Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപേക്കിനാക്കളുമായി...

പേക്കിനാക്കളുമായി ട്രംപ് കടന്നുവരുമ്പോള്‍

text_fields
bookmark_border
പേക്കിനാക്കളുമായി ട്രംപ് കടന്നുവരുമ്പോള്‍
cancel

എല്ലാ കണക്കുകൂട്ടലുകളും പ്രാര്‍ഥനകളും വൃഥാവിലാക്കി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ജോണ്‍ ട്രംപ് അമേരിക്കയുടെ 45ാമത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. തെരഞ്ഞെടുപ്പില്‍ എന്നും നിര്‍ണായകമാകാറുള്ള, 2008ലും 2012ലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബറാക് ഒബാമയെ പിന്തുണച്ച ഫ്ളോറിഡ, ഒഹായോ, നോര്‍ത്ത് കരോലൈന തുടങ്ങിയ വലിയ സ്റ്റേറ്റുകള്‍ പിന്തുണച്ചപ്പോള്‍ വിവാദ കഥാപാത്രമായ ട്രംപിനു 290 ഇലക്ടറല്‍ വോട്ടുകള്‍ നിഷ്പ്രയാസം നേടിയെടുക്കാനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ മുന്നേറ്റത്തെ തടയാനും സാധിച്ചു.

സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ള്ളിക്കന്‍സിനു വ്യക്തമായ മേധാവിത്വം ഉറപ്പിക്കാനായതോടെ, ട്രംപിന്‍െറ കരങ്ങളിലേക്ക് അനിയന്ത്രിതമായ അധികാരമാണ് വന്നുപെട്ടത്. യു.എസ് കോണ്‍ഗ്രസിലെ മേധാവിത്വമില്ലായ്മയായിരുന്നു കഴിഞ്ഞ എട്ടുവര്‍ഷവും ബറാക് ഒബാമയുടെ കൈകാലുകള്‍ കെട്ടിയിട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, യു.എസ് ജനതയില്‍ വലിയൊരു വിഭാഗം  കടുത്ത നൈരാശ്യത്തിലാണെന്ന് ‘ട്രംപ് ഞങ്ങളുടെ പ്രസിഡന്‍റ് അല്ല’ എന്ന പ്ളക്കാര്‍ഡുമായി കാലിഫോര്‍ണിയയിലും ടൈംസ് സ്ക്വയറിലും മറ്റും അണിനിരന്ന ആയിരങ്ങളുടെ പ്രതിഷേധ മാര്‍ച്ച് വിളിച്ചുപറയുന്നു.

പ്രചാരണങ്ങളിലുടനീളം വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തിയ  ഹിലരി ക്ളിന്‍റനെ തിരസ്കരിച്ച്  എന്തുകൊണ്ട് യു.എസ് വോട്ടര്‍മാര്‍ എടുത്തുപറയത്തക്ക  സ്വഭാവഗുണംകൊണ്ട് അനുഗ്രഹിക്കപ്പെടാത്ത ഒരു 70കാരനെ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിനു രാഷ്ട്രീയനിരീക്ഷകര്‍ നിരത്തുന്ന ഉത്തരം അമേരിക്കന്‍ ഐക്യനാടുകള്‍ ചിന്താപരമായി എത്രമാത്രം ഭിന്നിച്ചുനില്‍ക്കുകയാണെന്ന് തൊട്ടുകാണിച്ചുതരുന്നുണ്ട്. അതോടൊപ്പംതന്നെ, ഹിലരി എന്ന സ്ത്രീ രാഷ്ട്രത്തിന്‍െറ അമരത്തിരിക്കാന്‍ യോഗ്യയല്ല എന്ന പിന്തിരിപ്പന്‍, യാഥാസ്ഥിതിക മനോഘടനയില്‍നിന്ന് ഇപ്പോഴും അമേരിക്കന്‍ ജനത മുക്തമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്  തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍.

വംശവും വര്‍ണവുംതന്നെയാണ് ഇന്നും  അമേരിക്കയുടെ രാഷ്ട്രീയദിശ നിര്‍ണയിക്കുന്നത്. വ്യവസായമേഖലയിലെ വെള്ളക്കാരായ തൊഴിലാളിവര്‍ഗം ഇത്തവണ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയെയാണത്രെ ഒന്നിച്ചു പിന്തുണച്ചത്. അതുപോലെ, ഇത്രമാത്രം വിവാദം ഉയര്‍ത്തിയിട്ടും യുവാക്കളില്‍ പകുതിയെങ്കിലും ട്രംപിലാണ് തങ്ങളുടെ ഭാവി സ്വപ്നം കണ്ടതത്രെ. ഇതുവരെ ഒബാമക്കു പിന്നില്‍ അണിനിരന്ന ആഫ്രിക്കന്‍ അമേരിക്കന്‍സിന്‍െറയും ലാറ്റിനോസിന്‍െറയും വോട്ടുകളില്‍ വിള്ളല്‍വീഴ്ത്താന്‍ ട്രംപിനു കഴിഞ്ഞുവെന്നതും രാഷ്ട്രീയനിരീക്ഷകരെ സ്തബ്ധരാക്കുന്നുണ്ട്. 

ഡോണള്‍ഡ് ട്രംപിന്‍െറ കടന്നുവരവ് ലോകത്തെ നടുക്കുന്നത് പ്രായത്തിനൊത്ത പക്വതയുടെയോ വിവേകത്തിന്‍െറയോ മാന്യതയുടെയോ അന്തസ്സിന്‍െറയോ കണിക തൊട്ടുതീണ്ടാത്ത പെരുമാറ്റവും പ്രവര്‍ത്തനശൈലിയുമാണ് ഈ ശതകോടീശ്വരനില്‍നിന്ന് ലോകജനതക്ക് ഇതുവരെ അനുഭവിക്കാന്‍ സാധിച്ചത് എന്നതുകൊണ്ടാണ്. വര്‍ഗീയതയുടെയും വിഭാഗീയതയുടെയും വിഷധൂളികളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഈ മനുഷ്യന്‍ വാരിവിതറിയത്.

കുടിയേറ്റക്കാര്‍ക്കെതിരെ കുരച്ചുചാടി. മുസ്ലിംകള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രസംഗിച്ചുനടന്നു. മെക്സിക്കന്‍ ജനതയെ നിന്ദ്യമായ ഭാഷയില്‍ അവമതിച്ചു. ആ രാജ്യത്തെ മതില്‍കെട്ടി അകറ്റിനിര്‍ത്തുമെന്നുവരെ ആക്രോശിച്ചു. വ്യക്തിവിശുദ്ധിയില്‍ അശേഷം വിശ്വസിക്കാത്ത ട്രംപിനെതിരെ കാമ്പയിന്‍ കാലത്ത് എണ്ണമറ്റ സ്ത്രീകളില്‍നിന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളും പരാതികളും സ്ത്രീവോട്ടര്‍മാരെ ഒന്നടങ്കം ഡെമോക്രാറ്റിക് പക്ഷത്തേക്ക്

ആട്ടിത്തെളിയിക്കുമെന്ന് പ്രവചിച്ചവരെയും ജനവിധി നിരാശരാക്കി. യഥാര്‍ഥത്തില്‍, യു.എസ് വ്യവസ്ഥിതിക്കെതിരെയാണ് ജനം വോട്ട് ചെയ്തത്. ന്യൂയോര്‍ക് മുന്‍ മേയര്‍ റുഡി ഗില്യാനി അഭിപ്രായപ്പെട്ടതുപോലെ, റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റിക് എസ്റ്റാബ്ളിഷ്മെന്‍റുകള്‍ക്ക് എതിരെ അമേരിക്കന്‍ ജനതയുടെ കലാപമാണ് തെരഞ്ഞെടുപ്പിലൂടെ അരങ്ങേറിയിരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, ഒരു ബഹുരാഷ്ട്ര കുത്തകയുടെ തലപ്പത്തിരിക്കുന്ന, പടിഞ്ഞാറന്‍ ജീര്‍ണതയുടെ പ്രതീകമായ വഷളനെ മുന്നില്‍നിര്‍ത്തിയായിപ്പോയി ആ അട്ടിമറി. ഒരു ചൈനീസ് പത്രം ചൂണ്ടിക്കാട്ടിയതുപോലെ, ട്രംപിനെപ്പോലുള്ള പേക്കിനാക്കളെ ലോകത്തിന്‍െറ  നെറുകയില്‍ പ്രതിഷ്ഠിക്കാന്‍ ജനാധിപത്യമാര്‍ഗം ഉപകരിക്കുമെന്ന കയ്പേറിയ പാഠംകൂടി ഈ തെരഞ്ഞെടുപ്പ് ലോകത്തിനു നല്‍കുന്നുണ്ട്.

ബറാക്  ഒബാമയില്‍നിന്ന് ഡോണള്‍ഡ് ട്രംപിലേക്കുള്ള അമേരിക്കയുടെ വീഴ്ച ലോകത്തിന്‍െറ ഗതിവിഗതികളെ മാറ്റിമറിക്കാതിരിക്കില്ല. തീവ്ര വലതുപക്ഷത്തിന്‍െറ കൈകളിലേക്കാണ് കടിഞ്ഞാണ്‍ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഹിലരിയുടെ വീഴ്ചയില്‍ ആഹ്ളാദംകൊള്ളുന്ന റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, കമ്യൂണിസത്തിന്‍െറ തകര്‍ച്ചയോടെ നിലവില്‍വന്ന ഏകധ്രുവലോകത്തിന്‍െറ തകര്‍ച്ചയും പതനവും പൂര്‍ത്തീകരിക്കപ്പെടാന്‍ കാലം നിയോഗിച്ച അവതാരമായിട്ടാവാം ട്രംപിനെ കാണുന്നുണ്ടാവുക.

ഇന്ത്യയിലും ഇസ്രായേലിലുമൊക്കെ ട്രംപിന്‍െറ വിജയം ആഘോഷിക്കുന്ന ശക്തികള്‍ ഏതാണെന്ന് അടയാളപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ എട്ടുവര്‍ഷം ഒബാമ പകര്‍ന്നുനല്‍കിയ ‘പ്രത്യാശയുടെ ചങ്കൂറ്റം’ നഷ്ടപ്പെടുന്നതിലുള്ള നനുത്ത വേദന ലോകമനസ്സിനെ അസ്വസ്ഥമാക്കുന്നത്.

 

Show Full Article
TAGS:madhyamam editorial 
Next Story