ആ കള്ളപ്പണവും പുറത്തുവരട്ടെ
text_fieldsതലശ്ശേരിയില്‍ അസാധു നോട്ട് മാറ്റാനത്തെിയ കെ.കെ. ഉണ്ണി കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ആത്മഹത്യയാണെന്നും അല്ളെന്നും കേള്‍ക്കുന്നു. ഹരിപ്പാട്ട് കാര്‍ത്തികേയന്‍ രാവിലെ മുതല്‍ ഉച്ചവരെ ക്യൂനിന്ന്, ഉച്ചയോടെ ബാങ്കിനകത്ത് എത്തിയപ്പോഴേക്കും കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയില്‍ വിനോദ എന്ന സ്ത്രീ ആത്മഹത്യ ചെയ്തത് കൈയില്‍ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപ പാടേ നഷ്ടപ്പെട്ടു എന്ന തെറ്റിദ്ധാരണയിലാണ്. ഇത്തരം സംഭവങ്ങള്‍ക്കോരോന്നിനും സര്‍ക്കാറാണ് ഉത്തരവാദിയെന്ന് പറയുന്നതിലര്‍ഥമില്ളെങ്കിലും ജനങ്ങളെ -പ്രത്യേകിച്ച് സാധാരണക്കാരെ- കേട്ടുകേള്‍വിയില്ലാത്ത ദുരിതത്തിലേക്ക് എടുത്തെറിഞ്ഞതില്‍ അധികൃതരുടെ മുന്നൊരുക്കമില്ലായ്മക്ക് പങ്കുണ്ട്.
പൗരന്മാരെ ശാരീരിക കഷ്ടപ്പാടിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും ആത്മഹത്യയോളമത്തെുന്ന പിരിമുറുക്കത്തിലേക്കും എത്തിച്ചത് നോട്ടുകള്‍ അസാധുവാക്കുന്ന പ്രഖ്യാപനമല്ല. മറിച്ച്, കഴിഞ്ഞ രണ്ടുമൂന്നു ദിവസം അവര്‍ക്ക് കിട്ടിയ അനുഭവങ്ങളാണ്. കള്ളപ്പണം ഇല്ലാതാക്കാന്‍ അല്‍പം കഷ്ടപ്പാട് സഹിക്കാമെന്ന് നിശ്ചയിച്ചവരാണ് എല്ലാവരും. എന്നാല്‍, അവര്‍ക്ക് നല്‍കാമായിരുന്ന സേവനങ്ങളും സുനിശ്ചിതത്വവും കിട്ടുന്നില്ളെന്നതായി അനുഭവം.
ബാങ്കുകളും എ.ടി.എമ്മുകളും പൂട്ടിയത് കഷ്ടപ്പാടുണ്ടാക്കിയെങ്കിലും ജനങ്ങള്‍ അത് സഹിച്ചു. അവ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോഴാണ് അധികൃതര്‍ വേണ്ടത്ര മുന്നൊരുക്കം നടത്തിയിരുന്നില്ളെന്ന് മനസ്സിലാകുന്നത്. എ.ടി.എമ്മുകള്‍ പലതും അടഞ്ഞുതന്നെ കിടന്നു. തുറന്നവയില്‍തന്നെ പണം വേഗം തീര്‍ന്നു. ഇതിനിടക്ക് ദൈനംദിനാവശ്യങ്ങള്‍ക്ക് പണമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടി. എവിടെയാണ് പിഴച്ചതെന്ന് അധികൃതര്‍ കണ്ടത്തെുമായിരിക്കും. പക്ഷേ, ജനങ്ങളാണ് ആരുടെയോ പാളിച്ചക്ക് ഇരയാകേണ്ടിവന്നത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്നതുവഴി കള്ളപ്പണം ഇല്ലാതാകുമെന്ന ആശയംതന്നെ സാമ്പത്തിക വിദഗ്ധരെല്ലാം അംഗീകരിക്കുന്ന ഒന്നല്ല. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ അടക്കമുള്ളവര്‍ അത് വേണ്ടത്ര ഫലപ്രദമാകില്ളെന്ന് കരുതിയവരത്രെ. നോട്ടുകെട്ടുകളായി സൂക്ഷിച്ചുവെച്ച കള്ളപ്പണം ഉണ്ടാകാം. പക്ഷേ, വലിയൊരു ഭാഗം വസ്തുവായും സ്വര്‍ണമായും ഓഹരികളായും മാറിക്കഴിഞ്ഞിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളപ്പണത്തിന്‍െറ വലിയ ഭാഗം വന്‍കിട മുതലാളിമാരുടെ വിദേശ നിക്ഷേപങ്ങളായിട്ടാണ് കിടക്കുന്നതെന്ന് മുമ്പ് വാദിച്ചവരാണ് ഇന്നത്തെ ഭരണകക്ഷി. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങളുണ്ടാകുമ്പോള്‍, അതുവഴി സമ്പദ്ഘടനക്കുണ്ടാകുന്ന നേട്ടം ആനുപാതികമായി ചെറുതാണ്.
അതേസമയം, വിദേശ ബാങ്കുകളില്‍ കുന്നുകൂട്ടിയ കള്ളപ്പണം തിരിച്ചെടുക്കാന്‍ സാധാരണക്കാരെ വലക്കേണ്ടതില്ല -അതുകൊണ്ടുണ്ടാകുന്ന ഫലമാകട്ടെ, കുറേക്കൂടി വലുതുമാകും. ആ മേഖലയില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഇതുവരെയുള്ള ശ്രമങ്ങള്‍ ദുര്‍ബലവും ഏറക്കുറെ നിഷ്പ്രയോജനവുമാണ്. കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താന്‍ അവസരം നല്‍കുന്ന 2015ലെ നിയമം വഴി പുറത്തുവന്നത് 4164 കോടി രൂപയുടെ വിദേശപ്പണം മാത്രമാണ്. അതിന് മുന്നോട്ടുവന്ന 644 പേരാകട്ടെ ഇടത്തരം പ്രഫഷനലുകളും- വന്‍ സ്രാവുകള്‍ ഒളിച്ചുതന്നെ നിന്നു. ‘പാനമ രേഖകളി’ലൂടെ പുറത്തുവന്ന പട്ടിക അതേപടി കിടക്കുന്നു. സ്വിസ് സ്ഥാപനമായ എച്ച്.എസ്.ബി.സി വഴി ചോര്‍ന്ന വിവരങ്ങള്‍ ഇന്ത്യക്ക് കിട്ടിയതാണ്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് 628 ഇന്ത്യക്കാരുടെ പട്ടിക ലഭിച്ചത്. മുന്നൂറുപേരെങ്കിലും ജനീവയില്‍ കള്ളപ്പണ നിക്ഷേപമുള്ളവരാകാമെന്നായിരുന്നു അനുമാനം. അത് പിടികൂടിയാല്‍ 6500 കോടി രൂപയെങ്കിലും തിരിച്ചുകൊണ്ടുവരാനാകുമെന്നും കരുതപ്പെട്ടു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ ദിശയിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍തന്നെ അര്‍ധമനസ്സോടെയാവണം. സ്വിസ്ബാങ്ക് കണക്കുകളുടെ വിവരം പുറത്തുവിട്ട അഴിമതി വിരുദ്ധ പോരാളി ഹെര്‍വെ ഫാല്‍ചിയാനി, ഈ കള്ളപ്പണം കണ്ടത്തൊന്‍ സഹായിക്കാമെന്ന് ഇവിടത്തെ സര്‍ക്കാറിനെ അറിയിച്ചതാണ്. പക്ഷേ, ഇന്ത്യന്‍ അധികൃതര്‍ താല്‍പര്യമെടുക്കുന്നില്ളെന്നാണ് അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
നോട്ട് നിരോധനത്തിന്‍െറ പ്രയാസങ്ങള്‍ സാധാരണക്കാര്‍ അനുഭവിക്കുന്നതിലൂടെ രാജ്യത്തിന് ലഭിക്കുന്നതിനേക്കാള്‍ നേട്ടം ഈ വമ്പന്മാരുടെ രഹസ്യ അക്കൗണ്ടുകള്‍ കണ്ടുപിടിക്കുന്നതിലൂടെ ലഭ്യമാകുമെന്നിരിക്കെ, എന്തുകൊണ്ടാണ് ആ വഴിക്ക് ശ്രമമില്ലാത്തത്? കച്ചവടനഷ്ടം സഹിക്കുന്ന ചെറുകിടക്കാര്‍ക്കും ‘നോട്ട് ക്യൂ’വില്‍നിന്ന് വലയുന്ന സാധാരണക്കാര്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്കുപോലും സ്വന്തം പണം എടുത്തുപയോഗിക്കാനാവാത്തവര്‍ക്കുമെല്ലാം ആ ചോദ്യത്തിന് തൃപ്തികരമായ ഉത്തരംകിട്ടാന്‍ അവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
