണ്ട് നിര്‍വഹിക്കേണ്ട ഇവയിലൊന്നും നാലു വര്‍ഷം കഴിഞ്ഞിട്ടും നടപ്പില്‍ വരുത്തിയിട്ടില്ല. യു.പി.എ മാറി വന്ന നരേന്ദ്ര  മോദിയുടെ എന്‍.ഡി.എ സര്‍ക്കാറിനെ സത്യപ്രതിജ്ഞാനാളില്‍ വരവേറ്റതുതന്നെ 24 പേരുടെ മരണത്തിനിടയാക്കിയ ഗോരക്ധാം എക്സ്പ്രസ് അപകടമാണ്.

തുടര്‍ന്ന് പുതിയ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ പഴയ കാകോദ്കര്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തെങ്കിലും വല്ലതും ചെയ്യാനാവുന്നതിനുമുമ്പ് അദ്ദേഹത്തെ മാറ്റി ശിവസേനയുടെ സുരേഷ് പ്രഭു മന്ത്രിയായി. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് ശുചീകരണദൗത്യത്തിന് റെയില്‍വേയെ സജ്ജമാക്കിയതാണ് പ്രഭുവിന്‍െറ പ്രസ്താവ്യമായ പരിഷ്കരണം. പിന്നെ, ട്വിറ്ററിലൂടെ യാത്രക്കാരികള്‍ കുഞ്ഞിന് ഡയപര്‍ കിട്ടാന്‍വരെ മന്ത്രിക്ക് ട്വീറ്റ് ചെയ്യുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയിലും സജീവമായി. അതൊഴിച്ചാല്‍ സുരക്ഷാക്രമീകരണ വികസനത്തിനു ഇനിയും ശ്രമമായിട്ടില്ല.

പാളങ്ങളുടെയും സിഗ്നല്‍ സംവിധാനങ്ങളുടെയും പരിഷ്കരണത്തിനും ഒരു ലക്ഷം പേരുടെ വിഭവശേഷിക്കുമായി ട്രില്യണ്‍ ബജറ്റാണ് റെയില്‍വേ മന്ത്രിയുടെ മുന്നിലുള്ളത്. ഇത് വിവിധയിനങ്ങളിലായി വിഭജിച്ച് അനുവദിക്കാനുള്ള അഭ്യര്‍ഥന ധനവകുപ്പ് റെയില്‍വേ ബോര്‍ഡിന്‍െറ പരിശോധനക്ക് അയച്ചിരിക്കുന്നു. ഈ സാങ്കേതികതകള്‍ പൂര്‍ത്തിയാക്കി ഫണ്ടു കിട്ടുന്നതും കാത്തിരിപ്പാണ് റെയില്‍വേ. ജനത്തിന്‍െറ ജീവന്‍ കാക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റിനുള്ള താല്‍പര്യം ഈ നടപടിക്രമങ്ങളുടെ വേഗത്തില്‍നിന്ന് അളക്കാം.

കാണ്‍പുര്‍ അപകടത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ‘സൗന്ദര്യവര്‍ധക വസ്തുക്കളേക്കാള്‍ മുന്തിയ പരിഗണന റെയില്‍വേ ഓപറേഷനുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം’ എന്ന മുന്‍മന്ത്രി ദിനേശ് ത്രിവേദി പറഞ്ഞതില്‍ എല്ലാമുണ്ട്്. നടത്തിപ്പില്‍ ലോകോത്തര മാതൃക സൃഷ്ടിച്ച ഇന്ത്യന്‍ റെയില്‍വേയുടെ യാത്ര ശുഭകരമായിത്തുടരാന്‍ കേന്ദ്രംതന്നെ മുന്‍കൈയെടുക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial
Next Story